നമ്മൾ ഒരുപാട് സീരിയൽ കില്ലർമാരുടെ കഥകൾ കേട്ടിട്ടുണ്ട്. അവരിൽ കൂടുതൽ പേരും ഒടുക്കം ഇരുമ്പഴിക്കുള്ളിലായിട്ടുമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്‍തമായി, നിസ്സാരമായ ഒരു കവർച്ചാ കുറ്റത്തിന് ജയിലിൽ പോയ ഒരാൾ സീരിയൽ കില്ലറായി മാറിയ ഒരു സംഭവം അടുത്തകാലത്തായി മീഡിയയിൽ വലിയ വാർത്തയായിരുന്നു. അതും സഹതടവുകാരാണ് അയാളുടെ ഇരകൾ എന്നതാണ് കൂടുതൽ വിചിത്രമായ കാര്യം. കണക്കുകൾ അനുസരിച്ച് ഈ ബ്രസീലുകാരൻ ഏകദേശം 48 സഹതടവുകാരെ കൊന്നുവെന്നാണ് പറയുന്നത്. ഇനിയും അത് തുടരാൻ സാധ്യതയുണ്ടെന്നും പറയുന്നു. അതുകൊണ്ട് തന്നെ കവർച്ചാ കുറ്റത്തിന് അകത്തായ അയാൾ ഇനി പുറംലോകം കാണലുണ്ടാവില്ല. അയാളുടെ പൈശാചികവും, ക്രൂരവുമായ ഈ കൊലപാതകപരമ്പര കാരണം അയാളെ ആളുകൾ 'ലൂസിഫർ' എന്നാണ് വിളിക്കുന്നത്. 

മാർക്കോസ് പോളോ ഡ സിൽവ എന്നാണ് അയാളുടെ യഥാർത്ഥ പേര്. 1995 -ൽ പതിനെട്ട് വയസ്സുള്ളപ്പോഴാണ് അയാൾ ആദ്യമായി  മോഷണക്കേസിൽ ജയിലിൽ പോകുന്നത്. എന്നാൽ, അതോടെ കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പര ആരംഭിക്കുകയായിരുന്നു. ഇരകളെ കൊന്നശേഷം അവരുടെ തലയറുത്ത് കുടൽമാല പുറത്തെടുക്കുന്നതാണ് അയാളുടെ രീതി. ഇയാൾ ഇനിയും പല കുറ്റങ്ങൾക്കും വിചാരണ നേരിടണമെങ്കിലും, ചെയ്ത ഒന്നിലധികം കുറ്റങ്ങൾക്ക് 217 വർഷം വരെ തടവിന് കോടതി അയാളെ ശിക്ഷിക്കുകയുണ്ടായി. പക്ഷേ, ശിക്ഷാവിധി കേട്ടപ്പോഴും  അയാൾക്ക് വലിയ കുലുക്കമൊന്നുമുണ്ടായില്ല. “ഇവരെയെല്ലാം കൊന്നതിൽ എനിക്ക് ഒട്ടും ദുഃഖമില്ല. അവർ ബലാത്സംഗികളും മോഷ്ടാക്കളുമായിരുന്നു. അവർ മറ്റ് തടവുകാരെ മുതലെടുത്ത് കവർച്ച ചെയ്യുന്നവരാണ് ” എന്നാണ് അയാൾ ജഡ്ജിയോട് പറഞ്ഞത്.  

ഇപ്പോൾ 42 വയസുള്ള അയാളുടെ വിസ്‌മയാവഹമായ ജയിൽ ചരിത്രം പ്രാദേശിക മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2011 -ലെ ഒരു സംഭവത്തിൽ സാവോ പോളോയിലെ സെറ അസുൽ ജയിലിൽ അയാൾ ഒരേസമയം അഞ്ച് തടവുകാരെവരെ കൊലപ്പെടുത്തിയതായി പറയുന്നു. സ്വയം ഉണ്ടാക്കിയ ഒരു കത്തി ഉപയോഗിച്ചാണ് അയാൾ ഇരകളെ ആക്രമിച്ചത്. ഒരു അഗ്നിശമന ഉപകരണം ഉപയോഗിച്ചു തലക്കടിച്ച് ബോധം കെടുത്തിയതിന് ശേഷമാണ് അയാൾ ഈ കൊലപാതകങ്ങൾ നടത്തിയത്. “ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു. പക്ഷേ, ഇത് വളരെ കുറച്ചുപേർ മാത്രമേയുള്ളൂ. ഇനിയും ഒരുപാട് പേരെ കൊല്ലണം” ആക്രമണം നടത്തുമ്പോൾ അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞത്രേ.

തലയോട്ടി, പിശാചുക്കൾ, സ്വസ്തിക തുടങ്ങിയ രൂപങ്ങൾ പച്ചകുത്തിയ അയാളുടെ ശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ കാണാം. പ്രീമീറോ കോമാണ്ടോ ഡാ ക്യാപിറ്റൽ (പിസിസി) എന്ന സംഘത്തിലാണ് ഡാ സിൽവ ആദ്യം ചേരുന്നത്. 20,000 -ത്തോളം അംഗങ്ങളുള്ള ബ്രസീലിലെ ഏറ്റവും വലിയ ക്രിമിനൽ സംഘടനയാണ് പിസിസി, അതിൽ 6,000 പേർ ജയിലിലാണ്. എന്നാൽ, ഡാ സിൽവ പിന്നീട് ഇത് വിടുകയും, ഇപ്പോൾ പിസിസി അംഗങ്ങളെ വധിക്കാൻ ലക്ഷ്യമിടുന്ന ഒരു എതിരാളി സംഘത്തിന്റെ നേതാവായി പ്രവർത്തിക്കുകയും ചെയ്യുന്നു.    

ഒരു ജയിൽ ഗാർഡ് പറയുന്നത് എപ്പോൾ വേണമെങ്കിലും അടുത്ത കൊലപാതകം നടക്കാമെന്നാണ്. ഇപ്പോൾ, രാജ്യത്തെ മിക്ക ജയിലുകളും അയാളെ എടുക്കാൻ വിസമ്മതിക്കുന്നു. ഈ കൊലപാതക പ്രവണത വല്ല മാനസികരോഗത്തിന്റെയും ഫലമാണോ എന്നറിയാൻ മനഃ ശാസ്ത്രജ്ഞർ അയാളെ പരിശോധിക്കുകയുണ്ടായി. എന്നാൽ ഡാ സിൽവ മാനസികരോഗിയല്ലെന്നും അതേസമയം അയാൾക്ക് വ്യക്തിത്വവൈകല്യമുണ്ടെന്നും, അത് അടിയന്തിരമായി ചികിത്സിക്കേണ്ടതുണ്ടെന്നും അവർ കണ്ടെത്തിയതായി പറയുന്നു.  

(ചിത്രം: പ്രതീകാത്മകം)