റോബർട്ട് മ്യുളറുടെ നേതൃത്വത്തിൽ നടക്കുന്ന റഷ്യൻ ഇടപെടലിലെ അന്വേഷണമാണ് വൈറ്റ്ഹൗസിന്‍റെ ഭീതി. മ്യൂളർക്ക് ഇതുവരെ ട്രംപ് കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. അതിൽ ഉടൻതന്നെ തീരുമാനമെടുക്കേണ്ടിവരും. ക്യാബിനറ്റ് പുനസംഘടിപ്പിക്കാനൊരുങ്ങുന്ന പ്രസിഡന്റ് അറ്റോർണി ജനറലിനെയടക്കം മാറ്റുമെന്നാണ് അഭ്യൂഹം.  ചിലർ അന്വേഷണത്തിൽ കുടുങ്ങുമെന്ന് ഭയന്ന രാജിവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ഡമോക്രാറ്റുകളും ട്രംപും ഒരേതട്ടിലുമാണ്, ക്രിമിനൽ ചട്ട പരിഷ്കരണമടക്കം. അളകനന്ദ എഴുതുന്നു.

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പുകൾ പൊതുവേ ഭരണകൂടത്തിന് അനുകൂലമാകാറില്ല. ഒബാമ ഭരിച്ചിരുന്നപ്പോൾ അതുണ്ടായിട്ടുണ്ട്. അന്ന് പിന്നെക്കണ്ടത് ഭരണസ്തംഭനമാണ്. ഇത്തവണ സെനറ്റിൽ ഡമോക്രാറ്റുകൾക്ക് അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. സെനറ്റ് നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും നീലത്തിരമാല പ്രതീക്ഷിച്ചിടത്ത് മഴവിൽത്തിരമാലയാണ് ഉണ്ടായതെന്ന് ചിലരെങ്കിലും പരിതപിക്കുന്നു. പക്ഷേ, അതൊന്നും പ്രസിഡന്‍റ് ട്രംപിനെ ബാധിച്ചിട്ടേയില്ല. ജയിച്ചു എന്നാണ് അവകാശവാദം.

ഗുണങ്ങൾ ചിലതൊക്കെ ഉണ്ടായിട്ടുണ്ട് ട്രംപിന്‍റെ ഭരണകാലത്ത്. തൊഴിലില്ലായ്മ കുറഞ്ഞു. സമ്പദ് രംഗം മെച്ചപ്പെട്ടു. പക്ഷേ അതൊക്കെ ചെറിയ കാര്യങ്ങളാക്കി തള്ളിയ ട്രംപ് വോട്ടർമാരിൽ ഭയവും ആശങ്കയും കൂട്ടുകയെന്ന തന്ത്രമാണ് പരീക്ഷിച്ചത്. മെക്സിക്കൻ അതിർത്തിയോടടുക്കുന്ന കുടിയേറ്റക്കാരുടെ കാരവനാണ് പ്രചാരണവേദികളിൽ അമേരിക്കൻ പ്രസിഡന്റ് പ്രയോഗിച്ച ട്രംപ് കാർഡ്...

ട്രംപിന്‍റെ നികുതിവിവരങ്ങളെച്ചൊല്ലി വാഗ്വാദങ്ങൾ ഏറെ നടന്നതാണ്

മറ്റ് വംശീയ വിഭാഗങ്ങൾ രാജ്യം കീഴടക്കുമെന്ന വെളുത്തവർഗ്ഗക്കാരുടെ ഭീതി മുതലെടുക്കുന്നതായിരുന്നു ട്രംപിന്‍റെ  പ്രസംഗങ്ങൾ. വിഭാഗീയത ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസിഡന്‍റ് അമേരിക്കൻ ചരിത്രത്തിലുണ്ടായിട്ടില്ല. ജനപ്രതിനിധിസഭ നഷ്ടപ്പെട്ടത് ട്രംപ് കാര്യമാക്കിയിട്ടില്ല, അല്ലെങ്കിൽ കാര്യമാക്കിയതായി ഭാവിക്കുന്നില്ല. പക്ഷേ, ഒരു രാഷ്ട്രീയ യാഥാർത്ഥ്യം ശേഷിക്കുന്നു. ജനപ്രതിനിധിസഭയിലെ വിജയം ഡമോക്രാറ്റുകൾക്ക് നൽകുന്ന മുൻതൂക്കമാണത്. അന്വേഷണങ്ങൾ പ്രഖ്യാപിക്കാനുള്ള അധികാരം ഡമോക്രാറ്റുകൾ ശരിയായിതന്നെ വിനിയോഗിക്കുമെന്ന് ഉറപ്പാണ്. ട്രംപിന്‍റെ നികുതിവിവരങ്ങളെച്ചൊല്ലി വാഗ്വാദങ്ങൾ ഏറെ നടന്നതാണ്. അതിൽ അന്വേഷണത്തിന് തീരുമാനമെടുക്കാം. പക്ഷേ, റിപബ്ലിക്കൻ പാർട്ടിയെ ഭയപ്പെടുത്തുന്ന സാധ്യത ഇംപീച്ച്മെന്‍റാണ്. 

ഇംപീച്ച്മെന്‍റ് നടപടിക്ക് തുടക്കമിടാനുള്ള ഭൂരിപക്ഷമായിക്കഴിഞ്ഞു ഡമോക്രാറ്റുകൾക്ക്. അതിന്‍റെ ആശങ്ക പ്രസിഡന്‍റിനുമുണ്ട്. അതുകൊണ്ടാണ് അന്വേഷണങ്ങൾക്കെതിരെ ഡമോക്രാറ്റുകൾക്ക് മുന്നറിയിപ്പുനൽകിയത്.

പക്ഷേ, ചില കാര്യങ്ങളിൽ ഡമോക്രാറ്റുകളും ട്രംപും ഒരേതട്ടിലുമാണ്

റോബർട്ട് മ്യുളറുടെ നേതൃത്വത്തിൽ നടക്കുന്ന റഷ്യൻ ഇടപെടലിലെ അന്വേഷണമാണ് വൈറ്റ്ഹൗസിന്‍റെ ഭീതി. മ്യൂളർക്ക് ഇതുവരെ ട്രംപ് കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. അതിൽ ഉടൻതന്നെ തീരുമാനമെടുക്കേണ്ടിവരും. ക്യാബിനറ്റ് പുനസംഘടിപ്പിക്കാനൊരുങ്ങുന്ന പ്രസിഡന്റ് അറ്റോർണി ജനറലിനെയടക്കം മാറ്റുമെന്നാണ് അഭ്യൂഹം.  ചിലർ അന്വേഷണത്തിൽ കുടുങ്ങുമെന്ന് ഭയന്ന രാജിവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ഡമോക്രാറ്റുകളും ട്രംപും ഒരേതട്ടിലുമാണ്, ക്രിമിനൽ ചട്ട പരിഷ്കരണമടക്കം. സെനറ്റിലെ വിജയം ട്രംപ് നടത്തിയ ജുഡീഷ്യറിയിലെ നിയമനങ്ങൾക്ക് അനുകൂലവുമാണ്. 

പക്ഷേ, ജനുവരിയിൽ ഡമോക്രാറ്റുകൾ ജനപ്രതിനിധിസഭയുടെ നിയന്ത്രണമേൽക്കും. അതിനുശേഷം എങ്ങനെയാവും അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ പോക്ക് എന്നത് അവരുടെ തീരുമാനമനുസരിച്ചാവും. എല്ലാം രാഷ്ട്രീയവൽക്കരിച്ചാൽ അത് 2020 -ലെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്ന നിഗമനത്തിലാണ് ഡമോക്രാറ്റുകൾ എത്തുന്നതെങ്കിൽ ട്രംപിന് ആശ്വസിക്കാം. എങ്കിലും, കുടിയേറ്റവിരുദ്ധബില്ലിലും ആരോഗ്യപരിരക്ഷയിലുമുൾപ്പടെ എല്ലാറ്റിലും ഒപ്പം നിന്ന ജനപ്രതിനിധസഭ പ്രസിഡന്‍റിന്‍റെ വലിയൊരു നഷ്ടമാണ്. രണ്ട് കാഴ്ചപ്പാടുകളുള്ള പാർട്ടികൾ ഒന്നിച്ച് ഭരിക്കുന്ന മനോഹരസാഹചര്യമെന്ന് പ്രസി‍ഡന്‍റ് വിശേഷിപ്പിച്ചെങ്കിലും അത് നാടകീയത ഇഷ്ടപ്പെടുന്നയാളിന്‍റെ വീൺവാക്കുകളായേ ഇപ്പോൾ കാണാനാവൂ.

ലോകജാലകം: കൂടുതല്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം