സിംഗപ്പൂര്‍: യുവതിയുടെ ചിത്രം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മധ്യവയസ്കന്‍റെ വിക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇയാള്‍ക്ക് യുവതി നല്‍കിയ മറുപടിയാണ് ശരിക്കും വൈറലായിരിക്കുന്നത്.രണ്ടു ദിവസത്തിനുള്ളില്‍ 50 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

ശനിയാഴ്ച രാത്രി 7.40 ഓടെ സിംഗപ്പൂരിലെ ഔട്ട്‌റം സ്‌റ്റേഷനില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് യാത്ര ചെയ്ത ഉമ മഹേശ്വരി യുവതിയാണ് കോച്ചിലെ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന മധ്യ വയസ്‌കന്‍ തന്റെ ചിത്രം പകര്‍ത്തുന്നത് യാദൃശ്ചികമായി കണ്ടത്.

മൊബൈലില്‍ പരതുകയാണെന്ന വ്യാജേന അയാള്‍ യുവതിയുടെ വീഡിയോ എടുക്കുകയായിരുന്നു. എന്നാല്‍ എല്ലാത്തിനും സാക്ഷിയായി പിന്നിലൊരാള്‍ ഉണ്ടെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. മെട്രോയുടെ വിന്‍ഡോ ഗ്ലാസില്‍ പ്രതിഫലിച്ച ദൃശ്യത്തില്‍ നിന്ന് തന്‍റെ ചിത്രമാണ് മൊബൈലില്‍ പകര്‍ത്തുന്നതെന്ന് യുവതി തിരിച്ചറിയുകയായിരുന്നു.

പിന്നെ ഒട്ടും മടിച്ചില്ല. അവളും സ്വന്തംമൊബൈല്‍ എടുത്ത് 'പരിശോധന' ആരംഭിച്ചു. പരിശോധന എന്ന വ്യാജേന അവള്‍ അയാളുടെ പ്രവൃത്തി മൊബൈലില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നെ കയ്യോടെ പിടികൂടിയെന്ന് മനസ്സിലാക്കിയ ഇയാള്‍ പല തവണ മാപ്പപേക്ഷിച്ചുവെന്നും 'താന്‍ അയാള്‍ക്ക് സഹോദരിയെ പോലെ'യാണെന്ന് പറഞ്ഞതായും യുവതി ഫേസ്ബുക്കില്‍ പറയുന്നു.