പല ജീവികളുടെയും വിചിത്രമായ ഒരു കൂടിച്ചേരലാണ് സോമാലി സെൻജിസ്. അതിന്റെ ശരീരം ഒരു എലിയുടെ ആകൃതിയിലും വലുപ്പത്തിലുമാണ് ഉള്ളത്. അതിന്റെ കാലുകൾ ഒരു മാനിന്‍റേതു പോലെയും. പാറക്കെട്ടുകളിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ ഈ കാലുകൾ അവയെ സഹായിക്കുന്നു. ആനയുടെ തുമ്പിക്കയ്യിനെ ഓർമിപ്പിക്കുന്ന അതിന്റെ നീളമുള്ള മൂക്ക് ഉറുമ്പുകളെ വലിച്ചെടുക്കാൻ അവയെ സഹായിക്കുന്നു. എന്നാൽ, ഇതൊന്നുമല്ല ഇതിന്റെ പ്രത്യേകത. കഴിഞ്ഞ 50 വർഷമായി ഈ ഇത്തിരിക്കുഞ്ഞന്മാരെ കാണാനില്ലായിരുന്നു. ഭൂമുഖത്ത് നിന്ന് അവ അപ്രത്യക്ഷമായി എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ, എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ആഫ്രിക്കയിൽ അവയെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. 

1973 -ലാണ് അവയെ അവസാനമായി കാണുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു എൻ‌ജി‌ഒ -യാണ് ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷൻ (ജി‌ഡബ്ല്യുസി). അവർ പുറത്തിറക്കിയ വംശനാശം സംഭവിച്ച പ്രധാനപ്പെട്ട 25 ജീവികളുടെ പട്ടികയിൽ സോമാലി സെൻജിസും ഉൾപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് ശേഖരിച്ച 39 സോമാലി സെൻജിസുകളിൽ നിന്നാണ് അവയെ കുറിച്ചുള്ള അറിവ് നമുക്ക് ലഭിക്കുന്നത്. അവയെയെല്ലാം ഇപ്പോൾ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കയാണ് എന്ന് ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷൻ ഒരു പ്രസ്‍താവനയിൽ പറയുന്നു. ഈ സസ്‍തനിയെ 'എലിഫെന്‍റ് ഷ്രൂ' എന്നും വിളിക്കുന്നു. പേരിൽ ഒരു ആനയുണ്ടെങ്കിലും, അവയെ കണ്ടാൽ ഒരു കൈപ്പത്തിയോളമേ ഉള്ളൂ. എന്നാൽ, ചെറുതാണെന്നും വച്ച് അവയെ  വിലകുറച്ചൊന്നും കാണണ്ട. കാഴ്‍ചയിൽ എലിയെ പോലെയിരിക്കുന്ന ഇവയ്ക്ക് മണിക്കൂറിൽ 30 കിലോമീറ്ററോളം വേഗതയിൽ ഓടാൻ കഴിയുമെന്നാണ് പറയുന്നത്. 

ലോകത്ത് മൊത്തം 20 ഇനം സെൻജിസുകളുണ്ട്. അതിൽ ഏറ്റവും നിഗൂഢത നിറഞ്ഞ ഇനമാണ് സോമാലി സെൻജിസ്. 2019 -ൽ യുഎസിലെയും ജിബൂട്ടിയിലെയും ഒരുകൂട്ടം ശാസ്ത്രജ്ഞർ ജിബൂട്ടിയിൽ അവയുണ്ടെന്ന അനുമാനത്തിന്റെ പുറത്ത് അന്വേഷിക്കാൻ പുറപ്പെട്ടു. ലഭിച്ച വിവരങ്ങൾ വച്ചും, ഭൂപ്രദേശം, അഭയ സാധ്യതകൾ എന്നിവ വിലയിരുത്തിയും ഗവേഷകർ പാറക്കെട്ടിലുടനീളം 12 വ്യത്യസ്‍ത സ്ഥലങ്ങളിൽ 1,259 കെണികൾ സ്ഥാപിച്ചു. കെണിക്കകത്ത് നിലക്കടല വെണ്ണ, യീസ്റ്റ് എന്നിവ വച്ച് അവയെ ആകർഷിക്കാൻ ശ്രമിച്ചു. മൊത്തം 12 എണ്ണത്തെ കെണിവച്ച് അവർക്ക് പിടിക്കാൻ സാധിച്ചു. 

പിയർ ജെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, സോമാലിയൻ സെൻജിസ് സൊമാലിയയിലും ജിബൂട്ടിയിലും എത്യോപ്യയിലും കാണുന്ന ഒരു സാധാരണ ജീവിവർഗ്ഗമാണ് എന്ന അനുമാനത്തിൽ ഗവേഷണ സംഘം എത്തിച്ചേർന്നതായി പറയുന്നു. അവയുടെ സ്വഭാവത്തെയും, പരിസ്ഥിതിയെയും കുറിച്ച് പഠിക്കുന്നതിനായി 2022 -ൽ മറ്റൊരു പര്യവേഷണം നടത്താൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.