Asianet News MalayalamAsianet News Malayalam

സിംഹങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു, പിന്നില്‍ വന്‍ വ്യവസായം; ആരോപണവുമായി പുസ്‍തകം

ഒരു സിംഹക്കുട്ടിക്ക് ഒരുദിവസം 16 മുതൽ 20 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ, ഈ ഫാമുകൾ അവയെ ഉറങ്ങാൻ അനുവദിക്കാതെ വിനോദസഞ്ചാരികളുമായി കളിക്കാൻ നിർബന്ധിക്കുന്നു.

Lions killed by the tourist hunters
Author
South Africa, First Published Jun 17, 2020, 2:23 PM IST
  • Facebook
  • Twitter
  • Whatsapp

അടുത്തകാലത്തായി ഗർഭിണിയായ ഒരാന സ്ഫോടകവസ്‍തു കടിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞ സംഭവം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, അതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം അനവധി ക്രൂരതകളാണ് മൃഗങ്ങൾക്കെതിരെ ദിവസവും ഈ ലോകത്ത് നടക്കുന്നത്. ആളുകൾ അറിവില്ലാതെയോ പണം ലാഭിക്കാനുള്ള ഒരു മാർഗ്ഗമായോ ഒക്കെയാണ് ഇത്തരം ക്രൂരതകൾ നടത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നാണ് സിംഹ വ്യവസായം. സിംഹങ്ങളെ വളർത്തി ഒടുവിൽ വിനോദസഞ്ചാരികൾക്ക് വേട്ടയാടാനായി ഇട്ടുകൊടുക്കുന്ന പ്രാകൃത വ്യവസായമാണ് ഇതെന്ന് ശതകോടീശ്വരനായ വ്യവസായി ലോർഡ് മൈക്കൽ ആഷ്‌ക്രോഫിറ്റ് തന്റെ പുതിയ പുസ്‍തകമായ അൺഫെയർ ഗെയിമിൽ എഴുതുന്നു. ഈ പുസ്‍തകത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് എഴുത്തുകാരന്‍ പങ്കുവയ്ക്കുന്നത്. 

ദക്ഷിണാഫ്രിക്കയിലെ 333 ഫാമുകളിൽ സിംഹങ്ങളെ വളർത്തുന്നു. എന്തിനെന്നോ? വിനോദ സഞ്ചാരികൾക്ക് വേട്ടയാടി കൊല്ലാനായി. 'ടിന്നിലടച്ച വേട്ട’ എന്നാണ് അത് അറിയപ്പെടുന്നത്. ഫാമിൽ വളർത്തുന്ന സിംഹങ്ങളെ മയക്കുമരുന്ന് നൽകി പാതിബോധത്തിൽ ചെറിയ പ്രദേശത്തേക്ക് വിട്ടയക്കുന്നു. തുടർന്ന് വിനോദസഞ്ചാരികൾക്ക് അവയെ വെടിവയ്ക്കാൻ അവസരം നൽകുന്നു. അവയെ വേട്ടയാടി കൊന്നു കഴിഞ്ഞാൽ ചത്ത ആ മൃഗത്തിന്റെ സമീപം നിന്ന് സഞ്ചാരികൾക്ക് ചിത്രങ്ങളും പകർത്താമെന്നും ആഷ്ക്രോഫിറ്റ് പുസ്‍തകത്തില്‍ പറയുന്നു   

ഇനി അവ ചത്താലും അവയോടുള്ള ക്രൂരത അവസാനിക്കുന്നില്ല. വേട്ടയാടിയ ഈ മൃഗത്തിന്‍റെ അസ്ഥികളും മറ്റ് ശരീരഭാഗങ്ങളും കുതിച്ചുയരുന്ന മെഡിസിൻ വിപണിയിലേക്ക് പിന്നീട് കയറ്റുമതി ചെയ്യുന്നു. ''ടിന്നിലടച്ച വേട്ട എന്ന ഭയാനകമായ പ്രതിഭാസം തീർത്തും പ്രഹസനമാണ്. ഈ മൃഗങ്ങൾ ജീവന്‍ വെടിഞ്ഞു കഴിഞ്ഞാല്‍ അവയുടെ അടുത്ത് വിജയികളായി നിൽക്കുന്ന ഫോട്ടോകൾ അസുഖകരമാണ്" തന്‍റെ പുസ്‍തകത്തില്‍ ആഷ്‌ക്രോഫിറ്റ് എഴുതുന്നു. സിംഹക്കുഞ്ഞുങ്ങളോടും ഒട്ടും മനുഷ്യത്വമില്ലാതെയാണ് അവർ പെരുമാറുന്നത്. ഒരു സിംഹക്കുട്ടിക്ക് ഒരുദിവസം 16 മുതൽ 20 മണിക്കൂർ വരെ ഉറങ്ങണം. എന്നാൽ, ഈ ഫാമുകൾ അവയെ ഉറങ്ങാൻ അനുവദിക്കാതെ വിനോദസഞ്ചാരികളുമായി കളിക്കാൻ നിർബന്ധിക്കുന്നു. 12,000 സിംഹങ്ങളെ വരെ തടവിൽ വളർത്തുന്ന ഒരു വലിയ വ്യവസായമാണവിടെയിത് എന്നും എഴുത്തുകാരന്‍ പറയുന്നുണ്ട്. 

കൂട്ടിൽ കഴിയുന്ന സിംഹങ്ങളെ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വളർത്തുന്നതെന്നും, ക്ഷയരോഗം, ബോട്ടുലിസം തുടങ്ങിയ മാരകമായ രോഗങ്ങൾ ഇത് വഴി പടരാമെന്നും ആഷ്ക്രോഫിറ്റ് ആരോപിക്കുന്നു. സിംഹത്തിനെ വേട്ടയാടുന്ന വേദനാജനകമായ ഒരു രംഗം ആഷ്ക്രോഫിറ്റ് അദ്ദേഹത്തിന്റെ ഫോണിൽ കാണിക്കുന്നു. ആദ്യം രണ്ടുപേർ പിക്ക് അപ്പ് വാഹനത്തിൽ അവിടേയ്ക്ക് വരുന്നു. വാഹനത്തിൽ വന്നിറങ്ങുന്നവർ അവിടെ കണ്ട ഒരു സിംഹത്തിന് നേരെ വെടി ഉതിർക്കുന്നു. വെടികൊണ്ട അത് വേദനകൊണ്ട് അലറുന്നതും കേൾക്കാം.    

വാഹനത്തിലുണ്ടായിരുന്ന ആളുകൾ വീണ്ടും വീണ്ടും സിംഹത്തിന് നേരെ വെടിയുതിർത്തു. ദയനീയമായ അവസ്ഥയിൽ കിടക്കുന്ന സിംഹത്തിന്റെ ഒരു തോൾ തകർന്നിരുന്നു. ബുള്ളറ്റ് ദ്വാരങ്ങൾ ശരീരത്തിൽ അവിടെയും ഇവിടെയും കാണാം. വീണ്ടും നിരവധി പ്രാവശ്യം വെടിയുതിർത്തു. വെടിയുണ്ടകളാൽ ശരീരം മുഴുവൻ തുളക്കപ്പെട്ട ആ പാവം മൃഗം ഒടുവിൽ ചത്ത് വീണു. തുടർന്ന് വിജയിച്ച ഭാവത്തിൽ ആ മൃഗത്തിന്റെ അരികിൽ ആ രണ്ടുപേർ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ് ആ വീഡിയോയുടെ അവസാനം. 

താൻ ഇതുവരെ കേട്ടിട്ടില്ലാത്ത ക്രൂരമായ വ്യാപാരമെന്നും, പ്രകൃതിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്നാണ് ഇതെന്നും ആഷ്ക്രോഫിറ്റ് പറഞ്ഞു. ഒരു ഫാമിൽ രണ്ട് ദിവസത്തിനുള്ളിൽ 54 സിംഹങ്ങൾ മരിച്ചതിന്റെ വിശദാംശങ്ങൾ അദ്ദേഹത്തിന്റെ പുസ്‍തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. "പ്രതിവർഷം ആയിരക്കണക്കിന് സിംഹങ്ങളെ ഫാമുകളിൽ വളർത്തുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ അവയെ അമ്മമാരിൽ നിന്ന് അകറ്റുന്നു. ഒന്നുകിൽ അവയെ വേട്ടയാടി കൊല്ലുന്നു, അല്ലെങ്കിൽ എല്ലുകൾക്കും മറ്റ് ശരീരത്തിനും വേണ്ടി അവയെ അറക്കുന്നു. ഏഷ്യയിലെ ഔഷധ വിപണിയിൽ വളരെ വിലപ്പെട്ട ഭാഗങ്ങളാണ് ഇവ. ആവശ്യത്തിന് ആഹാരം ഇല്ലാതെ, ഇടുങ്ങിയതും ശുചിത്വമില്ലാത്തതുമായ അവസ്ഥയിൽ ജീവിച്ച് ആരുടെയൊക്കെയോ തോക്കിൻ തുമ്പിൽ തീരുകയാണ് അവ” ആഷ്ക്രോഫ്റ്റ് പുസ്‍തകത്തിൽ പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios