മ്യാന്‍മാറില്‍ നടക്കുന്ന് ഭീകരവാദികളോടുള്ള പോരാട്ടമാണ് എന്നാണ് നൊബെല്‍ സമ്മാന ജേതാവ് സൂകി പോലും പറയുന്നത്. എന്നാല്‍ അതാണോ സംഭവിക്കുന്നത്. ഇംഗ്ലീഷ് പത്രമായ ഗാര്‍ഡിയന്‍ റോഹിംഗ്യാ മുസ്‌ളീങ്ങളുടെ ശവപ്പറമ്പായി മാറിയ ടുലാ ടോലി എന്ന ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് കരളലയിപ്പിക്കുന്ന സംഭവങ്ങളാണ്. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ഒലിവര്‍ ഹോംസ് കാണിച്ചുതരുന്ന ഭയാനകമായ കാഴ്ചകള്‍ ഇങ്ങനെ.

മൂന്ന് വശവും വിഷപ്പാമ്പുകള്‍ ചീറുന്ന ഉള്‍നാടന്‍ ഗ്രാമമാണ് ടുലാ ടോലി. പാഞ്ഞൊഴുകുന്ന നദിയുടെ കരയിലാണ് ഈ ഗ്രാമം. നദിയുടെ ഓരംപറ്റിയാണ് സൈന്യം മുളയിലും, താല്‍ക്കാലിക പായകളും മെഞ്ഞ വീടുകള്‍ നിറഞ്ഞ ഗ്രാമത്തിലേക്ക് ഇരച്ച് എത്തിയത്. ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതെ പരക്കെ വെടിവയ്ക്കുകയായിരുന്നു സൈന്യം. എന്താണെന്ന് നടക്കുന്നത് എന്ന് പോലും അറിയാതെ, പകച്ച് നിന്നവര്‍ നദിക്കരയിലെ മഞ്ഞമണലില്‍ മരിച്ചുവീണു. 

രക്ഷപെട്ടോടിയവരെ നദിയും കുടുക്കി. നൂറുണക്കതിന് പേര്‍ മുങ്ങിമരിച്ചു. ആഗസ്റ്റ് അവസാനം മ്യാന്‍മറില്‍ നടന്ന റോഹിംഗ്യാ വിരുദ്ധ സൈനിക നടപടിയുടെ ​ഞെട്ടിക്കുന്ന നേര്‍ ചിത്രമാണ് ഇത്. ജീവന്‍ വാരിപ്പിടിച്ച് നദിയുടെ മറുകരയിലേക്ക് നീന്തി ഇരുണ്ട കാടുകളില്‍ ഒളിച്ച സഹീര്‍ അഹമ്മദിനെ പോലെയുള്ളവര്‍ക്ക് സ്വന്തം കുടുംബത്തിന്റെ അവസാന നിമിഷങ്ങള്‍ അവിടെയിരുന്ന് നിസ്സഹായതയോടെ കാണേണ്ടി വന്നു. ഒരാഴ്ചയ്ക്ക് ശേഷം ബംഗ്‌ളാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലിരുന്ന് ഒരു അഭിമുഖത്തില്‍ എല്ലാം ഓര്‍മ്മിച്ചെടുക്കുമ്പോള്‍ അയാളുടെ ചെളി പുരണ്ട് വൃത്തിഹീനമായി തീര്‍ന്ന ഷര്‍ട്ടിലേക്ക് വീണത് കണ്ണീര്‍ത്തുള്ളിയായിരുന്നില്ല രക്തമായിരുന്നു.

കൗമാരക്കാരും പ്രായപൂര്‍ത്തിയായവരുമെല്ലാം സൈന്യത്തിന്‍റെ വെടിയേറ്റുമരിച്ചു. ഒരു സൈനിക നടപടി നടത്തുമ്പോള്‍ എടുക്കേണ്ട പ്രഥമിക ഒഴിപ്പിക്കല്‍ പോലും നടത്താതെ എത്തിയ സൈന്യം ഉദ്ദേശിച്ചത് വംശീയ ഹത്യതന്നെയാണെന്ന് വ്യക്തം. ആറു മാസം പ്രായമുള്ള തന്‍റെ മകള്‍ ഹസീന ഉള്‍പ്പെടെ കൊച്ചുകുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും അവര്‍ നദിയില്‍ വലിച്ചെറിഞ്ഞു കൊല്ലുന്നത് അഹമ്മദിന് ഇക്കരെയിരുന്ന് കാണേണ്ടി വന്നു. തന്‍റെ ഭാര്യയും കുഞ്ഞുങ്ങളും മരിക്കുന്നത് കാണേണ്ടി വന്നെന്ന് പറയുന്ന ഘട്ടമെത്തിയപ്പോള്‍ അയാള്‍ അലറിക്കരഞ്ഞു. തന്നെ തനിച്ചാക്കി കടന്നുപോയ ഉറ്റവരുടേയും ഉടയവരുടേയും പേരുകള്‍ എണ്ണിപ്പറയുമ്പോള്‍ മടക്കാന്‍ വിരലുകള്‍ തികയുന്നില്ലായിരുന്നു.

 മ്യാന്‍മറില്‍ കലാപത്തെ തുടര്‍ന്ന് നിസ്സഹായരായ ഏകദേശം 1.1 ദശലക്ഷം വരുന്ന റോഹിംഗ്യാ മുസ്‌ളീങ്ങളില്‍ 160,000 പേരാണ് ബംഗ്‌ളാദേശിലേക്ക് പലായനം ചെയ്തത്. വംശീയ ശുദ്ധീകരിക്കല്‍ എന്നാണ് മ്യാന്‍മറുകള്‍ റോഹിംഗ്യകളെ വേട്ടയാടുന്നതിന് നല്‍കിയിരിക്കുന്ന ന്യായീകരണം. മ്യാന്‍മര്‍ സൈന്യം ആഗസ്റ്റ് 30 ന് തുടച്ചുമാറ്റിയ ടുലാ ടോലി ഗ്രാമത്തിലെ 12 ലധികം പേരുമായി അഭിമുഖം നടത്തിയ ഗാര്‍ഡിയന്‍ പറയുന്നത് മരിച്ചവരുടെ എണ്ണം ഇതിലും കൂടുമെന്നാണ്. പടിഞ്ഞാറന്‍ മല നിരകളിലേക്ക് ഓടിക്കയറിയവരാണ് രക്ഷപ്പെട്ടവര്‍. മൂന്ന് ദിവസം നടന്നാണ് അവര്‍ ബംഗ്‌ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറിന്റെ അവസാന അതിരില്‍ എത്തിയത്. 

ഗ്രാമത്തിലേക്ക മ്യാന്‍മര്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ഗ്രാമത്തിലെത്തി കൂടുതല്‍ വിവരം ശേഖരിക്കാനായിട്ടില്ല. കൊല്ലപ്പെട്ടവരെ കൂറ്റന്‍ ശവക്കുഴിയെടുത്ത് മൂടുകയായിരുന്നെന്ന് അവിടുത്തെ ഗ്രാമീണര്‍ പറയുന്നു. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്‍മര്‍. ഇവരുമായുള്ള വംശീയ കലാപത്തില്‍ അനേകം റോഹിംഗ്യകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വടക്കന്‍ രഖിനേ സ്‌റ്റേറ്റില്‍ റോഹിംഗ്യ സായുധസേന ആഗസ്റ്റ് 25 ന് നടത്തിയ ഗറില്ലാ ആക്രമണമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായത്.

2012 ല്‍ രഖീനെയിലെ ബുദ്ധമതക്കാരുമായുള്ള വംശീയ കലാപത്തില്‍ 140,000 പേരാണ് വീട് ഉപേക്ഷിച്ച് പോയത്. കാട്ടിലും കടലിലും കള്ളക്കടത്തുകാരുടെ കൈകളിലും പെട്ട് ആയിരക്കണക്കിന് പേര്‍ വേറെയും മരിച്ചു. കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അനേകം ഗ്രാമീണര്‍ വെന്തു മരിക്കുന്ന ദൃശ്യങ്ങള്‍ സാറ്റലൈറ്റ് റെക്കോഡിംഗുകളില്‍ പതിഞ്ഞിട്ടുണ്ട്. 

അതേസമയം റോഹിംഗ്യകളിലെ സായുധസേനയും ഒട്ടും മോശമല്ല. രഖീനേയിലെ ബുദ്ധ, ഹിന്ദു വംശങ്ങള്‍ക്ക് നേരെ അവര്‍ നടത്തിയ ആക്രമണത്തില്‍ മുസ്ലീംങ്ങളല്ലാത്തവര്‍ പാലായനം ചെയ്തതിരുന്നു. ഇവരെ തേടിവന്നു എന്ന വ്യാജേനെയായിരുന്നു സൈന്യം പുതിയതായി ആക്രമണം നടത്തിയത്. കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്ന അവരെ ആക്രമണത്തിന് മുമ്പ് നന്നായി കൊള്ളയടിക്കുകയും ചെയ്തുവെന്നും ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ സൈനിക ആക്രമണം നടക്കുമ്പോള്‍ ഗ്രാമത്തില്‍ ഒരു തീവ്രവാദികളും ഇല്ലായിരുന്നെന്നാണ് റോഹിംഗ്യകള്‍ പറയുന്നത്. കൂട്ടക്കുരുതി നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് 90 സൈനികര്‍ രഖീനേയുടെ ജനവാസകേന്ദ്രമായ കിഴക്കന്‍ പ്രദേശത്തെ ഗ്രാമത്തിലെത്തി ഗ്രാമീണര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കിയിരുന്നു. സൈന്യം ഗ്രാമീണരെ കൊന്നൊടുക്കുകയാണെന്നാണ് കേള്‍ക്കുന്നതെന്നും എന്നാല്‍ ഇനി മുതല്‍ സൈനികരെ കണ്ട് ഓടരുതെന്നും ഓടിയാല്‍ വെടിവെയ്ക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം വീടുകള്‍ തോറും പരിശോധന നടത്തിയ സൈനികര്‍ വീടുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും തുണികളും ഉരുളക്കിഴങ്ങും അരിയുമെല്ലാം കൊള്ളയടിച്ചു. 

തീവ്രവാദികളെ തെരയുകയാണെന്ന് പറഞ്ഞായിരുന്നു നടപടി. എന്നാല്‍ ബുദ്ധിസ്റ്റുകള്‍ പറയുന്നത് പോലെ ഒരു തീവ്രവാദികളെയും കണ്ടെത്താനായില്ല എന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ പറഞ്ഞു. ആക്രമണം നടന്നതിന്റെ തലേന്ന് സൈന്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ നദി നീന്തിക്കയറിയ ചിലര്‍ മുങ്ങി മരിച്ചു. നദിയുടെ മറുകരയില്‍ ഇരുന്ന് തങ്ങളുടെ ഗ്രാമം ചുട്ടെരിയുന്നത് അവര്‍ക്ക് കാണേണ്ടി വന്നു. കാട്ടിലേക്ക് രക്ഷപ്പെട്ടവരെ വരെ സൈന്യം വേട്ടയാടി. ഒടുവില്‍ ശരീരത്ത് ചെടികള്‍ വച്ചു കെട്ടി സൈന്യത്തിന്റെ കണ്ണു വെട്ടിച്ചായിരുന്നു പലരും രക്ഷപ്പെട്ടത്.