Asianet News MalayalamAsianet News Malayalam

വ്യത്യസ്തയാണ് ഈ 'രാജകുമാരി!'

മേഗന്‍ ലോസ് ആഞ്ചലസിലാണ് ജനിച്ചതും വളര്‍ന്നതും, താമസം ഇപ്പോള്‍ ടൊറന്റോയിലാണെങ്കിലും മേഗന്റെ അമ്മ ഡോറിയ റാഡ്‌ലന്‍ യോഗ പരിശീലകയാണ്. സാമൂഹ്യപ്രവര്‍ത്തകയും. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ്. അച്ഛന്‍ തോമസ് മാര്‍ക്കില്‍ ഡച്ച് ഐറിഷും. അതാണ് മാധ്യമങ്ങളുടെ വംശീയപരാമര്‍ശങ്ങള്‍ക്ക് കാരണമായത്.

Megan Markle biography Alaka nanda
Author
Thiruvananthapuram, First Published Dec 4, 2017, 5:59 PM IST

ഇന്നത്തെ തലമുറ പഴയ ആചാരങ്ങളില്‍നിന്ന് അകലുന്നു എന്നതിന്റെ പ്രഖ്യാപനമാണ് അടുത്ത വര്‍ഷത്തെ രാജകീയ വിവാഹം, പക്ഷേ ബ്രിട്ടിഷുകാര്‍ മേഗനെ അംഗീകരിച്ചുകഴിഞ്ഞു.

Megan Markle biography Alaka nanda

സ്വദേശം അമേരിക്ക, തൊഴില്‍ അഭിനയം. എന്നആല്‍, ഉന്നതകുലജാതയെന്ന അടിക്കുറിപ്പില്ല... ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ വധു മേഗന്‍ മാര്‍ക്കില്‍ ഇന്നുവരെയുള്ള രാജവധുക്കളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തയാണ്. ഇന്നത്തെ തലമുറ പഴയ ആചാരങ്ങളില്‍നിന്ന് അകലുന്നു എന്നതിന്റെ പ്രഖ്യാപനമാണ് അടുത്ത വര്‍ഷത്തെ രാജകീയ വിവാഹം, പക്ഷേ ബ്രിട്ടിഷുകാര്‍ മേഗനെ അംഗീകരിച്ചുകഴിഞ്ഞു.

2016ല്‍ ഒരു സുഹൃത്ത് വഴിയുണ്ടായ പരിചയം പെട്ടന്ന് വഴിമാറിയൊഴുകി എന്നാണ് കഥ.  പക്ഷേ മാധ്യമങ്ങള്‍ക്ക് ഈ വിവരം കിട്ടിയത് മാസങ്ങള്‍ കഴിഞ്ഞാണ്. നവംബറില്‍ ഹാരി രാജകുമാരന്‍ മേഗനുമായുള്ള ബന്ധം സ്ഥിരീകരിച്ചു. എന്നാല്‍ അതിനൊപ്പം മാധ്യമങ്ങള്‍ക്കുനേരെ കടുത്ത വിമര്‍ശനവുമുന്നയിച്ചു. മേഗനെ വിടാതെ പിന്തുടരുന്നതിനും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കുമായിരുന്നു വിമര്‍ശനം. പൊതുവേ പൊതുവേദികളില്‍ സ്വകാര്യജീവിതത്തെക്കുറിച്ച് വായതുറക്കാത്ത രാജകുടുംബാംഗങ്ങളുടെ പതിവിനു വിരുദ്ധമായിരുന്നു അത്.  വില്യം രാജകുമാരനും ഹാരിയെ പിന്തുണച്ചു. പിന്നീട് കുറച്ചുനാള്‍ മാധ്യമങ്ങള്‍ അവരെ വെറുതേവിട്ടു. പക്ഷേ അധികനാള്‍ നീണ്ടുനിന്നില്ല, പലയിടത്തും ഒരുമിച്ചെത്തി, രണ്ടുപേരും.  ഓഗസ്റ്റിലാണ് ആഫ്രിക്കന്‍ യാത്ര കഴിഞ്ഞെത്തിയ മേഗന്‍ വാനിറ്റി ഫെയര്‍ മാസികയോട് പ്രണയം വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ രണ്ടുപേരും ആദ്യമായി ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ എല്ലാറ്റിനും സ്ഥിരീകരണമായി. ഇപ്പോള്‍ വിവാഹപ്രഖ്യാപനവും. 

മേഗന്‍ ലോസ് ആഞ്ചലസിലാണ് ജനിച്ചതും വളര്‍ന്നതും, താമസം ഇപ്പോള്‍ ടൊറന്റോയിലാണെങ്കിലും മേഗന്റെ അമ്മ ഡോറിയ റാഡ്‌ലന്‍ യോഗ പരിശീലകയാണ്. സാമൂഹ്യപ്രവര്‍ത്തകയും. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ്. അച്ഛന്‍ തോമസ് മാര്‍ക്കില്‍ ഡച്ച് ഐറിഷും. അതാണ് മാധ്യമങ്ങളുടെ വംശീയപരാമര്‍ശങ്ങള്‍ക്ക് കാരണമായത്. മേഗന് ആറു വയസുള്ളപ്പോള്‍ ഇവര്‍ വിവാഹമോചനം നേടി. പലതവണ അമ്മ വര്‍ഗീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് മേഗന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ വേലിയുടെ രണ്ടുവശത്തും ചുവടുറപ്പിച്ചുള്ള  ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു എന്നാണ് മേഗന്റെനിലപാട്. അങ്ങനെ എല്ലാംകൊണ്ടും ഒരു റോയല്‍ ഷേക്കപ്പ്  എന്നാണ് ബിബിസി ഈ രാജകീയവിവാഹത്തെ വിശേഷിപ്പിക്കുന്നത്.

ലിംഗവിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമൂഹ്യ ഇടപെടലുകള്‍ എന്നിവയിലൊക്കെ സജീവമാണ് മേഗന്‍. ഐക്യരാഷ്ട്ര സംഘടനയുടെ സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് . പക്ഷേ ബ്രിട്ടിഷ് രാജകുടുംബത്തെ സംബന്ധിച്ച് ഇതില്‍ പലതും പുതിയ വഴികളാണ്. പ്രതികരണങ്ങള്‍ക്ക് പരിധിയുണ്ടാവും എന്നാണ് രാജകുടുംബത്തിന്റെ രീതികളുമായി പരിചയമുള്ളവരുടെ അഭിപ്രായം. നടിയായ മേഗന്‍ ഹിലരിയെ പിന്തുണച്ചിരുന്നു, ബ്രക്‌സിറ്റില്‍ പരിതപിച്ചിരുന്നു, ട്രംപിനെ വിമര്‍ശിച്ചിരുന്നു. അതെല്ലാം രാജകുടുംബത്തിന് നിഷിദ്ധമാണ്. 

ഇതൊക്കെയാണെങ്കിലും മേഗന്‍ രാജകുമാരിയായി അറിയപ്പെടില്ല. രാജരക്തമല്ലാത്തതാണ് കാരണം

താന്‍ വളര്‍ന്നത്, തെറ്റെന്ന് കരുതുന്നത് ചൂണ്ടിക്കാണിക്കാന്‍ തക്ക സാമൂഹ്യബോധത്തോടെയാണെന്ന് 36 കാരിയായ മേഗന്‍ മുമ്പ് പറഞ്ഞിരുന്നു. പക്ഷേ രാജകുടുംബത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് രാഷ്ട്രീയവിഷയങ്ങളില്‍ രാജ്ഞി നിഷ്പക്ഷമതിയായിരിക്കും എന്നാണ്. രാജ്ഞിയുടെ പാതതന്നെയാണ് കുടുംബവും പിന്തുടരുന്നത്. ചാള്‍സ് രാജകുമാരന്‍ ചിലപ്പോഴൊക്കെ പരിധികള്‍ ലംഘിക്കുന്നതിന് വളരെയടുത്തുവരെ എത്തിയിട്ടുണ്ട്. 

പരിധികള്‍ അംഗീകരിക്കാന്‍ തയ്യാറായി മേഗന്‍ എന്നാണ് നിഗമനം. തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍  മേഗന്‍.  ക്ലോസ് ചെയ്തു കഴിഞ്ഞു. ഒരു ഫാഷന്‍ ഡിസൈന്‍ സൈറ്റും മതിയാക്കി, പൊരുത്തപ്പെടലുകള്‍ തുടങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം. വിവാഹശേഷം ബ്രിട്ടിഷ് പൗരത്വം സ്വീകരിക്കാനും മേഗന്‍ തീരുമാനിച്ചുകഴിഞ്ഞു.   

ആഫ്രിക്കയോട് ആഴമുള്ളൊരു സൗഹൃദമുണ്ട് ഹാരിക്ക്. മേഗനും ആഫ്രിക്കയിലെ കുട്ടികള്‍ക്കായും സ്ത്രീകള്‍ക്കായും പ്രവര്‍ത്തിക്കുന്നു. ഈ ആഫ്രിക്കന്‍ സ്‌നേഹമാണ് അവരുടെ ബന്ധം ഊട്ടിയുറപ്പിച്ച ഒരു കാരണം

അതുകൊണ്ടുതന്നെ ബോസ്വാന വജ്രമാണ് വിവാഹനിശ്ചയമോതിരം. ആഫ്രിക്ക തന്റെ മനസിനോട് ഏറ്റവും അടുത്ത സ്ഥലമെന്ന് പറയാറുണ്ട് ഹാരി.  ഈ ആഫ്രിക്കന്‍ ബന്ധത്തിന് പഴയ തലമുറയിലും വേരുകളുണ്ട്.എലിസബത്ത്  രാജ്ഞി കെനിയന്‍ സന്ദര്‍ശനത്തിനെത്തിയത് രാജകുമാരിയായാണ്. അവിടെവച്ചാണ് അച്ഛന്‍ ജോര്‍ജ് 5മന്‍ രാജാവ് മരിച്ച വിവരമറിയുന്നത്. തിരിച്ചുപോയത് നിയുക്ത റാണിയായി. വില്യമിലേക്കും നീളുന്നു, ആഫ്രിക്കയോടുള്ള പ്രണയം. തനിക്ക് താനാവാന്‍ കഴിയുന്ന രാജ്യമെന്നാണ് വില്യമിന്റെ വിശേഷണം. കേറ്റിനോട് വില്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത് കെനിയയില്‍വച്ചാണ്.  

അമ്മയുടെ മോതിരം മൂന്നാഴ്ച കൊണ്ടുനടന്ന കഥ വില്യം തന്നെ സമ്മതിച്ചിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥനക്ക് പറ്റിയ നിമിഷത്തിനുവേണ്ടി കാത്തിരിക്കയായിരുന്നുവെന്നും. രണ്ട് രാജകുമാരന്‍മാരും ആഫ്രിക്കയിലെ പല പ്രവര്‍ത്ത്ങ്ങളുമായി സഹകരിക്കുന്നു. രണ്ടുപേര്‍ക്കും സന്നദ്ധ സംഘടനകള്‍ തന്നെയുണ്ട്, മൃഗങ്ങള്‍ക്കുവേണ്ടിയുള്ളവയുള്‍പ്പടെ. ഹാരി എച്‌ഐവി ബാധിച്ചവര്‍ക്കായി അമ്മയുടെ പേരില്‍ ഒരു സന്നദ്ധസംഘടന സ്ഥാപിച്ചിട്ടുണ്ട്. ഈ ആഫ്രിക്കന്‍ സ്‌നേഹം മേഗനും പങ്കുവക്കുന്നു. റ്വാണ്ടയടക്കം പലയിടങ്ങളും മേഗനും സന്ദര്‍ശിച്ചിട്ടുണ്ട്.

തന്റെ അടുത്ത തലമുറയിലേക്കും ആഫ്രിക്കന്‍ സ്‌നേഹം പകരും എന്നാണ് ഹാരിയുടെ പ്രതീക്ഷ. 

ഇതൊക്കെയാണെങ്കിലും മേഗന്‍ രാജകുമാരിയായി അറിയപ്പെടില്ല. രാജരക്തമല്ലാത്തതാണ് കാരണം, കെയ്റ്റ് അറിയപ്പെടുന്നത് PRINCESS WILLIAM OF WALES എന്നാണ്, അതുപോലെയാവും മേഗനും അറിയപ്പെടുക. രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചവര്‍ അതുകൊണ്ടുമാത്രം രാജകുമാരിയെന്നോ രാജകുമാരനെന്നോ അറിയപ്പെടാറില്ല,. ഡയാനയും ഔദ്യോഗികമായി രാജകുമാരിയെന്ന് അറിയപ്പെട്ടിട്ടില്ല. വെയ്ല്‍സ് രാജകുമാരി എന്നാണ് അറിയപ്പെട്ടത്. പ്രിന്‍സസ് എന്നറിയപ്പെട്ടത് ജനങ്ങളുടെ ഇടയിലാണ്. ഇനി രാജകുമാരിയെന്നോ രാജുകുമാരനെന്നോ അറിയപ്പെടണമെങ്കില്‍ എലിസബത്ത് രാജ്ഞി വിചാരിക്കണം. 

രാജ്ഞിയുമായുള്ള വിവാഹശേഷം ഫിലിപ്പ് രാജകുമാരനായി വിശേഷിപ്പിക്കപ്പെട്ടുതുടങ്ങിയത്  രാജ്ഞിയുടെ തീരുമാനമനുസരിച്ചാണ്.  രാജകുടുംബത്തിന്റെ രീതികള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചാലും വിശേഷണം നഷ്ടപ്പെടും. 1936ല്‍ എഡ്വേഡ് രാജകുമാരന്‍ പദവി ഉപേക്ഷിച്ച് അമേരിക്കന്‍ സ്വദേശിയായ വിവാഹമോചിതയായ വാലിസ് സിംപ്‌സണെ വിവാഹം കഴിച്ചതുപോലെ. അതോടെ എഡ്വേഡ്, ഡ്യൂക് ഓഫ് വിന്‍സര്‍ മാത്രമായി. വിവാഹിതരാകുന്ന രാജകുടംബാംഗങ്ങള്‍ക്കും ഇത്തരം പദവികള്‍ നല്‍കാറുണ്ട്, പുതിയ അംഗത്തിന് ഒരു പദവി നല്‍കാനുളള സൗകര്യത്തിന്. ആന്‍ഡ്രൂ രാജുകുമാരന്‍ വിവാഹത്തോടെ ഡ്യുക് ഓഫ് യോര്‍ക്ക് ആയതോടെ ഭാര്യ സാറ ഫെര്‍ഗുസണ്‍ ഡച്ചസ് ഓഫ് യോര്‍ക്കായി. വിവാഹമോചനത്തിനുശേഷവും ഡച്ചസ് എന്നാണ് സാറ അറിയപ്പെടുന്നത്. 

അതൊക്കെ രാജകുടുംബത്തിന്റെ രീതികളാണ്, ചോദ്യങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ല, കേറ്റ് ജനമനസ്സില്‍ സ്ഥാനം നേടിക്കഴിഞ്ഞു, അതുപോലെയാകാന്‍ മേഗന് കഴിയുമോ എന്നേ ഇനി അറിയാനുള്ളു, ഡയാനയെപ്പോലെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരാള്‍ രാജകുടുംബത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായിട്ടില്ല. ചാള്‍സില്‍നിന്ന് വിവാഹമോചനം നേടിയിട്ടും ഡയാനയെ ജനം രാജകുമാരിയായി തന്നെ കണ്ടു, അവരുടെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ രാജകുടുംബത്തെ ചെറുതായല്ല ഉലച്ചത്. 

ആദ്യമായി കൊട്ടാരത്തിനുനേരെ സംശയത്തിന്റെ മുള്‍മുന നീണ്ടു.  ഡയാനയുടെ മരണത്തെചുറ്റിയുയര്‍ന്ന പുകമറ ഇല്ലാതായിട്ടില്ല ഇതുവരെ . ഡയാന ഇന്നും ബ്രിട്ടിഷ്ജനതയുടെ മാത്രമല്ല ലോകജനതയുടെ മനസ്സിലും ജീവിക്കുന്നു. അതുപോലെ ഒരംഗീകാരം ഇനിയൊരാള്‍ക്ക് നേടിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഡയാനയുടെ മക്കളായ വില്യമും ഹാരിയും അമ്മയെ എത്ര സ്‌നേഹിക്കുന്നു എന്ന് അവരുടെ വാക്കുകളിലും പ്രവൃത്തിയിലും വ്യക്തമാണുതാനും.  

ഹാരി -മേഗന്‍ വിവാഹവേദി  വിന്റ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് പള്ളിയായിരിക്കും, ചെലവ് വഹിക്കുക രാജകുടുംബവും. ചാള്‍സ് കാമില്ലയെ വിവാഹം കഴിച്ചതും ഇവിടെവച്ചാണ്, 1999ല്‍ എഡ്വേഡ് രാജകുമാരന്‍ സോഫി റൈസ് ജോണ്‍സിനെ വിവാഹം കഴിച്ചതും ഇവിടെവച്ചുതന്നെ. സാധാരണ വധുവിന്റെ കുടുംബമാണ് വിവാഹചെലവ് വഹിക്കുക, ഈ വിവാഹത്തിന്റെ ചെലവ് രാജുകുടുംബം വഹിക്കും. 

വിവാഹത്തിന്റെ ആചാരങ്ങള്‍ക്ക് മാറ്റമില്ല, വരന്‍ ധരിക്കുന്നത് സൈനിക യൂണിഫോം, ഭീമന്‍ വെഡ്ഡിംഗ് കേക്ക്, ഫ്രൂട്ട് കേക്കാണ് പതിവ്, വില്യം ചോക്കളേറ്റ് ഫഡ്ജ് ആണ് തെരഞ്ഞെടുത്തതെങ്കിലും , വിവാഹമോതിരം ഹാരിക്കുണ്ടാവണമെന്നില്ല, ചാള്‍സ് ഡയാന മരിച്ചശേഷവും മോതിരം മാറ്റിയില്ലെങ്കിലും. അങ്ങനെ പഴമയുടെ ഗന്ധമുള്ള മനോഹരമായ ആചാരങ്ങളോടെ ഒരു രാജകീയ വിവാഹം കൂടി.

Follow Us:
Download App:
  • android
  • ios