ഒരു നാട് ജാതിയും മതവും മറ്റ് അതിർത്തികളും മറന്ന് ഒന്നു ചേരുന്ന കാഴ്ചയാണ് കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂരിലേത്. 'ശൂരസംഹാരോത്സവം' അതിന്‍റെ എല്ലാ ആചാരാനുഷ്ഠാനങ്ങളുമുൾപ്പെടെ ആഘോഷിക്കുന്നത് കോഴിക്കോട് മാത്രമാണ്. ഒരു ദേശത്തിന്‍റെ ഉത്സവമായ നാട്ടുകാർ ഏറ്റെടുത്ത ഈ ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണത്തെ അമ്പലത്തിലെ ചുറ്റുമതിൽ ചിത്രം വരച്ച് ഭംഗിയാക്കുന്നത് മുസ്ലീം മതവിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയാണ്. 

നാനാജാതി മതസ്ഥരുടേത് കൂടിയാണ് ഈ അമ്പലം എന്നത് വെറും വാക്കല്ലെന്ന് പ്രവൃത്തി കൊണ്ട് തെളിയിക്കുകയാണ് ഈ നാട്ടുകാർ.  അമ്പലത്തിലെ പുറം മതിലിൽ മുരുകന്‍റെ വാഹനമായ മയിലിനെ വരച്ചു ചേർത്തിരിക്കുന്നത് കൈതപ്പോയിൽ ലിസ കോളേജിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്ന ഹഫീഫയാണ്. അതുപോലെ ശൂരസംഹാരം അവസാനിക്കുന്ന ആൽ‌ത്തറയും ഹഫീഫയുടെ ചിത്രങ്ങളാൽ മനോഹരമാണ്. പിതാവായ ഹനീഫയോടാണ് ഹഫീഫ ഇക്കാര്യം ആദ്യമായി പറഞ്ഞത്. പെൺകുട്ടിയുടെ ആഗ്രഹത്തിന് ക്ഷേത്രകമ്മറ്റിയും നാട്ടുകാരും ഒപ്പം നിന്നു. ക്ഷേത്രമതിൽ പെയിന്‍റ് ചെയ്ത് വൃത്തിയാക്കാൻ കൂടെ നിന്നത് സഹോദരിമാരായ ഹുദയും ഫിദയും പിതാവ് ഹനീഫയുമാണ്. 

വർണാഭമായ ഈ ആഘോഷം കാണാൻ എല്ലാവരും അമ്പലത്തിലെത്തും

തിരുവണ്ണൂർ പ്രദേശത്തെ എല്ലാവരും ഈ ഉത്സവത്തിൽ പങ്കാളികളാകും എന്നതാണ് ഈ ആഘോഷത്തിന്‍റെ ഏറ്റവും എടുത്തു പറയാവുന്ന പ്രത്യേകത. സുബ്രഹ്മണ്യന്‍റെയും ശൂരപദ്മാസുരന്‍റെയും താരകാസുരന്‍റെയും ഗണപതിയുടെയും കോലങ്ങളാണ് ശൂരമ്പട എന്ന് അറിയപ്പെടുന്ന ശൂരസംഹാരത്തിൽ ഉപയോഗിക്കുന്നത്. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് അവസാനം ശൂരപദ്മാസുരനെ വധിക്കും. വർണാഭമായ ഈ ആഘോഷം കാണാൻ എല്ലാവരും അമ്പലത്തിലെത്തും. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകൾ ഒന്നും ഇവിടെ പ്രശ്നമാകുന്നില്ല. 

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂരിൽ മാത്രം ആഘോഷിക്കുന്ന പ്രത്യേക ഉത്സവമാണ് ശൂരസംഹാരം. തിരുവണ്ണൂരിലേത് സുബ്രഹ്മണ്യ ക്ഷേത്രമാണ്. അസുര നിഗ്രഹത്തിനായി ദേവസേനാപതിയായി രൂപമെടുത്ത സുബ്രഹ്മണ്യസ്വാമിയുടെ വിജയത്തിന്‍റെ ആഘോഷം ഓർമ്മപ്പെടുത്തുന്ന ഉത്സവം കൂടിയാണിത്. ശ്രീമുരുകൻ ശൂരപദ്മാസുരനെ വധിച്ച ദിവസവും മകന് വേണ്ടി അമ്മ ശ്രീപാർവ്വതി നോയമ്പെടുത്ത ദിനംകൂടിയാണ് സ്കന്ദ ഷഷ്ഠി എന്ന പേരിലറിയപ്പെടുന്നത്. 

''പണ്ട് സാമൂതിരി ഭരണകാലത്ത് അവരുടെ വീട്ടിലെ സ്ത്രീകൾ യാത്ര ചെയ്തിരുന്നത് പല്ലക്കിലാണ്. ഇവരെ പല്ലക്കിൽ കൊണ്ടുപോകാൻ എത്തിയിരുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ആളുകളായിരുന്നു. അവരുടെ മൂർത്തിയായിരുന്നു സുബ്രഹ്മണ്യൻ. പിന്നീട്, വർഷങ്ങൾക്ക് ശേഷം അവരുടെ കുടുംബങ്ങൾ ഇവിടെ നിന്ന് വിട്ടുപോയി. അവരുടെ പിൻമുറക്കാർ പിന്നീട് ആരും ഉണ്ടായിരുന്നില്ല. അങ്ങനെ പ്രദേശവാസികൾ എല്ലാവരും ചേർന്ന് ആ ക്ഷേത്രം ഏറ്റെടുത്ത് ഓരോ വർഷവും ഉത്സവം നടത്തിപ്പോരുന്നു. ഒരു നാട് മുഴുവൻ ഈ ഉത്സവത്തിന് പങ്കാളികളാകും. അവിടെ വേർതിരിവുകളുണ്ടാകാറില്ല.' തിരുവണ്ണൂർ പ്രദേശവാസികളിലൊരാളായ മുരളി പറയുന്നു.

അധികമാർക്കും ഈ ഉത്സവദിനത്തെക്കുറിച്ചോ അമ്പലത്തെക്കുറിച്ചോ അറിയില്ലെന്ന് സാരം

ഒരു നൂറ്റാണ്ടിലധികമായി ഇവിടെ എല്ലാ വർഷവും ഉത്സവം നടന്നു വരുന്നു. പുറത്ത് നിന്നുള്ള ഒരാൾ പോലും തിരുവണ്ണൂരിലെ ഈ ഉത്സവത്തിൽ പങ്കാളികളാകാറില്ല എന്നതാണ് മറ്റൊരു  പ്രത്യേകത. ആ പ്രദേശത്തുള്ളവരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ഉത്സവത്തിൽ കാണികളായെത്തുന്നത്. അതായത് അധികമാർക്കും ഈ ഉത്സവദിനത്തെക്കുറിച്ചോ അമ്പലത്തെക്കുറിച്ചോ അറിയില്ലെന്ന് സാരം. 

നാട്ടുകാരുടെ മേൽനോട്ടത്തിലാണ് എല്ലാ വർഷവും നവംബർ 13 ന് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. ജാതിയുടെയോ മതത്തിന്‍റെയോ വേലിക്കെട്ടുകളില്ലാതെ ഒരു നാട് മുഴുവൻ അമ്പലപരിസരത്ത് ഒന്നു ചേരും. അമ്പലത്തിനുള്ളിൽ ദീപം തെളിയിക്കാൻ എത്തുന്നത് മുസ്ലീം സമുദായത്തിലെ പെൺകുട്ടികളാണെന്ന വസ്തുത ഈ ആരാധനാലയത്തിലെ മതേതരത്വ ഭാവത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുവണ്ണൂർ ക്ഷേത്രത്തിലെ ഉത്സവം.