180 മില്ല്യണ്‍ ജമൈക്കന്‍ ഡോളറാ(9.5 കോടിയോളം രൂപ)ണ് ഗ്രേയ്ക്ക് ലോട്ടറിയടിച്ചത്
പ്രതീക്ഷിക്കാതെ ഒരുദിവസം കോടിക്കണക്കിന് രൂപ ലോട്ടറിയടിച്ചാലോ? ഞെട്ടിപ്പോകും, സന്തോഷിക്കും, ഒപ്പം കള്ളനെ നല്ല പേടിയുമുണ്ടാകും. പത്രത്തിലും ടി.വിയിലുമെല്ലാം ഫോട്ടോ വന്നാല് കള്ളന്മാര്ക്കും ചതിയന്മാര്ക്കും എളുപ്പത്തില് തിരിച്ചറിയാന് കഴിയും. ഭയത്തോടെയായിരിക്കും പിന്നത്തെ ജീവിതം. കള്ളന്മാരില് നിന്നും ചതിയന്മാരില് നിന്നും രക്ഷനേടാന് ജമൈക്കയിലെ എന് ഗ്രേ ചെയ്തത് സ്വന്തം മുഖം മറച്ചുവയ്ക്കലാണ്. 180 മില്ല്യണ് ജമൈക്കന് ഡോളറാ(9.5 കോടിയോളം രൂപ)ണ് ഗ്രേയ്ക്ക് ലോട്ടറിയടിച്ചത്.
സൂപ്പര് ലോട്ടോ ജാക്ക്പോട്ടില് നിന്നാണ് ഗ്രേയ്ക്ക് ഈ തുക അടിച്ചത്. ചെക്ക് വാങ്ങാനെത്തിയ ഗ്രേ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. മുഖം കാണാന് ആര്ക്കും അവസരം കൊടുത്തില്ല. മുഖം ഇമോജി മാസ്ക് വച്ചങ്ങ് മറച്ചുകളഞ്ഞു.
സൂപ്പര് ലോട്ടോ ലോട്ടറിയോട് നന്ദി പറഞ്ഞ്, അവര് സംഘടിപ്പിച്ച പരിപാടിയിലും ഗ്രേ പങ്കെടുത്തത് മാസ്ക് വച്ചിട്ടാണ്. ഫോട്ടോ സുപ്രീം വെഞ്ചേഴ്സ് ട്വീറ്റ് ചെയ്തതോടെ ഗ്രേയുടെ ഫോട്ടോ വൈറലുമായി.
തനിക്ക് കുറേ കടമുണ്ട്. അതൊക്കെ വീട്ടണം. കുറേ യാത്ര ചെയ്യണം. പിന്നെ, തന്റെ കമ്മ്യൂണിറ്റിയില് പെട്ട യുവാക്കള്ക്കായി ഒരു സ്ഥാപനം തുടങ്ങണം. അവിടെ വിവരസാങ്കേതിക വിദ്യ അടക്കം പരിശീലിപ്പിക്കണം ഇതൊക്കെയാണ് ലോട്ടറയടിച്ച തുക കൊണ്ട് ചെയ്യാന് തീരുമാനിച്ചിരിക്കുന്നതെന്നും ഗ്രേ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില് യു.എസ്സില്, ലോട്ടറിയടിച്ച ഒരു സ്ത്രീ കോടതിയെ സമീപിച്ചിരുന്നു. തനിക്ക് അജ്ഞാതയായി തുടരാന് ആഗ്രഹമുണ്ടെന്നും തന്റെ പേര് വിവരങ്ങളൊന്നും പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടായിരുന്നു അത്.
