Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഉള്ളിലുമില്ലേ, ഈ പാട്ടുകള്‍?

Moli Jabeena music memories
Author
Thiruvananthapuram, First Published Feb 14, 2018, 10:07 PM IST

പലനിറങ്ങള്‍ തുളുമ്പുന്ന ഗിണ്ടിയിലെ തെരുവ്. ടെറസില്‍ നിന്ന് നോക്കിയാല്‍ കണ്ണെത്തുന്ന ഇടം വരെ നല്ല തിരക്ക്. കുളി കഴിഞ്ഞു വന്ന അയ്യര്‍ എന്റെ വലതുഭാഗത്ത് കസേര വലിച്ചിട്ടിരുന്ന് റോഡിലെ തിരക്കിലേക്ക് നോക്കി എന്തോ പറഞ്ഞു. മലയാളത്തിനോട് സാമ്യം ഉണ്ടെങ്കിലും തമിഴ് അന്നെനിക്ക് തീരെ മനസ്സിലാവുമായിരുന്നില്ല. സംസാരിക്കാന്‍ ആരും ഇല്ലാതെ മറ്റൊരു നാട്ടില്‍ മറ്റൊരു ഭാഷയില്‍ എനിക്ക് കൂട്ട് സംഗീതവും യാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ ബാഗിലെടുത്തിട്ട ഒന്നോ രണ്ടോ പുസ്തകങ്ങളും മാത്രം.

Moli Jabeena music memories
ഞങ്ങളുടെ ടെറസില്‍ നിന്ന് കൈ നീട്ടിയാല്‍ തൊടാമെന്ന ഉയരത്തില്‍ ഗിണ്ടി എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനങ്ങള്‍ പോവുകയും വരികയും ചെയ്യും. എല്ലാ ബഹളങ്ങളില്‍ നിന്നും മുഷിച്ചിലുകളില്‍ നിന്നും അകന്നുമാറി ദാസേട്ടന്റെ ശബ്ദത്തിലേക്ക് മാത്രമായി സ്വയം തളച്ചിട്ട വൈകുന്നേരങ്ങള്‍.
ചാരുകേശിയില്‍ 'കൃപയാ പാലയാ ശൗരേ..'യും 'കൃഷ്ണകൃപാ സാഗരവും' പതിവുകളിലെ ആദ്യ ഇനങ്ങളാണ്.

പാട്ടുകേള്‍ക്കാന്‍ കൊതിച്ചു നടന്ന ബാല്യം. കര്‍ണാട്ടിക്കെന്നോ ഹിന്ദുസ്ഥാനിയെന്നോ വേര്‍തിരിവില്ല. തെരുവ് ഗായകന്റെ മൂളല്‍ പോലും അമൃത്. മുതിര്‍ന്നപ്പോഴും ഉള്ളിലെ സംഗീതപ്രണയം അതുപോലെ തന്നെ. 

'നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളെ..'

വര്‍ഷങ്ങളായി രാക്കിളിയുടെ ലോകം ധന്യമാക്കുന്നതും ദാസേട്ടന്റെ പകരം വെക്കാനില്ലാത്ത ശബ്ദസൗന്ദര്യം.

'വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി..
നിമി നേരമേന്തിനോ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി..'

സങ്കടമാണോ സന്തോഷമാണോ കേട്ടിരിക്കേ ഉള്ളിലുണരുന്നത് എന്ന് വര്‍ഷങ്ങള്‍ നീണ്ട കേള്‍വിയിലും എനിക്കറിയില്ല. പക്ഷെ കണ്ണടച്ചിരുന്ന് സ്വയം മറക്കാന്‍ പറ്റുന്ന പാട്ടുകളില്‍ ഒന്നാണെന്ന് അറിയാം.

'ആടാടുണ്ണീ ചാഞ്ചാട്
താമരത്തൊട്ടിലിലാടാട് 
അമ്മ തന്നുള്ളിലെ താളിലക്കുമ്പിളില്‍
ആടാടെന്നോമലാടാട്..'

അരികിലുറങ്ങുന്ന കുറുമ്പിന്റെ കുഞ്ഞുകനവിലേക്ക് ഒരു നീക്കിയിരുപ്പെന്നോണം ചേര്‍ന്നു നില്‍ക്കുന്നു. ഇത്ര മധുരമായി പാടിയുറക്കാന്‍ വേറെ ആര്‍ക്ക് കഴിയും..

രാവ് കനക്കെ വേഗം നേരംവെളുത്തുപോവുമെന്ന വേവലാതികളിലേക്ക് കിളിവാതില്‍ തുറന്നെത്തുന്നു മറ്റൊരീണം.

'ചില്ലിട്ട വാതിലില്‍ വന്നുനില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ'

നിലാവില്‍ നനഞ്ഞുനില്‍ക്കുന്നൊരു വാതില്‍പ്പടിയില്‍ ഇപ്പോള്‍ ആരോ കാത്തിരിക്കുന്നുണ്ട്. 

'രാപ്പാടീ കേഴുന്നുവോ രാപ്പൂവും
വിടചൊല്ലുന്നുവോ...'

എന്ന് പിന്നെ പാട്ട് വഴി മാറും. വായനയ്‌ക്കോ എഴുത്തിനോ അതു പതിയെ കൂട്ടുചേരും.

'വികാര നൗകയുമായ് 
തിരമാലകളാടിയുലഞ്ഞു..
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളിപ്പൊന്മകളെ 
നിന്‍ പൂവിളി യാത്രാമൊഴിയാണോ...'

യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞു പോയ അത്ര മേലിഷ്ടമുള്ളൊരു നടന്റെ ഓര്‍മ്മകളിലേക്ക് കണ്‍കോണിലൊരു തുള്ളി നനവ് പടര്‍ത്തുന്നു പിന്നെ ദാസേട്ടന്‍..

മമ്മൂക്കയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച മുരളി സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പടത്തിലെ ദാസേട്ടന്റെ എവര്‍ഗ്രീന്‍ പാട്ടുകളിലൊന്ന്..

'വാഴപ്പൂങ്കിളികള്‍ ..
വാഴപ്പൂങ്കിളികള്‍ 
ഒരു പിടിനാരുകൊണ്ടു
ചെറുകൂടുകള്‍ 
മെനയും
വാഴപ്പൂങ്കിളികള്‍'

സങ്കടങ്ങളില്‍ നിന്ന് എത്ര വേഗത്തിലാണ് ഒരു കിളിപ്പാട്ടിലേക്ക് ചുവടു മാറുന്നത്..


              
'രതിസുഖസാരമായി ദേവി നിന്‍ മെയ്
വാര്‍ത്തൊരാ ദൈവം കലാകാരന്‍..'

പെണ്ണെന്നൊരു സന്തോഷത്തിലേക്ക് ഒരു കുഞ്ഞു ചിരിയായി പതിയെ ആ പാട്ട് തുളുമ്പുന്നു. അതിന്റെ തുടര്‍ച്ചയും ആ സ്വരമാധുരിയില്‍നിന്നു തന്നെ പുറപ്പെട്ടു പോവുന്നു. 

'മാനസനിളയില്‍ പൊന്നോളങ്ങള്‍...'

ഉള്ളിലെ നദിയില്‍ പെട്ടെന്നാരോ ഒരു കുഞ്ഞു കല്ലെറിയുന്നു. തുളുമ്പുന്ന സന്തോഷത്തിലേക്ക് പാട്ട് ഇളകുന്നു.


ഒരിത്തിരികാലം മുന്‍പിലേക്ക് കേള്‍വിയെ തുറന്നു വെച്ചാല്‍...

'ആറ്റിനക്കരെയക്കരെയാരാണോ
പൂത്തു നിക്കണ പൂമരമോ..
എന്നെ കാത്തു നിക്കണ പൈങ്കിളിയോ...'

എന്നു തുടങ്ങി അത്ര മനോഹരമായി പിന്നെയുമാ പാട്ടൊഴുകുന്നു.

'ആശ കൊണ്ടു ഞാന്‍ മെനഞ്ഞെടുത്തൊരു
മണ്ണുമാടം.. 
ഒരു പുല്ലുമാടം'
അതില്‍ അടുപ്പില്‍ 
സ്‌നേഹത്തില്‍ ചൂടുകാട്ടാന്‍ 
നീ മാത്രം പൊന്നേ നീ മാത്രം.'

എന്നെത്തുമ്പോള്‍ പാട്ട് തീരാതിരുന്നെങ്കില്‍ എന്നൊരു മാത്ര ചിന്തിച്ചു പോവുന്നു..

'പ്രാണസഖി 
ഞാന്‍ വെറുമൊരു പാമരനാം 
പാട്ടുകാരന്‍'

എന്നു നീ ശ്വാസത്തോളം പോന്നൊരു മന്ത്രണമായി മൂളുന്നു. 

'അരികില്‍ 
നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ 
ഒരു മാത്ര വെറുതെ കൊതിച്ചു പോയി.' 

എന്ന് ഞാനും മൂളുന്നു. ഏകാന്തമായ ഒരു വഴിത്താരയില്‍ ഒറ്റയ്ക്കാരോ നടന്നുപോവുന്നു. 

'രാസ നിലാവിനു താരുണ്യം 
രാവിനു മായിക ഭാവം..'

എന്നൊഴുകി വരുന്നു, രാത്രിയുടെ മാദകഗന്ധങ്ങളുമായി മറ്റൊരു മായാഗീതം. 

'യുഗാന്തരങ്ങളിലൂടെ നാം 
ഒഴുകുകയാണനുരാഗികളായ്' 

എന്ന് അന്നേരം, ദാസേട്ടന്‍ ചിത്രചേച്ചിയുടെ മാധുര്യക്കൂട്ടോടെ പാടുന്നു.

'കരുണാമയനെ 
കാവല്‍ വിളക്കെ 
കനിവിന്‍ നാളമേ
അശരണരാകും 
ഞങ്ങളെയെല്ലാം 
അങ്ങില്‍ ചേര്‍ക്കണെ..

'എന്നു പ്രാര്‍ത്ഥനയില്‍ ചേര്‍ത്തു വെക്കാതെ കേള്‍വി എങ്ങനെയാണ് പൂര്‍ണമാവുന്നത്..

'കളിമണ്‍ ശില്‍പം തകര്‍ന്നാല്‍
കരയുവതെന്തിന് വെറുതെ
മണ്ണും മനുഷ്യനും ഒന്നല്ലേ
മരണം മറ്റൊരു ജനനമല്ലേ..
മരണം മറ്റൊരു ജനനമല്ലേ.'

മറ്റൊരു ലോകത്ത് ജനിച്ചു കഴിഞ്ഞ പ്രിയപ്പെട്ടവരിലേക്ക് ഓര്‍മ്മകള്‍ കണ്ണു നനയിക്കുന്നു.

ഒരു തൊടിക്കപ്പുറത്തു നിന്ന് ഒരിക്കലും മറവിയില്ലാത്തൊരു സ്‌നേഹത്തിന്റെ നേര്‍ത്ത വിളി  കുഞ്ഞുപെങ്ങളുടെ ജനാലയ്ക്കരികെ വന്നു തട്ടി തിരികെ പോവുന്നുവെന്നും ഉള്ളിലാരോ മൂളുന്നു.

വെളുക്കാനിനി അധികനേരമില്ലെന്ന ഓര്‍മ്മപ്പെടുത്തലിന് സെറ്റ് ചെയ്തുവെച്ച അലാറം അടിയുമ്പോഴേക്ക് പിന്നെയും എത്രയെത്ര പാട്ടുകള്‍.

ആകാശമാകെ 
കണിമലര്‍ കതിരുമായ് 
പുലരി...'

അത്ര വലുതല്ലാത്ത ഉറക്കത്തിലേക്ക് കൈപിടിച്ചങ്ങനെ നടക്കുന്നു, പാട്ടുകള്‍.

Follow Us:
Download App:
  • android
  • ios