രണ്ട് പൂക്കള്‍ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. അതുപോലെ തന്നെയാണ് രണ്ട് കുട്ടികളും. പഠിക്കാനുള്ള കഴിവ് എപ്പോഴും രണ്ട് കുട്ടികളില്‍ വ്യത്യസ്തമായിരിക്കും. ഒരാള്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയെടുക്കുമെങ്കില്‍ മറ്റൊരാള്‍ ചിലപ്പോള്‍ പതിയെ കാര്യങ്ങള്‍ മനസിലാക്കുന്ന ആളായിരിക്കാം. ഇതാണ് അധ്യാപനത്തിന്‍റെ ഏറ്റവും പ്രാഥമികമായ പാഠം. 

രാജമുണ്ട്രിയില്‍‌ നിന്നുള്ള ഈ പ്രൈമറി ടീച്ചര്‍ അത് കൃത്യമായി മനസിലാക്കിയ ആളാണ്. പാഠപുസ്തകത്തിന് അപ്പുറമാണ് വിദ്യാഭ്യാസം എന്ന് കരുതുന്നു ഇവര്‍. വിഷ്വല്‍ മീഡിയയുടെയും യൂട്യൂബിന്‍റെയും സഹായത്തോടെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല 44,000 പേര്‍ക്ക് ഇവര്‍ ക്ലാസുകളെടുക്കുന്നു. ഈ 44,000 പേരും ഇവരുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബേഴ്സ് ആണ്. 

രാജമുണ്ട്രിക്കടുത്തുള്ള മുരാരി എന്ന ഗ്രാമത്തില്‍ നിന്നുള്ള മങ്ക റാണിയാണ് ഈ ടീച്ചര്‍. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷമാണ് മങ്ക റാണി അധ്യാപനത്തിലേക്ക് പ്രവേശിക്കുന്നത്. അധ്യാപനത്തിലേക്ക് തിരിഞ്ഞതിനു പിന്നാലെ അധ്യാപനം കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദ്യയുമായി അവര്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. മങ്കറാണി ലെസണ്‍സ് (Mangarani Lessons ) എന്നായിരുന്നു പേര്. ആറ് വര്‍ഷങ്ങളായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട്. 

വീഡിയോ നിര്‍മ്മിക്കുന്നതും അപ് ലോഡ് ചെയ്യുന്നതുമെല്ലാം മങ്ക റാണി തന്നെയാണ്. വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായി. ശ്രീ നാഗരാജ സ്പെഷ്യല്‍ മുനിസിപ്പല്‍ സ്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ പുതിയ വീഡിയോ വരുന്നതിനായി കാത്തിരുന്ന് തുടങ്ങി. 

താന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ തെലുങ്ക് പഠിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് മനസിലായപ്പോഴാണ് മങ്ക റാണി ടീച്ചര്‍ ആദ്യമായി യൂട്യൂബ് ചാനലിനെ കുറിച്ച് ചിന്തിക്കുന്നത്. 

''പഠിപ്പിക്കുക എന്നത് വളരെ രസകരമാണ്. ക്രിയേറ്റീവായിട്ടുള്ള വീഡിയോയും മറ്റും ഉപയോഗിക്കുന്നത് കുട്ടികളെ പഠിക്കാന്‍ മാത്രമല്ല സഹായിക്കുന്നത്. അവരില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കണമെന്ന ആഗ്രഹവും ഉണ്ടാക്കുന്നു.'' എന്ന് മങ്ക റാണി പറയുന്നു. 

2012 -ലാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. തന്‍റെ സ്മാര്‍ട്ട് ഫോണിലാണ് ഷൂട്ട് ചെയ്തിരുന്നത്. ഓണ്‍ലൈന്‍ എഡിറ്റിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രണ്ട് രാത്രികള്‍ കൊണ്ട് ഒരു വീഡിയോ എഡിറ്റ് ചെയ്തു തീര്‍ക്കുന്നു. 

ഉദ്യമം വെറുതെ ആയില്ല. രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും അധ്യാപകര്‍ മങ്ക റാണിയെ അഭിനന്ദിച്ചു. ഒപ്പം, ആ വീഡിയോകള്‍ അവര്‍ ക്ലാസില്‍ ഉപയോഗിക്കുന്നുവെന്നും അത് അധ്യാപനത്തില്‍ അവരെ സഹായിക്കുന്നുവെന്നും കൂടി അവര്‍ പറഞ്ഞു. 

സ്കൂള്‍ കരിക്കുലം അനുസരിച്ച് തന്നെയാണ് ഓരോ വീഡിയോയും നിര്‍മ്മിച്ചിരിക്കുന്നത്. ഗവണ്‍മെന്‍റ് നല്‍കുന്ന ഓഡിയോ മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. വീഡിയോ ഉപയോഗിക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ നേരില്‍ കണ്ടു മങ്ക റാണി. അപ്പോള്‍, എന്തുകൊണ്ട് ഇത് ലോകത്തിന് മുന്നിലാകെ അവതരിപ്പിച്ചുകൂടാ എന്ന് തോന്നി. അങ്ങനെയാണ് യൂട്യൂബ് ചാനലിന്‍റെ പിറവി. മുപ്പത്തിയഞ്ചുകാരിയായ മങ്ക റാണി പറയുന്നു. 

വീഡിയോ നിര്‍മ്മിക്കുന്നതില്‍ കുടുംബത്തിന്‍റെ സഹായവുമുണ്ട്. മകനും മകളുമാണ് പലപ്പോഴും ശബ്ദം നല്‍കുന്നത്. ഭര്‍ത്താവിന്‍റെ പിന്തുണയുമുണ്ടെന്നും മങ്ക റാണി പറയുന്നു.