ദില്ലി മെട്രോയിൽ ജീൻസും ടോപ്പും ധരിച്ചതിന് യുവതിക്ക് നേരെ മറ്റൊരു യാത്രക്കാരിയുടെ കയ്യേറ്റവും അസഭ്യവർഷവും. സമൂഹ മാധ്യമങ്ങളിൽ യുവതി അനുഭവം പങ്കുവെച്ചതോടെ സമാനമായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നിരവധി പേർ രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കും. എന്ന് കരുതി പൊതുസ്ഥലത്ത് എന്തും ധരിക്കാമെന്ന ധാരണ തെറ്റാണ്. ഓരോ നാടും അതിന്‍റെതായ സാംസ്കാരികവും ധാർമ്മികവുമായ മൂല്യം സംരക്ഷിക്കുന്നു. ഇത്തരം മൂല്യങ്ങളെ കൂടി മുഖവിലക്ക് എടുത്തുകൊണ്ടുള്ള വസ്ത്രധാരണമാകണമെന്ന് മാത്രം. എന്നാൽ, സാധാരണ ധരിക്കാറുള്ള വസ്ത്രം ധരിച്ച് കൊണ്ട് ദില്ലി മെട്രോയിൽ കയറിയ ഒരു യുവതിക്ക് നേരെ മെട്രോയിലെ മറ്റൊരു യാത്രക്കാരി വസ്ത്രധാരണത്തെ ചൊല്ലി തർക്കിച്ചെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

'പിന്നിൽ തല്ലി, അസഭ്യം പറഞ്ഞു'

താൻ ജീൻസും ഫുൾസ്ലീവ് കോർസെറ്റ് ടോപ്പും ധരിച്ചാണ് എത്തിയതെന്നും എന്നാൽ യാത്രയ്ക്കിടെ ഒരു സ്ത്രീ തന്‍റെ പിന്നിൽ രണ്ട് തവണ അടിച്ചെന്നും യാത്രയിലുടനീളം ആ യാത്രക്കാരി അസഭ്യം പറയാൻ തുടങ്ങിയെന്നും യുവതി അവകാശപ്പെട്ടു. തർക്കത്തിനിടെ സ്ത്രീ ഉറങ്ങിപ്പോവുകയും ഒടുവിൽ, അവർക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങാൻ പറ്റാതാവുകയും ചെയ്തു. ഇതിന് പിന്നാലെ ഉറക്കമെഴുന്നേറ്റ അവർ പരിഭ്രാന്തയായെന്നും യുവതി എഴുതി. "ഈ സ്ത്രീ വളരെ മോശക്കാരിയായിരുന്നു. ഞാൻ ജീൻസും ഫുൾസ്ലീവ് കോർസെറ്റ് ടോപ്പും ധരിച്ച് ദില്ലി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നു. അനുചിതമായ ഒന്നും ധരിച്ചിരുന്നില്ല, ഒരു സാധാരണ വസ്ത്രം മാത്രമായിരുന്നു അത്. എന്നാൽ അവൾ എന്‍റെ പിന്നിൽ രണ്ടുതവണ അടിച്ചു," ത്രെഡ്സിൽ യുവതി എഴുതി. ആദ്യം, അവർ അബദ്ധത്തിൽ തൊട്ടതാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് യാത്രയിലുടനീളം അവർ അകാരണമായി തന്നെ കുറ്റപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. "എന്താണ് വിരോധാഭാസം? അവൾ ഉറങ്ങിപ്പോയി, സ്റ്റേഷൻ നഷ്ടപ്പെട്ടു. എന്‍റെത് അവസാന സ്റ്റോപ്പായിരുന്നു, അതിനാൽ അവൾ പരിഭ്രാന്തിയോടെ ഉണരുന്നത് കാണുന്നത് മുഴുവൻ അനുഭവത്തിന്‍റെയും ഹൈലൈറ്റ് ആയിരുന്നു." യുവതി ത്രെഡ്സിൽ കുറിച്ചു.

അത്തരക്കാരെ അവഗണിക്കുക ഒഴിവാക്കുക

യുവതിയുടെ കുറിപ്പിന് താഴെ, മുതിർന്ന സ്ത്രീകൾ തങ്ങളുടെ വസ്ത്രങ്ങൾക്കെതിരെ നിരന്തരം അധിക്ഷേപം ചൊരിയുന്നത് പതിവാണെന്ന് നിരവധി യുവതികളാണ് പ്രതികരിച്ചത്. അമ്മായിമാരും പ്രായമുള്ള കസിൻ സഹോദരിമാരും ഇപ്പോഴും കുറ്റപ്പെടുത്തലും ഭീഷണിയും തുടരുന്നെന്നും ഇന്ത്യയിലെ ഇന്ത്യയിലെ 70 മുതൽ 80% വരെ സ്ത്രീകളും സ്ത്രീവിരുദ്ധതയുടെയും പുരുഷ/സ്ത്രീ വർഗീയതയുടെയും കാവൽക്കാരുമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഇപ്പോഴും സ്വയം പ്രഖ്യാപിത പോലീസിംഗ് നടത്തുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് നിരവധി പേർ കഴിയുന്നതും ഇത്തരം സ്ത്രീകളുടെ അടുത്ത് നിന്നും മാറി നിക്കാനും ഇത്തരക്കാരോട് പ്രതികരിച്ച് നമ്മുടെ ഒരു ദിവസം നശിപ്പിക്കരുതെന്നും ഉപദേശിച്ചു.