മുഹമ്മദ് സുഹൈബ് എഴുതുന്നു
കഴിഞ്ഞ ആഴ്ചകളില്‍ ഫലസ്തീനിലെ ഗസ്സയില്‍ നടന്ന മനുഷ്യക്കുരുതിയും ഇസ്രയേല്‍ എംബസി ജറുസലമിലേക്ക് മാറ്റിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ശാന്തിയുടെ ഗേഹത്തില്‍ നിന്ന് ഫൈറൂസിനെ പുറത്തുകൊണ്ടുവന്നിരിക്കുന്നു. രക്തച്ചൊരിച്ചിലുകള്‍ ഏറെ കണ്ട ഫൈറൂസ് ചോദിക്കുന്നു: 'ഇനിയെത്ര കാലം കൂടി തമ്പുരാനേ...'

എണ്‍പത്തിരണ്ടാം വയസിലും ഫൈറൂസ് പാടുകയാണ്.
ഏതാനും വര്‍ഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അറേബ്യയുടെ വാനമ്പാടിയെ കാലം വീണ്ടും പാടിക്കുകയാണ്. ഫലസ്തീനിന്റെ മണ്ണില്‍ ചോര വീഴുമ്പോള്‍ ആ ജ്ഞാനവൃദ്ധ പാടാതിരിക്കുന്നതെങ്ങനെ? പാട്ടു കൊണ്ടല്ലാതെ എന്തു പ്രതികരണത്തിനാണ് എത്രയോ തലമുറകളെ താരാട്ടുപാടിയുറക്കിയ ആ സ്വരത്തിന് കഴിയുക? എല്ലാ അധിനിവേശങ്ങള്‍ക്കുമെതിരെ ഫൈറൂസിന്റെ ആയുധം എന്നും അവരുടെ ശബ്ദമാണ്. വിറയാര്‍ന്നതെങ്കിലും ഉറച്ച സ്വരത്തില്‍ അവര്‍ ചോദിക്കുന്നു: 'ഇനിയുമെത്ര കാലം എന്റെ തമ്പുരാനേ...'
ലെബനീസ് ഗായിക നൂഹാദ് ഹദ്ദാദിനെ ആര്‍ക്കുമറിയാന്‍ സാധ്യതയില്ല. ബെയ്‌റൂത്തിലെ ഒരു മാരനൈറ്റ് ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന നുഹാദ് ഹദ്ദാദ് അറേബ്യയുടെ മുഴുവന്‍ വികാരമായി മാറിയത് ഫൈറൂസ് എന്ന പേരിലാണ്. കഴിഞ്ഞ ഏഴുപതിറ്റാണ്ടോളമായി ഫൈറൂസിന്റെ ശബ്ദം കേള്‍ക്കാതെ ഒരു അറബിത്തെരുവിലും ദിവസം അവസാനിക്കാറില്ല. ഉമ്മുകുല്‍സുമിനെ (പ്രശസ്ത ഈജിപ്ഷ്യന്‍ ഗായിക, മറ്റൊരു അറബ് ഐകണ്‍) കേള്‍ക്കാതെ അറബികള്‍ ഉണരുന്നില്ലെന്നും ഏകാന്ത രാവുകളില്‍ അവരെ ഉറക്കുന്നത് ഫൈറൂസ് ആണെന്നും ജോര്‍ദാനില്‍ ഒരു ചൊല്ല് തന്നെയുണ്ട്. ഉറക്കത്തിലേക്ക് ആനയിക്കുന്ന ആ ശബ്ദം പക്ഷേ, ഇടക്കിടെ അറബികളെ ഞെട്ടിച്ചുണര്‍ത്തുകയും ചെയ്യും. അനീതിയെ ലോകം മുഴുവന്‍ നിസ്സംഗമായി നോക്കിനില്‍ക്കുമ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ ഫൈറൂസ് പാടും. ഇരകള്‍ക്ക് വേണ്ടി, മര്‍ദിതനുവേണ്ടി, കീഴടക്കപ്പെടുന്ന ആ നഗരത്തിന് വേണ്ടി. 500 കിലോമീറ്റര്‍ അകലെയുള്ള ജറൂസലമിന്‌വേണ്ടി ഫൈറൂസ് പാടിയ പാട്ടുകളൊക്കെ ചരിത്രമാണ്. അവയൊന്നും കേവലം പാട്ടുകളല്ല; പ്രാര്‍ഥനകളാണ്, ഈശ്വരനോടുള്ള കേഴലാണ്.
വര്‍ഷങ്ങളായി ഗാനരംഗത്ത് നിന്ന് അകന്ന് കഴിയുകയാണ് ഫൈറൂസ്. വാര്‍ധക്യ പീഡകള്‍, ഉലയുന്ന ആരോഗ്യം. പിന്നെ സംഗീതത്തിന്റെ ദീപശിഖയേന്താന്‍ അനന്തര തലമുറ തയാറായി കഴിഞ്ഞുവെന്ന തോന്നലും. 'ഏഹ് ഫീ അമല്‍' എന്ന അവസാന ആല്‍ബം പുറത്തിറക്കിയത് 2010 ലാണ്. 2011 ലായിരുന്നു അവസാന സ്‌റ്റേജ് പരിപാടി. അമ്മയുടെ പാതയില്‍ റീമ റഹ്ബാനിയും, ഫൈറൂസിന്റെ ഭര്‍ത്താവ് അസ്സി റഹ്ബാനിയുടെ സഹോദരരും സഹോദരപുത്രരും ആണ് ഇപ്പോള്‍ മുന്നേറുന്നത്. നിശബ്ദതയുടെ വര്‍ഷങ്ങളിലായിരുന്നു ഈ കാലമെല്ലാം ഫൈറൂസ്.
പക്ഷേ, കഴിഞ്ഞ ആഴ്ചകളില്‍ ഫലസ്തീനിലെ ഗസ്സയില്‍ നടന്ന മനുഷ്യക്കുരുതിയും ഇസ്രയേല്‍ എംബസി ജറുസലമിലേക്ക് മാറ്റിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ശാന്തിയുടെ ഗേഹത്തില്‍ നിന്ന് ഫൈറൂസിനെ പുറത്തുകൊണ്ടുവന്നിരിക്കുന്നു. രക്തച്ചൊരിച്ചിലുകള്‍ ഏറെ കണ്ട ഫൈറൂസ് ചോദിക്കുന്നു: 'ഇനിയെത്ര കാലം കൂടി തമ്പുരാനേ...' ഗസ്സയിലെ ഇസ്രയേല്‍ അതിക്രമങ്ങളുടെയും ഫലസ്തീന്‍ പ്രതിരോധത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അവരുടെ ഏറ്റവും പുതിയ ഗാനം 'ഈല മാത യാ റബ്ബൂ' മേയ്? 20 നാണ് മകള്‍ റീമ റഹ്ബാനി യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം ഒരുലക്ഷത്തോളം തവണ വീഡിയോ ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു.
ജറുസലമിനോടുള്ള ഫൈറൂസിന്റെ പ്രണയം തുടങ്ങുന്നത് അരനൂറ്റാണ്ട് മുമ്പാണ്. സഹ്‌റത്ത് മദാഈന്‍ എന്ന ലോകപ്രശസ്ത ഗാനം ഇന്നും അറബിത്തെരുവുകളിലെ വികാരമാണ്. കഴിഞ്ഞ പതിറ്റാണ്ടിന്റെ ഒടുവില്‍ പുറത്തിറക്കിയ 'പുഷ്പ നഗര'െമന്ന ഗാനമായിരുന്നു ഈ ഗണത്തില്‍ ഒടുവിലത്തേത്. അതിന്റെ തുടര്‍ച്ചയായാണ് 'ഈല മാത യാ റബ്ബൂ'. ഗസ്സ പ്രക്ഷോഭത്തിന്റെ റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി ചിത്രങ്ങളുടെ അകമ്പടിയോടെ ഫൈറൂസ് പാടുന്നു....
ഫൈറൂസിന്റെ ശബ്ദത്തില്‍ ജറൂസലം പാടുന്നു...
'ഇനിയെത്ര കാലം കൂടി നീ എന്നെ അവഗണിക്കും
ഇനിയെത്ര കാലം കൂടി നീയെന്നില്‍ നിന്ന് നോട്ടം തിരിക്കും
ഇനിയെത്ര കാലം കൂടി ശത്രുക്കള്‍ എനിക്ക് മേല്‍-
ആധിപത്യം പുലര്‍ത്തും
എന്നെ അടിച്ചമര്‍ത്തും, എന്നെ കൊല്ലാക്കൊല ചെയ്യും
അവര്‍ വലിയ ആഘോഷത്തിലാണ്.
ഞാനോ, നിന്റെ ദയക്കായി യാചനയിലും....'

