സ്വത്തിന്റെ പേരിൽ മക്കൾ മാതാപിതാക്കളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, പലപ്പോഴും അതിനെതിരെ ഒന്ന് ശബ്‌ദമുയർത്താനോ, പ്രതികരിക്കാനോ സാധിക്കാതെ മാതാപിതാക്കൾ നിസ്സഹായരായി നോക്കി നിൽക്കാറാണ് പതിവ്. എന്നാൽ, 108 വയസ്സായ ഒരമ്മൂമ്മ സ്വത്ത് കൈക്കലാക്കി തന്നെയും, മൂന്ന് പെൺമക്കളെയും നോക്കാതിരുന്ന മകനെതിരെ നിയമയുദ്ധത്തിന് ഇറങ്ങിത്തിരിക്കുകയുണ്ടായി. ലിംഗഭേദത്തിന്റെ ചട്ടക്കൂടുകൾ തകർക്കാൻ അവർ എന്താണ് ചെയ്തതെന്നോ? കൃഷ്ണവേണിയമ്മാൾ തന്റെ മകനിൽ നിന്ന് സ്വത്തവകാശം വീണ്ടെടുക്കുകയും അത് അവരുടെ മൂന്ന് പെൺമക്കൾക്കും മകനും തുല്യമായി വീതിച്ച് നൽകുകയും ചെയ്തു. അധികാരികളുടെ സഹായത്തോടെ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ കരുത്തോടെ പോരാടിയ ഈ മുത്തശ്ശി താമസിക്കുന്നത് തമിഴ്‌നാട്ടിലെ വില്ലുപുരത്തെ സിരുവന്താട് ഗ്രാമത്തിലാണ്.    

പ്രായം ശരീരത്തെ തളർത്തിയേക്കാമെങ്കിലും, ഒരമ്മയുടെ മനസ്സിനെയും, സ്നേഹത്തിനെയും ഒരിക്കലും തളർത്താൻ സാധിക്കില്ലെന്ന് കൃഷ്ണവേണിയമ്മാൾ തെളിയിക്കുന്നു. 900 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വീട്ടിലാണ് കൃഷ്ണവേണിയമ്മാൾ താമസിക്കുന്നത്. 1944 -ൽ പണികഴിപ്പിച്ച ആ വീട്ടിൽ അവരുടെ വിധവകളായ മൂന്ന് പെൺമക്കളുമുണ്ട്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വീടും, ആറ് കോടി വിലമതിക്കുന്ന ഭൂമിയും സർക്കാരുദ്യോഗസ്ഥനായ മകൻ ഗണേശന്  അവകാശപ്പെട്ടതാണ്. കുടുംബത്തിൽ നിന്ന് അകന്ന് താമസിക്കുന്ന ഗണേശൻ അമ്മയെയും സഹോദരങ്ങളെയും തിരിഞ്ഞു നോക്കാറില്ല. എല്ലാറ്റിനുമുപരിയായി, വസ്തുവകകൾ വിറ്റ് ഗണേശൻ അമ്മയെയും സഹോദരിമാരെയും തെരുവിൽ ഇറക്കുമോ എന്നൊരാശങ്കയും കുടുംബാംഗങ്ങളിൽ വളർന്നു. ഒക്ടോബർ അവസാനത്തിൽ, അമ്മൂമ്മയുടെ ചെറുമകനായ കമ്മങ്കനൻ ഈ ആശങ്ക അയൽവാസികളായ ഷബീർ അലി ബെയ്ഗ്, നസീർ അഹമ്മദ് എന്നിവരുമായി പങ്കിട്ടു. സുഹൃത്തുക്കൾ അവനോട് ജില്ലാ പൊലീസ് സൂപ്രണ്ട് എസ് രാധാകൃഷ്ണനെ കാണാൻ പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ആവലാതികളിൽ മൂന്ന് ദിവസത്തിനകമെങ്കിലും ഇടപെടുന്നതിൽ പേരുകേട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം.  

തുടർന്ന് മുത്തശ്ശിയും മക്കളും തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം തേടി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് ഉദ്യോഗസ്ഥനോട് കൃഷ്ണവേണിയമ്മാൾ തന്റെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. “എനിക്ക് വയസ്സായി, എപ്പോൾ വേണമെങ്കിലും ഞാൻ മരിച്ചേക്കാം. എന്റെ മകൻ സുരക്ഷിതനാണ്. എന്നാൽ, എന്റെ മൂന്ന് പെൺമക്കൾ ഞാനില്ലാതെ കഷ്ടപ്പെടുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ സ്വത്ത് എന്റെ മക്കൾക്ക് തുല്യമായി പങ്കിടാൻ വല്ല വഴിയുമുണ്ടോ?" മുത്തശ്ശി ഉദ്യോഗസ്ഥനോട് ചോദിച്ചു. തന്റെ മകനോട് ഈ ആവശ്യം പറഞ്ഞപ്പോൾ അവൻ അത് സാധിക്കില്ലെന്ന് തീർത്ത് പറഞ്ഞതായും അവർ പറഞ്ഞു. അവർ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഷബീർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടത് വൈറലായിരുന്നു. 
 
ഈ പ്രായത്തിലും സ്വന്തം മക്കൾക്ക് വേണ്ടി ഒരു അമ്മ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. അവരുടെ പ്രശ്‌നം പരിഹരിക്കാൻ ഞാൻ ഉടനെ തന്നെ വേണ്ടത് ചെയ്തൂ -രാധാകൃഷ്ണൻ പറയുന്നു. ജീവിക്കാൻ കഷ്ടപ്പെടുന്ന ഈ അമ്മയെയും, സഹോദരങ്ങളെയും, മകൻ നോക്കുന്നില്ലെന്നും, അരിയും മറ്റ് അവശ്യസാധനങ്ങൾ ഒന്നും തന്നെ വാങ്ങിക്കൊടുക്കുന്നില്ലെന്നും രാധാകൃഷ്ണൻ മനസ്സിലാക്കി. മാത്രവുമല്ല, കൃഷ്ണവേണിയമ്മാളിന് തന്റെ വീടിനോട് വല്ലാത്ത ഒരു വൈകാരിക ബന്ധമുണ്ടെന്നും, ഈ വീട്ടിൽ കിടന്ന് മരിക്കാൻ അവർ വളരെ ആഗ്രഹിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു. നിയമത്തിൽ പരിഹാരങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, The Senior Citizenship Act പ്രകാരം പരസ്പര സമ്മതത്തിലൂടെ സ്വത്ത് വീണ്ടെടുക്കാൻ വ്യവസ്ഥകളുണ്ട് എന്ന് പറഞ്ഞു. കൂടാതെ, മാതാപിതാക്കളെ മക്കൾ നോക്കാത്ത പക്ഷം സ്വത്ത് തിരിച്ചെടുക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വസ്തുവിന്റെ ഉടമസ്ഥാവകാശം തിരിച്ച് നൽകാനും, സഹോദരിമാരുമായി സ്വത്ത് പങ്കിടാനും ഗണേശനെ കൊണ്ട് പൊലീസ് സമ്മതിപ്പിച്ചു. തുടർന്ന് നാല് സഹോദരങ്ങൾക്കിടയിൽ സ്വത്ത് തുല്യമായി വിതരണം ചെയ്യുന്നതിനായി ഒരു പുതിയ സെറ്റ് പേപ്പറുകൾ തയ്യാറാക്കി. അങ്ങനെ പൊലീസ് തക്ക സമയത്ത് ഇടപെട്ട് ആ പ്രശ്‌നം പരിഹരിച്ചു. "നമ്മുടെ നാട്ടിൽ മുതിർന്ന പൗരന്മാർ സ്വത്ത് തർക്കങ്ങളുടെ പേരിൽ നിരവധി ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് മക്കൾ സ്വത്ത് കൈക്കലാക്കി അവരെ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ അവഗണിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. അത്തരം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്” രാധാകൃഷ്ണൻ പറഞ്ഞു.