മാനസി പി കെ എഴുതുന്നു
വിവാഹത്തോട് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമുഖത കാണിക്കുന്നത് പെണ്‍കുട്ടികളാണെന്നുള്ളതാണ് സത്യം. പലര്‍ക്കും ഭയമാണ്. ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് മറ്റൊരാളുടെ അനുവാദം വാങ്ങേണ്ടിവരുമോ എന്നുള്ള ഭയം. മാനസി പി കെ എഴുതുന്നു
നാട്ടിന്‍ പുറങ്ങളില്‍ വിവാഹത്തെ കുറിച്ച് ഒരു ചൊല്ലുണ്ട്. 'മുപ്പേനിടയില്‍ പിള്ളേരും ആകണം, ഉച്ചേലെടെ ചോറും ആകണം'. നേരാം കാലത്ത് കല്ല്യാണമൊക്കെ കഴിച്ച് പിള്ളേരൊക്കെയായി കുടുംബ ജീവിതം നയിക്കണം എന്ന് സാരം. പക്ഷെ ഇന്നത്തെ തലമുറയിലെ യുവത്വങ്ങള്‍ മുപ്പത് പോയിട്ട് നാല്‍പതായാലും വിവാഹത്തിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല.
വിവാഹത്തോട് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമുഖത കാണിക്കുന്നത് പെണ്‍കുട്ടികളാണെന്നുള്ളതാണ് സത്യം. പലര്‍ക്കും ഭയമാണ്. ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് മറ്റൊരാളുടെ അനുവാദം വാങ്ങേണ്ടിവരുമോ എന്നുള്ള ഭയം.
സ്വന്തം വീട്ടിലെ ചിത്രശലഭമായ് പാറി പറന്ന്, കുറുമ്പ് കൂടി സൗഹൃദങ്ങളും, യാത്രകളും, ആഘോഷങ്ങളുമായി നടന്നവര്‍ പെട്ടെന്നൊരു നാള്‍ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് വെറും 'ഭാര്യ' മാത്രമായി ഇരിക്കേണ്ടി വരുമോ എന്നുള്ള ഭയം. സ്വന്തം ഇടത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് പറിച്ച് നടുന്ന വേദന പെണ്‍കുട്ടികളോളം അനുഭവിച്ചിട്ടുള്ള മറ്റാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. കാലാകാലങ്ങളായുള്ള നാട്ടുനടപ്പാണെന്ന് പറയുമെങ്കിലും മനസ്സിന് മുറിവേല്‍ക്കാതെ ഒരു പെണ്ണും ഇറങ്ങിപ്പോകുന്നില്ല എന്നതാണ് ശരി.
ഇറങ്ങിപ്പോക്ക് അനിവാര്യമായ ഒരു സാമൂഹ്യ ചുറ്റുപാടില്‍ ജീവിച്ചു പോകേണ്ടുള്ളത് കൊണ്ട് പലരും അതുമായി പൊരുത്തപ്പെട്ടു പോകുന്നു.. പക്ഷെ യഥാര്‍ത്ഥ വില്ലന്‍ കടന്ന് വരുന്നത് അവനവന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റങ്ങള്‍ കടന്ന് വരുമ്പോഴാണ്. ഇഷ്ടമുള്ളൊരു കാര്യം ചെയ്യണ്ട എന്ന് ഒരാള്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ കയറി പറയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളില്‍, തുടങ്ങി ഭാര്യമാര്‍ക്ക് മാത്രമായുള്ള സഹനത്തിന്റേയും, ക്ഷമയുടേയും വിവരണ ക്ലാസുകള്‍ കൂടി ഒളിഞ്ഞും, തെളിഞ്ഞും മറ്റുള്ളവരില്‍ നിന്ന് കൂടി കേള്‍ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ പിന്നെ ഒരോന്നായി തുടങ്ങുകയായി. പരസ്പര ബഹുമാനവും, തുല്യതയും നല്‍കി ജീവിക്കുന്നവര്‍ ആരുമില്ല എന്നല്ല പറഞ്ഞു വരുന്നത് സ്വന്തം മണ്ണില്‍ നിന്ന് പറിച്ച് നട്ടവരുടെ ആവലാതികളെ പറ്റിയാണ് പറഞ്ഞു വരുന്നത്.
ആ ആവലാതികളില്‍ ഉണ്ടാകുന്ന പൊതുവായ കുറെ ചോദ്യങ്ങളുണ്ട്. പൊതുവായിട്ടുള്ള ചോദ്യമായിട്ടു മാത്രം ഇതിനെ കണ്ടാല്‍ മതി..
1. പെറ്റ്, പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ അടുത്തു നിന്നും, കളിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും പെട്ടന്നുള്ളൊരു മാറ്റത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ..?
2. സ്വന്തം മാതാപിതാക്കളെ, സുഹൃത്തുക്കളെ അല്ലെങ്കില്‍ മറ്റുള്ളവരെ കാണാന്‍ മറ്റൊരാളുടെ അനുവാദത്തിന് നിങ്ങള്‍ കാത്ത് നില്‍ക്കുമോ..?
3. സ്വന്തം, അമ്മയോടും, അച്ഛനോടും, സഹോദരീ, സഹോദരന്മാരോടുമുള്ള ഇഷ്ടം ഒരാളിലേക്ക് മാത്രമായി ചുരുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ..?
4.ഇഷ്ടമുള്ള എഴുത്ത്, വായന, യാത്രകള്‍, കൊച്ചു കൊച്ചു പിരാന്തുകള്‍ ഇവയെല്ലാം നിങ്ങള്‍ ഒരാള്‍ക്ക് വേണ്ടി മാത്രം വേണ്ടെന്ന് വെക്കുമോ..?
5. ഇഷ്ടപ്പെട്ടു പഠിച്ചെടുത്തൊരു ജോലി മറ്റൊരാളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുമോ..?
6. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണം, അല്ലെങ്കില്‍ ധരിക്കരുത് എന്നുള്ളത് മറ്റൊരാളുടെ ചോയ്‌സാവുന്ന തിനെ നിങ്ങള്‍ അനുവദിച്ചു കൊടുക്കുമോ..?
7. നിങ്ങളുടെ വിശ്വാസങ്ങളെ മറ്റൊരാള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ പ്രതികരിക്കാതിരിക്കുമോ..?
8. കുട്ടികള്‍ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് നിങ്ങള്‍ കരുതുമോ..?
9. ഈ ലോകം ചുരുങ്ങി, ചുരുങ്ങി ഒരു വീടും, അതിന്റെ ചുറ്റുപാടുകളും മാത്രമായാല്‍ നിങ്ങള്‍ക്കതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ..?
അവസാനത്തെ ചോദ്യം 10. മറ്റൊരാള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് നിങ്ങളല്ലാതായി മാറുവാന്‍ കഴിയുമോ..?
ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം.. പൊതുവായിട്ടുള്ള ചോദ്യമാണെങ്കിലും മിക്ക സ്ത്രീകളും ഈ ചോദ്യത്തിന്റെ ഉത്തരമായി പറയുന്നത് 'ഇല്ല' എന്നൊരു ഉത്തരമാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.
അതിജീവിച്ചു കഴിയുന്നവര്‍ക്കും, അനുയോജ്യനായ പങ്കാളിയെ കിട്ടിയവര്‍ക്കും ആശ്വസിക്കാം. എങ്കിലും പങ്കാളികളെ തന്റെ അടിമകള്‍ മാത്രമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും, പുരുഷനും ഇത്തരം ചോദ്യങ്ങള്‍ സ്വയം ഒന്ന് ചോദിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.
(ഈ കുറിപ്പിനെക്കുറിച്ച് എന്താണ് അഭിപ്രായം? നിങ്ങളുടെ വിശദമായ മറുപടികളും പ്രതികരണങ്ങളും വിയോജനക്കുറിപ്പുകളും webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കുക. സബ്ജക്ട് ലൈനില്‍ പ്രതികരണം എന്നു കൂടി എഴുതുമല്ലോ)
നജീബ് മൂടാടി എഴുതുന്നു: അത് കാമഭ്രാന്തല്ല!
