ചുംബിച്ചാല്‍ ലോകം മാറുമെന്നാണ് പൊതുവില്‍ പറയാറ്, എന്നാല്‍ ചുംബിച്ചാല്‍ ഒരു കാറ് സ്വന്തമായികിട്ടുമോ. കിട്ടും എന്നാണ് അമേരിക്കയിലെ ടെക്സാസ് സ്വദേശി ദിലിനി ജയസൂര്യയുടെ അനുഭവം. കാറിൽ ചുംബിച്ച് കിയ ഒപ്റ്റിമ സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍. ടെക്സാസിലെ എഫ്എം റേഡിയോ സ്റ്റേഷനായ കിസ് എഫ്എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെയാണ് ദിലിനിക്ക് ഏകദേശം 15 ലക്ഷം രൂപ വില വരുന്ന കിയ ഒപ്റ്റിമ ലഭിച്ചത്.

കാർ ലഭിക്കാനായി 50 മണിക്കൂറാണ് ദിലിനി കാറിൽ ചുംബിച്ചത്. 20 പേരുമായി ആരംഭിച്ച മത്സരത്തിൽ ആദ്യ 24 മണിക്കൂറിന് ശേഷം 11 പേരും അവസാനിപ്പിച്ചപ്പോൾ 7 പേരുമായിരുന്നു ഉണ്ടായിരുന്നത്. 

തുടർന്ന് നറക്കെടുപ്പിലൂടെയാണ് ദിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്. ഓരോ മണിക്കൂർ കൂടുമ്പോഴും പത്ത് മിനിട്ട് ഇടവേള നൽകിയാണ് 50 മണിക്കൂർ നീണ്ടു നിന്ന ചുംബന മത്സരം സംഘടിപ്പിച്ചത്. 

കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ സെ‍ഡാനാണ് ഒപ്റ്റിമ. ഏകദേശം 15 ലക്ഷം രൂപയാണ് കാറിന്‍റെ വില വരുക.