ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ജോലിക്ക് കയറി മൂന്ന് മണിക്കൂറിനുള്ളിൽ ഒരു യുവാവിനെ പിരിച്ചുവിട്ടു. വേഗത കുറവാണെന്നും അടിസ്ഥാന വിവരങ്ങൾ ഇല്ലെന്നും ആരോപിച്ചായിരുന്നു ഉടമയുടെ നടപടി. സമൂഹ മാധ്യമങ്ങളിൽ തന്‍റെ ദുരനുഭവം പങ്കുവെച്ച യുവാവിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രു ഫാസ്റ്റ് ഫുഡ് ജോയിന്‍റിൽ പുതുതായി ജോലിക്ക് കയറിയ യുവാവിന്‍റെ സന്തോഷവും ആവേശവും വെറും മൂന്ന് മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ജോലിക്ക് കയറി ആദ്യ ദിവസം മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും റസ്റ്റോറന്‍റ് ഉടമ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഈ വർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. "ഫാസ്റ്റ് ഫുഡ് ജോയിന്‍റിലെ ആദ്യ ഷിഫ്റ്റ് തുടങ്ങി 3 മണിക്കൂറിനുള്ളിൽ എന്നെ പിരിച്ചുവിട്ടു" എന്ന തലക്കെട്ടോടെ യുവാവ് പങ്കുവെച്ച സമൂഹ മാധ്യമ കുറിപ്പിലാണ് തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത്. ജോലിക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലെന്ന് ആരോപിച്ചായിരുന്നു ഉടമയുടെ ഈ നടപടി.

വെറും മൂന്ന് മണിക്കൂർ ജോലി

ബർഗർ ഉണ്ടാക്കാൻ സഹായിക്കുന്നതിനായി റസ്റ്റോറന്‍റിൽ നിശ്ചിത സമയത്തിനും മുൻപേ എത്തിയതായിരുന്നു ജീവനക്കാരൻ. കടയിൽ തിരക്കില്ലാതിരുന്ന സമയത്ത് ഉടമ ഇയാൾക്ക് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദീകരിച്ചു നൽകിയിരുന്നു. എന്നാൽ, കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. "റസ്റ്റോറന്‍റിൽ ഒട്ടും തിരക്കില്ലായിരുന്നു, അതുകൊണ്ട് അവർ എനിക്ക് ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. ഒരു മണിക്കൂറോളം ചുറ്റും നോക്കി വെറുതെ നിൽക്കുകയല്ലാതെ എനിക്ക് വേറെ പണിയൊന്നും ഇല്ലായിരുന്നു," യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു. "പിന്നീട് ഉപഭോക്താക്കൾ വരാൻ തുടങ്ങിയപ്പോൾ പറഞ്ഞത് പോലെ ഞാൻ ചെയ്യാൻ തുടങ്ങി. കുക്ക് മാംസം വേവിക്കുന്ന സമയത്ത് ഞാൻ മേശപ്പുറത്ത് ചേരുവകൾ നിരത്തി ബർഗർ തയ്യാറാക്കുകയായിരുന്നു. എന്നാൽ, ബർഗർ ശരിയായ രീതിയിൽ പാക്ക് ചെയ്യാൻ പഠിക്കുന്നതിൽ ഞാൻ കുറച്ച് പതുക്കെയായിരുന്നു."

ജോലിക്ക് കയറുമ്പോഴേ എല്ലാം പഠിക്കണം

വേഗത കൂട്ടാൻ കടയുടമ ആവശ്യപ്പെട്ടപ്പോൾ, കാര്യങ്ങൾ ശീലമായി വരുന്നതേയുള്ളൂവെന്ന് ജീവനക്കാരൻ മറുപടി നൽകി. തുടർന്ന് ബർഗർ ഉണ്ടാക്കുന്നത് വീണ്ടും തുടർന്നു. എന്നാൽ, നാലാമത്തെ കസ്റ്റമർ വന്നപ്പോഴേക്കും ഉടമ ഇയാളെ മാറ്റി നിർത്തി ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു. "ആ ഓർഡർ കൂടി പൂർത്തിയാക്കിയ ശേഷം അദ്ദേഹം എന്നെ മാറ്റി നിർത്തി, ഈ ജോലി എനിക്ക് പറ്റിയതല്ലെന്ന് പറഞ്ഞു. എനിക്ക് അടിസ്ഥാന വിവരങ്ങൾ ഇല്ലെന്നും, 'സ്വയം കണ്ട് പഠിക്കേണ്ട' ജോലിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വരുത്തിയ ചില ചെറിയ തെറ്റുകൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, തിരക്കേറിയ ശനിയാഴ്ചയാകുമ്പോഴേക്കും എനിക്ക് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി," യുവാവ് പറഞ്ഞു.

'പ്രശ്നം നിങ്ങളുടേതല്ല, കടയുടമയുടേത്'

അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഉടമ, ജോലി ചെയ്ത സമയത്തെ ശമ്പളം നൽകി യുവാവിനെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. "വീണ്ടും അവസാനമില്ലാത്ത ജോലി അന്വേഷണത്തിലേക്ക്... ഒരു പുതിയ ജോലിയിലെ ആദ്യ ദിവസം തെറ്റുകൾ വരുത്താനോ പതുക്കെ ചെയ്യാനോ പാടില്ലെന്ന് തോന്നുന്നു," യുവാവ് വിഷമത്തോടെ കുറിച്ചു. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, നിരവധി ആളുകൾ യുവാവിന് പിന്തുണയുമായി രംഗത്തെത്തി. ഈ അനുഭവത്തിൽ തളർന്നുപോകരുതെന്ന് അവർ യുവാവിനെ ആശ്വസിപ്പിച്ചു. "ബർഗറിന്‍റെ ബണ്ണിന് പുറത്തല്ലല്ലോ നീ ഇറച്ചി വെച്ചത്! പിന്നെ എന്താണ് പഠിച്ചെടുക്കാൻ പറ്റാത്തതായി അവിടെയുള്ളത്?" എന്ന് ഒരാൾ ചോദിച്ചപ്പോൾ, മറ്റൊരു ഉപഭോക്താവ് തന്‍റെ അനുഭവം പങ്കുവെച്ചു: "സബ്‌വേയിലെ (Subway) എന്‍റെ രണ്ടാം ദിവസം ഉച്ചതിരിഞ്ഞുള്ള തിരക്കിനിടയിൽ പതുക്കെ ചെയ്തതിനും ചെറിയ തെറ്റുകൾ വരുത്തിയതിനും എന്നെയും പിരിച്ചുവിട്ടിട്ടുണ്ട്. ജോലി കളയുന്നതിന് വെറും അഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാക്കണമെന്ന് അവർ എനിക്ക് കാണിച്ചുതന്നത് തന്നെ." മറ്റൊരു മുൻ റീട്ടെയ്ൽ മാനേജർ കുറിച്ചത് ഇങ്ങനെയായിരുന്നു: "ഇങ്ങനെയുള്ള ഉടമസ്ഥർക്ക് ജീവനക്കാരെ കണ്ടെത്താനും അവരെ നിലനിർത്താനും വലിയ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഇത് അയാളുടെ മാത്രം പ്രശ്നമാണ്, നിങ്ങളുടേതല്ല. നിങ്ങൾ ഇതിൽ വിഷമിക്കേണ്ടതില്ല."