ഈ സംഭവം നടന്നത് ഇന്നലെയാണ്. ഷാജഹാനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അഭിനയയില്‍ സഹകരിക്കുന്ന കാലത്താണ് ഷാജഹാനെ പരിചയപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മാനവീയത്തില്‍ മുടങ്ങാതെ പാട്ട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഷാജഹാനും കുടി അവകാശപ്പെട്ടതാണ്. ഭാര്യയും രണ്ട് മക്കളും മാത്രമായി പാടി ഞായറാഴ്ചകളിലെ മാനവീയത്തിലെ പരിപാടികള്‍ മുടങ്ങാതെ നോക്കിയിട്ടുണ്ട്. സംഗീതം ഷാജഹാന് ജീവിതമാണ്.

മുടി വളര്‍ത്തിയിരിക്കുന്നത് കൊണ്ടാകും പോലീസുകാര്‍ ഇദ്ദേഹത്തെ കഞ്ചാവ് വലിക്കുന്നവനായി ചിത്രീകരിച്ചത്. ഷാജഹാന്‍ മദ്യം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. കഞ്ചാവും വലിക്കില്ല. എനിക്ക് നേരിട്ട് ബോദ്ധ്യമുള്ള കാര്യമാണ്.

വിഷയം അതല്ല. മാനവീയത്തില്‍ ഇപ്പോള്‍ പത്ത് പതിനഞ്ച് സംഘടനകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പണ്‍ ലൈബ്രറി ഉണ്ട്. എന്നാല്‍ ഇന്ന് തെരുവോര കൂട്ടം മാത്രമേ ഇനി അവിടെ പരിപാടി അവതരിപ്പിക്കാവു എന്ന് പോലീസ് പറഞ്ഞതായി അറിയുന്നു. അത് എന്താണ് എന്ന് മനസ്സിലാകുന്നില്ല.

തിരുവനന്തപുരത്ത് ഇന്ന് പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. നാടകങ്ങളും മറ്റ് പരിപാടികളും അവതരിപ്പിച്ചിരുന്ന പല ഹാളുകളും വലിയ ഫീസ് ആണ് വാങ്ങുന്നത്. ഉദാഹരണത്തിന് ടാഗോര്‍ അവിടെ ഒരു ദിവസത്തെ വാടക ഒന്നര ലക്ഷം വരെയാണ്.

സാധാരണക്കാര്‍ക്ക് ഇന്ന് ആ ഹാളുകള്‍ അപ്രാപ്യമാണ്. അവര്‍ക്കൊക്കെ ഇന്ന് മാനവീയം വീഥി ആശ്രയമാണ്. ഇടവുമാണ്. 
ഒരു ചായയും കുടിച്ച് വര്‍ത്തമാനം പറയാനും ചര്‍ച്ച ചെയ്യാനും പാട്ട് പാടാനും മാനവീയം വീഥിയെ സാധാരണക്കാര്‍ സ്വന്തമാക്കി. സാധാരണക്കാരന്റെ ഒത്ത് ചേരലുകളെ ഭയക്കുന്നതാരാണ്? എന്തിനാണ്? 

സ്വതന്ത്രമായ ജനാധിപത്യപരമായ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെടണം. ആണും പെണ്ണും ട്രാന്‍സ് ജന്‍ സേഴ്‌സും നിര്‍ഭയമായി അവിടെ വരും. വര്‍ത്തമാനം പറയും. ചിലര്‍ പാടും. സന്ധ്യ കഴിഞ്ഞാല്‍ തെരുവിലാരെയും കണ്ട് പോകരുത് എന്ന ശാസന എത്ര ദൗര്‍ഭാഗ്യകരമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവിടെ യുദ്ധം വല്ലതും നടക്കുന്നുണ്ടോ പൗരന്മാരെ വിരട്ടിയോടിക്കാന്‍. ഈ നാട്ടിലെ പൗരന്മാര്‍ക്ക് സ്വന്തമല്ലാത്ത ഈ ഇടങ്ങള്‍ പിന്നെന്തിനാണ്. 

തെറ്റ് നടക്കുന്നുണ്ട് എന്നാണെങ്കില്‍ അത് തടയണം.അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം . അല്ലാതെ ക്രമസമാധാനം നടത്താന്‍ എല്ലാവരെയും ലാത്തി വീശി പായിക്കുക അല്ല വേണ്ടത്.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആരെങ്കിലും അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കില്‍ അതും അറിയണം, അല്ലെങ്കില്‍ 3 ദിവസം മുമ്പ് കുശലം ഫറഞ്ഞ് പോയ പോലീസ് പുതിയ ഭാവത്തില്‍ വരുന്നതില്‍ ദുരൂഹത തോന്നുന്നു.

ഇന്ന് കുറച്ച് പേരൊത്തുകുടി ദുഃഖം പങ്കുവച്ചു. ഈ നയത്തിനോടുള്ള, ഈ തീരുമാനത്തിനോടുള്ള എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. നമ്മുടെ നാട് ഞങ്ങളുടേതാണ്. അധികാരികള്‍ ഞങ്ങള്‍ക്ക് രക്ഷയാകണം.. അല്ലാതെ ഭയപ്പെടുത്തുന്ന യജമാനനാകരുത്. സര്‍ക്കാരിന്റെ പൊതു ഇടങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ചിലര്‍ക്ക് അത് പതിച്ചു കൊടുക്കാനുള്ള ശ്രമം ആശാസ്യമല്ല. എതിര്‍ക്കപ്പെടേണ്ടതാണ്. ചആ. ഇന്നും ഷാജഹാനും കൂട്ടരും ടാഗോര്‍ തീയറ്റര്‍ അങ്കണത്തില്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വാദ്യസംഗീതം അവതരിപ്പിച്ചിരുന്നു.