ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യത്ത് ഒരു കുഞ്ഞു ജനിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ, ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമമായ മോർത്തെറോണിൽ അതല്ല അവസ്ഥ. കാരണം എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാട്ടുകാർക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായത്. കുഞ്ഞിന്റെ വരവ് നാട്ടുകാർ ആഘോഷിച്ചത് ഇപ്പോൾ വലിയ വാർത്തയാവുകയാണ്.  

ലോംബാർഡിയിലെ ഒരു പർവതസമൂഹമാണ് മോർത്തെറോണി. അവിടത്തെ ജനസംഖ്യ ഈ കഴിഞ്ഞ ഞായറാഴ്‍ച ഡെനിസ് എന്ന ആൺകുഞ്ഞ് ജനിച്ചതോടെ 29 ആയി ഉയർന്നു. അതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ലെക്കോയിലെ അലസ്സാൻഡ്രോ മൻസോണി ആശുപത്രിയിൽ ജനിച്ച ഡെനിസിന്റെ ഭാരം 2.6 കിലോഗ്രാമാണ്. ഇറ്റലിയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി എന്ന് തരംതിരിക്കപ്പെട്ട ഈ ഗ്രാമത്തിലെ ജനസംഖ്യ അടുത്തിടെ ഒരാളുടെ മരണശേഷം 28 ആയി കുറഞ്ഞിരുന്നു. “ഇത് ശരിക്കും ആഘോഷത്തിന്റെ സമയമാണ്” മോർത്തെറോണി മേയർ അന്‍റൊനെല്ല ഇൻവെർനിസി പറഞ്ഞു. 

ഡെനിസിന്റെ മാതാപിതാക്കളായ മാറ്റിയോയും സാറയും ഇറ്റാലിയൻ പാരമ്പര്യത്തെ പിന്തുടർന്ന് ഒരു റിബൺ അവരുടെ വീടിന്റെ വാതിലിൽ സ്ഥാപിച്ചു. സാധാരണയായി കുഞ്ഞു ജനിക്കുമ്പോൾ ആൺകുട്ടിയാണെങ്കിൽ  നീലയും, പെൺകുട്ടിയാണെങ്കിൽ പിങ്ക് നിറവുമുള്ള റിബണുമാണ് വീട്ടുവാതിക്കൽ കെട്ടിത്തൂക്കുന്നത്. 2012 -ൽ ഒരു പെൺകുഞ്ഞ് ജനിച്ച ശേഷം, എട്ട് വർഷം കഴിഞ്ഞ് ഇപ്പോഴാണ് ഇത്തരമൊരു റിബൺ ഗ്രാമത്തിൽ വീണ്ടും കാണുന്നത്.

കൊറോണ വൈറസ് മഹാമാരിയുടെ ഇടയിൽ ഗർഭിണിയായ ഡെനിസിന്‍റെ അമ്മ പറഞ്ഞു, "ഒരു പകർച്ചവ്യാധിയുടെ സമയത്ത് ഗർഭിണിയായിട്ടുള്ള ജീവിതം എളുപ്പമല്ലായിരുന്നു. പുറത്തുപോകാനോ പ്രിയപ്പെട്ടവരെ കാണാനോ എനിക്ക് കഴിഞ്ഞില്ല." ഡെനിസ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയാൽ ഒരു പാർട്ടി ഉണ്ടാകുമെന്ന് കുടുംബം പറഞ്ഞിരുന്നു. “ഞങ്ങൾ എല്ലാവരേയും തുറന്ന കൈകളാൽ സ്വാഗതം ചെയ്യുന്നു. എന്റെ മകൻ മോർത്തെറോണി നിവാസിയാകുന്നത് സന്തോഷമുള്ള കാര്യമാണ്. കൂടാതെ, ജനസംഖ്യയിൽ അല്പമെങ്കിലും വർദ്ധനവുണ്ടാക്കാൻ അവന് കഴിഞ്ഞു എന്നതും സന്തോഷമുള്ള കാര്യമാണ്” ഡെനിസിന്റെ അമ്മ കൂട്ടിച്ചേർത്തു. 

ഇറ്റലിയിലെ ജനനനിരക്ക് 2019 -ൽ റെക്കോഡ് നിലയിൽ താഴ്ന്നുവെന്ന ഡാറ്റ പുറത്തുവന്നതിന് ഏതാനും ആഴ്‍ചകൾക്കുശേഷമാണ് ഡെനിസിന്റെ ജനനം. കഴിഞ്ഞ വർഷം 420,170 കുഞ്ഞുങ്ങളാണ് ജനിച്ചത്. 1861 -ൽ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.