സീരിയലില്‍ നായികയെ നായകന്‍ രക്ഷിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും സീരിയല്‍ സെറ്റിന് തീ പിടിച്ചപ്പോള്‍ നായകന്‍ നായികയെ രക്ഷിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള വിഷയം. ബേഹദ് എന്ന ഹിന്ദി സീരിയല്‍ ചിത്രീകരണത്തിനിടെയാണ് സംഭവം.

വിവാഹമണ്ഡപത്തിലുള്ള രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി സീരിയല്‍ താരം കുശാല്‍ ടണ്ടനും നടി ജെന്നിഫര്‍ വിങ്ങെറ്റും അഭിനയിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. തീപിച്ച മണ്ഡപത്തിലെ വധുവായി അഭിനയിക്കുന്ന ജെന്നിഫര്‍ വിങ്ങെറ്റ് ഇരിക്കുകയാണ്. ഇതിനിടയിലേക്ക് നായകന്‍ കുശാല്‍ ടണ്ടന്‍ വന്ന് നായികയെ വരണമാല്യം ചാര്‍ത്തുന്നതുമാണ് സീരിയലിനു വേണ്ടി ചിത്രീകരിക്കാന്‍ ശ്രമിച്ച രംഗം.

എന്നാല്‍, അപ്രതീക്ഷിതമായിട്ടാണ് അഭിനയം കാര്യമായത്. വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന രംഗം ചിത്രീകരണത്തിനായി വിവാഹ മണ്ഡപത്തില്‍ തീ ഇട്ടെങ്കിലും അപകടകരമായ രീതിയില്‍ കത്തി പടരുകയായിരുന്നു. നടന്‍ കുശാല്‍ ടണ്ടന്റെ ദേഹത്ത് തീ പടര്‍ന്ന ഉടന്‍ അദ്ദേഹം മണ്ഡപത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. എന്നാല്‍ നടി ജെന്നിഫര്‍ മണ്ഡപത്തില്‍ കുടുങ്ങി പോയി. പിന്നീട് കുശാല്‍ വന്ന് ജെന്നിഫറിനെ പുറത്തേക്ക് വലിച്ചു കൊണ്ടു പോവുകയായിരുന്നു.