Asianet News MalayalamAsianet News Malayalam

സെന്‍റിനെൽസിനെ കൊണ്ട് അമ്പും വില്ലും താഴെവെപ്പിച്ച വനിത: മധുമാല ചതോപാധ്യായ

ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ  ആദ്യം റിസേർച്ച് ഫെല്ലോ ആയും പിന്നീട് റിസേർച്ച് അസ്സോസിയേറ്റ് ആയും പ്രവർത്തിക്കുകയായിരുന്നു ഡോകടർ മധുമാല. നീണ്ട ആറു വർഷം ആൻഡമാനിലെ  ഗോത്രവര്‍ഗങ്ങളെ പറ്റി ഗവേഷണം നടത്തുകയും ഇതിനിടയിൽ ജാറാവ ഗോത്രവർഗവുമായി സൗഹൃദത്തിലാവുകയും ചെയ്ത വനിതകൂടിയാണ് മധുമാല. 

life of madhumala Chattopadhyay
Author
Thiruvananthapuram, First Published Nov 30, 2018, 4:07 PM IST

അമേരിക്കന്‍ മിഷനറി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സെന്‍റിനല്‍ ദ്വീപും സെന്‍റിനല്‍സും വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അവിടെ ജീവിക്കുന്ന  ഗോത്രമനുഷ്യരാണ്  സെന്‍റിനൽസ് എന്നറിയപ്പെടുന്നത്. ഏതാണ്ട് അറുപതിനായിരം വർഷങ്ങളായി ഈ ദ്വീപിൽ സെന്‍റിനൽസ് വംശം നിലനിൽക്കുന്നു. പുറംലോകവുമായി യാതൊരുതരത്തിലുള്ള ബന്ധം സ്ഥാപിക്കാനും ഇഷ്ടപ്പെടാത്ത ഇവർ അതിനു ശ്രമിക്കുന്നവരെ സ്വീകരിക്കുന്നത് അമ്പും വില്ലും കൊണ്ടാണ്. അത് അവരുടെ നിലനില്‍പുമായി ബന്ധപ്പെട്ടുള്ള ഭയം കൊണ്ടാണ്.

1991 ജനുവരി നാലിന് ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്‍റെ തീരത്ത് വെച്ച് സെന്‍റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല ചതോപാധ്യായ ഒരു തേങ്ങ കൈമാറുമ്പോൾ ആ നിമിഷം ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു. സെന്‍റിനൽസുമായുള്ള ആദ്യത്തേതും അവസാനത്തേതുമായ പുറംലോകത്തിന്‍റെ  സൗഹൃദ ഇടപെടൽ ആയിരുന്നു അത്. 

സെന്‍റിനല്‍സുമായുള്ള സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിൽ ഒരു വനിത അംഗമാവുന്നത് ആദ്യമായായിരുന്നു. അംഗങ്ങളിൽ ഒരു വനിത ഉണ്ടാകുന്നത്  വരുന്നവര്‍ അപകടകാരരികളല്ല എന്ന് ഗോത്രവർഗമനുഷ്യരിൽ  തോന്നിപ്പിക്കാൻ സഹായകമായി. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ ആയിരുന്നു മധുമാല ചതോപാധ്യായ.

life of madhumala Chattopadhyay

ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ  ആദ്യം റിസേർച്ച് ഫെല്ലോ ആയും പിന്നീട് റിസേർച്ച് അസ്സോസിയേറ്റ് ആയും പ്രവർത്തിക്കുകയായിരുന്നു ഡോകടർ മധുമാല. നീണ്ട ആറു വർഷം ആൻഡമാനിലെ  ഗോത്രവര്‍ഗങ്ങളെ പറ്റി ഗവേഷണം നടത്തുകയും ഇതിനിടയിൽ ജാറാവ ഗോത്രവർഗവുമായി സൗഹൃദത്തിലാവുകയും ചെയ്ത വനിതകൂടിയാണ് മധുമാല. 

ഒരു അജ്ഞാത ലോകവുമായി ബന്ധം സ്ഥാപിച്ച ആ വനിത ഇപ്പോൾ ഡൽഹിയിലെ ഒരു കേന്ദ്ര ഗവൺമെന്‍റ് ഓഫീസിൽ  സർക്കാർ ഫയലുകൾ കൈകാര്യം ഒരു ഉദ്യോഗസ്ഥയാണ്. അവരുടെ ബുക്ക് "ട്രൈബ്സ്‌ ഓഫ് കാർ നിക്കോബാർ ", ജേണൽ പേപ്പറുകൾ ഒക്കെ ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അടിസ്ഥാന റഫറൻസുകൾ ആണ്. 

മധുമാല പറയുന്നു, "നീണ്ട ആറുവർഷം ആൻഡമാനിൽ വിവിധ ഗോത്രവർഗങ്ങളുടെ ഇടയിൽ ഒറ്റക്ക്  പ്രവർത്തിച്ചിട്ടും ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ല. അവരുടെ ടെക്‌നോളജി മാത്രമാണ് ആദിമമായത്. സാമൂഹ്യപരമായി നമ്മളെക്കാളും ഉയർന്ന മനുഷ്യരാണവർ "

നരവംശ ശാസ്ത്രജ്ഞയിലേക്ക് 

ഹൌറ (കൊൽക്കത്ത)ക്ക് അടുത്തുള്ള വീട്ടില്‍ ഒരു പ്രഭാതത്തിൽ പന്ത്രണ്ടു വയസ്സുകാരിയായ പെൺകുട്ടി 'ദ ടെലഗ്രാഫ്' ന്യൂസ് പേപ്പറിലെ ഒരു വാർത്ത കാണുന്നു. ആൻഡമാനിലെ ഓങ്കെ ഗോത്രത്തിൽ ഒരു കുട്ടി ജനിച്ച വാർത്തയായിരുന്നു അത്. ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകലിന്‍റെ വക്കിലെത്തിയ ഗോത്രവിഭാഗമായിരുന്നു ഓങ്കെ. ആ പെൺകുട്ടി വാർത്തയുമായി റയിൽവേ ഉദ്യോഗസ്ഥനായ അച്ഛന്‍റെ അടുത്ത് എത്തി. അടുത്ത വേനലവധിക്ക് നമുക്ക് ആൻഡമാനിൽ പോയി ആ ഗോത്രവിഭാഗത്തെ കാണണം എന്നതായിരുന്നു ആവശ്യം. എന്നാൽ പുറത്തുനിന്നുള്ള മനുഷ്യരെ അങ്ങോട്ട് പോകാൻ അനുവദിക്കില്ല  എന്നും ഗവേഷകർക്ക് മാത്രമേ അവരെ കാണാൻ അനുവാദമുള്ളൂ എന്നും അച്ഛൻ മകളെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെയാണ് ഒരു ഗവേഷക ആയിത്തീരണം എന്ന് മധുമാല മനസ്സിൽ ഉറപ്പിച്ചത്.

life of madhumala Chattopadhyay

സ്‌കൂൾ പഠനത്തിന് ശേഷം കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി ആന്ത്രോപോളജിക്ക് ജോയിൻ ചെയ്തു. അഡ്മിഷൻ സെന്‍ററിൽ മധുമാലക്ക് അറിയേണ്ടത് ഗോത്രവിഭാഗങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് എന്ന് മാത്രമായിരുന്നു. ആന്ത്രപ്പോളജി കൊണ്ട് എന്തുകാര്യം എന്ന് തിരക്കിയ വീട്ടുകാരോട് മധുമാല പറഞ്ഞു.  "ഇത് എനിക്ക്  ഓങ്കെ ഗോത്രത്തിലേക്കുള്ള പാസ്സ്പോർട്ട്‌ ആണ്.'' ആ യാത്രകളാവും അവരെ സെന്‍റിനല്‍ ദ്വീപിലേക്കും എത്തിച്ചത്. 

നരവംശശാസ്ത്രജ്ഞയിൽ നിന്നും സുഹൃത്തിലേക്കെത്തി, ആൻഡമാനിലെ ജാറാവ സെന്‍റിനെൽസ് എന്നീ ഗോത്രവിഭാഗങ്ങളുമായി ഇടപെഴകിയ ആദ്യ വനിതയെന്ന വിശേഷണവും അവര്‍ക്കുള്ളതാണ്. അതിന് കാരണം, അവര്‍ക്ക് ദ്വീപിലുള്ളവരോടും, സ്വന്തം ജോലിയോടുമുള്ള അര്‍പ്പണമനോഭാവമാകാം. 


(കടപ്പാട്: ദ പ്രിന്റ്)


 

 

Follow Us:
Download App:
  • android
  • ios