മാപ്പ് പറയണമെന്ന എം.കെ രാഘവന്‍ എം.പിയുടെ ആവശ്യത്തിന് വ്യത്യസ്തമായ 'മാപ്പുമായി' കലക്ടര്‍ ബ്രോ. ഓണ്‍ലൈനിലൂടെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പു പറയണമെന്നായിരുന്നു എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി സ്വന്തം ഫേസ്ബുക്ക് പേജില്‍ 'മാപ്പ്' പോസ്റ്റ് ചെയ്യുകയായിരുന്നു കലക്ടര്‍. മാപ്പ് എന്നാല്‍, മാപ്പ് അപേക്ഷയല്ല. കുന്ദംകുളത്തിന്റെ മാപ്പ് (ഭൂപടം)!
നവമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട് കലക്ടര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും എം.കെ രാഘവന്‍ എം.പി കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കലക്ടറുടെ പോസ്റ്റു വന്നിരിക്കുന്നത്.
കലക്ടര്‍ ബ്രോ എന്ന് ഓണ്‍ലൈന്‍ വിശേഷിപ്പിക്കുന്ന കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനെതിരെ കഴിഞ്ഞ ദിവസമാണ് എം.കെ രാഘവന്‍ എം.പി രംഗത്തുവന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തയാളാണ് കലക്ടറെന്നും ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും എം.കെ രാഘവന്‍ എം.പി ആരോപിച്ചിരുന്നു. തനിക്കെതിരെ സോഷ്യല്‍മീഡിയ വഴിയും പി.ആര്‍.ഡിയിലൂടെയും നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ചിക്കുകയും മാപ്പ് പറയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ലമെന്റില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് എന്നാല്‍ എം.പി പറഞ്ഞ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കലക്ടറുടെ മറുപടി.
എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പദ്ധതികളുടെ പണം അനുവദിക്കുന്നത് കളക്ടര്‍ മനഃപൂര്‍വം വൈകിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിവ്യൂ യോഗത്തില്‍ എം.പി എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരുടെയും സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി ജോലി ചെയ്യേണ്ടെന്നും ഖജനാവിലെ പണം പരിശോധനകള്‍ക്ക് വിധേയമായി മാത്രം നല്‍കിയാല്‍ മതിയെന്നും ജില്ലാ കലക്ടര്‍ പി.ആര്‍.ഡി മുഖേന വാര്‍ത്താക്കുറിപ്പിറക്കി. ഇതിനെതിരെയാണ് എം.കെ രാഘവന്‍ രംഗത്തു വന്നിരുന്നത്.
മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡ് വികസനം ജില്ലാ കലക്ടറുടെ ഉദാസീന നിലപാട് കാരണമാണ് ഇഴയുന്നത്. ഇതിനെതിരെ പ്രതികരിച്ചതാണ് ജില്ലാ കലക്ടര്‍ക്ക് തന്നോടുള്ള വിരോധത്തിന് കാരണം. എം.പി ഫണ്ട് വിനിയോഗവും, കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ കേന്ദ്രം തുറക്കാന്‍ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി താന്‍ അയച്ച കത്തിന് ജില്ലാ കലക്ടര്‍ ഇതുവരെ മറുപടി തന്നിട്ടില്ല. ഏപ്രില്‍ വരെ തന്റെ 213 പദ്ധതികള്‍ക്ക് പണം അനുവദിച്ച കലക്ടര്‍ എന്തുകൊണ്ടാണ് അതിന് ശേഷം പുനഃപരിശോധനയെന്ന കാരണം പറഞ്ഞ് പണം തടഞ്ഞുവെക്കുന്നത്. ജില്ലയിലെ മറ്റൊരു എം.പിക്കും ഈ അവസ്ഥയില്ലെന്നും പറഞ്ഞ എം.കെ രാഘവന്‍ ജില്ലാ കലക്ടര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
ഭരണാനുമതി നല്‍കാത്തതോ പണി പൂര്‍ത്തീകരിക്കാത്തതോ ആയ ഒരു പദ്ധതിയും നിലവിലില്ലെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചിരുന്നു. പണികളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പരിശോധന നടത്തി ബില്ല് പാസാക്കുന്ന കാര്യത്തിലാണ് പരാതിയുള്ളത്. അത് കോണ്‍ട്രാക്ടര്‍മാരുടെ കാര്യമാണെന്നും എംപി പറഞ്ഞ രീതിയില്‍ താന്‍ പ്രതികരിക്കാനില്ലെന്നുമാണ് അന്ന് കലക്ടര്‍ പ്രതികരിച്ചത്.
ഇതിനു പിന്നാലെയാണ് കുന്ദംകുളത്തിന്റെ മാപ്പുമായി കലക്ടര്‍ രംഗത്തുവന്നത്.
