Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാവും മിഷനറി കൊല്ലപ്പെട്ടത്? സെന്‍റിനല്‍സുമായി സൗഹൃദത്തിലായ ഏക വനിത പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സെന്‍റിനല്‍ ദ്വീപ് സന്ദര്‍ശിച്ചത്. അതും ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി ഇത്തരം സര്‍വേ ഒന്നും അവിടെ നടക്കുന്നില്ല. പുറം ലോകത്തോടുള്ള അവരുടെ പേടിയും അവരുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവുമാണ് അതിന് കാരണം. 

madhumala chattopadhyay speaking about sentinels
Author
Delhi, First Published Dec 1, 2018, 12:37 PM IST

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സെന്‍റിനെല്‍ ദ്വീപിലെത്തിയ അമേരിക്കന്‍ മിഷനറി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സെന്‍റിനല്‍ ദ്വീപും അവിടെയുള്ള സെന്‍റിനല്‍സും വാര്‍ത്തകളില്‍ ഇടം പിടിച്ചു. പുറത്തുവന്ന പല വാര്‍ത്തകളും വിചിത്രങ്ങളായിരുന്നു. എന്നാല്‍, സെന്‍റിനല്‍സുമായി അടുത്ത് ഇടപഴകിയ ആന്ത്രപോളജിസ്റ്റും ഗവേഷകയുമായ മധുമാല ചതോപാധ്യായ സെന്‍റിനല്‍സിനെ കുറിച്ച് വിശദീകരിക്കുന്നു. ആദ്യമായും അവസാനമായും സെന്‍റിനല്‍സുമായി സൗഹൃദ ഇടപെടല്‍ നടത്തിയ ടീമിലെ അംഗവും ഏക വനിതയുമായിരുന്നു മധുമാല. ദ പ്രിന്‍റിനു വേണ്ടി നീരാ മജുംദാറുമായി സംസാരിച്ചതില്‍ നിന്ന്. 

മിഷനറി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മധുമാലയുടെ പ്രതികരണം ഇതാണ്: സെന്‍റിനല്‍സ് വളരെ കരുത്തരായ മനുഷ്യരാണ്. ഒരു മധ്യവയസ്കനായ സെന്‍റിനലിന് അഞ്ച് ചെറുപ്പക്കാരെ വരെ നിലംപരിശാക്കാന്‍ കഴിയും. നൂറ്റാണ്ടുകളായി പുറംലോകത്തെ പ്രതിരോധിച്ചാണ് അവര്‍ കഴിയുന്നത്. ജോണ്‍ അലന്‍ ചൗ നിയമവിരുദ്ധമായാണ് ദ്വീപിലേക്ക് കടന്നത്. അങ്ങനെയാണ് കൊല്ലപ്പെട്ടതും. മത്സ്യത്തൊഴിലാളികള്‍ക്ക് കൈക്കൂലി കൊടുത്തിട്ടാണ് അയാള്‍ ദ്വീപിലേക്ക് പോയത്. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി ആയിരുന്നില്ല ഇയാള്‍. 

വിദേശികളായ പലരും ഇതുപോലെ സെന്‍റിനല്‍സിനെ സമീപിച്ചിട്ടുണ്ട്. മ്യാന്മാറില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും ആളുകളെത്തിയിരുന്നു. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ പണത്തിനു വേണ്ടി അവരെ ദ്വീപിലെത്തിക്കാനും തയ്യാറാവും. ഒന്നുകില്‍ വിജയിക്കില്ല, അല്ലെങ്കില്‍ കൊല്ലപ്പെടും ഇങ്ങനെയാണ് എപ്പോഴും ഇത് അവസാനിക്കാറുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സെന്‍റിനല്‍ ദ്വീപ് സന്ദര്‍ശിച്ചത്. അതും ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി ഇത്തരം സര്‍വേ ഒന്നും അവിടെ നടക്കുന്നില്ല. പുറം ലോകത്തോടുള്ള അവരുടെ പേടിയും അവരുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവുമാണ് അതിന് കാരണം. 

ഞങ്ങള്‍ ആദ്യം അവിടെ എത്തിയ ഉടനെ അവര്‍ക്ക് തേങ്ങയും കായയും കൈമാറി. അവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ തന്നെ മണിക്കൂറുകളെടുത്തു. അതിന് ഒരുപാട് ഒരുപാട് ക്ഷമ ആവശ്യമാണ്. സെന്‍റിനല്‍സിന് ഒരു ജേണലിസ്റ്റോ, ഗവേഷകനോ, പൊലീസോ, മിഷണറിയോ ഒന്നുമായി യാതൊരു വ്യത്യാസവുമില്ല. പൊലീസ് ഉദ്യോഗസ്ഥരും അന്ന് നമ്മുടെ കൂടെയുണ്ടായിരുന്നു. മിഷണറിയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടന്നിരുന്നു. സെന്‍റിനല്‍സ് പൊലീസിനെയോ മറ്റാരെയെങ്കിലുമോ അങ്ങോട്ട് കടത്തിവിടുമെന്ന് തോന്നുന്നില്ല. അവര്‍ ദേഷ്യത്തിലാണ്. അവര്‍ ആദ്യം തന്നെ അറ്റാക്ക് ചെയ്യില്ല. അവര്‍ വാണിങ്ങ് കൊടുക്കും. ആംഗ്യത്തിലൂടെയും മുഖഭാവത്തിലൂടെയും ഒക്കെ, പിന്നെ അമ്പും വില്ലും കാണിക്കും. അതും കഴിഞ്ഞേ ആക്രമിക്കൂ. അലന്‍ ചൗവ്വിനും അവര്‍ വാണിങ് നല്‍കിക്കാണും. 

സെന്‍റിനല്‍സ് അടക്കമുള്ള പല ഗോത്രവിഭാഗങ്ങളും പ്രകൃതിശക്തിയെ ആരാധിക്കുന്നവരാണ്. അവര്‍ അങ്ങനെ ആരാധിക്കുന്നത് അവരുടെ കൂടെ നിന്നപ്പോള്‍ ഞാന്‍ കണ്ടതാണ്. അവര്‍ ആകാശത്തിനോടും, ജലത്തിനോടും, ഭൂമിയോടുമാണ് പ്രാര്‍ത്ഥിക്കുന്നത്. അവരെ സംബന്ധിച്ച് എന്ത് ഹിന്ദുത്വം, എന്ത് ക്രിസ്ത്യാനിറ്റി. നിക്കോബാര്‍ ദ്വീപില്‍ പോയപ്പോള്‍ ഞാന്‍ കണ്ടതാണ് അവിടെ പലരെയും നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരുന്നു. പ്രാര്‍ത്ഥനാ സമയമാകുമ്പോള്‍ പലരും അതിനെ പ്രതിരോധിക്കും. അവര്‍ പ്രാര്‍ത്ഥിക്കുന്നത് അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന പ്രകൃതിയെ ആണ്. 

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച സമയത്ത് ആന്‍ഡമാനിലെ പത്ത് ഗോത്രവിഭാഗക്കാരെ സമീപിച്ചിരുന്നു. അന്ന് 3000 ആയിരുന്നു ഇവരുടെ ജനസംഖ്യ. ബ്രിട്ടീഷുകാര്‍ അവിടെ കോളനി ഉണ്ടാക്കാന്‍ ശ്രമിച്ചു. 1859 ല്‍ ബ്രിട്ടീഷുകാരെ കോളനിയിലുള്ളവര്‍ അക്രമിച്ചു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പോരാട്ടം നടന്നു. ഒന്ന്, അമ്പും വില്ലുമായി ഗോത്രവര്‍ക്കാര്‍, മറുവശത്ത് തോക്കുകള്‍. അന്ന്, ഗോത്രവര്‍ഗക്കാരില്‍ പലരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ അവരുടെ ഇടത്തേക്ക് മടങ്ങി. പലരും വസൂരി അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചു മരിച്ചു. സ്ത്രീകളെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്തു. പലരും കൊല്ലപ്പെട്ടു. അങ്ങനെ അവരുടെ ജനസംഖ്യ കുറ‍ഞ്ഞു. 

ഇങ്ങനെ ജനസംഖ്യ കുറയുന്നത് കൊണ്ടാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റ് അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചത്. അവരുടെ ജനസംഖ്യ കുറ‍ഞ്ഞു വരികയാണ്. ആ ഗോത്രവര്‍ഗം തന്നെ ഇല്ലാതായേക്കാം. ഇന്ത്യക്കാരാണെങ്കില്‍ പോലും സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് പ്രവേശിക്കാനാകൂ. നിങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെങ്കിലും നിങ്ങളുടെ മക്കള്‍ വിദേശത്താണ് ജനിച്ചതെങ്കില്‍ അവര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. നിങ്ങള്‍ ജോലി ചെയ്യുന്നത് ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ആണെന്നിരിക്കട്ടെ ഏത് പോസ്റ്റില്‍, എവിടെയാണോ ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്നത് അവിടെ മാത്രമേ പോകാന്‍ അനുമതിയുള്ളു. 

പ്രകൃതിക്ഷോഭങ്ങളോ മറ്റോ വരുമ്പോള്‍ അല്ലാതെ ഒരുതരത്തിലും അവരെ ബന്ധപ്പെടാറില്ല. 2004 ല്‍ സുനാമി വന്നപ്പോള്‍ ഗവണ്‍മെന്‍റ് അവിടെ പരിശോധന നടത്തിയിരുന്നു. 

സെന്‍റിനല്‍സ് അടക്കമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് നമ്മുടെ മതത്തിന്‍റെ ആവശ്യമില്ല. അവര്‍ക്ക് പ്രകൃതിയെ അറിയാം. അവര്‍ക്ക് അത് മാത്രമാണ് ആവശ്യവും. ഉദാഹരണത്തിന് ഞാന്‍ ജറാവാ ഗോത്രവര്‍ക്കാരുടെ കൂടെ ആയിരുന്നപ്പോള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവരെന്നോട് പറഞ്ഞു ഇപ്പോള്‍ പോകേണ്ട മഴ പെയ്യുമെന്ന്. അത് വളരെ തെളിച്ചമുള്ള ദിവസമായിരുന്നു. പക്ഷെ, അവര്‍ പറ‍ഞ്ഞ് അര മണിക്കൂറിനുള്ളില്‍ മഴ പെയ്തു. അത്രയും അവര്‍ക്ക് പ്രകൃതിയെക്കുറിച്ച് അറിയാം. 

ആന്‍ഡമാനിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പോകും. അവസാനമായി ഞാന്‍ പോയത് 1999 -ലാണ്. മനേക ഗാന്ധിയാണ് അനുമതി തന്നത്. അന്ന് എന്നെ കണ്ടപ്പോള്‍ ജറാവകള്‍ തിരിച്ചറിഞ്ഞു. അവരെന്നെ 'മിലലേ' എന്ന് വിളിച്ചു. അതിന് അര്‍ത്ഥം 'സുഹൃത്ത്' എന്നായിരുന്നു. അവര്‍ക്ക് എപ്പോഴും ഓര്‍മ്മയുണ്ട്. 

(മധുമാല ചതോപാധ്യായ ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഗവേഷക ആയിരുന്നു. ഇപ്പോള്‍, മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്‍റില്‍ ഉദ്യോഗസ്ഥയാണ്)

Follow Us:
Download App:
  • android
  • ios