ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും മെലിയാനാണ് ആഗ്രഹിക്കുന്നത്. മെലിയുന്നത് സൗന്ദര്യസങ്കല്പമായി കാണുന്ന ലോകത്തിൽ പട്ടിണി കിടന്നും കഠിനമായി വ്യായാമം ചെയ്തും ഒന്ന് മെലിഞ്ഞു കിട്ടാൻ പാടുപെടുന്നവരുമുണ്ട്. അതേസമയം വണ്ണം വയ്ക്കാൻ പരിശ്രമിക്കുന്ന പെൺകുട്ടികളുള്ള ഒരു നാടുമുണ്ട് ഇവിടെ, അതാണ് മൗറീഷ്യസ്. അവിടെ അമിതവണ്ണമാണ് സൗന്ദര്യത്തിന്റെ അടയാളമെന്ന് കരുതുന്ന ഒരു സമൂഹം ഉണ്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു രാജ്യമെന്ന നിലയിൽ, അമിതവണ്ണമുള്ള പെൺകുട്ടികളെയാണ് പുരുഷന്മാർ അവിടെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. സൗന്ദര്യത്തിന്റെ അടയാളമായി മാത്രമല്ല, സമ്പന്നതയുടെ പ്രതീകമായിട്ട് കൂടിയാണ് അമിതവണ്ണത്തെ ജനങ്ങൾ അവിടെ കാണുന്നത്.  

കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും, അവിടുത്തെ പെൺകുട്ടികൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനായി ഒരു ദിവസം 16,000 കലോറി വരെ കഴിക്കാൻ നിർബന്ധിതരാകുന്നു എന്നാണ് പറയുന്നത്. ഈ വിഷയത്തെ കുറിച്ചുള്ള സഹാർ സാന്ദിന്റെ ഡോക്യുമെന്ററിയിയിൽ 11 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ കിലോക്കണക്കിന് കഞ്ഞിയും, ലിറ്റർ കണക്കിന് പഞ്ചസാരയിട്ട ഒട്ടകപ്പാലും കുടിക്കാൻ നിർബന്ധിതരാകുന്നത് കാണാം. ഒടുവിൽ വയറു വേദനിക്കുമ്പോഴും, ഇനി കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കരയുമ്പോഴും പിന്നെയും കുത്തിനിറച്ച് നൽകുന്നത് ആ പെൺകുട്ടികളുടെ അമ്മമാർ തന്നെയാണ്. വണ്ണം വച്ചില്ലെങ്കിൽ തങ്ങളുടെ മക്കളെ കെട്ടാൻ അനുയോജ്യരായ പുരുഷന്മാർ വരില്ലെന്ന് അമ്മമാർ ഭയക്കുന്നു.  

അഞ്ചും ആറും വയസ് പ്രായമുള്ളപ്പോൾ മുതൽ പെൺകുട്ടികൾക്ക് ഇങ്ങനെ വലിയ അളവിൽ ആഹാരം നൽകുന്നു. ഇത് അവരുടെ വയർ വികസിക്കാനും വലുതാകുമ്പോൾ കൂടുതൽ ആഹാരം കഴിക്കാനും അവരെ സഹായിക്കുമെന്ന് അവിടുത്തുകാർ വിചാരിക്കുന്നു. ആഹാരം നൽകാനായി ഒരു പ്രത്യേക കൂടാരം തന്നെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിൽ പെൺകുട്ടികൾക്ക് രണ്ടുമാസത്തേക്ക് നിർബന്ധിതമായി ഭക്ഷണം കൊടുക്കുന്നു. എല്ലാ ദിവസവും പെൺകുട്ടികൾ ഒരു ലിറ്റർ മധുരമുള്ള ഒട്ടകപ്പാൽ വീതം കുടിക്കണം, തുടർന്ന് കഞ്ഞി, മറ്റ് ആഹാരങ്ങൾ എന്നിവയും കഴിക്കണം. 3,000 കലോറിയുള്ള പ്രഭാതഭക്ഷണം കഴിക്കാൻ രണ്ട് മണിക്കൂർ എടുക്കും. ഒരു മണിക്കൂർ ഇടവേളയ്ക്ക് ശേഷം, വീണ്ടും ഉച്ചഭക്ഷണത്തിനായി 4,000 കലോറി കഴിക്കാൻ നിർബന്ധിതരാകുന്നു. ഇനി പെൺകുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചാൽ അടിക്കുകയോ, നിർബന്ധിക്കുകയോ ചെയ്യുന്നു. ഇത് രാത്രി വരെ തുടരുന്നു. 

ഒരു ദരിദ്രരാജ്യമായതു കൊണ്ട് തന്നെ എല്ലാ മാതാപിതാക്കൾക്കും ഇതുപോലെ പാലും, ഇറച്ചിയും, മുട്ടയൊന്നും വാങ്ങാൻ സാമ്പത്തിക ശേഷിയുണ്ടാകണമെന്നില്ല. അങ്ങനെ വരുമ്പോൾ കൂടുതൽ അപകടകരമായ കാര്യങ്ങളിലേയ്ക്ക് അവർ തിരിയുന്നു. മൃഗങ്ങൾക്ക് വണ്ണം വയ്ക്കാൻ കൊടുക്കുന്ന രാസവസ്തുക്കൾ അവർ മക്കൾക്ക് നൽകുന്നു.  മൗറീഷ്യൻ പെൺകുട്ടികളിൽ നാലിലൊന്ന് പേരും അമിത ഊട്ടലിന് വിധേയമാകുന്നവരാണ്. ഗ്രാമപ്രദേശങ്ങളിൽ ഇത് പിന്നെയും കൂടും. എന്നാൽ, ഇതിന്റെ ഫലമായി പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറുകൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ആ കുട്ടികൾക്ക് ഉണ്ടാകുന്നു.  

2000 -ത്തിന്റെ തുടക്കത്തിൽ ഈ സമ്പ്രദായം നിരോധിച്ചതാണെങ്കിലും, രാഷ്ട്രീയ അരക്ഷിതാവസ്ഥയും, ജനരോഷവും ഈ പരമ്പരാഗത ആചാരത്തിനെ പുനരുജ്ജീവിപ്പിക്കാൻ കാരണമായി. തിരക്കിട്ട് ഓടുന്ന ഇന്നത്തെ കാലത്ത് ഭക്ഷണം കഴിക്കാൻ ആവശ്യമായ സമയം കിട്ടാതെ വരുമ്പോൾ ശരീരഭാരം വർദ്ധിപ്പിക്കാൻ സ്ത്രീകൾ ഗുളികകളും കഴിക്കുന്നു. ഇത് ആമാശയം, നെഞ്ച്, മുഖം എന്നിവയുടെ വണ്ണം കൂട്ടുമെങ്കിലും, കൈകാലുകളെ ദുർബലമാക്കുന്നു. ഇന്ന് കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യപ്പെടുന്ന മരുന്നായി മൃഗങ്ങളുടെ വളർച്ചാ ഹോർമോണുകൾ മാറിയിരിക്കുന്നു. പലപ്പോഴും കുട്ടികളെ പ്രസവിക്കാൻ കഴിയാതെ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരായി അവർ മാറുന്നു. വണ്ണവും സ്ട്രെച്ച് മാർക്കുകളും സെക്സിയാകുന്നതിന്റെ ലക്ഷണങ്ങളായി കാണുന്ന മൗറീഷ്യസിലെ സ്ത്രീകൾ സൗന്ദര്യത്തിന്റെ പേരിൽ അങ്ങേയറ്റത്തെ രീതികൾ പോലും പരീക്ഷിക്കാൻ തയ്യാറാകുന്നു. എന്നാൽ, പതുക്കെ ഇതവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു.