'എന്‍റെ സഹോദരങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഞാനിത് ചെയ്തത് അച്ഛന്‍ ലൈംഗികോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു മക്കള്‍ക്കെല്ലാം ദേഹോപദ്രവം ഏറ്റിട്ടുണ്ട്

ലോസ് ഏഞ്ചല്‍സ്:രണ്ട് വയസ് മുതല്‍ 29 വയസുവരെയുള്ള 12 മക്കളെ അച്ഛനുമ്മമാര്‍ തടവിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചങ്ങലയിലിട്ടും, പട്ടിണികിടത്തിയും, ഉപദ്രവിച്ചും കഴിഞ്ഞ മാതാപിതാക്കളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിചാരണവേളയില്‍ പുറത്തുവന്നിരിക്കുകയാണ്. ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. 

ഡേവിഡ് ടര്‍പിന്‍ (57),ഭാര്യ ലൂയിസ് ടര്‍പിന്‍ (49) എന്നിവരാണ് മക്കളെ തടവിലിട്ടതിനും അക്രമിച്ചതിനും അറസ്റ്റിലായത്. ഇവരുടെ മകള്‍ തന്നെയാണ് താനും സഹോദരങ്ങളും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ ലോകത്തെ അറിയിച്ചത്. വീട്ടിലെ വിച്ഛേദിക്കപ്പെട്ട ഫോണില്‍ നിന്ന് പരീക്ഷണമെന്നോണം പോലീസിന്‍റെ നമ്പറായ 911 ലേക്ക് വിളിക്കുകയായിരുന്നു. 13 മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ രണ്ട് വയസുള്ള കുഞ്ഞിനെ ഒഴികെ മറ്റുമക്കളെയെല്ലാം ഇവർ ഉപദ്രവിക്കുകയായിരുന്നു. മക്കള്‍ക്കെല്ലാം ദേഹോപദ്രവം ഏറ്റിട്ടുണ്ട്. നേരത്തെ ടെക്സാസിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ആ സമയത്തുതന്നെ, അവരെ ബെല്‍റ്റിനടിക്കുകയും കൂടുകളിലടക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇവരുടെ മകന്‍ പറയുന്നു. പതിമൂന്നില്‍ ഏഴ് കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. 

പോലീസ് ചെല്ലുമ്പോള്‍ പന്ത്രണ്ട് സഹോദരങ്ങളെയും ചങ്ങലയിലിട്ടിരിക്കുകയായിരുന്നു. എടുക്കാന്‍ അനുവാദമില്ലാത്ത കളിപ്പാട്ടങ്ങളെടുത്തുവെന്നും, കഴിക്കാന്‍ അനുവാദമില്ലാത്ത ഭക്ഷണമെടുത്ത് കഴിച്ചുവെന്നുമാരോപിച്ചായിരുന്നു ഇത്. 

'എന്‍റെ സഹോദരങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഞാനിത് ചെയ്തത്' എന്നാണ് വിളിച്ച പെണ്‍കുട്ടി പറഞ്ഞത്. കുട്ടികളെ ദിവസേനയെന്നോണം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു. കഴുത്തുപിടിച്ച് ഞെരിക്കുമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു. 

അച്ഛന്‍ ലൈംഗികോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി പറയുന്നുണ്ട്. തന്‍റെ പന്ത്രണ്ടാമത്തെ വയസില്‍ തന്‍റെ വസ്ത്രം അഴിച്ചുമാറ്റിയതിനു ശേഷം അച്ഛന്‍ തന്നെ മടിയിലെടുത്തിരുത്തുമായിരുന്നുവെന്നും പലതവണ നിർബന്ധിതമായി ചുംബിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഫോണില്‍ ജസ്റ്റിന്‍ ബീബര്‍ വീഡിയോ കണ്ടതിന് അമ്മ തന്‍റെ കഴുത്തുപിടിച്ചു ഞെരിച്ചു. നിനക്ക് ചാവണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അത്. 'ചാവ് ചാവ്, എന്നിട്ടേതെങ്കിലും നരകത്തില്‍ പോ' എന്ന് പറഞ്ഞുകൊണ്ട് ഉപദ്രവിക്കുകയായിരുന്നു. 

എന്‍റെ അമ്മയെ കുറിച്ച് എനിക്കൊന്നും മനസിലാകുന്നില്ല. അവര്‍ എപ്പോഴും എന്തെങ്കിലും കുറ്റം കാണിച്ചുവെന്ന് പറഞ്ഞ് നമ്മളെ ചങ്ങലക്കിട്ടുവെന്നാണ് മറ്റൊരു കുട്ടി പറഞ്ഞത്. ചങ്ങലക്കിടാത്തപ്പോള്‍ കുട്ടികളെ വേറെ വേറെ മുറിയില്‍ പൂട്ടിയിടും. കളിപ്പാട്ടങ്ങളൊക്കെ വാങ്ങിയ പടി തുറക്കാതെ വച്ചിരിക്കുകയായിരുന്നു. അതുപയോഗിക്കാന്‍ ഇവർക്ക് അനുമതിയുണ്ടായിരുന്നില്ല. പഴങ്ങളടക്കം ഭക്ഷണസാധനങ്ങള്‍ വാങ്ങും. പക്ഷെ, കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചിരിക്കും. അതില്‍ നിന്നെടുക്കാനോ കഴിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിലയച്ചിരുന്നില്ല. വീട്ടില്‍ നിന്നും പഠിപ്പിക്കുകയായിരുന്നു. ഒരുതരത്തിലും കുട്ടികള്‍ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും മാതാപിതാക്കളെടുത്തിരുന്നു. പോലീസെന്താണെന്നോ, ആശുപത്രിയെന്താണെന്നോ ഒന്നും കുഞ്ഞുങ്ങള്‍ക്ക് നേരില്‍ കണ്ട് അറിവുണ്ടായിരുന്നില്ല. ചങ്ങലക്കിട്ടിരിക്കുമ്പോഴും, മുറിയില്‍ അടച്ചിട്ടിരിക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്ക് എഴുതാനുള്ള അധികാരം കൊടുത്തിരുന്നു. അങ്ങനെയുള്ള നിരവധി പുസ്തകങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. 

മോചിപ്പിക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യസ്ഥിതിയും വളരെ മോശം നിലയിലായിരുന്നു. പതിനേഴ് വയസുള്ള കുട്ടി പത്തുവയസുകാരിയെപ്പോലെ ആയിരുന്നു. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ തൂക്കം ഏഴ് വയസുകാരിയുടേതായിരുന്നു. ഏറ്റവും മൂത്ത മകള്‍ ഇരുപത്തൊമ്പത് വയസുകാരിയുടെ തൂക്കം വെറും 37 കിലോയും. കുട്ടികള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് പലയിടങ്ങളിലായി സംരക്ഷണയിലാണ്. അവര്‍ സ്കൂളില്‍ വരുന്നുണ്ടെന്ന് പിന്നീട് ഇവരുടെ സഹപാഠികള്‍ പറഞ്ഞിരുന്നു. 

ഡേവിഡിനും ഭാര്യയ്ക്കുമെതിരെ അമ്പതോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടികളോട് ഇങ്ങനെ പെരുമാറിയതെന്ന് രണ്ടു പേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.