കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
ഒരായുസ്സു മുഴുവന്‍ ഒപ്പം നടന്ന പുരുഷന് പോലും തിരിച്ചറിയാനാവാത്ത കടലാഴമാണ് സ്ത്രീ മനസ്സ്. ശ്രുതി രാജേഷ് എഴുതുന്നു

കടലോളം ആഴമാണ് ഓരോ പെണ്ണിന്റെയും മനസിന്. അത് തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരായുസ്സു മുഴുവന്‍ അവള്‍ക്കൊപ്പം നടന്ന പുരുഷന് പോലുമാകില്ല. ഒരു സ്ത്രീ കടന്നുവന്ന വഴികളെല്ലാം ഒരു പുരുഷന് എന്നും അപരിചിതമാണ്. അവളുടെ അതിജീവനം, സഹനം, ആത്മാര്‍ഥത, ത്യാഗം, ദേഷ്യം ഇതെല്ലം ചിലപ്പോള്‍ അതിന്റെ എല്ലാ അര്‍ഥത്തിലും തിരിച്ചറിയപ്പെടുക വിരളം. വിവാഹം, കുടുംബം, കുട്ടികള്‍ എന്നീ സങ്കല്‍പ്പങ്ങളില്‍ നിന്നും സ്ത്രീകള്‍ ഇന്ന് അകലം പാലിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതിനു കാരണം ഒന്നേയുള്ളൂ. തന്റെ ജീവിതം താന്‍ മറ്റാര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കേണ്ടി വരുമോ എന്ന ഭയം.
സിനിമകളില്‍ കാണുന്ന പോലെ പലവിധ പ്രതിസന്ധികളെ അതിജീവിച്ചു സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയ നായകന്‍ ബാക്കി ജീവിതം അവള്‍ക്കൊപ്പം ആടിപാടി, കുഞ്ഞുകുട്ടിപരാധീനതകളുമായി കഴിയുമെന്ന് സിനിമ അവസാനിക്കുമ്പോള്‍ എഴുതിക്കാണിക്കുന്ന 'ശുഭം' എന്ന രണ്ടക്കത്തില്‍ നമ്മള്‍ സങ്കല്‍പിച്ചു കൂട്ടും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലോ?
ഭാര്യയുടെ ഇഷ്ടങ്ങളെ പരിഗണിക്കുന്ന, അവളുടെ വ്യക്തിത്വത്തെ, സ്വതന്ത്രജീവിതത്തെ മാനിക്കുന്ന പുരുഷന്മാര്‍ ഈ ഭൂമുഖത്ത് ഇല്ലാതായിട്ടില്ല എന്ന് ആദ്യമേ പറയട്ടെ. ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍, കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ പെടാപ്പാടു പെടുന്നവരാണ് മിക്കവരും. എന്നാല്‍ സ്വന്തം വീട്ടില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി എത്രയോ കാലങ്ങളായി സ്വന്തം മുഖം മറന്നു ജീവിക്കുന്നൊരു സ്ത്രീയുണ്ടാകും. അവര്‍ക്ക് വേണ്ടി ഒരല്‍പ്പസമയം നീക്കിവെയ്ക്കുന്നവര്‍ എത്രപേരുണ്ടാകും.
പലര്‍ക്കും ഒച്ചത്തില്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു 'ഇതല്ല ഞാന്‍ മോഹിച്ച ജീവിതമെന്ന്'.
കൂട്ടിലടച്ച കിളികള്‍
ഞാന്‍ കണ്ടിട്ടുള്ള സ്ത്രീകളില്‍ ഒട്ടുമിക്കവരും ജീവിക്കുന്നത് അല്ലെങ്കില്‍ ജീവിച്ചു തീര്‍ത്തത് ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ്. കൂട്ടിലടച്ച കിളിയെ പോലെ നാലു ചുവരുകളില്‍ സ്വന്തം കഴിവും സ്വപ്നങ്ങളും എരിഞ്ഞുതീരുന്നത് കണ്ടുനിന്ന സ്ത്രീകള്‍, അതില്‍ യാതൊരു പരാതിയുമില്ലാത്തവര്‍. എന്നാല്‍ അവരില്‍ പലര്‍ക്കും ഒച്ചത്തില്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു 'ഇതല്ല ഞാന്‍ മോഹിച്ച ജീവിതമെന്ന്'. പക്ഷെ ആ തുറന്നുപറച്ചിലില്‍ ഒഴുകിപോയേക്കാവുന്ന 'നല്ല വീട്ടമ്മ' എന്ന മുള്‍ക്കിരീടം അവരെയെല്ലാം നിശ്ശബ്ദരാക്കിയില്ലേ. വിവാഹമോചനത്തിന് മുന്‍കൈയെടുക്കുന്നത് ഒരു സ്ത്രീയാണെങ്കില്‍ പിന്നെ ആ ബന്ധത്തിന്റെ സകലപൊരുത്തക്കേടുകളും സമൂഹം അവളില്‍ നിക്ഷിപ്തമാക്കും. അതല്ല അത് പുരുഷനാണെങ്കില്‍ അത് ഭാര്യയുടെ പിടിപ്പുകേടുമായി വ്യാഖ്യാനിക്കപ്പെടും.
പേറ്റുനോവനുഭവിക്കുന്ന ഒരു സ്ത്രീയുടെ കണ്ണുകളില്‍ മാതൃത്വമെന്ന വികാരത്തോളം അലയടിക്കുന്നൊരു നിര്‍വൃതിയുണ്ട്. തന്റെ നല്ലപാതിക്ക് വേണ്ടി ഈ ലോകത്തില്‍ തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നല്‍കുന്ന സന്തോഷം. ആ മനസ്സിനോളം വരില്ല ഈ ലോകത്ത് ഒരു പുരുഷന്റെയും താഗ്യം.
വിവാഹത്തിനു മുമ്പും ശേഷവും, ഒരു പെണ്ണിന്റെ ജീവിതത്തെ ഇങ്ങനെ രണ്ടായി വിഭജിക്കാം.
വിവാഹം എന്ന സ്‌കെയില്‍
വിവാഹത്തിനു മുമ്പും ശേഷവും, ഒരു പെണ്ണിന്റെ ജീവിതത്തെ ഇങ്ങനെ രണ്ടായി വിഭജിക്കാം. പെണ്‍കുട്ടിയാണ്, അടക്കവും ഒതുക്കവും വേണമെന്ന അന്ത്യശാസത്തിലാണ് വിവാഹത്തിനു മുന്‍പുള്ള അവളുടെ ജീവിതം. എന്നാല്‍ വിവാഹത്തോടെ പൂര്‍ണ്ണമായും മാറിമറിയുന്നതാണ് ഒരു പെണ്ണിന്റെ ജീവിതം. അതുവരെ അനുഭവിച്ചസ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ മറ്റൊരു മൂടുപടമണിഞ്ഞു പിന്നെയവള്‍ ജീവിക്കാന്‍ തുടങ്ങുകയാണ്. വിവാഹം കഴിഞ്ഞിട്ടും മതിയാവോളം ഉറങ്ങിത്തീര്‍ക്കുന്ന, ഇഷ്ടമുള്ളൊരു പുസ്തകം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ സമയമുള്ള, നാളെ രാവിലെ എന്തുണ്ടാക്കണമെന്ന് രാത്രി കിടക്കാന്‍ നേരം ആശങ്കപ്പെടാത്ത എത്ര വീട്ടമ്മമാരുണ്ടാകും. ഇതൊന്നും അവരുടെ കുറ്റമല്ല. ഈ സമൂഹം നിങ്ങളെ ഏല്‍പ്പിച്ച കടമ പോലെ നിങ്ങളത് ചുമലിലേറ്റിയതാണ്.
ഒരു പുരുഷന് താന്‍ സ്‌നേഹിക്കുന്ന സ്ത്രീക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നു ഞാന്‍ വിശ്വസിക്കുന്നത് അവളുടെ നൈസര്‍ഗിക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്റെ ഭാര്യ ഒരു നര്‍ത്തകിയാണ്, അല്ലെങ്കില്‍ എഴുത്തുകാരിയോ ,പാട്ടുകാരിയോ എന്തിനേറെ നല്ല അസ്സല്‍ പാചകക്കാരിയാണെന്ന് സ്വന്തം ഭര്‍ത്താവ് ചേര്‍ത്തുനിര്‍ത്തി പറയുമ്പോള്‍ കിട്ടുന്നതില്‍ വലിയൊരംഗീകാരം ഒരു സ്ത്രീക്ക് വേറെയുണ്ടാകില്ല എന്നാണു എന്റെ വിശ്വാസം.
നമ്മുടെയെല്ലാം ഉള്ളിലുണ്ടാകും ഈ അനുഭവങ്ങളില്‍ ഏതെങ്കിലും കടന്നുവന്നൊരു സ്ത്രീ.
തലതെറിച്ചവരും കുലീനകളും
പെണ്ണിന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ 'ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍', എന്റെ ജീവിതം അടുക്കളയില്‍ പുകഞ്ഞുതീരേണ്ടതല്ല എന്ന തിരിച്ചറിവില്‍ സ്വന്തം വഴി തിരഞ്ഞെടുത്തു നടന്നുനീങ്ങുന്നവള്‍ 'തലതെറിച്ചവള്‍' അല്ലെങ്കില്‍ 'അഹങ്കാരി'. മുന്നില്‍ ആരോ തെളിച്ചവഴിയില്‍ നടക്കാത്ത പെണ്ണിന് അങ്ങനെ പല പേരുകളും വീഴും. അതിലൊന്നും തളരാതെ മുന്നോട്ടു പോകാന്‍ ധൈര്യപ്പെടുന്നവര്‍ ചുരുക്കം. സ്വന്തം വീട്ടില്‍ പോകാന്‍, ഇഷ്ടമുള്ള വേഷം ധരിക്കാന്‍, എന്തിനു താന്‍ പ്രസവിച്ച കുഞ്ഞിനു എന്ത് പേരിടണമെന്ന് പോലും അറിയാന്‍ നൂറുനൂറു അഭിപ്രായങ്ങള്‍ക്കും കാതോര്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍. ഒന്ന് കണ്ണടച്ചുനോക്കിയാല്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടാകും ഈ അനുഭവങ്ങളില്‍ ഏതെങ്കിലും കടന്നുവന്നൊരു സ്ത്രീ.
ഒരു സ്ത്രീയും സ്വന്തം കുടുംബത്തെ വിട്ടു എവിടെയെങ്കിലും ഇറങ്ങിപ്പോകണമെന്നു ചിന്തിക്കുന്നവളല്ല, അല്ലെങ്കില്‍ അതിനു വേണ്ടി ഇറങ്ങിത്തിരിച്ചവളല്ല. സാഹചര്യങ്ങളാണ് അവളെ മറ്റുവഴികളില്‍ കൊണ്ടെത്തിക്കുന്നത്. പുരുഷന്റെ തെറ്റുകള്‍ക്ക് സമൂഹം കണ്ണടയ്ക്കും പക്ഷെ അത് ചെയ്തതൊരു സ്ത്രീയാണെങ്കില്‍ അവള്‍ വഴിപിഴച്ചവളായി.
ഭര്‍ത്താവിനു ഇഷ്ടമല്ല എന്നൊരൊറ്റ കാരണം കൊണ്ട് എത്രയോ ഇഷ്ടങ്ങളെ മാറ്റിവെയ്ക്കുന്നവര്‍ ഉണ്ട്.
കടലോളം ആഴമാണ് പെണ്‍മനസ്സുകള്‍ക്ക്
ഒരു യാത്ര പോകണമെങ്കില്‍, അല്‍പ്പനേരം കൂട്ടുകാര്‍ക്കൊപ്പം ചിലവിടണമെങ്കില്‍ മറ്റൊരാളുടെ അനുവാദവും സമയവും സന്ദര്‍ഭവുമെല്ലാം നോക്കിനില്‍ക്കേണ്ടി വരുന്നൊരവസ്ഥ, സ്വന്തം സ്വാതന്ത്ര്യങ്ങള്‍ക്ക് മറ്റൊരാളുടെ അനുവാദം കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ. ഇന്നത്തെ പെണ്‍കുട്ടികളെ വിവാഹമെന്ന കെട്ടുപാടില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കാത്തത് ഒരര്‍ഥത്തില്‍ ഈസ്വാതന്ത്ര്യക്കുറവു തന്നെയാണ്. അതിനവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവര്‍ ഈ സമൂഹത്തിലും ഒരു പക്ഷെ സ്വന്തം വീട്ടിലും കണ്ടുവളര്‍ന്ന അവസ്ഥകളാണ് അവരെ ഇതില്‍ നിന്നകറ്റുന്നത്.
എത്രയോ സ്ത്രീകള്‍ വിവാഹത്തോടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒരു ജോലി എന്ന സ്വപ്നം തല്‍ക്കാലം മടക്കിവെയ്ക്കുന്നു, ഭര്‍ത്താവിനു ഇഷ്ടമല്ല എന്നൊരൊറ്റ കാരണം കൊണ്ട് എത്രയോ ഇഷ്ടങ്ങളെ മാറ്റിവെയ്ക്കുന്നവര്‍ ഉണ്ട്. ഒന്നല്ല ഒരായിരം പേരുകള്‍ വരും ഓര്‍ത്താല്‍ മനസ്സിലേക്ക്. ഇതൊന്നും സ്ത്രീ ആരുടേയും അടിമയായത് കൊണ്ടല്ല മറിച്ചു സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കാനുള്ള മനസ്സു അവള്‍ക്കുള്ളത് കൊണ്ടാണ്, അതാണ് പലപ്പോഴും പുരുഷന്മാര്‍ക്ക് കാണാന്‍ കഴിയാതെ പോകുന്നതും. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ കടലോളം ആഴമാണ് ഓരോ പെണ്‍മനസിനും.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
