പണി കിട്ടിയത് ആര്‍ഷ ഭാരതത്തിലെ സാധാരണക്കാര്‍ക്ക്. ഒരു വിധം കുഴപ്പമില്ലാതെ പോകുന്ന ജി ഡി പിയുടെ കുതികാലിന്ന് വെടിവെച്ചു. കമ്മി അതോടെ വര്‍ദ്ധിച്ചു. മോഹിപ്പിച്ച വികസനപദ്ധതികള്‍ക്ക് പണം തികയാതെ വന്നു. പണം കടം വാങ്ങേണ്ടി വന്നു, അതിന് പലിശയും. പലിശ നമ്മുടെ പോക്കറ്റില്‍ നിന്ന്, പോകുന്നത് കടം തരാനിരിക്കുന്നവന്, മിക്കവാറും വേള്‍ഡ് ബാങ്കിന്.

അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേറ്റിംഗ് ഏജന്‍സിയായ Moody's ഇന്ത്യയുടെ നിക്ഷേപ യോഗ്യത റേറ്റിംഗ് Baa3യില്‍ നിന്നും Baa2 ആയി ഉയര്‍ത്തി. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ഇതിന് മുന്നെ റേറ്റിംഗ് ഉയര്‍ത്തിയത്. ഇതെന്താണ് സംഗതി?

റേറ്റിംഗ് ഉയര്‍ത്താന്‍ എന്താണ് കാരണം?
പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക മേഖലയില്‍ കൊണ്ടു വന്ന പരിഷ്‌കരണങ്ങള്‍ ഭാവിയില്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

എന്തൊക്കെയായിരുന്നു പരിഷ്‌കരണങ്ങള്‍?
ജിഎസ്ടി കൊണ്ടുവന്നതും നോട്ട് നിരോധനവും ബയോമെട്രിക്കല്‍ ആധാര്‍ കാര്‍ഡുമൊക്കെയാണ് പരിഷ്‌കരണങ്ങള്‍.

ഈ റേറ്റിംഗ് ഉയര്‍ത്തുന്നത് കൊണ്ട് എന്താണ് ഗുണം?
ഇന്ത്യന്‍ ഗവണ്‍മെന്റിനും ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കും വിദേശത്ത് നിന്ന് കാശ് കടമെടുക്കുന്നതിനുള്ള പലിശയുടെ നിരക്ക് കുറയും.

ഇതാര് പറഞ്ഞു?
ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.

വേറാരെങ്കിലും പറഞ്ഞോ?
പറഞ്ഞു. Edelweiss Securities Ltd ലെ institutional equities ഡിവിഷന്റെ തലവനായ നിശ്ചല്‍ മഹേശ്വരി,  ബ്ലൂംബര്‍ഗിനോട് പറഞ്ഞു.

ഇന്ത്യ കടമെടുക്കുകയോ?
അതെ, 2016ല്‍ ഇന്ത്യയുടെ പൊതുകടം ജി ഡി പിയുടെ 68% ശതമാനമായിരുന്നു. അത് 69% ശതമാനമായി ഉയരും.

എന്താണ് കടം വര്‍ദ്ധിക്കാന്‍ കാരണം?
നോട്ട് നിരോധനവും ജിഎസ്ടി കൊണ്ടുവന്നതും കാരണം ജി ഡി പിയുടെ വളര്‍ച്ച കുറഞ്ഞു.

ഇതൊക്കെ ആരു പറഞ്ഞു?
Moody's തന്നെ പറഞ്ഞു.

വേറെ ആരെങ്കിലും പറഞ്ഞോ?
പറഞ്ഞു. Business today പറഞ്ഞു.

എന്താണ് പറഞ്ഞത്?
ബജറ്റ് തയ്യാറാക്കുമ്പോള്‍ വരവും ചെലവും തമ്മിലുള്ള വ്യത്യാസം (കമ്മി) 201718 കാലയളവിലേക്കായി നിശ്ചയിച്ചിരുന്നത് 3.2 ശതമാനമായിരുന്നു. അതായത് വരവിനേക്കാള്‍ ചെലവ് 3.2 ശതമാനം കൂടുതല്‍. എന്നാല്‍ ഈ പരിധിയുടെ 96.1 ശതമാനം ഈ വര്‍ഷം ഏപ്രില്‍ ആഗസ്ത് കാലയളവില്‍ തന്നെ വന്നു ചേര്‍ന്നു.

എന്താണ് അതിന്റെ അര്‍ത്ഥം?
വരവ് കുറയുകയും ചെലവ് കുറക്കാനാകാതിരിക്കുകയും ചെയ്താല്‍ കമ്മി ശതമാനം ഇനിയും കൂടും.

അതുകൊണ്ട്?
അതുകൊണ്ട്, ചെലവ് ചെയ്യാന്‍ പണം പുറത്ത് നിന്ന് കണ്ടെത്തേണ്ടി വരും.

ആണോ? അങ്ങിനെയാണെങ്കില്‍ കമ്മി നികത്താന്‍ ആരില്‍ നിന്നും പണം കിട്ടും?
പണം നല്‍കാന്‍ വേള്‍ഡ് ബാങ്കുണ്ട്, ചൈനയുടെ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഉണ്ട്, എഡിബി ഉണ്ട്, അങ്ങിനെ പണം നല്‍കാന്‍ തിക്കും തിരക്കുമാണ്. പക്ഷേ മിക്കവാറും വേള്‍ഡ് ബാങ്കില്‍ നിന്നായിരിക്കും ഇന്ത്യ കടമെടുക്കുക. കാരണം അവരുടെ ഏറ്റവും വലിയ ക്ലയന്റ് ആണ് ഇന്ത്യ.

അതെന്തേ വേള്‍ഡ് ബാങ്ക്?
കമ്മി ശതമാനം കൂടും എന്ന് ഏകദേശം ഉറപ്പായപ്പോള്‍ വേള്‍ഡ് ബാങ്കുകാര്‍ ഇന്ത്യയിലേക്ക് വിമാനം കയറാന്‍ തുടങ്ങിയിരുന്നു. മറ്റു ബാങ്കുകാര്‍ വന്നോയെന്നറിയില്ല. ജൂണ്‍ 28 ന് വന്ന വരവില്‍ വേള്‍ഡ് ബാങ്ക് പ്രസിഡണ്ട്, നോട്ട് നിരോധനം കൊണ്ടുഴലുന്ന ഗവണ്മെന്റിനെ ഒന്ന് തഴുകിയിരുന്നു. ജി ഡി പി വളര്‍ച്ചയിലുണ്ടായ തളര്‍ച്ച ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നായിരുന്നു പ്രസിഡണ്ടിന്റെ വിലയിരുത്തല്‍. ഇന്ന് റേറ്റിംഗ് ആഘോഷിക്കുന്നത് പോലെ അന്നും പത്രമാധ്യമങ്ങളും സര്‍ക്കാറും ഇതിനെ ആഘോഷിച്ചു. പണം കടം കൊടുക്കുന്ന കമ്പനിയുടെ പ്രസിഡണ്ടിന്റെ പ്രസ്താവനയാണ് നമ്മള്‍ ആഘോഷിച്ചത്. അദ്ദേഹം ഒരു മാര്‍ക്കറ്റ് മണത്തു എന്ന് വേണം കരുതാന്‍. വന്ന വരവില്‍ അഞ്ച് പദ്ധതികള്‍ക്ക് പണം വേണമെന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു. അവരുടെയടുത്ത് ഉള്ളതും പണം, നമ്മുടെ അടുത്ത് ഇല്ലാത്തതും പണം! പോരാത്തതിന്, ഡല്‍ഹിയും മുംബൈയും അടിസ്ഥാനമാക്കി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി, ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ 130 ആം സ്ഥാനത്ത് നിന്ന് എടുത്ത് പതുക്കെ 100 ആം സ്ഥാനത്തെത്തിച്ചിരുന്നു. ആരും കൊതിച്ച് പോകും വേള്‍ഡ് ബാങ്കിലെ പണി!

അതും, Moody's റേറ്റിംഗും തമ്മിലെന്താണ് ബന്ധം?
Moody's വേള്‍ഡ് ബാങ്കിനെയും റേറ്റ് ചെയ്തിട്ടുണ്ട്. അവരുടെ കണക്ക് പ്രകാരം വേള്‍ഡ് ബാങ്കിന്റെ റേറ്റിംഗ് Aaa Stable ആണ്. കൊടുക്കുന്നവനേയും റേറ്റ് ചെയ്യും വാങ്ങുന്നവനേയും റേറ്റ് ചെയ്യും അതാണ് മൂഡിയുടെ മെയിന്‍ പണി. വിശ്വാസം അതാണല്ലോ എല്ലാം!.7

അതും വേള്‍ഡ് ബാങ്കും തമ്മിലെന്താണു ബന്ധം, ഹേ?
രണ്ട് റേറ്റിങ്ങും തീരുമാനമായ സ്ഥിതിയ്ക്ക്, ഇനി വേള്‍ഡ് ബാങ്കിന് ഈ റേറ്റിംഗ് കണക്കാക്കി ഇന്ത്യയ്ക്ക് കടം തരാം. വര്‍ദ്ധിച്ച കമ്മി കടം വര്‍ദ്ധിപ്പിച്ച് നികത്താം.

പക്ഷേ ആര്‍ക്കാണ് പണി കിട്ടിയത്? ആര്‍ക്കാണ് പണം കിട്ടിയത്?
പണി കിട്ടിയത് ആര്‍ഷ ഭാരതത്തിലെ സാധാരണക്കാര്‍ക്ക്. ഒരു വിധം കുഴപ്പമില്ലാതെ പോകുന്ന ജി ഡി പിയുടെ കുതികാലിന്ന് വെടിവെച്ചു. കമ്മി അതോടെ വര്‍ദ്ധിച്ചു. മോഹിപ്പിച്ച വികസനപദ്ധതികള്‍ക്ക് പണം തികയാതെ വന്നു. പണം കടം വാങ്ങേണ്ടി വന്നു, അതിന് പലിശയും. പലിശ നമ്മുടെ പോക്കറ്റില്‍ നിന്ന്, പോകുന്നത് കടം തരാനിരിക്കുന്നവന്, മിക്കവാറും വേള്‍ഡ് ബാങ്കിന്.

അപ്പോ നോട്ട് നിരോധനം കൊണ്ട് നേട്ടം ഉണ്ടായതാര്‍ക്കാണ്?
കൃത്യമായി പറയുകയാണെങ്കില്‍ കടം തരാനിരിക്കുന്നവന്.

അപ്പോള്‍ മൂഡിയുടെ ഈ റേറ്റിംഗ്?
അതൊക്കെ ഈ ക്യാപ്പിറ്റലിസ്റ്റുകളുടെ ഒരു തമാശയല്ലേ ചേട്ടാ!

 

(ലേഖകന്‍ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനു കീഴിലുള്ള പ്രശസ്തമായ കോളേജ് ഓഫ് റോയല്‍ ഹോളോവേയില്‍നിന്ന് എം ബി എ കഴിഞ്ഞശേഷം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഡിവിഷണില്‍ സീനിയര്‍ കണ്‍സട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു. തീരൂരിനടുത്ത് മംഗലം സ്വദേശി.)

References:

1- https://timesofindia.indiatimes.com/business/india-business/moodys-upgrades-indias-rating-citing-government-reforms/articleshow/61681086.cms

2- https://www.bloomberg.com/news/articles/2017-11-17/india-s-credit-rating-upgraded-by-moody-s-in-boost-for-modi

3- https://www.moodys.com/research/Moodys-upgrades-Indias-government-bond-rating-to-Baa2-from-Baa3--PR_374998

4- http://www.businesstoday.in/current/economy-politics/indias-fiscal-deficit-touches-96-per-cent-of-full-year-target-in-august/story/261223.html

5- http://www.worldbank.org/en/news/press-release/2016/06/27/world-bank-group-president-jim-yong-kim-to-visit-india

6- http://www.worldbank.org/en/news/press-release/2017/10/31/india-jumps-doing-business-rankings-with-sustained-reform-focus

7- https://www.moodys.com/research/Moodys-World-Banks-financial-position-remains-robust-due-to-strong--PR_362372