
അങ്ങനെ കാഞ്ചീപുരത്തേക്ക് തിരിച്ചു. ഇരുട്ടില്‍ ഓടിമറയുന്ന വഴിത്താരകള്‍. വൃക്ഷങ്ങള്‍. കെട്ടിടസമുച്ചയങ്ങള്‍. കാഞ്ചീപുരം എത്തിയപ്പോഴേക്കും നേരത്തെ നിശ്ചയിച്ച പ്രകാരം ഗൈഡ് സ്വാമിനാഥനും ഒപ്പം ചേര്‍ന്നു. തിരുവണ്ണാമല സ്വദേശിയാണ്. ഇപ്പോള്‍ കുടുംബസമേതം കാഞ്ചീപുരത്തു സ്ഥിരതാമസം. പെട്ടന്നു തന്നെ മറ്റുള്ളവരുമായിഅടുക്കുന്ന പ്രകൃതം.ഒരു ട്രാവല്‍ ഗൈഡിനു വേണ്ട സാമര്‍ത്ഥ്യവും അതു തന്നെയാണല്ലോ.
രാജീവ് ഗാന്ധിശാലെ റോഡ് പിന്നിട്ട് ഈസ്റ്റ് കോസ്റ്റ് റോഡിലേക്ക് പ്രവേശിച്ചപ്പോഴേക്ക് ഒരു ചെറു മഴ ചാറ്റല്‍ എവിടെനിന്നോ വന്ന് നിമിഷാര്‍ദ്ധത്തില്‍ മാഞ്ഞു. പുലരി വെളിച്ചത്തില്‍ ഗ്രാമീണതയുടെ നേര്ക്കാഴ്ച്ചകള്‍. പ്രഭാത സവാരിക്കിറങ്ങിയവരുടെയും മറ്റു വിനോദ സഞ്ചാരികളുടെയും തിരക്കൊഴിച്ചാല്‍ ഗ്രാമം ഉണരുന്നതേയുള്ളൂ.
വിസ്മയത്തോടെ മാത്രമേ ഇവിടുത്തെ കാഴ്ചകളെ സമീപിക്കാനാവൂ
ശില്‍പ്പങ്ങള്‍ക്ക് ഒരിടം
വിസ്മയത്തോടെ മാത്രമേ ഇവിടുത്തെ കാഴ്ചകളെ സമീപിക്കാനാവൂ. ദ്രാവിഡ-പല്ലവ-ചോള വാസ്തുശൈലിയുടെ സംഗമസ്ഥാനമാണിവിടം.തനിമ നഷ്ടപ്പെടാതെ പല്ലവ സാമ്രാജ്യത്തിന്റെ ചൂടും ചൂരും വിളിച്ചോതുന്ന നിര്‍മ്മിതികള്‍.
കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെ പ്രധാന ആകര്‍ഷണം. രണ്ടിടത്ത് പ്രതിഷ്ഠ ശിവനും ഒരിടത്ത് വിഷ്ണുവും. തീരക്ഷേത്രത്തിലെത്തി സൂര്യോദയം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിരാവിലെ ഇവിടെയെത്തിയത്. ഉദയ സൂര്യകിരണങ്ങള്‍ സാഷ്ടാംഗം പ്രണമിക്കത്തക്കവണ്ണം രൂപകല്‍പ്പന ചെയ്ത ക്ഷേത്ര നടക്കല്ലുകള്‍. കാറ്റിനൊപ്പം അലയടിക്കുന്ന നേര്‍ത്ത കടലിരമ്പം. അരികെ പ്രൗഢയോടെ തലയുയര്‍ത്തി നില്‍ക്കുന്ന തീരക്ഷേത്രം. ദര്‍ശന പുണ്യം പകര്‍ന്ന് ഉജ്ജ്വല പ്രഭയോടെ ആദി കിരണങ്ങള്‍. തികച്ചും ഭക്തിസാന്ദ്രമായഅന്തരീക്ഷം.
ഉദയാസ്തമയങ്ങള്‍ കാണാനാണ് ഇവിടെ സഞ്ചാരികളുടെ തിരക്ക്. വഴിവാണിഭക്കാരെയും കാഷായ വസ്ത്രധാരികളെയും പിന്നിട്ട് യാത്ര സ്ഥല ശയന പെരുമാള്‍ കോവിലില്‍ ചെന്നുനിന്നു. എങ്ങും മുഴങ്ങുന്ന ഭജനഗീതങ്ങള്‍. സര്‍പ്പശീര്‍ഷങ്ങളുടെ നടുവില്‍ മറ്റൊരു അനന്തശയനം. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ അത്ര വലുപ്പമില്ല എന്ന വ്യത്യാസം മാത്രം. വാസ്തു സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും വസ്തുവള്‍പ്പെട്ട വ്യവഹാരങ്ങള്‍ക്കും പരിഹാരമായി ഇവിടെ പൂജകള്‍ നടത്തുന്നു. ഗണേശ മണ്ഡപമാണ് മറ്റൊരു പ്രത്യേകത.

അഴകു നഷ്ടപ്പെടുവാതിരിക്കാനാവണം ഓരോ ശില്‍പങ്ങളിലും അതി സൂക്ഷ്മങ്ങളായ നീര്‍ച്ചാലുകളുമുണ്ട്
ശിലയിലെ ചാരുത
മലയടിവാരത്തില്‍ പണിത പത്ത് മണ്ഡപങ്ങളില്‍ ഏറ്റവും പ്രധാനം ഗണേശ മണ്ഡപം തന്നെയാണ്. ഇരുപതടി ഉയരവും എണ്‍പതടി വീതിയുമുള്ള രണ്ട് പാറകളും അവയുടെ നടുവിലെ ചാലും ശില്പഭംഗിയിലേക്ക് ആവാഹിച്ചെഴുതിയ ശിലയിലെ ചാരുത. ശില്‍പിയുടെ കരവിരുത് വിളിച്ചോതുന്ന ഒറ്റശിലയില്‍ കൊത്തിയെടുത്ത ആനക്കൂട്ടങ്ങള്‍. ആദ്യം ശ്രദ്ധയാകര്‍ഷിക്കുന്നത് രണ്ട് വലിയ ആനകളാണ്. അവയുടെ തണലുപറ്റി കുട്ടിയാനകളും. മഴയും വെയിലുമേറ്റ് കാലപ്പഴക്കം വന്ന് അഴകു നഷ്ടപ്പെടുവാതിരിക്കാനാവണം ഓരോ ശില്‍പങ്ങളിലും അതി സൂക്ഷ്മങ്ങളായ നീര്‍ച്ചാലുകളുമുണ്ട്. ജലം കെട്ടി നിര്‍ത്താനായി തറനിരപ്പില്‍നിന്ന് അല്‍പം മാറിയാണു ശില്പങ്ങള്‍ സ്ഥാപിച്ചത്. ഗംഗാപതനം എന്ന ഈ ശില്‍പാവിഷ്‌കാരത്തിന്റെ പൊരുളറിയണമെങ്കില് അല്‍പം പുരാണം കൂടി അറിയണം-ഒരു ചെറുപുഞ്ചിരിയോടെ സ്വാമിനാഥന്‍ വിശദീകരിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്നും ആകാശഗംഗയെ ആവാഹിച്ച് ശിവന്റെ തിരുമുടിയില്‍ താങ്ങി ഭൂമി വഴി പാതാളത്തിലേക്കൊഴുക്കി കപിലാശ്രമത്തില്‍ പാപമേറ്റ് കഴിഞ്ഞ പിതൃക്കള്‍ക്ക് മോക്ഷം നല്കിയ പ്രാര്‍ത്ഥനാ നിരതനായ ഭഗീരഥന്റെ കഥയാണ് ഈ ശില്‍പസൗകുമാര്യത്തിന് ആധാരം.
കരിങ്കല്‍ തൂണുകളില്‍ കൊത്തുപണികളാല്‍ വിസ്മയം തീര്‍ക്കുക എന്നത് എത്രയോ കാലത്തെ ഏകാഗ്ര തപസ്യയുടെ ഫലം ആകും. ചിത്രങ്ങളും ശില്പങ്ങളും നേരിയ അംശങ്ങളില്‍ പോലും വളരെ വിശദീകരണമുള്ളവയാണ്.മനുഷ്യന്‍ തീര്‍ത്ത മഹാത്ഭുതങ്ങളെ മറികടക്കുവാന്‍ പ്രകൃതി മറ്റൊരു മഹാത്ഭുതമായി നില്‍ക്കുന്നതാണ്, ഗണേശ മണ്ഡപത്തോട് ചേര്‍ന്നുള്ള 'ഉണ്ണിക്കണ്ണന്റെ കയ്യിലെ വെണ്ണ' എന്ന് വിളിക്കുന്ന പാറ. ദൂരക്കാഴ്ച്ചയില്‍ ഏതു നിമിഷവും നിലം പതിക്കുമെന്ന ഭീതിയുണര്‍ത്തി പാറക്കെട്ടുകള്‍ക്ക് നടുവിലായൊരു ഭീമന്‍ കല്ല്. അടുത്തറിയുമ്പോള്‍ ഒരു കൗതുകവും. പ്രകൃതിയുടെ കുസൃതി.
മഹാബലിപുരത്ത് അധികവും ഗുഹാക്ഷേത്രങ്ങളാണ്. ഒരോ ചെറു ശിലകളെയും ശില്‍പ്പങ്ങളെയും അടുത്തറിഞ്ഞു തന്നെ നീങ്ങണം. സൂചികാ ബോര്‍ഡുകളുടെ സഹായമില്ലാതെ തന്നെ പാറകളില്‍ തീര്‍ത്ത ചെറു പടവുകളിലൂടെയും കുത്തനെയുള്ള ഇടുക്കുകളിലൂടെയും ചെറു കുഴികള്‍ താണ്ടിയുള്ള സാഹസിക സന്ദര്‍ശനം തന്നെയാണ് കൂടുതല്‍ ഹൃദ്യം.ബുദ്ധക്ഷേത്ര മാതൃകയില്‍ നിര്മ്മിച്ച പഞ്ചരഥങ്ങളാണു മറ്റൊരു പ്രധാന ആകര്‍ഷണം. പഞ്ചപാണ്ഡവരില്‍ അഞ്ചുപേര്‍ക്കായി നാലുരഥങ്ങള്‍. നകുലനും സഹദേവനും കൂടി ഒറ്റ രഥം. പാഞ്ചാലിക്കായി അഞ്ചാം രഥവും. പഞ്ചരഥങ്ങളില്‍ ഏറ്റവും മനോഹരമായി തോന്നിയത് ചെറുതെങ്കിലും കൊത്തുപണികളാല്‍ അലങ്കൃതമാക്കിയ പാഞ്ചാലി രഥം ആണ്. ധര്‍മ്മരാജ രഥം ആണ് കാഴ്ചയില്‍ വലുതെന്ന് തോന്നിക്കുന്നത്. സൗമ്യഭാവം കൈവിടാതെ രഥങ്ങള്‍ക്ക് കാവലായി നന്ദികേശനും സിംഹവും ആനയുമൊക്കെയുണ്ട്. പ്രധാന കാഴ്ച, കാളയില്‍ തടയത്തക്കവിധമാണ് ശില്‍പങ്ങളുടെ വിന്യാസം.

വിളക്കുമാടം
ആകാശക്കാഴ്ചകള്‍ക്ക് ത്രിമാനതലം നല്‍കി വിളക്കുമാടം പുത്തന്‍ കാഴ്ചാനുഭൂതികള്‍ സമ്മാനിക്കുന്നു. പ്രവേശന ഫീസു നല്‍കി ഉള്ളിലെത്തിയാല്‍ ്ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഗോവണി. 42മീറ്ററില്‍ 227 പടികള്‍. പടികള്‍ കയറി മുകളിലെത്തിയാല്‍ ആരുമൊന്ന് ഉള്‍ഭീതിയാല്‍ പകച്ചു നിന്നുപോകും. മുമ്പില്‍ അകത്തേക്കു പ്രവേശിച്ച ചിലര്‍ തലചുറ്റല്‍ കാരണം മാറി നില്‍ക്കുന്നു. മുകളിലെ തട്ടിലെത്തിയാല്‍ കാഴ്ച്ചകളാസ്വദിക്കുന്നവരുടെയും മാറി മാറി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നവരുടെയും തിരക്ക്. ക്യാമറ ഉപയോഗിക്കുന്നതിനു പ്രത്യേകം ഫീസ് നല്‍കേണ്ടതുണ്ട്.അനന്തതയിലേക്ക് വിരല്‍ ചൂണ്ടി ആകാശനീലിമയെ തൊട്ടുതലോടി കടല്‍പരപ്പുകള്‍ അങ്ങിങ്ങായുള്ള പച്ചപ്പുകള്‍ക്കിടയിലൂടെ വെട്ടിത്തിളങ്ങുന്ന പാറക്കെട്ടുകള്‍. ചെറു കൂരകളുടെയും മരത്തലപ്പുകളുടെയും വിദൂരദൃശ്യം. ദൃശ്യപ്രഭയോട് കൂടിയുള്ള സായാഹ്‌ന കാഴ്ചകള്‍ക്കാണ് ഭംഗി കൂടുതല്‍. കാഴ്ച്ചകളില്‍ ലയിച്ചങ്ങനെ നിന്നുപോകുമെങ്കിലും അധികസമയം ഇവിടെ ആകാശദര്‍ശനം അനുവദനീയമല്ല.നടന്നു നടന്ന് കടല്‍ത്തീരം എത്തി
കടല്‍ക്കാറ്റിനൊരുപ്രത്യേക കുളിര്‍മ്മയാണ്.ബീച്ചില്‍ ആഘോഷിക്കുന്ന സഞ്ചാരികളുടെ ഇടയില്‍ നിന്നല്‍പം മാറി ഇരിപ്പിടമുറപ്പിച്ചു. അല്ലങ്കിലും ഏകാഗ്രമായിരുന്നു തിരകളോട് സല്ലപിക്കുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി അതൊന്നുവേറെ തന്നെ. തീരമൊരുക്കിയ കാന്‍വാസില്‍ തിരകള്‍ ചിത്രമെഴുതുകയാണ്. എത്ര വരച്ചിട്ടും പൂര്ണ്ണമാവാതെ,തൃപ്തി വരാതെ വരച്ചും മായിച്ചും അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
മഹാബലിപുരത്ത് അധികവും ഗുഹാക്ഷേത്രങ്ങളാണ്.
കാഴ്ചാനുഭൂതിയില്‍ സ്വയം മറന്നിരുന്നപ്പോളാണ് ഒരു പിന്‍വിളി. ഹസ്ത രേഖ നോക്കി ഭാവി പ്രവചിക്കുന്ന സുന്ദരിയമ്മാള്‍. അനുവാദത്തിനു കാത്തു നില്‍ക്കാതെ കൈപിടിച്ചെടുത്ത് തമിഴ് ചുവയോടെ പ്രവചനവും തുടങ്ങി. സ്വകാര്യതയിലെക്ക് ക്ഷണിക്കപ്പെടാതെ വന്നതുകൊണ്ടാവാം അവരെ പെട്ടന്നു തന്നെ ഒഴിവാക്കി.
ദ്രാവിഡ പല്ലവ ചോള ശൈലികള്‍ ഒരുപോലെ കാണാവുന്ന സ്ഥലമാണിത്. ഉപജീവന മാര്‍ഗ്ഗം എന്നതിലുപരി ശില്‍പനിര്‍മ്മാണം ഒരു തപസ്യയായി കൊണ്ടുനടക്കുന്ന സാധാരണക്കാര്‍. വഴിയരുകില് ചെറുകുടിലുകളോട് ചേര്‍ന്ന് ശില്‍പിയുടെ കയ്യൊപ്പ് ചാര്‍ത്തിയ ചെറുതും വലുതുമായ ശില്‍പങ്ങള്‍. ശിലാമോക്ഷം കാത്ത് കിടക്കുന്ന കല്ലുകള്‍. സ്തൂപങ്ങള്‍. കരകൗശല വസ്തുക്കള്‍. അങ്ങനെ കാഴ്ചകളേറെയാണ് നിരത്തുകളില്‍.
വില്‍ക്കാനുണ്ട് ദൈവങ്ങളെ എന്ന് വിളിച്ചോതും പോലെ നിരനിരയായി അടുക്കിവെച്ചിരിക്കുന്ന ദേവീ ദേവപ്രതിമകളും യാത്രയ്‌ക്കൊരുങ്ങി നില്‍ക്കുകയാണ് വിശ്വാസികളുടെ വിളിയും കാത്ത്. മറുവശത്ത് പ്രതിമകള്‍ക്കഭിമുഖമായിരുന്ന് ഒരു നേരത്തെ അന്നത്തിനായി ഇരക്കുന്നവരുടെ ദീനശബ്ദങ്ങള്‍. ഭക്തിയുടെ ലോകം ചിലപ്പോള്‍ നമ്മള് പോലും അറിയാതെ ഉള്ളില്‍ വേദനകള്‍ നിറയ്ക്കും, കാഴ്ചകളെ മറയ്ക്കും.
ചില മടക്ക യാത്രകള്‍ അങ്ങനെയാണ്. തിരികെ നടന്ന് ദൂരങ്ങള്‍ പിന്നിട്ടാലും മനസ്സവിടെ തന്നെ തങ്ങും.
