1998ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടിയിലാണ് കൊല്ലം ചാത്തന്നൂരിലെ ഒഴിവുപാറ സ്വദേശി സന്തോഷിനെ കേരളം ആദ്യം കണ്ടത്. പമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. ജയചന്ദ്രന്റെ റിപ്പോര്‍ട്ടിലൂടെ. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍ ഗോപകുമാറാണ് സന്തോഷിന്റെ ജീവിതത്തെ മലയാളികള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത്. 10 വര്‍ഷമായി അനാഥശവങ്ങളുടെ അത്താണിയായി ജീവിച്ച സന്തോഷിന്റെ ജീവിതമായിരുന്നു ആ റിപ്പോര്‍ട്ട്.
ആ റിപ്പോര്‍ട്ട് വന്നിട്ട് ഇപ്പോള്‍ 18 വര്‍ഷം. സന്തോഷിനെ സ്വന്തം ശബ്ദത്തിലും കെ.പി വിനോദ് പകര്‍ത്തിയ ദൃശ്യങ്ങളിലുമായി അവതരിപ്പിച്ച കെ. ജയചന്ദ്രന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കണ്ണാടിയുടെ സ്വന്തം ടി.എന്‍ ഗോപകുമാറും ഈയടുത്ത് നമ്മെ വിട്ടു പിരിഞ്ഞു. എന്നാല്‍, സന്തോഷ് ഇപ്പോഴുമുണ്ട്. അതേ പോലെ, ആര്‍ക്കും വേണ്ടാത്തവരുടെ ജീവന്‍ വിട്ടു പിരിഞ്ഞ ഉടലുകള്‍ക്ക് ആദരവും അന്ത്യകര്‍മ്മങ്ങളുമായി ജീവിച്ച അതേ മാനസികാവസ്ഥയോടെ.
എന്നാല്‍, പഴയ സന്തോഷല്ല ഇപ്പോള്‍. ആര്‍ക്കും വേണ്ടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് രണ്ടര പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച, നാട് പല വിധത്തില്‍ ആദരിച്ച ആ മനുഷ്യന്‍ അപമാനത്തിന്റെയും ക്രൂരമായ ശിക്ഷാ നടപടിയുടെയും കുരുക്കിലാണ് ഇപ്പോള്‍. ജീവിതം പോലും അനിശ്ചിതത്വത്തിലായ അവസ്ഥ.
സന്തോഷിന്റെ സേവനങ്ങള്‍ മാനിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി നല്‍കിയ അധികൃതര്‍ തന്നെയാണ് ഇപ്പോള്‍ ഈ മനുഷ്യനെ പീഡിപ്പിക്കുന്നത്. കൈക്കൂലി വാങ്ങി എന്ന കേസില്‍ സസ്‌പെന്‍ഷനിലായ താന്‍ നിരപരാധിയാണെന്ന് ഉള്ളുരുകി സന്തോഷ് പറയുന്നു. ജീര്‍ണ്ണാവസ്ഥയിലായ ഒരു മൃതദേഹം സംസ്‌കരിക്കാന്‍ എടുത്തതിന് മരിച്ചയാളുടെ ബന്ധു നല്‍കിയ ചെറിയ തുക കൈപ്പറ്റി എന്നതായിരുന്നു കുറ്റം. പറയാനുള്ളത് കേള്‍ക്കുക പോലും ചെയ്യാതെ തന്നെ സസ്‌പെന്റ് ചെയ്യുകയായിരുന്നു എന്നു സന്തോഷ് പറയുന്നു. ഇനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ആശുപത്രിയില്‍ വരികയോ ചെയ്യരുതെന്ന് ഉത്തരവിറക്കിയ മേലുദ്യോഗസ്ഥര്‍ സന്തോഷിന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ നടുക്കടലിലാക്കിയിരിക്കുകയാണ്. മകന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന ചെറിയ തുക കൊണ്ടാണ് ഇപ്പോള്‍ ജീവിതം. അപമാനവും പരിഹാസവും കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ.
എന്നാല്‍, പഴയ സന്തോഷല്ല ഇപ്പോള്‍. ആര്‍ക്കും വേണ്ടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് രണ്ടര പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച, നാട് പല വിധത്തില്‍ ആദരിച്ച ആ മനുഷ്യന്‍ അപമാനത്തിന്റെയും ക്രൂരമായ ശിക്ഷാ നടപടിയുടെയും കുരുക്കിലാണ് ഇപ്പോള്‍.
ആരും ഏറ്റെടുക്കാത്ത മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്ന സന്തോഷിന് ഈ ദൗത്യം പാരമ്പര്യമായിരുന്നു. പിതാവിന്റെ കാലശേഷമാണ് അദ്ദേഹം ചെയ്തിരുന്ന ഈ മഹത്തായ ദൗത്യം സന്തോഷ് ഏറ്റെടുത്തത്. ജീവന്‍ വിട്ടകന്ന ഉടലുകളുടെ ഭാരം ഒറ്റയ്ക്ക് തോളിലേറ്റിയ ഈ മനുഷ്യന്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഭാരം താങ്ങാനാവാത്ത നിസ്സഹായതയിലാണ്.
കാണാം, പല കാലങ്ങളിലെ സന്തോഷിന്റെ ജീവിതം.

