ജൂണില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ലണ്ടനിലെ ദി ബന്യാഡി ഭക്ഷണശാലയാണ് വ്യത്യസ്ത അനുഭവങ്ങളൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പൂര്‍ണമായും പ്രകൃതിദത്ത ഭക്ഷം വിളമ്പുന്ന ഭക്ഷണശാലയിലെത്തുന്നവരും പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങിച്ചേരണമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഭക്ഷണശാലയില്‍ ആദ്യ ഭാഗത്ത് സാധാരണരീതിയിലുള്ള ഭക്ഷണം ലഭിക്കും. എന്നാല്‍ രണ്ടാമത്തേത്തിലാണ് പ്രകൃതിഭക്ഷണം വിളമ്പുന്നത്. പ്രകൃതി ഭക്ഷണം മാത്രമല്ല ഇവിടെ ഇരിക്കുന്നവരും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നവരായിരിക്കണം. അതായത് അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍, കൈയിലുള്ള ഫോണ്‍ തുടങ്ങി യാതൊരുവിധ വസ്തുക്കളുമില്ലാതെയാവാണം ഇവിടയിരിക്കേണ്ടത്. ഇവയെല്ലാം അകത്തേക്ക് പ്രവേശിക്കുന്ന വാതിലിന് സമീപമുള്ള ലോക്കറില്‍ വച്ച് പൂട്ടിയതിനുശേഷം 'പച്ച' മനുഷ്യനായി വേണം അകത്തു കയറാനെന്ന് സാരം.

എല്ലാ അര്‍ഥത്തിലും ആ വ്യക്തി സ്വതന്ത്രനായിരിക്കണം. വൈദ്ദ്യുതിയോ മറ്റ് മനുഷ്യനിര്‍മിത വൈദ്ദ്യുതോപകരണ സൗകര്യങ്ങളോ ഭക്ഷണശാലയ്ക്ക് അകത്തുണ്ടായിരിക്കില്ല. വെട്ടം പകരാനായി വിളക്കും പാചകത്തിന് വിറകുമായിരിക്കും ഉപയോഗിക്കുക. പാചകവാതകമോ മനുഷ്യനിര്‍മിത നിറങ്ങളോ മറ്റ് ആകര്‍ഷക വസ്തുക്കളോ ഉപയോഗിക്കില്ല. തീര്‍ത്തും ശുദ്ധമായ, വൃത്തിയുള്ള പ്രകൃതിദത്തഭക്ഷണം, മാനസികമായും ശാരീരികമായും സ്വതന്ത്രമായി ആസ്വദിക്കുക എന്നതാണ് ഇത്തരത്തിലൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒരു സമയത്ത് നാല്‍പ്പത്തിരണ്ട് പേര്‍ക്ക് ഇതിനകത്ത് ഭക്ഷണം കഴിക്കാന്‍ കഴിയും. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ 30000ലധികം ആളുകളാണ് ബന്യടി ഭക്ഷണശാലയില്‍ ഒരു ദിവസത്തെ അത്താഴത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.