ദില്ലി: രണ്ടു മക്കളുമായി സ്‌കൂട്ടറില്‍ പോകാന്‍ പല രക്ഷിതാക്കളും പാടുപെടുന്ന ഇക്കാലത്താണ് മൂന്നു വളര്‍ത്തുനായ്ക്കളെയും വച്ച് കൂളായി ഒരാള്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത്. അതും സാമാന്യം നല്ല സ്പീഡില്‍. നിത്യയാത്ര ആയതിനാല്‍ ആകണം നായ്ക്കളും വളരെ കൂളായാണ് സ്‌കൂട്ടറില്‍ ഇരിക്കുന്നത്. ഒരാള്‍ ഉടമയുടെ മടിയില്‍ ആണെങ്കില്‍ മറ്റു രണ്ടു പേര്‍ പിന്‍സീറ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. 'ദിസ് ഹാപ്പന്‍സ് ഒണ്‍ലി ഇന്‍ ഇന്ത്യ' എന്ന ഹാഷ് ടാഗോടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. 

യാത്രയ്ക്കിടെ കണ്ട ഈ അസുലഭ കാഴ്ച കഹന്‍ ബക്‌സി എന്നയുവാവാണ് വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വികാസ് നഗറിനും ഐടിഒയ്ക്കും മധ്യേയായിരുന്നു ഈ അപൂര്‍വ്വ യാത്ര. ചൊവ്വാഴ്ച വൈകിട്ട് ആറേകാലോടെയാണ് ഈ അപൂര്‍വ്വ യാത്രികര്‍ തന്റെ മുന്നിലൂടെ കടന്നുപോയതെന്ന് കഹന്‍ ബക്‌സി പറയുന്നു. ജൂലായ് നാലിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം ആയിരങ്ങളാണ് കണ്ടത്.