കൊല്‍ക്കത്ത: കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഒരുമിച്ച് പ്‌ളസ് ടൂ പരീക്ഷ എഴുതിയപ്പോള്‍ മകനും അമ്മയും ജയിച്ചു. അച്ഛന്‍ തോറ്റു. കൊല്‍ക്കത്തയിലെ മൊണ്ടാല്‍ കുടുംബത്തിലെ മൂന്ന് പേരാണ് ഒരുമിച്ച് പരീക്ഷയെഴുതി വാര്‍ത്തകളില്‍ ഇടം നേടിയത്.

കഴിഞ്ഞദിവസമാണ് പശ്ചമിബംഗാളിലെ ഹയര്‍സെക്കണ്ടറി ഫലം പുറത്തുവന്നത്. ഹന്‍സ്ഖലിയിലെ മൊണ്ടാല്‍ കുടുംബത്തിലെ ബലറാം (42), ഭാര്യ കല്ല്യാണി, മകന്‍ ബിപ്പ് ലാപ്പ് എന്നിവര്‍ നാദിയാ ജില്ലയിലെ ദണ്ഡാല ഹസ്രപ്പൂര്‍ സ്‌കൂളില്‍ ഒരേ ക്‌ളാസ്സ് മുറിയില്‍ ഇരുന്നാണ്പഠിച്ചത്. ഒരുമിച്ചു പഠിക്കാനും പുസ്തകചെലവ് ഒഴിവാക്കാനുമായി മൂന്ന് പേരും പഠിച്ചതും ഒരു വിഷയം തന്നെയായിരുന്നു. ബിപ് ലാപ്പ് ട്യൂഷന്‍ സെന്ററില്‍ പോയി പഠിച്ച് വീട്ടില്‍ വന്ന അച്ഛനെയും അമ്മയെയും പഠിപ്പിക്കാറായിരുന്നു പതിവ്. ബിപ്പ്‌ലാപ്പ് പഠിച്ച വിഷയം വീട്ടില്‍ വന്ന് മാതാപിതാക്കളെ പഠിപ്പിക്കും. ആടു മേയ്ക്കല്‍ ജോലി ചെയ്തിരുന്ന കല്യാണി പാട്ടികബാരി ഗ്രാമത്തില്‍ തന്റെ ആടുകളെ മേയാന്‍ വിട്ട ശേഷം മരത്തിന്റെ ചുവട്ടിലിരുന്നു പഠനം.

വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്റെ പരീക്ഷ ഒന്നിച്ച് എഴുതുന്നത് നേരത്തേ തന്നെ വാര്‍ത്തയായിരുന്നു. റിസള്‍ട്ടു വന്നപ്പോള്‍ ബിപ്പ് ലാപ്പ് 50 ശതമാനം മാക്കും കല്യാണി 45 ശതമാനം മാര്‍ക്കും നേടി വിജയിച്ചു. പക്ഷേ ബലറാം തോറ്റു. എന്നാല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷ നല്‍കാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. അതില്‍ പാസ്സായില്ലെങ്കില്‍ ഒന്നു കൂടി എഴുതാനാണ് ബാലറാമിന്റെ പദ്ധതി.

പരീക്ഷ ജയിച്ച അമ്മയും മകനും ഉപരിപഠനത്തിനായി ഒരുങ്ങുകയാണ്. ബിരുദത്തിന് ഒരേ വിഷയം തന്നെ പഠിക്കാനാണ് തയ്യാറെടുക്കുന്നത്. വിവാഹത്തോടെ നിന്നുപോയ പഠനം മുമ്പോട്ട് കൊണ്ടുപോകാനായിരുന്നു ബാലറാം വീണ്ടും പരീക്ഷയെഴുതിയത്. എന്തായാലും അടുത്ത തവണ അച്ഛനെ ജയിപ്പിച്ചെടുക്കുമെന്ന വാശിയിലാണ് ബിപ്പ് ലാപ്പ്.