പാര്‍ലമെന്റിലിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ച ഇ അഹമ്മദിന്റെ മരണവിവരം അധികൃതര്‍ മൂടിവെക്കുകയായിരുന്നു. പിറ്റേന്ന് നടക്കുന്ന ബജറ്റ് അവതരണത്തെ ബാധിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇടപെട്ട് മരണവിരം പുറത്തറിയിക്കാതിരുന്നത് എന്നാണ് ആരോപണം. 

ഉറ്റ ബന്ധുക്കളെ അടക്കം പുറത്തുനിര്‍ത്തിയ അധികൃതരുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സോണിയാ ഗാന്ധി അടക്കമുള്ളവര്‍ ഇടപെട്ട ശേഷമാണ് അവസാനം മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. 10 മണിക്കൂറിലധികം നീണ്ട നാടകീയ സംഭവങ്ങള്‍ക്കു ശേഷമാണ് ഒടുവില്‍ മൃതദേഹം ബന്ധുക്കള്‍ പോലും കണ്ടത്. 

ഔട്ട്‌ലുക്ക് ലേഖകന്‍ തുഫൈല്‍ പിടി യാണ് ആശുപത്രിയില്‍ നടന്ന നാടകം പുറത്തറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഏഷ്യന്‍ ഏജ്, തെഹല്‍ക്ക,ഗുലൈല്‍. കോം എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന തുഫൈല്‍ കോഴിക്കോട് സ്വദേശിയാണ്.

ആശുപത്രിയില്‍നിന്നുള്ള ഫേസ്ബുക്ക് ലൈവിലൂടെയും പോസ്റ്റുകളിലൂടെയുമാണ്തുഫൈല്‍ ഇക്കാര്യം പുറത്തെത്തിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് അധികൃതരുടെ നീക്കങ്ങള്‍ തുഫൈല്‍ പൊളിച്ചത്. തുഫൈല്‍ നല്‍കിയ വിവരങ്ങളും വീഡിയോകളുമാണ് പിന്നീട് മറ്റനേകം മാധ്യമങ്ങള്‍ ഉപയോഗിച്ചത്.