ലോക്ക് ഡൗൺ സമയത്ത് വീടുകളിൽ ബോറടിച്ച് എന്ത്  ചെയ്യണമെന്ന് ആലോചിച്ച് തലപുകയുന്നവരുണ്ടാകും നമുക്കിടയിൽ. എന്നാൽ, ചിലർ തങ്ങളുടെ കഴിവുകളെ പൊടിതട്ടി എടുക്കുന്നതായും കാണാം.  തിരക്ക് മൂലം ചെയ്യാതെ മാറ്റി വച്ച പലതും ചെയ്യാൻ നമ്മൾ ഇപ്പോൾ സമയം കണ്ടെത്തുന്നു. നമ്മുടെ ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്നത് ഒരുപക്ഷേ ഇപ്പോഴായിരിക്കും. നമുക്ക് നമ്മളിലേക്ക് തന്നെ നോക്കാനുള്ള സമയം. 28 -കാരിയായ പോള മെൻഡോസയും തിരക്കിലാണ്. വെറുതെ സമയം കളയാൻ അവർ തയ്യാറല്ല. ഒരുമാസം കൊണ്ട് അവർ പൂർത്തിയാക്കിയത് 20 ഓൺലൈൻ കോഴ്‍സുകളാണ്, അതും ആഗോള സർവകലാശാലകളിൽ നിന്ന്.  

ജോലിയിൽ കൂടുതൽ ഉത്പാദനക്ഷമത നേടാൻ സഹായിക്കുന്ന കോഴ്‍സുകൾ പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം മാനേജർ മെൻഡോസ പറഞ്ഞു. വാർട്ടൺ സ്‌കൂൾ ഓഫ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, കൂടാതെ 12 മറ്റ് യൂണിവേഴ്‌സിറ്റികളിൽ നിന്നും നേതൃത്വം, വിൽപ്പന, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോഴ്‌സുകൾ.  "ഞാൻ ഉച്ച മുതൽ പിറ്റേദിവസം വെളുക്കും വരെ പഠിക്കാൻ ഇരിക്കും. കോഴ്‍സ് പൂർത്തിയാകാതെ എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. ഞാൻ എടുത്ത ഏറ്റവും ദൈർഘ്യമേറിയ കോഴ്‌സ് പൂർത്തിയാക്കാൻ എനിക്ക് രണ്ട് ദിവസമെടുത്തു. ഒരുദിവസം കൊണ്ടാണ് മിക്ക കോഴ്‍സുകളും പൂർത്തിയാക്കിയത്" അവർ പറഞ്ഞു.  

ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ coursera.org -ൽ നിന്നുമാണ് അവർ കോഴ്‍സുകൾ എടുത്തത്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം വിഷയങ്ങളെ കുറിച്ചുള്ള സൗജന്യ പഠന കോഴ്‌സുകൾ സൈറ്റിൽ ലഭ്യമാണ്. മിക്ക കോഴ്‍സുകളിലും ക്വിസുകൾ, പരീക്ഷകൾ, കേസ് പഠനങ്ങൾ, അസൈൻമെന്‍റുകൾ, പ്രൊഫസർമാരുടെ റെക്കോർഡ് വീഡിയോ പ്രഭാഷണങ്ങൾ എന്നിവയുൾപ്പെടുന്നു. “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വാർട്ടൺ സ്‌കൂളിലെ 'വ്യക്തിപരവും തൊഴിൽപരവുമായ വിജയം കൈവരിക്കുക' എന്ന കോഴ്‌സ് ആയിരുന്നു.” മെൻഡോസ പറഞ്ഞു.  

"ഇത് വളരെ ആവേശകരമാണ്! ശരിക്കും ഒരു ക്ലാസ്സ് മുറിയിൽ ഇരിക്കുന്നത് പോലെ തോന്നുമായിരുന്നു" മെൻഡോസ പറഞ്ഞു. എല്ലാ പരീക്ഷകളിലും വിജയിക്കുകയും, കോഴ്‌സ് പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ നിർദേശങ്ങളും പാലിക്കുകയും ചെയ്യതെങ്കിൽ മാത്രമേ അവർ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. പ്രോഗ്രാമിൽ ചേരുന്നതിന് മുൻപ് കോഴ്‌സ് സിലബസ് പരിശോധിക്കണമെന്ന് മെൻഡോസ നിർദ്ദേശിച്ചു. അല്ലെങ്കിൽ പാതിവഴിക്ക് വച്ച് ഒരുപക്ഷേ കോഴ്‌സ് ഉപേക്ഷിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ മഹാമാരി ഉണ്ടാക്കുന്ന എല്ലാ സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാൻ പഠനം സഹായിക്കുമെന്നും, പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും അവർ ഉപദേശിച്ചു.