Asianet News MalayalamAsianet News Malayalam

ആ മഴ ഇപ്പോഴും പെയ്തു തീര്‍ന്നിട്ടില്ല!

momoir by balan thaliyil
Author
Thiruvananthapuram, First Published Sep 4, 2017, 1:44 PM IST

അമ്പരപ്പോടെ നില്‍ക്കേ, അമ്മ നെഞ്ചത്ത് കൈവെച്ചു കരയുന്നതാണ് കണ്ടത്. അമ്മയുടെ കണ്ണീരിനെ അവഗണിച്ച്, നിലവിളിയെ മുക്കി ദയരഹിതയായ മഴ പെയ്യാന്‍ തുടങ്ങി. പറമ്പില്‍  മാറ്റിവെച്ച എല്ലാ വഹകളും മഴയില്‍ കുതിരാന്‍ തുടങ്ങി. കട്ടില്‍, കിടക്ക, പായകള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, തുണികള്‍ പുറത്തെന്നപോലെ അകത്തും മഴ. പാതിരാത്രിവരെ പെയ്ത ആ മഴയില്‍ ഒരു കുടുംബം നിസ്സഹായരായി അങ്ങനെ.


momoir by balan thaliyil
അതികാലത്തു തന്നെ മുറ്റത്തുനിന്ന് ഒരു മുളയേണി ചാരിവെച്ച് അച്ഛന്‍ പുരപ്പുറത്തു കയറി. മോന്തായത്തിലിരുന്നു കാലുകള്‍  ഇരുഭാഗത്തേക്കുമിട്ടു ആണിക്കോലുകള്‍ ഓരോന്നായി ഊരിയെടുത്ത് ഭദ്രമായി കെട്ടി താഴേക്കെറിഞ്ഞു. പിന്നെ മോന്തായം പാകിയ ഓലകള്‍ പൊളിച്ചെടുത്ത് നാലുഭാഗവും തുറന്നുവെച്ചു. തുറന്ന വിടവിലൂടെ പീച്ചാത്തിയും കടിച്ചു പിടിച്ച് കുഞ്ഞാട്ടനും പുരപ്പുറത്തു കയറി. ഇഴ ചേര്‍ത്തുകെട്ടിയ ഓലകള്‍ പൊളിച്ചു കാലുകള്‍ കൊണ്ട് നീക്കി താഴത്തേക്ക് ഒഴുക്കിവിട്ടുകൊണ്ടിരുന്നു. കരിയോലയും, വെയിലും മഴയും കൊണ്ട് ദ്രവിച്ച വൈക്കോലും ചേര്‍ന്ന് വീടിന്റെ നാലുഭാഗത്തും മറച്ചുകൊണ്ടിരിക്കെ അയല്‍വീട്ടിലെ മാതുഅമ്മയും നാരായണി ഏട്ടത്തിയും കൂടി അവപെറുക്കി നല്ലത് നോക്കി തുമ്പുകള്‍ കുത്തി ചവറുകളഞ്ഞു അട്ടിയിട്ടു വെച്ചു. അടുക്കളഭാഗത്ത് നിന്നും പൊളിച്ചിട്ട കരിയോലകള്‍ പുത്തനോല കൂട്ടി പുരകെട്ടാം. ബാക്കിയുള്ളവ സന്ധ്യക്ക് തീയിടുമ്പോള്‍ ചുറ്റുമിരുന്നു ചൂടുകായും.

പൊളിച്ച വീടിന്റെ കഴുക്കോല്‍ പഴുതിലും വാരിയിലും ഒളിഞ്ഞിരിക്കുന്ന പാറ്റകളെയും പല്ലികളേയും പിടിക്കാന്‍ ചെമ്പോത്തും കാക്കകളും തക്കം നോക്കിയിരുന്നു.

പുരപൊളിക്കും മുന്‍പേ അമ്മയും പെങ്ങളും കൂടി വീട്ടിലെ ജംഗമവസ്തുക്കള്‍ ഓരോന്നായി എടുത്ത് പറമ്പിലെ ഒഴിഞ്ഞ സ്ഥലത്തും വിലപിടിപ്പുള്ളതൊക്കെ വിറകുകൂടയിലും അട്ടിയിട്ടു വെച്ചിട്ടുണ്ടാവും. എന്നാലും ഒരിക്കലും എടുത്തു മാറ്റത്ത ഒരു 'നെലോറി' വടക്കെ അകത്ത് നിലയുറപ്പിച്ചിരിക്കും. എട്ടോ പത്തോ കലങ്ങള്‍ അട്ടിയിട്ട് നിര്‍ത്തിയ ആ നിലഉറിയില്‍ പാകാന്‍ വെച്ച കയപ്പയുടെയും വെണ്ടയുടെയും വെള്ളരിയുടേയും വിത്തുകള്‍, കൂവ്വപ്പൊടി, മഞ്ഞള്‍, കോഴിമുട്ട, ഉറുക്കും ചരടും, കുറച്ചു മാത്രം നോട്ടുകള്‍, ചില്ലറ നാണയങ്ങള്‍ എന്നിവ കരുതി വെച്ചിട്ടുണ്ടാവും.

വീടുമേയുന്ന ദിവസം അമ്മമാര്‍ക്കു പതിവില്ലാത്ത വേവലാതിയാണ്.

മകരം പത്തിന് വരിക്കോളി ഉത്സവം കഴിഞ്ഞേ നാട്ടിലെ വീടുകള്‍ കേട്ടി മേയാറുള്ളൂ. പിന്നീട് ചെറുതൃക്കൊവില്‍  ഇല്ലം, കുട്ടിശ്ശങ്കര വാര്യരുടെ വീട്. അതുകഴിഞ്ഞ് വീടുകളായ വീടുകളൊക്കെ പലദിവസങ്ങള്‍ മേയാനായി കാത്തുകിടക്കും. നാട്ടിലെ പേരുകേട്ട പുരകെട്ടുകാര്‍ക്ക് അന്നത്തെ ദിവസങ്ങളില്‍ പതിവില്ലാത്ത ഗ്ലാമര്‍ ആയിരിക്കും. പുരപ്പുറത്തു ഇരുന്ന് വെയിലുകൊണ്ട് പൊരിയുമ്പൊഴുള്ള വെറുപ്പ്, താഴെ ഓലകള്‍ എറിഞ്ഞു കൊടുക്കുന്നവന്റെ  നേര്‍ക്ക് തീര്‍ക്കും.

വീടുമേയുന്ന ദിവസം അമ്മമാര്‍ക്കു പതിവില്ലാത്ത വേവലാതിയാണ്. അയല്‍വീട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് പുരനിറയെ ആളുകള്‍ കാണും. ചക്കയോ കപ്പയോ കൊണ്ട് പുഴുക്കും പുഴുക്കിന് കൂട്ടാന്‍ ചമ്മന്തിയും പാലൊഴിക്കാത്ത ചായയും, ഉച്ചനേരത്ത് ചോറും കറികളും ഒരുക്കണം. എല്ലാവരെയും അതിഥി മര്യാദയോടെ കാണണം.!  പാവം അമ്മമാര്‍ ഓടി കിതക്കുന്ന ദിവസങ്ങള്‍ ആണത്. പുരകെട്ടു കഴിഞ്ഞേ അവര്‍ക്കൊന്നു ആശ്വാസമാകൂ. പിറ്റേന്ന് പുരമേയുമ്പോഴും ഇതിലധികം വേവലാതി കാണും.

രാത്രി, പൊളിച്ച വീടിന്റെ മോന്തായത്തിനപ്പുറം തെളിഞ്ഞ ആകാശവും മേഘപാളികളെ തൊട്ടുപോകുന്ന നിലാവും കാണാം. നോക്കിനില്‍ക്കേ വീടിനുകുറുകെ നീളന്‍ ചിറവീശിപ്പറക്കുന്ന കടവാവലുകളെക്കാണാം. ഉണ്ടക്കണ്ണുമായി വാരിയില്‍ വന്നിരിക്കുന്ന കൂമനെക്കാണാം. ആകാശമേലാപ്പിലൂടെ അതിരുവിട്ടു പറക്കുന്ന രാപ്പക്ഷികളെയും കാണാം.

ഉച്ചവരെ വെയിലുകൊണ്ട് പുരപൊളിച്ച് ക്ഷീണിച്ച അച്ഛന്‍ കോലായയില്‍ മലര്‍ന്നു കിടക്കയാണ്. പൊളിച്ച വീടിന്റെ അകങ്ങള്‍ വെയിലുവീണു മറ്റേതോ ഇടം പോലെ തോന്നിച്ചു. കുട്ടികള്‍  പറമ്പുകളിലും അയല്‍ വീട്ടിലുമായി കളിക്കാന്‍ പോയിരിക്കുന്നു. എട്ടത്തിമാര്‍ അലക്കുതുണികളുമായി പുഴയിലാണ്. അയല്‍വീട്ടുകാര്‍ നാളെ വരാമെന്നേറ്റു പോയിരിക്കുന്നു. സമയം ഉച്ചമയങ്ങുന്നു...

അമ്മയുടെ കണ്ണീരിനെ അവഗണിച്ച്, നിലവിളിയെ മുക്കി ദയരഹിതയായ മഴ പെയ്യാന്‍ തുടങ്ങി.

പതിവില്ലാതെ ആകാശം ഒന്ന് കറുത്തു. ലോകത്തെ ഞെട്ടിച്ച് ആകാശത്ത് ഇടിമിന്നലുകള്‍ പുളഞ്ഞു. തുടര്‍ന്ന്, ആദ്യം കൈത്തണ്ടയിലും പിന്നെ മുഖത്തും ഓരോ തുള്ളി വീതം. പിന്നെ,  സൂര്യവെളിച്ചത്തിലൂടെ വലിയ തുള്ളികള്‍ പേറി വേനല്‍മഴ!! അമ്പരപ്പോടെ നില്‍ക്കേ, അമ്മ നെഞ്ചത്ത് കൈവെച്ചു കരയുന്നതാണ് കണ്ടത്. അമ്മയുടെ കണ്ണീരിനെ അവഗണിച്ച്, നിലവിളിയെ മുക്കി ദയരഹിതയായ മഴ പെയ്യാന്‍ തുടങ്ങി. പറമ്പില്‍  മാറ്റിവെച്ച എല്ലാ വഹകളും മഴയില്‍ കുതിരാന്‍ തുടങ്ങി. കട്ടില്‍, കിടക്ക, പായകള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, തുണികള്‍ പുറത്തെന്നപോലെ അകത്തും മഴ. പാതിരാത്രിവരെ പെയ്ത ആ മഴയില്‍ ഒരു കുടുംബം നിസ്സഹായരായി അങ്ങനെ.

അകത്തു നിറഞ്ഞ വെള്ളം കോരിയൊഴിച്ച് പുലരും വരെ ഒരു കുടുംബം മഴയില്‍.

നിലയുറിയില്‍ സൂക്ഷിച്ച അമ്മയുടെ വിലപ്പെട്ടതു പോലും മഴയില്‍ കുതിര്‍ന്നു പോയിരുന്നു. കലങ്ങളില്‍ കരുതിവെച്ച വിത്തുകള്‍, ഉറുക്കും നൂലും തുടങ്ങി ഒക്കെയും കലത്തിലെ മഴവെള്ളത്തില്‍ പൊങ്ങിക്കിടന്നു

ഇന്നും മഴക്കാലമെത്തുമ്പോഴും മഴവരുമ്പോഴും തുള്ളിച്ചാടാനല്ല മനസ്സ് കൊതിക്കാറ്. പകരം മഴയില്‍ കുതിര്‍ന്നുപോയ ഒരു വീടോര്‍മ്മയാണ് മുന്നില്‍ നിറയാറ്.

മഴക്കഥകള്‍ പറഞ്ഞു കൂട്ടുകാര്‍ പ്രലോഭിപ്പിക്കുമ്പൊഴും മനസ്സില്‍ ആ മഴക്കാലം തന്നെ!

Follow Us:
Download App:
  • android
  • ios