Asianet News MalayalamAsianet News Malayalam

കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം...

ഒടിയന്‍റെ ഭാര്യയുടെയും കാമുകിയുടേയുമൊക്കെ സ്ഥിതി എന്താകുമെന്നൊക്കെ ഓർത്തു നോക്കിയിട്ടുണ്ട്. ഒരു ഒടിയനെ പോലും ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അദൃശ്യരായി ഇരുട്ടിൽ മറഞ്ഞിരിക്കുന്നു എന്നും ഒടിയന്മാർ. 

my beloved song sindhu m
Author
Thiruvananthapuram, First Published Nov 24, 2018, 8:00 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song sindhu m

'ഒടിയൻ' എന്ന സിനിമയുടെ ടൈറ്റിൽ ഗാനം രണ്ടു ദിവസം മുൻപ് യൂ ട്യൂബിൽ കണ്ടു. ഒടിയൻ എന്ന സങ്കല്പം ഒരു മിന്നൽ പിണർ പോലെ ഉള്ളിലൂടെ ഭയത്തോടെ പാഞ്ഞു പോയി. 'കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം... കൊണ്ടോവാം കൊണ്ടോവാം അന്തിമഹാകാളനെ കാണാൻ കൊണ്ടോവാം...'' തുടങ്ങിയ വരികൾ ഒടിയനെ കൂടുതൽ മിഴിവോടെ ഉള്ളിൽ വരച്ചിട്ടു. 

ഒടിയനെ കുറിച്ച് ചിലതൊക്കെ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. ഏട്ടമ്മയുടെ കഥകളിലെ ഒരു മുഖ്യ കഥാപാത്രം ആയിരുന്നു മായം മറിച്ചിലുകാരനായ ഒടിയൻ. ഗർഭിണികളുടെ ഭ്രൂണത്തിൽ നിന്നാണത്രെ ഒടിയന്മാർ മായം മറിയാനുള്ള മയക്കുപൊടി ഉണ്ടാക്കിയിരുന്നത്. അങ്ങനെ ഒരു തറവാട്ടിൽ ചെല്ലുകയും യുവതിയുടെ കാലടിയിലെ മണ്ണ് ശേഖരിക്കുകയും പാതിരാക്ക് ഉറക്കമുണർന്ന അവൾ തൊടിയിലേക്ക് ഇറങ്ങി ചെല്ലുകയും അവളെ ബോധരഹിതയാക്കി ഭ്രൂണം എടുക്കുകയും ചെയ്തത്രേ. അതാണ്‌ പേടിപ്പിക്കുന്ന ഒരു ഒടിയൻ കഥ. 

അവനു ഒടിവിദ്യ അറിയാം എന്നൊക്കെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട്

വേറെയും കുറെ കഥകൾ ഉണ്ട്. ഒടിയന്മാർ മൃഗങ്ങളുടെ വേഷം കെട്ടുമ്പോൾ അവർക്ക് വാല് ഉണ്ടാവില്ലത്രെ. അങ്ങനെ ഒടിയൻ ശരിക്കും ഒരു പേടി സ്വപ്നവും അതേ സമയം സത്യത്തിനും മിഥ്യക്കും ഇടക്കുള്ള അദൃശ്യമായ എന്തോ ഒന്നായി തോന്നിയിരുന്നു. ഒടിയൻ ഒടിക്കുക, അവനു ഒടിവിദ്യ അറിയാം എന്നൊക്കെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ഒടിയനെ കാണാനും അവനാൽ ഒടിയപ്പെട്ടാൽ എന്തുണ്ടാകുമെന്നും, ഒടിനേരങ്ങളിൽ അയാൾ എങ്ങനെയായിരിക്കുമെന്നൊക്കെ ഓർത്ത് തലപുകഞ്ഞിട്ടുണ്ട്. ഒടിയൻ ഗ്രാമീണർക്കിടയിലെ വല്ലാത്തൊരു മിത്തായിരുന്നു. ഇരുട്ടിന്‍റെ കൂട്ടുകാരൻ. 

ഒടിയന്‍റെ ഭാര്യയുടെയും കാമുകിയുടേയുമൊക്കെ സ്ഥിതി എന്താകുമെന്നൊക്കെ ഓർത്തു നോക്കിയിട്ടുണ്ട്. ഒരു ഒടിയനെ പോലും ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അദൃശ്യരായി ഇരുട്ടിൽ മറഞ്ഞിരിക്കുന്നു എന്നും ഒടിയന്മാർ. റഫീക്ക് അഹമ്മദിന്‍റെ ഈ പാട്ടിന്‍റെ മാന്ത്രികശക്തിയിൽ ഓടിവരുന്നു ഒടിയൻമാർ. ഒടിയനെ കുറിച്ചുള്ള എന്‍റെ സങ്കൽപ്പത്തെ പൂവണിയിക്കുമോ ഒടിയൻ എന്ന മോഹൻലാൽ ചിത്രം എന്നറിയില്ല. ഒടിയനെ കുറിച്ച് അത്രക്കും അവ്യക്തസുന്ദരമായ ഒരു ധാരണയാണ് ഉള്ളത്. പക്ഷേ, ആ പാട്ട് ശരിക്കും ഒരു ഒടിയനെ ഉള്ളിലേക്ക് ആവാഹിക്കുന്നു. 

ആദ്യമായി ഒരു ഒടിയനെ കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടാവും

പഴമയുടെ കൈതോലപ്പായയുമായി വന്നിരുന്നു നമ്മോട് സ്വകാര്യം പറയുന്നു. അന്തിമഹാകാളൻ കാവിലേക്കും പുല്ലാനിക്കാട്ടിലേക്കും വെള്ളാമ്പൽ പൂവു നുള്ളാനും നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പഴമയിൽ നിന്ന് ഒടിയനും നീലിയും മറുതയും തുടങ്ങിയ മായിക സങ്കല്പങ്ങൾ ഇറങ്ങി വരുന്നു. മോഹൻലാലിന്‍റെ ഒടിയൻ ഒടിവിദ്യകൊണ്ടു നമ്മെ മയക്കുമെന്ന് പ്രത്യാശിക്കാം. ആദ്യമായി ഒരു ഒടിയനെ കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടാവും. ഞാനറിയാതെ ഇപ്പോൾ ആ പറമ്പിലൂടെ ഓടിയനു പിറകെ നടക്കുകയാണ്. 'വന്നോളാം വന്നോളാം നീ ചായും കൂട്ടിൽ വന്നോളാ'മെന്നു മൂളികൊണ്ട്... 

Follow Us:
Download App:
  • android
  • ios