Asianet News MalayalamAsianet News Malayalam

കൊൽക്കത്തയിൽ ട്രാം ലൈബ്രറികൾ വരുന്നു, ഇനി സഞ്ചരിച്ചുകൊണ്ട് പുസ്തകങ്ങൾ വായിക്കാം...

ഭാവിയിൽ ട്രാം ലൈബ്രറിയിൽ പുസ്തക വായനാ സെഷനുകൾ, പുസ്തക സമാരംഭങ്ങൾ, സാഹിത്യോത്സവങ്ങൾ എന്നിവയും അവർ  ആസൂത്രണം ചെയ്യുന്നുണ്ട്.

Kolkata launches Tram library
Author
Kolkata, First Published Sep 25, 2020, 9:03 AM IST

കൊൽക്കത്തയെ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്, ആ നഗരത്തിലെ ട്രാമുകളാണ്. അവ പണ്ടേ കൊൽക്കത്തയുടെ സംസ്‍കാരത്തിന്റെ ഭാഗമാണ്. 1902 മാർച്ച് 27 മുതൽ പ്രവർത്തിക്കുന്ന ഇവ ഏഷ്യയിലെ ഏറ്റവും പഴയ ഗതാഗത സംവിധാനങ്ങളിലൊന്നാണ്. എന്നാൽ, ഇപ്പോൾ ട്രാമിൽ യാത്ര ചെയ്യുന്നതിനൊപ്പം പുസ്തകങ്ങളും വായിക്കാൻ ഉതകുന്ന രീതിയിൽ ട്രാം ലൈബ്രറികൾ അവതരിപ്പിക്കുകയാണ് അധികൃതർ. പുതുതായി രൂപകൽപന ചെയ്‍ത ട്രാമിൽ ഒരു ലൈബ്രറിയിലെന്ന പോലെ പുസ്തകങ്ങളും മാസികകളും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സിവിൽ സർവീസ്, ജി‌ആർ‌ഇ, ജിമാറ്റ് മുതലായ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളും അതിനകത്ത് ലഭ്യമാണ്.  

Kolkata launches Tram library

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്‌ത ട്രാം ലൈബ്രറി നഗരത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കോളേജ് സ്ട്രീറ്റിലൂടെ 4.5 കിലോമീറ്റർ സഞ്ചരിച്ചു. സ്‌കൂളുകളിലെയും, കോളേജുകളിലെയും വിദ്യാർത്ഥികളെ ഇതിലേയ്ക്ക് ആകർഷിക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത് എന്ന് പശ്ചിമ ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡബ്ല്യുബിടിസി) മേധാവി രാജൻവീർ സിംഗ് കപൂർ പറഞ്ഞു. കൊൽക്കത്ത യൂണിവേഴ്സിറ്റി, പ്രസിഡൻസി യൂണിവേഴ്സിറ്റി, സ്കോട്ടിഷ് ചർച്ച് കോളേജ്, ഹിന്ദു സ്കൂൾ, ഹെയർ സ്കൂൾ, കൊൽക്കത്ത ഗേൾസ് സ്കൂൾ എന്നിവ ഉൾപ്പെടെ 30 വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ഈ വഴിയിലുണ്ട്.  

ഇത് കൂടാതെ, ട്രാംകാറിൽ സൗജന്യ വൈഫൈയും ഉണ്ടായിരിക്കും. ഇത് യാത്രക്കാർക്ക് ഇ-ബുക്കുകൾ വായിക്കാനും അവസരമൊരുക്കുന്നു. ഭാവിയിൽ ട്രാം ലൈബ്രറിയിൽ പുസ്തക വായനാ സെഷനുകൾ, പുസ്തക സമാരംഭങ്ങൾ, സാഹിത്യോത്സവങ്ങൾ എന്നിവയും അവർ  ആസൂത്രണം ചെയ്യുന്നുണ്ട്. നഗരത്തിന്റെ പൈതൃകത്തിന് ഒരു പുതിയ മാനം നൽകുന്ന ഈ പദ്ധതി ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Kolkata launches Tram library

ഏതായാലും ഇനി ട്രാമില്‍ കയറുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ വായിക്കുക കൂടി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അവര്‍ക്ക് മാത്രമല്ല, പുസ്തകപ്രേമികള്‍ക്കും വായന ഇഷ്ടപ്പെടുന്നവര്‍ക്കുമെല്ലാം ഇതുവഴി പുസ്തകം വായിക്കാം. യാത്ര വിരസമാവാതെയുമിരിക്കും.  

Follow Us:
Download App:
  • android
  • ios