Asianet News MalayalamAsianet News Malayalam

നഗരത്തെ മുഴുവൻ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തി കുരങ്ങുകളുടെ വിളയാട്ടം, എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങൾ...

കൈയിൽ കിട്ടുന്നതെല്ലാം തട്ടിയെടുത്ത് ഓടുന്ന അവയെ പേടിച്ച് നാട്ടുകാർ അവരുടെ ആഭരണങ്ങൾ വരെ കണ്ടെത്താൻ കഴിയാത്ത ഇടങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുന്നു.

Monkeys have taken control over Lopburi
Author
Lopburi, First Published Jul 29, 2020, 4:04 PM IST

കൊവിഡ് 19 എന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തെത്തി നിൽക്കുമ്പോൾ, അതിനെതിരെ ജാഗ്രത പാലിക്കാൻ അധികൃതർ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും പുറത്തിറങ്ങാൻ പോലും നമുക്ക് ഭയമാണ്. തായ്‌ലൻഡിലും ഇതുപോലെ ആളുകൾ പുറത്തിറങ്ങാൻ മടിച്ച് വീടുകളിൽ തന്നെ അടച്ചിരിക്കുകയാണ്. അതിന്റെ കാരണം കൊറോണ വൈറസ് എന്ന മഹാമാരി മാത്രമല്ല. വളരെ ദുഷ്‍കരമായ മറ്റൊരു വിപത്താണ് അവർ അവിടെ നേരിടുന്നത്. പുറത്തിറങ്ങാനാവാതെ, കടകൾ തുറക്കാനാവാതെ, അവിടെ പല നഗരങ്ങളിലും ജീവിതം വല്ലാത്ത അനിശ്ചിത്വത്തിലേയ്ക്ക് വഴുതിവീഴുകയാണ്. തായ്‌ലൻഡിലെ ലോപ്‌ബുരിയിൽ നൂറുകണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. അവയെ പേടിച്ച് ആളുകൾ വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്. ഇതൊക്കെ കണ്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈയും വച്ചിരിക്കുകയാണ് അധികൃതർ.   
 

Monkeys have taken control over Lopburi


ലോപ്‌ബുരിയിലെ കുരങ്ങുകൾ ഒരുകാലത്ത് വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ പ്രിയപ്പെട്ടവയായിരുന്നു. സഞ്ചാരികൾ അവയ്ക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ, മഹാമാരിക്കുശേഷം അവിടെ വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ അവയ്ക്ക് ആഹാരം കിട്ടാതായി. ഇത് അവയെ കൂടുതൽ അക്രമാസക്തരാക്കുന്നു. കുറഞ്ഞത് 8,400 ഓളം കുരങ്ങുകളെങ്കിലും ആ പ്രദേശങ്ങളിൽ ഉണ്ടെന്ന് കണക്കാക്കുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെവരെ ഇത് വലിയ തോതിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മ്യൂസിക് സ്‍കൂൾ, സ്വർണ്ണക്കട, ബാർബർ ഷോപ്പ്, മൊബൈൽ കട, സിനിമാ തിയേറ്റർ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് ബിസിനസുകളാണ് ഇവയുടെ ആക്രമണം ഭയന്ന് അടുത്ത കാലത്തായി അടച്ചുപൂട്ടിയത്.  

മുൻപ് നഗരമധ്യത്തിലെ ഒരു അമ്പലത്തിൽ കഴിഞ്ഞിരുന്ന കുരങ്ങന്മാർ വിനോദസഞ്ചാരികളെയും ബുദ്ധമതവിശ്വാസികളെയും ഒരുപോലെ ആകർഷിച്ചിരുന്നു. മൃഗങ്ങളെ പോറ്റുന്നത് ഒരു പുണ്യപ്രവൃത്തിയായി കണക്കാക്കുന്ന അവർ തേങ്ങാ, കടും നിറമുള്ള ലഘുഭക്ഷണ പായ്ക്കുകൾ എന്നിവ വഴിപാടുകളായി ആ മൃഗങ്ങൾക്ക് സമർപ്പിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ അത് നിലച്ചപ്പോൾ വിശന്നുവലഞ്ഞ അവ ആക്രമാസക്തമാകാൻ തുടങ്ങിയിരിക്കുന്നു. പലപ്പോഴും നാട്ടുകാർ തന്നെ അവയ്ക്ക് ഭക്ഷണം കൊടുക്കേണ്ട ഗതിയാണ്. അല്ലെങ്കിലേ ഈ മഹാമാരി കാരണം പട്ടിണിയും പരിവട്ടവുമായി കഴിയുന്ന അവർക്ക് ഇത് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്. 

Monkeys have taken control over Lopburi

കൈയിൽ കിട്ടുന്നതെല്ലാം തട്ടിയെടുത്ത് ഓടുന്ന അവയെ പേടിച്ച് നാട്ടുകാർ അവരുടെ ആഭരണങ്ങൾ വരെ കണ്ടെത്താൻ കഴിയാത്ത ഇടങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുന്നു. ചിലർ വീടുവിട്ട് പോകാൻ ഭയപ്പെടുകയും അവരുടെ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടുകയും ചെയ്യുന്നു. നഗരത്തെ കീഴടക്കിയ കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ലോപ്ബുരിയിലെ പൊലീസ് തന്നെ തുറന്നു സമ്മതിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ് അവയുടെ എണ്ണം ഇരട്ടിയായത്. കുരങ്ങിനെ പട്ടിണിക്കിടാൻ മനസുവരാത്ത ആളുകൾ, പലപ്പോഴും അവയ്ക്ക് നൽകുന്നത് ജങ്ക് ഫുഡാണ്. പലരും വിശ്വസിക്കുന്നത് പഞ്ചസാര നിറഞ്ഞ ഈ ഭക്ഷണം അവയുടെ ലൈംഗികാസക്തിയെ കൂട്ടുകയും മുമ്പത്തേതിനേക്കാൾ വേഗത്തിൽ പ്രജനനം നടത്താൻ കാരണമാവുകയും ചെയ്യുന്നു എന്നാണ്. കൂടാതെ, പുതിയ ഭക്ഷണത്തിന്റെ ഫലമായി, കുരങ്ങുകളുടെ പേശികൾ വരിഞ്ഞുമുറുകുകയും തുടർന്ന് രക്തസമ്മർദ്ദവും മറ്റ് രോഗങ്ങളും ഉണ്ടാകാൻ ഇടയാവുകയും ചെയ്യുന്നു. അധികൃതർ കുറേയെണ്ണത്തിനെ വന്ധ്യകരണം ചെയ്യതെങ്കിലും, വിചാരിക്കുന്നതിലും വേഗത്തിലാണ് അവ പെറ്റുപെരുകുന്നത്.  

ഉപേക്ഷിക്കപ്പെട്ട ഒരു സിനിമാകൊട്ടകയാണ് കുരങ്ങുകളുടെ പ്രധാന ആസ്ഥാനം. ചത്ത കുരങ്ങുകളെ അടക്കുന്നതും തിയേറ്ററിന്റെ പിന്നിലുള്ള പ്രൊജക്ഷൻ റൂമിലാണ്. അവിടേയ്ക്കു പ്രവേശിക്കുന്ന ഏതൊരു മനുഷ്യനെയും അത് ആക്രമിക്കുന്നു. തൊട്ടടുത്ത്, ഒരു ഷോപ്പിൽ നിന്ന് അവ  പതിവായി സ്പ്രേ-പെയിന്റ് ക്യാനുകൾ തട്ടിയെടുക്കാറുണ്ട്. സഹികെട്ട ഉടമ, ഒടുവിൽ കുരങ്ങുകളെ ഭയപ്പെടുത്താനായി കടുവയുടെയും  മുതലയുടെയും പ്ലാസ്റ്റിക് മുഖങ്ങൾ കടയുടെ മുൻപിൽ വച്ചു. കുറച്ച് കാലം പേടിച്ച് അവ ആ വഴിയ്ക്ക് വന്നില്ല. എന്നാൽ അത് കഴിഞ്ഞപ്പോൾ വീണ്ടും പഴയപടിയായി കാര്യങ്ങൾ.  

Monkeys have taken control over Lopburi

പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥർ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കൂട്ടത്തോടെ വന്ധ്യംകരണം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ മാസം മുന്നൂറിലധികം മൃഗങ്ങളെ വന്ധ്യംകരിച്ചു. ഓഗസ്റ്റിൽ ഇരുനൂറ് എണ്ണത്തെ കൂടി വന്ധ്യകരണം ചെയ്‍തു. ഇതിനായി കുരങ്ങുകളെ പിടികൂടുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ് എന്ന് വന്യജീവി ഉദ്യോഗസ്ഥൻ ഡൂഡ്‌ഡൂം പറഞ്ഞു. ആദ്യദിവസം, അധികൃതർ കൂടുകളിൽ ഭക്ഷണവുമായി അവയെ കാത്തിരുന്നു. എന്നാൽ, രണ്ടാം ദിവസമായപ്പോഴേക്കും കൂടുകളെ എങ്ങനെ ഒഴിവാക്കണാമെന്ന് കുരങ്ങുകൾ പഠിച്ചു. “കുരങ്ങന്മാർ മിടുക്കരാണ്. അവർക്ക് അപാര ബുദ്ധിശക്തിയാണ്” ഡൂഡ്‍ഡൂം പറഞ്ഞു. ജനജീവിതത്തെ സ്‍തംഭിപ്പിച്ചുകൊണ്ട്, ഒരു നഗരത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് അവ.

Follow Us:
Download App:
  • android
  • ios