സാമൂഹ്യവിരുദ്ധർ പ്രായമായവരെ പോലും വെറുതെ വിടാത്ത ഒരു കാലമാണ് ഇന്ന്, പ്രത്യേകിച്ച് തനിച്ച് താമസിക്കുന്ന വൃദ്ധകളെ... അത്തരം വീടുകളിൽ പലപ്പോഴും ഇക്കൂട്ടർ അതിക്രമിച്ചു കയറി, അവരെ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. എതിർക്കാനുള്ള ശേഷി ഇല്ലാത്ത അവരെ എളുപ്പത്തിൽ കീഴ്പ്പെടുത്താം എന്നുള്ള ധാരണയിലാണ് അത്. ഒരു ദിവസം രാത്രിയിൽ 82 വയസ്സുള്ള ഒരു വൃദ്ധ തനിച്ച് താമസിക്കുന്ന കാലിഫോർണിയയിലെ ഫോണ്ടാന അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നുഴഞ്ഞുകയറിയ ഒരാളും കരുതിയിരുന്നത് ഇത് തന്നെയാണ്. എന്നാൽ, അയാളെ അവിടെ കാത്തിരുന്നത് എട്ടിന്റെ പണിയാണ്. 

മദ്യപിച്ച് കയറിവന്ന അയാളെ അവിടെ എതിരേറ്റത് താമസക്കാരിയുടെ 64 വയസ്സുള്ള സുഹൃത്തായ ലോറെൻസ മാരുജോ എന്ന ബ്ലാക്ക് ബെൽറ്റുകാരിയാണ്. പ്രായമായവരോട് കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് മരുജോ അയാൾക്ക് കാണിച്ചു കൊടുത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച, ഒരു കാൽമുട്ട് അയാളുടെ നെഞ്ചിലും, മറ്റേത് അയാളുടെ കഴുത്തിലും അമർത്തി അയാളെ ഇടംവലം തിരിയാൻ വിടാതെ പിടിച്ചു വച്ചിരിക്കുന്ന മരുജോയെയാണ്.  
കാഴ്ചയിൽ അഞ്ചടി പോലും ഉയരമില്ലാത്ത ഒരു മെലിഞ്ഞ വൃദ്ധയാണ് മാരുജോ. എന്നാൽ അവരുടെ രൂപവും, പ്രായവും കണ്ട് അവരോട് കോർക്കാൻ പോയാൽ വിവരം അറിയും. സംഭവദിവസം രാത്രി അതിക്രമിച്ചു കയറിയ അയാൾ തന്റെ അയൽവാസിയെ ആക്രമിക്കുമ്പോൾ മാരുജോ സ്വന്തം അപ്പാർട്ട്മെന്റിലായിരുന്നു. സുഹൃത്തിന്റെ നിലവിളി കേട്ട്, സംഭവസ്ഥലത്തേക്ക് അവർ ഓടി വരികയായിരുന്നു. 

അവിടെവച്ച്, നാലടി പത്തിഞ്ചും വെറും 45 കിലോഗ്രാം ഭാരവുമുള്ള മാരുജോ, അഞ്ചടി ഒമ്പതിഞ്ചും 77 കിലോ ഭാരവുമുള്ള ആക്രമണകാരിയെ എതിരിട്ടു. വെറുതെ എതിരിടുകയല്ല, മറിച്ച് അയാളെ അവർ അടിച്ചു നിലംപരിശാക്കി എന്നതാണ് വാസ്തവം. "ഞാൻ അയാളുടെ വിരലുകൾ പുറകോട്ട് ഒടിച്ചു... വേദന കൊണ്ടയാൾ അലറി. തുടർന്ന് ഞാൻ കൈമുട്ട് മടക്കി അയാളുടെ വയറ്റിൽ രണ്ട് പ്രാവശ്യം ശക്തിയ്ക്ക് ഇടിച്ചു" മരുജോ പറഞ്ഞു. സംഭവസമയം അയാൾ 'എനിക്ക് വേദനിക്കുന്നെന്നും' പറഞ്ഞ് അലറിക്കൊണ്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

59 -കാരനായ  ഡൊണാൾഡ് റോബർട്ട് ആ കെട്ടിടത്തിൽ തന്നെയാണ് താമസിക്കുന്നത്. ചില താമസക്കാർക്ക് അത്യാവശ്യം സഹായങ്ങളൊക്കെ ചെയ്ത് അയാൾ അവിടെ ജീവിക്കുകയായിരുന്നു. അന്നുരാത്രി അയാൾ മദ്യപിച്ചിരുന്നു. രാത്രിയിൽ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് അവരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് മരുജോ അവിടെ എത്തുന്നത്. തക്കസമയത്ത് സുഹൃത്തിനെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മരുജോ. പ്രായംചെന്ന ഒരാളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് റോബർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒരു കാലത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മരുജോ ആത്മരക്ഷക്കായിട്ടാണ് ഏകദേശം 40 വർഷം മുൻപ് ആയോധനകല പരിശീലിക്കാൻ തുടങ്ങിയത്. എന്നാൽ അതുകൊണ്ട് ഇത്രവലിയ ഒരു ഉപകാരം ഉണ്ടാകുമെന്ന് അവർ കരുതിയില്ല. സുഹൃത്ത് മാത്രമല്ല, പൊലീസും ഈ  'Lady Ninja' യുടെ പ്രകടനത്തിൽ അഭിമാനം കൊണ്ടു. എന്നിരുന്നാലും ഇത്തരം സന്ദർഭങ്ങളിൽ സ്വയം കാര്യങ്ങൾ ഏറ്റെടുക്കാതെ തങ്ങളെ വിവരം അറിയിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.