Asianet News MalayalamAsianet News Malayalam

ചായക്കട നടത്തുന്ന പ്രകാശ് റാവു, 'പത്മശ്രീ പ്രകാശ് റാവു' ആയത് ഇങ്ങനെ; ആര്‍ക്കും പ്രചോദനമാണ് ഈ ജീവിതം

പക്ഷെ, റാവു വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പതുക്കെ കുട്ടികളുടെ എണ്ണം കൂടി. ഇന്ന് അദ്ദേഹത്തിന്‍റെ സ്കൂള്‍ ‘Asha o Ashwasana’- യില്‍ നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്നു. അതിലൂടെ അവരുടെ ജീവിതം തന്നെ മാറിയിരിക്കുന്നു. അന്ന് പരാതി പറഞ്ഞ മാതാപിതാക്കള്‍ അഭിമാനത്തോടെ തങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നോക്കിനില്‍ക്കുന്നു. 

life of padma shri prakash rao an odisha chai wala
Author
Odisha, First Published Jan 29, 2019, 12:08 PM IST

''54 വര്‍ഷങ്ങളായി ഞാന്‍ റോഡരികില്‍ ചായ വില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ ഞാന്‍ പത്മശ്രീ ചായ വില്‍പ്പനക്കാരനായിരിക്കുന്നു.'' ഒഡീഷയിലെ 61 കാരനായ പ്രകാശ് റാവു പറയുന്നു. ഈ റിപ്പബ്ലിക് ദിനത്തിലാണ് പ്രകാശ് റാവു, പത്മശ്രീ പ്രകാശ് റാവു ആയത്. എങ്ങനെയാണ് ഒരു ചായ വില്‍പ്പനക്കാരന്‍ പത്മശ്രീ നേടിയതെന്നല്ലേ...

ആ കഥ ഇങ്ങനെ

അച്ഛന്‍റെ ചായക്കടയില്‍ ജോലി ചെയ്തു തുടങ്ങുമ്പോള്‍ റാവുവിന് പ്രായം വെറും ആറ് വയസ്സാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ആളായിരുന്നു റാവുവിന്‍റെ അച്ഛന്‍. യുദ്ധം കഴിഞ്ഞപ്പോള്‍ അദ്ദേഹം കട്ടക്കിലെ വീട്ടില്‍ തിരികെയെത്തി. അദ്ദേഹം കരുതിയത് യുദ്ധത്തിലൊക്കെ പങ്കെടുത്ത ആളായതുകൊണ്ട് അദ്ദേഹത്തിന് അത്തരത്തില്‍ എന്തെങ്കിലും ജോലി കിട്ടുമെന്നാണ്. പക്ഷെ ആരും അദ്ദേഹത്തിന് ജോലി നല്‍കിയില്ല. 

ദാരിദ്ര്യവും പട്ടിണിയും വലക്കാന്‍ തുടങ്ങിയപ്പോള്‍ അഞ്ച് രൂപ നിക്ഷേപത്തില്‍ അദ്ദേഹമൊരു ചായക്കട തുടങ്ങി. അമ്പത് വര്‍ഷങ്ങളായി റാവു ജോലി ചെയ്യുന്ന അതേ ചായക്കട. 

''തെരുവില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളെന്ന നിലയില്‍ നിരവധി ജീവിതങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടെ ജീവിക്കുന്നവര്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ അവരെ വല്ല ജോലിക്കും വിട്ട് ഭക്ഷണത്തിനുള്ളത് ഉണ്ടാക്കാനാണ് നോക്കാറ്. കടകളിലും വീടുകളിലുമെല്ലാം ആ കുഞ്ഞുങ്ങള്‍ പണിക്ക് നില്‍ക്കും. അവിടെ നിന്നു കിട്ടുന്ന തുക അവരുടെ വീട്ടിലെ ആണുങ്ങള്‍ വാങ്ങുകയും മദ്യത്തിനും മറ്റുമായി അവ ചെലവഴിക്കുകയും ചെയ്യും. മാത്രവുമല്ല വീട്ടിലുള്ളവരെ അവര്‍ പീഡിപ്പിക്കുകയും ചെയ്യും. ഓരോ ദിവസവും ഈ കാഴ്ചകളെന്നെ അലട്ടുമായിരുന്നു.'' 

''ഞാന്‍ ഒരു നല്ല വിദ്യാര്‍ത്ഥി ആയിരുന്നു. നന്നായി പഠിക്കും, ഫുട്ബോള്‍ കളിക്കും. ഞാനൊരു ഡോക്ടറാകാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷെ, ചായക്കടക്കരനാവുകയായിരുന്നു. എന്‍റെ അതേ വിധി ഈ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.'' റാവു പറയുന്നു. 

ചായക്കടയില്‍ നിന്നും കിട്ടുന്നതില്‍ പകുതി തുക അദ്ദേഹം തെരുവിലെ കുട്ടികളുടെ പഠനത്തിനും ചികിത്സാ കാര്യങ്ങള്‍ക്കുമായി മാറ്റിവെച്ചു. രണ്ട് മുറികളിലായി നാല് കുട്ടികളെ അദ്ദേഹം നിര്‍ത്തി. അവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി. പല രക്ഷിതാക്കളും വന്ന് അദ്ദേഹത്തിനെതിരെ പരാതി പറഞ്ഞു. 'ഞങ്ങളുടെ കുട്ടികള്‍ പഠിച്ചിട്ടെന്താണ് കാര്യം. എന്‍റെ മകള്‍ വീട്ടുജോലിക്ക് നിന്ന് 700 രൂപ വരെ കൊണ്ടുത്തരുമായിരുന്നു. അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി ഞങ്ങളെയെന്തിനാണ് പട്ടിണിക്കിടുന്നത്' എന്നായിരുന്നു അവരുടെ ചോദ്യം.

പക്ഷെ, റാവു വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പതുക്കെ കുട്ടികളുടെ എണ്ണം കൂടി. ഇന്ന് അദ്ദേഹത്തിന്‍റെ സ്കൂള്‍ ‘Asha o Ashwasana’- യില്‍ നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്നു. അതിലൂടെ അവരുടെ ജീവിതം തന്നെ മാറിയിരിക്കുന്നു. അന്ന് പരാതി പറഞ്ഞ മാതാപിതാക്കള്‍ അഭിമാനത്തോടെ തങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നോക്കിനില്‍ക്കുന്നു. 

''ഓരോ ദിവസവും അവര്‍ക്ക് ഞാന്‍ പോഷകം നിറഞ്ഞ ആഹാരം നല്‍കും. അതെനിക്ക് എത്രമാത്രം സന്തോഷം തരുന്നെന്നോ. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി കട്ടക്കില്‍ വന്നപ്പോള്‍ എന്‍റെ ഈ സ്കൂളില്‍ വിളമ്പുന്ന ഭക്ഷണം (അരി, പരിപ്പ് എന്നിവയെല്ലാം ചേര്‍ന്നത്) എത്രമാത്രം നല്ലതാണെന്ന് പറഞ്ഞിരുന്നു.'' തെരുവിലെ കുട്ടികള്‍ക്ക് വെളിച്ചമാണ് അദ്ദേഹം എന്നും പ്രധാനമന്ത്രി പറഞ്ഞു. 

''ആ കുട്ടികളാണ് തന്നേക്കാള്‍ വലിയവര്‍ അവരുടെ ഹൃദയത്തിലെനിക്കുള്ള സ്ഥാനമാണ് മറ്റെന്തിനേക്കാളും വലുത്. ഈ അറുപത്തിയൊന്നാമത്തെ വയസില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഞാനാണ് എന്നാണ് ഞാന്‍ കരുതുന്നത്. മറ്റെന്ത് ധനം കിട്ടിയാലും ലഭിക്കാത്തത്ര സന്തോഷം ഈ കുട്ടികളിലൂടെ എനിക്ക് കിട്ടുന്നു.'' റാവു പറയുന്നു. 

ഇന്നത്തെ ചെറുപ്പക്കാരോട് റാവുവിന് പറയാനുള്ളതും ഇതാണ്. ''ഒറ്റ രാത്രി കൊണ്ട് ധനികരാവാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാര്‍. വിജയത്തിലേക്ക് എളുപ്പവഴിയില്ല. നിരവധി തടസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ വിജയം നേടാനാകൂ. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിച്ചോളൂ. പക്ഷെ, മറ്റൊരാള്‍ക്ക് സഹായം നല്‍കാന്‍ മടിക്കരുത്. അങ്ങനെ മാത്രമേ താഴെയുള്ളവര്‍ക്ക് ഉയര്‍ന്നു വരാനാകൂ.''

Follow Us:
Download App:
  • android
  • ios