Asianet News MalayalamAsianet News Malayalam

ലേഡീസ് കംപാര്‍ട്ട്‌മെന്റ് എന്ന മഹായാനം

മംഗലാപുരം ചെന്നൈ മെയിലിന്റെ തിങ്ങി നിറഞ്ഞ ലേഡീസ് കൂപ്പേയില്‍ വാതില്‍ക്കല്‍ കാറ്റും കൊണ്ട് നില്‍ക്കുമ്പോഴാണു താഴെയിരിക്കുന്ന സ്ത്രീകളെ ശ്രദ്ധിച്ചത്.  

life stories of ladies compartment
Author
First Published Apr 5, 2017, 10:09 AM IST

life stories of ladies compartment

തീവണ്ടി യാത്ര എന്നും എനിക്കേറെ ഇഷ്ടമാണു. പിന്നിലേക്കോടിപ്പോകുന്ന മരങ്ങളേയും വീടുകളെയും ആളുകളെയുമൊക്കെ കണ്ട് സൈഡ് സീറ്റിലെ ഇരിപ്പ് ഇന്നും പ്രിയം തന്നെ. ഒരു തീവണ്ടി മുറി എപ്പോഴും ലൈവായിരിക്കും. ചായ , കാപ്പി വിളിയുടെ ആ ഈണം ഇന്ത്യയില്‍ എവിടെ ആണെലും ഒരു മാറ്റവുമില്ല. ഒരു വിമാന യാത്രയിലെ ആലഭാരങ്ങളൊന്നുമില്ലാണ്ട് പരസ്പരം ചിരിച്ചും വര്‍ത്തമാനം പറഞ്ഞും കുറെ സമയം. ഓരോരുത്തര്‍ക്കും ഇറങ്ങേണ്ട സ്‌റ്റേഷനാകുമ്പോള്‍ ഇറങ്ങിപ്പോകേണ്ടി വരും എന്ന സത്യം അറിഞ്ഞാല്‍ പിന്നെ എന്ത് അഹങ്കരിക്കാനാണു. ഇറങ്ങിപ്പോകുമ്പോള്‍ ഒന്നും കൊണ്ട്‌പോകാനാകില്ല എന്നറിയുന്നത് കൊണ്ട് തന്നെ ഉള്ള സ്ഥലത്ത് തിങ്ങിനിറഞ്ഞ് കിട്ടിയ സമയത്തെ സ്‌നേഹനിര്‍ഭരമാക്കുന്ന തീവണ്ടി മുറികള്‍.

ലേഡീസ് കമ്പാര്‍റ്റ്‌മെന്റുകളാണു ഏറ്റവും സജീവം. വീടിനും ഓഫീസിനുമിടയില്‍ ഓടിതളര്‍ന്ന സ്ത്രീകള്‍, ഒളിഞ്ഞ് നോട്ടങ്ങളെയൊ തോണ്ടലുകളെയൊ പേടിക്കാതെ സീറ്റില്‍ ചാരിയിരുന്ന് മയങ്ങുന്നവര്‍, സാരി അഴിച്ചുടുക്കുന്നവര്‍, മുടി ചീകികെട്ടി കൈവിരലുകള്‍ കൊണ്ട് കവിളുകള്‍ അമര്‍ത്തി തുടച്ച് ചുവപ്പ് പരത്തുന്നവര്‍. നാളത്തെ കറിക്ക് വേണ്ടി വെണ്ടക്കയും മുരിങ്ങക്കയുമൊക്കെ മുറിച്ച് പ്ലാസ്റ്റിക് കൂടുകളിലാക്കി ബാഗില്‍ വെക്കുന്നവര്‍, ചിരിച്ചും കളിച്ചും അവരാ തീവണ്ടിമുറിയുടെ വിരസതയെ അപ്പാടെ പുറത്തേക്കെറിഞ്ഞ് കളയും.
ദിനേന ഒരേ വണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ തമ്മില്‍ വല്ലാത്തൊരു ഐക്യമാണു. താമസിച്ച് വരുന്നവര്‍ക്ക് സീറ്റ് പിടിക്കുന്നത് തൊട്ട്  ഭര്‍ത്താവിന്റെം കുട്ടികളുടെയും കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ വരെ പങ്ക് വെച്ച് കൊണ്ടും കൊടുത്തും കൂകിപാഞ്ഞൊരു യാത്ര.

മംഗലാപുരം ചെന്നൈ മെയിലിന്റെ തിങ്ങി നിറഞ്ഞ ലേഡീസ് കൂപ്പേയില്‍ വാതില്‍ക്കല്‍ കാറ്റും കൊണ്ട് നില്‍ക്കുമ്പോഴാണു താഴെയിരിക്കുന്ന സ്ത്രീകളെ ശ്രദ്ധിച്ചത്.  

നല്ല സന്തോഷത്തിലാണു എല്ലാരും, ഉറക്കെ സംസാരിച്ച്,ഇടക്കിടെ പൊട്ടിച്ചിരിച്ച്..

എന്റെ നില്‍പ്പ് കണ്ടാവണം അവരിലൊരാള്‍ തന്റെ ഭാണ്ഡം എന്റരികിലേക്ക് നീക്കിവെച്ചു. 'ഇങ്കേ ഉക്കാര്‌ങ്കോ' അത് കേള്‍ക്കേണ്ട താമസം ഞാനതിലേക്കിരുന്നു അവരെ നോക്കി ആശ്വാസത്തോടെ തലയാട്ടി. പ്രായമായ ഒരു സ്ത്രീയും രണ്ട് യുവതികളും. എന്താണിവര്‍ക്കിത്ര ചിരിക്കാനെന്ന് ആശ്ചര്യം പൂണ്ടിരിക്കെ തമിഴ് ചുവ കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി.
സേലത്തേക്ക് പോകുകയാണത്രെ അവര്‍. വളക്കച്ചവടമാണു തൊഴില്‍ .കണ്ണൂരിലാണു താമസവും വളക്കച്ചവടവും.
എല്ലാ മാസവും സേലത്ത് പോയി വളകള്‍ എടുത്തിട്ട് വരും. അങ്ങനെ വളകള്‍ എടുക്കാനുള്ള യാത്രയാണിത്.
കൂടെയുള്ളത് ഒന്ന് മകള്‍,മറ്റേത് അയല്‍ വാസി. തൊട്ടടുത്ത ലൈന്‍ മുറിയില്‍ താമസിക്കുന്നവള്‍. സാമാന്യം സുന്ദരി.
അവളൂടെ കാലിലെ മുറിവ് എങ്ങനെ പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ചിരിച്ചു. കള്ളുകുടിച്ച് വന്ന് ഭര്‍ത്താവ്
വെട്ടുകത്തിക്ക് വെട്ടിയതാണത്രെ. ' ഇനീമിരുക്ക് പാരുങ്കോ' എന്ന് പറഞ്ഞ് അടുത്തിരുന്ന വൃദ്ധ അവളുടെ തല
പിടിച്ച് താഴ്ത്തി. തലയുടെ നടുക്ക് ആഴത്തിലൊരു മുറിവ്. സൈക്കിള്‍ ചെയിന്‍ കൊണ്ട് അടിച്ചതാണത്രെ അയാള്‍.!!
പെറ്റത് മൂന്നും പെണ്‍കുഞ്ഞായത് അവളുടെ കുറ്റം!!! 

വീര്‍ത്തു വരുന്ന വയറുഴിഞ്ഞ്  ഇതെങ്കിലും ആണ്‍കുളന്തൈ ആനാല്‍ കടവുളക്ക് ഒരു തങ്ക വളൈ' അതും പറഞ്ഞ് അവള്‍ വീണ്ടും ചിരിച്ചു.

ആ ഭാണ്ഡക്കെട്ടില്‍ അങ്ങനെ അവരുടെ സംസാരം കേട്ട് ഇരുന്നപ്പോള്‍ ഞാനോര്‍ത്തത്  നമ്മെ പറ്റി. 
നമ്മുടെ അനാവശ്യമായ ആവലാതികളെ പറ്റി...
എന്താണു സന്തോഷത്തിന്റെ അളവ് കോല്‍..? പണം, വലിയവീട്, കാര്‍, ഫോണ്‍ ,ജോലി,.സൌന്ദര്യം....?
ഇതൊന്നുമില്ലാതെ ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍ മറ്റെന്തോ അല്ലെ കാരണം...?

അണമുറിയാത്ത ആ ചിരികള്‍ക്കും സംസാരത്തിനുമിടയിലിരുന്ന മണിക്കൂറുകളില്‍ പലവട്ടം മനസ്സാ ഞാനാ സ്ത്രീകളെ
നമിച്ചുപോയി. ജീവിതത്തോടുള്ള  അവരുടെ ക്രിയാത്മക സമീപനവും   ശുഭാപ്തിവിശ്വാസവും കണ്ട്...

'ചേച്ചീ കടല വേണോ...? എന്ന ചോദ്യം കേട്ടാണ്  ഞാനാ ഇരിപ്പില്‍ നീന്നും ഉണര്‍ന്നത്. കുട്ടാപ്പുവാണു,
കടലവില്‍പ്പനക്കാരന്‍. കുട്ടാപ്പുവിനു കടലെം പൊരീം കൊണ്ട് ലെഡീസ് കൂപ്പേയില്‍ കയറാം. ആരും ഒന്നും പറയില്ല. കുറ്റിപ്പുറത്ത്കാരനാണു കുട്ടാപ്പു. അഛന്‍ വായിലേക്കൊഴിച്ച് കൊടുക്കുന്ന കള്ളു രുചിച്ച് നോക്കുന്ന രണ്ട് വയസ്സു കാരനെ ഞാന്‍ ഓര്‍ക്കുന്നുണ്ട് ഇപ്പോഴും. 

വായിച്ച് പകുതിയാക്കിയ സ്റ്റീഫന്‍ കോവൈയുടേ 'സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍' എന്ന പുസ്തകം അവനു കടല പൊതിയാന്‍ കൊടുത്താലോന്ന് ആലോചിക്കവേ വണ്ടി കുറ്റിപ്പുറം സ്‌റ്റേഷനില്‍ നിന്നു. എനിക്ക് ഇറങ്ങാനായിരിക്കുന്നു. ഇറങ്ങിയേ തീരൂ.

Follow Us:
Download App:
  • android
  • ios