Asianet News MalayalamAsianet News Malayalam

കാലം എനിക്കൊരു പാട്ടാണ്‌...

വെള്ളാരംകല്ലുകൾ താഴെ വീണു ചിതറുന്നതു പോലെ കലപില കൂടിയ സ്കൂൾ ജീവിതത്തിലെ ചിരികളികളിലേയ്ക്കും കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും  വിളിച്ചോണ്ട് പോകുന്ന ഒരുപാട് പാട്ടുകളുണ്ട്. 

my beloved songs rarima
Author
Thiruvananthapuram, First Published Jan 2, 2019, 6:02 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved songs rarima

നരഭോജിയായിരുന്ന ഈദി അമീൻചേട്ടൻ  വന്യമായ ആഫ്രിക്കന്‍സംഗീതം ആസ്വദിക്കുമായിരുന്നു. ദുഷ്ടനായ ഔറംഗസീബ്  തന്ത്രിവാദ്യം വായിക്കുമായിരുന്നു. അപ്പോ പാടാനറിയാത്ത എനിക്കും ആകാലോ അല്‍പസ്വല്‍പം മ്യൂസിക് ഒക്കെ. ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നായ കർണ്ണാടക സംഗീതം എനിക്ക് പൂർണ്ണമായി പിടികിട്ടാറില്ല.

പേര്‍ഷ്യന്‍- അഫ്ഗാന്‍ സംഗീതശൈലികളുടെ സ്വാധീനത്തില്‍  ഉരുത്തിരിഞ്ഞ ഹിന്ദുസ്ഥാനിയുടെ കാര്യം പറഞ്ഞാൽ VVIP -കൾ മരിക്കുമ്പോള്‍ റേഡിയോയിലും മറ്റും കേള്‍പ്പിക്കുന്ന കരച്ചില്‍ പോലെയുള്ള വാദ്യസംഗീതമാണതെന്നാ ചെറുതിലെ കരുതിയിരുന്നെ. എന്നാൽ,  ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ഇടയ്ക്ക കൊട്ടി പ്രത്യേക രീതിയിൽ  പാടുന്ന സോപാനം എനിക്ക് ഇഷ്ടമാണ്. കഥകളിയിലെ  ഭാവസംഗീതവും കടിച്ചാൽ പെട്ടെന്ന് പൊട്ടില്ലെനിക്ക്. പോപ്പും  ജാസും റോക്ക് ആന്‍ഡ് റോള്‍, ഡിസ്‌കോ,  ഹെവിമെറ്റല്‍, റാപ് ഇവയും അധികങ്ങോട്ട് ദഹിക്കാറില്ല. അതു കൊണ്ട് നമുക്ക് സാധാരണക്കാരന്റെ സിനിമാ പാട്ടിലേക്ക് വരാം .

ചില പാട്ടുകൾ ചില കാലഘട്ടങ്ങളിലോട്ട്  കുട്ടിക്കൊണ്ടുപോവാറില്ലേ? ഒരു കാലം മുഴുവനായി ആ സംഗീതത്തിൽ ഒതുങ്ങിയിരിക്കുന്നത് പോലെ! അതെ! കാലം എനിക്കൊരു  പാട്ടാണ്‌.

'സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ' എന്ന ഈരടികൾ എപ്പോ കേട്ടാലും മനസ്സ് സൂം ചെയ്യുന്നത് സത്യസന്ധതയാർന്ന അഭിനയത്താൽ കഥാപാത്രത്തിന്  സ്വത്വം നല്‍കിയ സത്യൻസാറെന്ന നടന്റെ മുഖത്തേക്കല്ല. പകരം ഗ്രാമഫോണിലേക്ക് റെക്കോര്‍ഡ് ഫിറ്റ് ചെയ്ത് സർജന്റെ കയ്യടക്കത്തോടെ സ്റ്റൈലസ് എടുത്ത് വെക്കുന്ന എന്റെ ചേട്ടമ്മാരിലേക്കാണ് !

എഴുപതുകളിലെ ചില പാട്ടുകൾക്ക് മൊരിഞ്ഞ കാഞ്ചിപുരം ദോശയുടെ രുചിയാണ്

ഒരു അഞ്ചു വയസ്സുകാരിയെ റെക്കോഡ് പ്ലെയറിൽ തൊടീക്കുവാനുള്ള ഹൃദയവിശാലത അന്തകാലത്ത് ഒട്ടും പ്രതീക്ഷിക്കാൻ പറ്റില്ലല്ലൊ.  ഹിസ്‌ മാസ്റ്റേഴ്സ് വോയ്‌സിൽ മാസ്റ്ററിന്റെ  ശബ്‌ദത്തിന്‌ കാതോർത്തിരുന്ന പട്ടിയുടെ  പടമുള്ള പെട്ടി മറ്റാരും അടുത്തില്ലാത്തപ്പോൾ തുറന്നു നോക്കി അടയ്ക്കുവാൻ പാടുപെട്ട പെറ്റിക്കോട്ടുകാരിയിലേക്ക് അധികദൂരമില്ലാത്തപോലെ തോന്നുന്നു.  'കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും' ,'മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി' , 'ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം'  ഇവ  കാട്ടിത്തരുന്നത് ആകാശവാണിയുടെ 'ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാന'ങ്ങളും ശ്രീലങ്കപ്രക്ഷേപണ നിലയത്തിലെ  സരോജി ശിവലിംഗത്തിന്റെ അവതരണത്തിൽ 3-30 -ന്റെ മലയാളം പാട്ടുകളും കേട്ടുകൊണ്ടിരിക്കുന്ന എട്ട് വയസ്സുകാരിയേയാണ്.

എന്താണെന്നറിയില്ല,  എഴുപതുകളിലെ ചില പാട്ടുകൾക്ക് മൊരിഞ്ഞ കാഞ്ചിപുരം ദോശയുടെ രുചിയാണ്. ഒപ്പം ഉഴുന്ന് പരിപ്പ്, കുരുമുളക്, കായം, ചുവന്ന മുളക് ഒക്കെ വറുത്ത് നനുനനേ പൊടിച്ച്, പാകത്തിന് ഉപ്പും ചേർത്ത്,  കുറച്ച് വെളിച്ചണ്ണയിൽ കുതിർത്ത് ദോശയുടെ കൂടെ കഴിക്കാനായി അമ്മ ഉണ്ടാക്കാറുള്ള ചട്നിപ്പൊടിയുടെ സ്വാദും നാവിലേക്ക് കിനിഞ്ഞിറങ്ങും. കുട്ടിക്കാലത്ത് കേട്ട്  മനസ്സില്‍ ഏങ്ങനെയോ പതിഞ്ഞുപോയ വരികള്‍ എന്നെപ്പോലെ എത്ര പേർക്കായിരിക്കും   നൊസ്റ്റാള്‍ജിയയായിരിക്കുക!

ഹര്‍ഷബാഷ്പം തൂകി.. സന്യാസിനി.. ചക്രവർത്തിനി.. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.. ആയിരം പാദസരം.. മഞ്ജുഭാഷിണി.. മാണിക്യവീണയുമായി  എന്നിങ്ങനെ ഫീലുള്ള പാട്ടുകൾ കേൾക്കുമ്പോ ആരഭിനയിച്ചതായാലും ശരി  മരം ചുറ്റി നായകനും സുന്ദരനും സുമുഖനുമായിരുന്നു പ്രേംനസീറിനെയെ എനിക്ക് ഓർക്കാനാകുന്നുള്ളു. സൂപ്പർസ്റ്റാർ പട്ടം കല്‍പ്പിച്ച് കിട്ടിയിട്ടില്ലേലും രൂപത്തിലും മനസ്സിലും പെരുമാറ്റത്തിലും  നിറയെ സൗന്ദര്യം സൂക്ഷിച്ചിരുന്നല്ലൊ അദ്ദേഹം.


ഞാന്‍ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു സംഗീത റിഹേഴ്സൽ നേരിൽ കാണുന്നത്.  ആലപ്പുഴ SD കോളേജിൽ പഠിച്ചിരുന്ന   മൂത്തചേട്ടൻ തന്റെ സുഹൃത്തുക്കൾക്ക് യൂത്ത് ഫെസ്റ്റിവൽ പ്രാക്ടീസിന്  ഞങ്ങളുടെ വീട്ടിലാണ്  സ്ഥലസൗകര്യം ചെയ്തു കൊടുത്തത്. ഗായകരായ ശശികുമാറിന്റെയും പുഷ്പയുടേയും duet "യമുനേ നീ ഒഴുകൂ... കാമിനി... യദുവംശമോഹിനി..." ഇന്നും ഓർമ്മയിൽ മഴവില്ല് വിടർത്തി മായാതെ നില്‍ക്കുന്നുണ്ട്. അവർ അത്തവണ യുവജനോത്സവ വിജയികളുമായി. (പിന്നീട് SP ആയിരുന്ന ശശികുമാർ ഇടറി വീണ ഈരടി പോലെ ഏതാനും മാസങ്ങൾ മുമ്പാണ് വിട പറഞ്ഞത്.) 

വെള്ളാരംകല്ലുകൾ താഴെ വീണു ചിതറുന്നതു പോലെ കലപില കൂടിയ സ്കൂൾ ജീവിതത്തിലെ ചിരികളികളിലേയ്ക്കും കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും  വിളിച്ചോണ്ട് പോകുന്ന ഒരുപാട് പാട്ടുകളുണ്ട്. സെമി ക്ലാസിക്കൽ ഗാനമായ 'ഇന്നെനിക്കു പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം' - ഭയങ്കര രസമായി പാടിയ മെലിഞ്ഞു കൊലുന്നനെ  വിഷാദച്ഛായ പടര്‍ന്ന മുഖമുള്ള സ്കൂളിൽ ജൂനിയറായിരുന്ന സുജാത ( പിന്നീട് ഡോക്ടറായ) ഇന്നുമെന്റെ മുന്നിലുണ്ട്.

ഓർമകളിലേക്ക് ഒരു കോളേജ് കാലം കൂടിയെത്തുന്നു  

ബോംബെയില്‍നിന്നും വിവിധ്ഭാരതിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്ന രൂപ് തേരാ മ സ് താനാ, കഹീനാ ജാവോ ഛോഡ് കെ, തേരി മൻകീ ഗംഗാ തുടങ്ങിയ ഹിന്ദി പാട്ടുകളിലും എണ്ണിത്തീര്‍ക്കാവുന്നതിലധികം   വര്‍ണങ്ങൾ നിറഞ്ഞ ഓർമ്മയുടെ ഒഴുക്കാണ്. ഗാനഗന്ധർവനോടുള്ള ആരാധന കൊണ്ടായിരിക്കാം അക്കാലത്ത് നാവോടുനാവുകള്‍ പാടിയിരുന്ന 
''Gori Tera Gaon Bada Pyaara
Chand Jaise Mukhde Pe'' -കൗമാര സൗഹൃദങ്ങളെ ഓർപ്പിക്കുന്നുണ്ട്. 

1980-കളിലാണ് കാസറ്റുകളുടെ വരവ്. ' ഉത്രാടപ്പൂനിലാവേ വാ, എന്നും ചിരിക്കുന്ന സൂര്യന്‍റെ ചെങ്കതിര്‍, ഒരുനുള്ളു കാക്കപ്പൂ, എന്‍ ഹൃദയപ്പൂത്താലം തുടങ്ങിയ ഗാനങ്ങൾ പാട്ടിനോടുള്ള ഇഷ്ടം വഴിയിട്ട നൂല്‍പ്പാലത്തിലൂടെ ഹൃദയത്തിൽ ഉതിർന്നു വീണ  തേൻതുള്ളികളാണ്. ഓർമകളിലേക്ക് ഒരു കോളേജ് കാലം കൂടിയെത്തുന്നു. "മൈനാകം കടലിൽ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങൾ തിരയുന്നുവോ... '' സര്‍ഗാത്മകശേഷികൾ  ഏറ്റവും കത്തിനിൽക്കുന്ന  കൗമാരം 'വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ ഫൺ' എന്ന് വെല്ലുവിളിച്ച്  സുഹൃത്തുക്കളുമൊത്ത് ആഘോഷമാക്കാതെ രാവിലേ ആറു മണിക്ക് ഉറക്കപ്പിച്ചോടെ ട്യൂഷനും പ്രാക്ടിക്കലും കോച്ചിങ്ങും ആയി പാഞ്ഞു നടന്നിരുന്ന  എന്റെ പ്രീഡിഗ്രിക്കാലം!  

പക്ഷെ അന്നും ഈ "മൈനാകം" എന്താണ് എന്ന്  ഒരുപാട് ചിന്തിച്ചിരുന്നു. ഒത്തിരി ഇഷ്ടമായിരുന്ന ആ ഗാനം ഇന്നുമെന്നെ കൊതിപ്പിക്കുന്നുണ്ട്. കൃഷ്ണമണികൾ വിടർത്തി കണ്ണുകളിൽ കടലൊളിപ്പിച്ചു നോക്കുമ്പോൾ  പരസ്പരം വാചാലമാകുന്ന മൗനങ്ങൾക്ക് അർത്ഥം തേടുന്ന ക്യാമ്പസ് കാലമാണ് ഒ.എന്‍.വി സാറിന്റെ പാട്ടുകൾ ഓർമ്മയിലെത്തിക്കുന്നത്... 

അന്നൊക്കെ കാമ്പസുകളിലെ പ്രേമത്തിന് സുകുമാരനേയും ശങ്കറിന്റേയും ജോസിന്റേയും രതീഷിന്റേയും, മുഖവും വിരഹത്തിന് വേണുനാഗവള്ളിയുടെ ഛായയുമായിരുന്നു. വിരഹമായും  നൊമ്പരമായും നമ്മുടെ ചുണ്ടുകൾ മൂളാൻ കൊതിക്കുന്ന  ഒ എൻ വി ഗാനങ്ങളായ   ഒരു വട്ടം കൂടിയും  അരികിൽ നീയുണ്ടായിരുന്നെങ്കിലും ശരദിന്ദുമലർദീപനാളവും എന്തിനെന്നറിയാതെ  ഒരു നഷ്ടബോധം കലർന്ന ഗൃഹാതുരത തീർക്കുന്നതറിയാം.

മുല്ലനേഴിയും വിദ്യാധരന്‍ മാസ്റ്ററും ഒന്നിച്ച്   ഞാറ്റുപാട്ടിന്റെ മെലഡിയും  നാടോടി ഈണങ്ങളുടെ കുളിരും  ചേർത്ത് രചിച്ച എത്താമരക്കൊമ്പത്തെ പൂപറിയ്ക്കാം, കെയക്കെ മാനത്തെ, ഇല്ലം  നിറ വല്ലം നിറ തുടങ്ങി ഒരു കാലത്ത് ഹിറ്റായ ഗ്രാമീണ ഗാനങ്ങൾ ഇപ്പോ കേട്ടാലും ഓർക്കുന്നത് ഒരു യാത്രയാണ്. ആലപ്പുഴ നിന്നും ചങ്ങനാശേരിയിലേക്ക് റോഡ് മാര്‍ഗവും കടത്തും കടന്ന്  കുട്ടനാട്ടിലൂടെ സഞ്ചരിച്ച്  ചേച്ചിയെ വിവാഹം കഴിച്ചയച്ച കങ്ങഴ എന്ന സ്ഥലത്തോട്ട്  പോവാറുള്ളതിന്റെ ഓർമ്മയാണ്. കാറിലെ കാസറ്റ് പാടിയിരുന്ന ഈരടികൾക്ക്  ചക്കരക്കാപ്പിയുടെ  ഇളം ചൂടായിരുന്നു. ഒറ്റ ടേക്കില്‍ പാടി  നെടുവീര്‍പ്പുകള്‍ പോലും ഓര്‍ക്കസ്ട്രേഷനില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്ന 'വരമഞ്ഞളാടിയ രാവിന്റെ മാറിൽ' ഏത് നിമിഷവും എന്റെ ഉള്ളിൽ  ഒരു ഊർജം നിറയ്ക്കുന്നു. 

ഓര്‍മകള്‍ക്ക് കാവലിരിക്കുന്നത് ഒരു സുഖല്ലേ?

ഇഷ്ടങ്ങൾ അത് പാട്ടിന്റെയോ മറ്റെന്തിന്റേയെങ്കിലുമോ ആകട്ടെ, നമ്മളിലെ  ആ താൽപ്പര്യം എവിടെപ്പോയി എന്ന് വല്ലപ്പോഴുമെങ്കിലും തോന്നാറില്ലേ? അങ്ങനെ ഒന്നുണ്ടായിരുന്നോ അതോ മറ്റാരുടെയെങ്കിലും മനസ്സായിരുന്നോ അത് എന്നുപോലും  ഇടയ്ക്ക്  സംശയിക്കാറുണ്ട് ഞാൻ. 2000 -നു ശേഷമുള്ള പാട്ടുകളിൽ  നഷ്ടങ്ങളുടെ നൊമ്പരം തീർത്ത "അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്, നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്" കേൾക്കുമ്പോൾ ഒരിക്കലും ആറിത്തണുക്കാത്ത ദുഃഖമാണനുഭവപ്പെടുക.

എന്റെ പാട്ടോർമ്മകൾക്ക്  അവസാനമില്ല. മുകളിൽ പടർന്നു പന്തലിച്ച ഓർമ്മമരത്തിന്റെ   മേലാപ്പ്. ചുവട്ടിൽ നിന്ന് പ്രിയതരമായ പാട്ടിന് കാതോർക്കുമ്പോൾ  ഒരിക്കൽ കൂടി ആ കാലം കാണാനും കേൾക്കാനും ആസ്വദിക്കാനും ഒക്കെ മോഹം തോന്നുന്നു. ജീവിതത്തിലേക്ക് പാട്ടായ് ഒഴുകിയെത്തില്ലെങ്കിലും, ഓര്‍മകള്‍ക്ക് കാവലിരിക്കുന്നത് ഒരു സുഖല്ലേ? സിഡിയും എം.പി.ത്രീയും  പെൻഡ്രൈവും വോക്ക്മാനും ഐപോഡും ബ്ലൂ ടൂത്ത് ഹെഡ് ഫോൺസും  കാതോരം പാട്ടുകൾ വിരിയിക്കുമ്പോഴും  കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കവെ  ഒരു പഴയപാട്ട് കാറ്റിലൂടെ ഒഴുകിയൊഴുകി കടന്നുപോകുന്നുണ്ട്!

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios