സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മെന്‍സ്ട്രല്‍ കപ്പ് തരുന്ന പുതിയ ലോകത്തെ കുറിച്ചുള്ള ഈ പെണ്‍വീഡിയോ. 

ആര്‍ത്തവദിനങ്ങള്‍ കൂടുതല്‍ ആശ്വാസകരവും സന്തോഷകരവുമാക്കാനുള്ള വഴികളുണ്ട്. നിര്‍ബന്ധിതമായ വേദനകളും നനവുകളും അസ്വസ്ഥകളും ഇനിയും സഹിക്കേണ്ടതില്ല.  ആര്‍ത്തവരക്തത്തിന്‍റെ നനവും, ചീത്തമണവും നിറഞ്ഞ ആര്‍ത്തവദിനങ്ങളോട് ഗുഡ്ബൈ പറയാന്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം. 

കപ്പിന്‍റെ ഗുണങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്. പെണ്‍കുട്ടികള്‍ ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഇതിനോടകം വൈറലാണ്. റെഗ, ഐശ്വര്യ എന്നീ പെണ്‍കുട്ടികളാണ് വീഡിയോയിലുള്ളത്. റെഗ മെന്‍സ്ട്രല്‍കപ്പും, ഐശ്വര്യ തുണി കൊണ്ടുള്ള പാഡുമാണ് തെരഞ്ഞെടുക്കുന്നത്. 

നിരന്തരമായുള്ള ചിന്തകള്‍ക്കും സംശയങ്ങള്‍ക്കുമൊടുവിലാണ് ഒരാള്‍ മെന്‍സ്ട്രല്‍ കപ്പും മറ്റൊരാള്‍ തുണികൊണ്ടുള്ള പാഡും വാങ്ങുന്നത്. 
'മെന്‍സ്ട്രല്‍ കപ്പ് വാങ്ങുന്നതിന് മുമ്പ് തന്നെ പലരും അത് ഉപയോഗിക്കുന്നതെങ്ങനെയാണെന്ന് പരീക്ഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ, എനിക്ക് പേടിയില്ലാത്തതുകൊണ്ട് ഞാന്‍ അതൊന്നും ചെയ്തില്ല. ഇപ്പോള്‍ ഞാന്‍ അത് ഉപയോഗിക്കാന്‍ പോവുകയാണെ'ന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി കപ്പ് ഉപയോഗിച്ചുതുടങ്ങുന്നത്. വളരെ എളുപ്പത്തില്‍ യോനിക്കകത്തേക്ക് കപ്പ് കടത്താന്‍ കഴിഞ്ഞുവെന്നും റെഗ പറയുന്നു. ജോലി സമയത്തും, വാഷ്റൂമില്‍ പോകുന്ന സമയത്തും താന്‍ ശ്രദ്ധിച്ചുനോക്കിയെന്നും എന്നാല്‍ മെന്‍സ്ട്രല്‍ കപ്പില്‍ താന്‍ വളരെയധികം സുരക്ഷിതയായിരുന്നുവെന്നും അവള്‍ പറയുന്നു. താന്‍ ധരിച്ചിരിക്കുന്നത് വെള്ള അടിവസ്ത്രമാണ്, ഒരുതുള്ളി രക്തം പോലും അതിലില്ല, അതൊരദ്ഭുതമാണ്, താന്‍ ഒരു ഹാരിപോര്‍ട്ടര്‍ തന്നെയാണെന്നുമാണ് അവള്‍ പറയുന്നത്. 

പാഡ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അത് കറ ശേഷിപ്പിക്കുന്നതും ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടും ഐശ്വര്യ വ്യക്തമാക്കുന്നു.  

 സ്ത്രീകള്‍ക്ക് തന്‍റെ ശരീരത്തെ കുറിച്ചും യോനിയെ കുറിച്ചും കൃത്യമായ ധാരണ നല്‍കാനും കപ്പ് സഹായിക്കുന്നുവെന്നും റെഗ പറയുന്നു. ശരീരത്തില്‍ എത്ര ദ്വാരങ്ങളുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലെന്നും, വിദ്യാഭ്യാസമന്ത്രി ഇത് കാണുന്നുണ്ടെങ്കില്‍ സ്കൂളില്‍ കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതിനുള്ള നടപടിയെടുക്കണമെന്നും വീഡിയോ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് കപ്പ് ഉപയോഗിച്ചുതുടങ്ങണമെന്ന് പറഞ്ഞുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം: