17 -കാരനായ മോഡിയം സുഖ്‌ലാലിന്‌ ഓൺലൈൻ ക്ലാസുകളുള്ള ദിവസം വെളുപ്പിനെ എഴുന്നേൽക്കണം. 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി അകലെയുള്ള ഒരു ഗ്രാമത്തിൽ പോയാണ് അവൻ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. Peddakorma എന്ന അവന്റെ ഗ്രാമം ഒരു മാവോയിസ്റ്റ് ബാധിത കുഗ്രാമമാണ്. അവിടെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. വീട്ടിൽ ഒരിക്കലും സിഗ്നൽ കിട്ടാറില്ല എന്ന് മോഡിയം സങ്കടപ്പെട്ടു.  “എനിക്ക് സിഗ്നലുകൾ ലഭിക്കണമെങ്കിൽ ഇവിടെ വരണം. എന്‍റെ ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ വീണ്ടും സിഗ്നലുകൾ കിട്ടാതാകും” ചെർപാലിലെ ഒരു ബന്ധുവിന്റെ വീട്ടിൽ ഇരുന്നുകൊണ്ട് സുഖ്‌ലാൽ പറഞ്ഞു. അവിടെ ഇരുന്നാണ് അവൻ തന്‍റെ ക്ലാസ്സുകളിൽ പങ്കുചേരുന്നത്.      

രാജ്യത്തെ മറ്റിടങ്ങളിലെന്നപോലെ ഛത്തീസ്‍ഗഢിലും പഠനം വെർച്വൽ ക്ലാസ് മുറികളിലേക്ക് വഴിമാറിയപ്പോൾ, പലരും അതിനാവശ്യമായ ഉപകരണങ്ങളോ ഇന്‍റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ നട്ടംതിരിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഇന്‍റർനെറ്റ്, സെൽഫോൺ സൗകര്യമുള്ള ഒരു സംസ്ഥാനമാണ് ഇത്. ഏപ്രിൽ ഏഴിന് ഛത്തീസ്‍ഗഢ് വിദ്യാഭ്യാസ വകുപ്പ് “Padhai Tumhar Dwaar” എന്ന ഓൺലൈൻ പോർട്ടൽ ആരംഭിക്കുകയുണ്ടായി. തുടർന്ന്, 20 ലക്ഷം വിദ്യാർത്ഥികളെയും (സംസ്ഥാനത്തെ 60 ലക്ഷത്തിൽ) സ്വകാര്യ സ്‍കൂളുകളിലടക്കം രണ്ടുലക്ഷം അധ്യാപകരെയും ഈ പോർട്ടലിൽ ചേർത്തു. 15 ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ടീം ഈ പോർട്ടലിൽ പഠനവീഡിയോകൾ ചേർക്കുകയും ചെയ്‍തു. എന്നാൽ, ഏറ്റവും നിരാലംബരായ, ഉയർന്ന നിരക്ഷരതയുള്ള ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ഈ സൗകര്യങ്ങൾ അപ്രാപ്യമാണ്.  

അഞ്ഞൂറോളം ആളുകൾ താമസിക്കുന്ന ബൽറാംപൂർ ജില്ലയിലെ മുർക്ക എന്ന ഗ്രാമത്തിൽ ആകെ മൂന്ന് സ്‍മാർട്ട്‌ഫോണുകൾ മാത്രമാണുള്ളത്. “എന്റെ മകനെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നേൽ സ്‍കൂളിൽ വിടേണ്ട കാര്യമില്ലായിരുന്നല്ലോ?” ഏതെങ്കിലും വിദ്യാഭ്യാസ വീഡിയോകൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ 30 -കാരിയായ രശ്‍മി ഭഗത് ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. “എനിക്കും എന്റെ ഭർത്താവിനും പഠിപ്പില്ല. ഞങ്ങളുടെ കൈയിൽ ഒരു ഫോൺ പോലുമില്ല. പിന്നെ എങ്ങനെയാണ് ഞാൻ എന്‍റെ മകളെ അതെല്ലാം കാണിക്കുന്നത്” അവർ പറഞ്ഞു. ഏഴുവയസ്സുകാരിയായ തന്‍റെ മകൾ പഠിക്കാതെ ദിവസം മുഴുവൻ സുഹൃത്തുക്കളുമായി കളിക്കുകയാണെന്ന് ആ അമ്മ പരാതിപ്പെട്ടു. 

സെൽഫോൺ ഇല്ലാത്തത് മാത്രമല്ല പ്രശ്‍നം. റേഞ്ച് ഇല്ലാത്തതും ഒരു പ്രശ്‍നമാണ്. സെൽഫോണുകൾ ഉണ്ടായിട്ടും, പലർക്കും പല സെഷനുകളും റേഞ്ച് ഇല്ലാത്തതിന്റെ പേരിൽ ക്ലാസ് തടസ്സപ്പെടുന്നു. ബിജാപൂരിലെ ഒരു സർക്കാർ സ്‍കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയായ ആശ അച്ഛന്‍റെ ഫോൺ ഉപയോഗിച്ചാണ് ക്ലാസ്സിൽ പങ്കെടുക്കുന്നത്. റേഞ്ച് ഇല്ലാത്തതിന്റെ പേരിൽ അവൾക്ക് ക്ലാസ് പലതവണ തടസ്സപ്പെടും. പലപ്പോഴും പറയുന്നത് മുറിഞ്ഞുപോകുന്നത് കാരണം ഒന്നും മനസിലാക്കാനാകാതെ അവൾ വിഷമിക്കും. സഹപാഠികളായ രഞ്ജുവിനെയും മിനയെയും കാണുമ്പോൾ മാത്രം അവളുടെ മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വിടരും.  അച്ഛന് ഒരു കോൾ വന്നാൽ, മൂന്ന് വയസുള്ള സഹോദരൻ പിടിച്ചു വലിച്ചാൽ എല്ലാം ക്ലാസ്സുകൾ നഷ്ടമാകും. ഒടുവിൽ, ക്ലാസ്സ് അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ആശയുടെ അച്ഛൻ ജോലിക്ക് ഇറങ്ങാൻ വൈകിയെന്ന് പരാതിപ്പെട്ട് ഫോൺ അവളുടെ കൈയിൽ നിന്ന് എടുത്ത് കൊണ്ടുപോകും. അവിനാശ് ബിജാപൂരിൽ ഒരു ഷോപ്പ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.  

ഓൺലൈൻ ക്ലാസ്സിന്റെ പരിമിതികളെ കുറിച്ച് സർക്കാരിന് അറിയാമെന്നും, ഈ വിടവ് നികത്താൻ സർക്കാർ കഠിനമായി ശ്രമിക്കുകയാണെന്നുമുള്ള അവകാശവാദങ്ങൾക്കിടയിലും സ്ഥിതി കൂടുതൽ വഷളാവുകയാണ്. 4.5 ലക്ഷത്തോളം കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് പകർച്ചവ്യാധിയുടെ വ്യാപനം ഇരട്ടിപ്പിക്കുമോയെന്ന് വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ഇത് കുട്ടികളെ സ്‍കൂളുകളിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത് വൈകിപ്പിക്കുമെന്ന് ധംതാരി ജില്ലാ സിഇഒ നമ്രത ഗാന്ധി പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ പഠനം നിർത്തിപ്പോകുമെന്ന ഭീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ.  

 

(ചിത്രം: പ്രതീകാത്മകം)