മരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ഇതായിരുന്നു ചോദ്യം. ഇതിന് മറുപടിയെത്തുംമുമ്പ്, ആ ചോദ്യം ഒന്നു കൂടി വിശദമാക്കി. 'ഒരു ദുരന്താനുഭാവം എന്ന നിലയിലാണോ മരണംത്തെ കാണുന്നത്? 

മഹാശ്വേതാ ദേവിയുടെ മറുപടി പെട്ടെന്നായിരുന്നു. അല്ല, അതൊരു യുക്തിപരമായ കാര്യം. 

ചോദ്യം വീണ്ടുമെത്തി, സ്വാഭാവികം? 
അവര്‍ ആവര്‍ത്തിച്ചു, അതെ, സ്വാഭാവികം.

മഹാശ്വേതാ ദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, മലയാളിയായ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് സംവിധാനം ചെയ്ത 'ജേണിയിംഗ് വിത്ത് മഹാശ്വേതാ ദേവി' എന്ന സിനിമയിലാണ് മരണത്തെക്കുറിച്ചും മരണാനന്തര കാര്യങ്ങളെക്കുറിച്ചും മഹാശ്വേതാ ദേവി മനസ്സു തുറന്നത്. 

സംവിധായകന്‍ വീണ്ടും ചോദിച്ചു. അപ്പോള്‍, മരണാനന്തരമോ?

മഹാശ്വേതാ ദേവിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് എന്നേക്കുമായി ജീവിക്കണമെന്നുണ്ട്. ഞാനത് എഴുതി വയ്ക്കും: മരണാനന്തരം എനിക്ക് ചിതയില്‍ എരിയേണ്ട. ചിതാ ഭസ്മത്തിലും ചിതയിലും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എവിടെയങ്കിലും മറവുചെയ്യപ്പെടണം. പുരുലിയയില്‍ അടക്കം ചെയ്യപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ, അവിടെയുള്ളവര്‍ പഴയ ഹിന്ദുക്കളാണ്. അവരത് അനുവദിക്കില്ല.അതിനാല്‍, ഗുജറാത്തിലെ തേജ്ഗഢിനെയാണ് നല്ല ഇടമായി ഞാന്‍ കാണുന്നത്. എന്റെ മരണത്തിനു ശേഷമുള്ള കാര്യങ്ങളെകുറിച്ച് ഞാനാഗ്രഹിക്കുന്നത് ഇതാണ്: നിങ്ങള്‍ എന്നെ അടക്കം ചെയ്യൂ. അവിടെ ഒരു മഹുവാ ചെടി നടൂ'