Asianet News MalayalamAsianet News Malayalam

ഇത് പ്രണയത്തിന് വേണ്ടി കരയുകയും, വീറോടെ പോരാടുകയും ചെയ്യുന്ന പെണ്ണാണ്

മീരാസാധുവിനെ നമ്മൾ കണ്ടുമുട്ടുന്നത് മഥുരയിലെ 'വൃന്ദാബനി'ലാണ്. രംഗാജി ക്ഷേത്രത്തിൽ ദർശനത്തിനു മണി മുഴങ്ങുമ്പോൾ അഴുക്ക് പുരണ്ട സാരിയുടെ വക്കുയർത്തിപ്പിടിച്ച്, ഒരു കയ്യിൽ വടിയും, മറു കയ്യിൽ തൂക്കിയിട്ട ചോറ്റുപാത്രവുമായി, ചാണകത്തിന്‍റെയും മൂത്രത്തിന്‍റെയും ദുർഗന്ധഭരിതമായ ഗലികളിലൊന്നിലൂടെ, തലമുണ്ഡനം ചെയ്ത സ്ത്രീകൾക്കൊപ്പം ക്ഷേത്രത്തിലേക്കോടിപ്പോകുന്നവളായി. 

my book sunitha ummer
Author
Thiruvananthapuram, First Published Sep 29, 2018, 4:15 PM IST

പ്രേമവും, പ്രേതവും തത്വത്തിൽ ഒന്നാണ്. കുഴിമാടങ്ങൾ തകർത്ത് അനുയോജ്യ ശരീരത്തെ ആവേശിക്കാൻ രണ്ടും വ്യഗ്രതപ്പെടും എന്ന് പ്രണയത്തിന്‍റെ ശക്തിയെ ബോധ്യപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന കഥ, ഉപേക്ഷിക്കപ്പെട്ടവളുടെ വേദന പകയായ് മാറുമ്പോൾ അതിന് കാളകൂടത്തേക്കാൾ വീര്യമുണ്ടാവുമെന്ന് കാട്ടിത്തരുന്നു. പാമ്പ്, ശവംതീനിയുറുമ്പുകൾ  ഇവയൊക്കെ, രതി, കാമം, പക ഇവയുടെ പ്രതീകങ്ങൾ തന്നെ... വായനക്കാരന് വളരെ പരിചിതമായ ചില ബിംബകല്പനകൾ നോവലില്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്.

my book sunitha ummer

സർഗാത്മക സമ്പന്നമെന്നു പറയാവുന്ന വിധം രചന നിർവ്വഹിക്കുക വിസ്മയകരമായ ഒരു സാഹസമാണ്. ദുർഗ്രാഹ്യതയുടെ മിനുപ്പില്ലാതെ യാഥാർത്ഥ്യത്തെ പരമാർത്ഥത്തോട് കൂടുതലടുപ്പിക്കുന്ന ഒരു ആഖ്യാന രീതിയാണ് പൊതുവേ വായനക്കാർക്ക് പഥ്യം. 'സെലക്ടീവ്'  ആണ് വായനക്കാരും. 'പെണ്ണെന്തു പറയാൻ?' - എന്നൊരു ആന്തരിക ധാരണ എഴുത്തിന്‍റെ ലോകത്തുണ്ടെന്ന് തോന്നിപ്പിച്ചിരുന്ന ഒരു കാലത്തിൽ നിന്നും സ്വത്വാന്വേഷണവും, കലാപവും കൊണ്ട് നവ സംവേദനത്തിന്‍റെ വേറിട്ട വഴികൾ വെട്ടിത്തുറന്ന എഴുത്തുകാരികൾ ഭാഗ്യവശാൽ നമുക്കുണ്ട്. അവിടെ തനിയ്ക്കുള്ള ഇടം അടയാളപ്പെടുത്തിയ കെ.ആര്‍ മീരയുടെ 'മീരാ സാധു' എന്ന നോവെല്ല ഞാൻ നിങ്ങൾക്കു മുന്നിലേയ്ക്ക് നീക്കിവെയ്ക്കുന്നു.

കല്പനകളെ അംഗഭംഗപ്പെടുത്തിയിട്ടില്ല. മനംപുരട്ടുന്ന അതിശയോക്തികളില്ല. മനോഹരമായ വാങ്മയ ചിത്രങ്ങൾ നമുക്കപരിചിതമായ ഒരു പരിസരം സൃഷ്ടിക്കുന്നതു കൊണ്ട് കൈവരുന്ന ഭാവ ഗൗരവം തുടക്കം മുതൽ ഒടുക്കം വരെയും നിലനിർത്തിയിരിയ്ക്കുന്നു! കേട്ടും വായിച്ചും വിരസവും സാധാരണവുമായിത്തീർന്ന ഒരു പ്രമേയത്തിന്  ആഖ്യാനത്തിന്‍റെ സവിശേഷതയൊന്നു കൊണ്ടു മാത്രം ജീവൻ വെയ്ക്കുന്ന കാഴ്ച വിസ്മയകരമാണ്.      
        
മീരാസാധുവിനെ നമ്മൾ കണ്ടുമുട്ടുന്നത് മഥുരയിലെ 'വൃന്ദാബനി'ലാണ്. രംഗാജി ക്ഷേത്രത്തിൽ ദർശനത്തിനു മണി മുഴങ്ങുമ്പോൾ അഴുക്ക് പുരണ്ട സാരിയുടെ വക്കുയർത്തിപ്പിടിച്ച്, ഒരു കയ്യിൽ വടിയും, മറു കയ്യിൽ തൂക്കിയിട്ട ചോറ്റുപാത്രവുമായി, ചാണകത്തിന്‍റെയും മൂത്രത്തിന്‍റെയും ദുർഗന്ധഭരിതമായ ഗലികളിലൊന്നിലൂടെ, തലമുണ്ഡനം ചെയ്ത സ്ത്രീകൾക്കൊപ്പം ക്ഷേത്രത്തിലേക്കോടിപ്പോകുന്നവളായി. അന്നദാനത്തിനു തിക്കിത്തിരക്കി മടങ്ങും വഴിയിൽ ഉന്മാദിനിയെ പോലെ അവളൊരു മീരാ ഭജൻപാടി വട്ടം കറങ്ങി! കാരണമുണ്ട്;  പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവൾക്കു മുന്നിൽ അയാൾ- മാധവൻ - വരിക തന്നെ ചെയ്തു.

ഇടക്കെപ്പൊഴൊക്കെയോ ഉള്ളിലൊരു പുല്ലാങ്കുഴൽ പാടുന്നുണ്ടെന്നവൾക്കു തോന്നി

ചെന്നൈയിലെ ഒരു ഇംഗ്ലീഷ് മാസികയുടെ കറസ്പോണ്ടന്‍റായിരുന്ന മാധവനെ തുളസി ആദ്യം കാണുന്നത് ഐ.ഐ.ടി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് ഒരന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനായി ക്യാംപസിലെത്തിയപ്പോഴാണ്. അധ്യാപകരുടെ കാഴ്ചപ്പാടിൽ 'ഇന്ത്യയ്ക്ക് അഭിമാനമാകേണ്ട ഒരു ബ്രെയിൻ' ആയ അവളെ മാധവന് പരിചയപ്പെടുത്തിയത് വിനയനാണ്. നീണ്ട കൺപീലികളുള്ള വിടർന്ന കണ്ണുകൾ കൊണ്ടാണ് സുമുഖനായ മാധവൻ അധികവും സംസാരിച്ചതെന്നവൾക്കു തോന്നി. പരിചയം സൗഹൃദമായി. കണ്ണിലുടക്കുന്നതിനെയെല്ലാം  വശീകരിയ്ക്കാൻ പോന്ന ഒരു പ്രോഗ്രാം ട്യൂൺഡ് ആയിരുന്നു അയാളിൽ! ബുദ്ധിയുള്ള ഒരു പെണ്ണിൽ പ്രേമമുണർത്താൻ സൗന്ദര്യം മാത്രം പോരെന്ന് നല്ല നിശ്ചയമുണ്ടായിരുന്ന അയാൾ ഒരു 'ഉത്തമ പുരുഷ സങ്കല്പം 'അവളിലുണ്ടാക്കുന്നതിൽ വിജയിച്ചു. തന്‍റെ ഇരുപത്തേഴ് കാമുകിമാരെക്കുറിച്ച് സത്യസന്ധനായി വാചാലനാകുമ്പോഴൊക്കെ അവർ തന്നെത്തേടി വരികയായിരുന്നുവെന്ന് നിരപരാധിത്വമഭിനയിച്ച കൊണ്ട് വൃന്ദാവനത്തിലെ കൃഷ്ണനായി നിലകൊണ്ടു.  

ഇടക്കെപ്പൊഴൊക്കെയോ ഉള്ളിലൊരു പുല്ലാങ്കുഴൽ പാടുന്നുണ്ടെന്നവൾക്കു തോന്നി. വിനയനുമായി അവളുടെ വിവാഹമുറപ്പിച്ച വിവരമറിയുമ്പോൾ വിനയൻ അവൾക്ക് ചേരില്ല എന്നയാൾ വാദിക്കുന്നു. തന്റെ പ്രേമം വെളിപ്പെടുത്തുന്ന മാധവൻ; കാണാതിരിക്കുമ്പോൾ കാണണമെന്നു തോന്നാറുണ്ടോ? നെഞ്ചോട് ചേർത്തു പിടിക്കണമെന്നു തോന്നാറുണ്ടോ. പിരിയുമ്പോൾ ലോകം ശൂന്യമായി എന്നു തോന്നാറുണ്ടോ? എന്ന ചോദ്യങ്ങളാൽ അവളുടെ ഹൃദയത്തിൽ മയിൽപ്പീലി കൊണ്ടെന്ന പോലെ ഉരുമ്മി... ഒരഭയത്തിനെന്നവണ്ണം വിനയന്‍റെയടുക്കൽ പറന്നു പറ്റിയപ്പോഴൊക്കെ നിരാശയായിരുന്നു ഫലം. പ്രേമപൂർവ്വം ഒന്നു നോക്കാൻ പോലുമറിയാത്ത വിനയനെ ഓർക്കുമ്പോഴൊക്കെ ഹൃദയം ശൂന്യമായി. താൻ ആഗ്രഹിച്ച ഏക സ്ത്രീ തുളസിയാണെന്ന മാധവന്‍റെ വാക്കുകൾ അവൾ വിശ്വസിയ്ക്കുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തെ ക്രൂരമായി പരിഹസിച്ചു കൊണ്ട് വിവാഹ ദിവസം അവൾ മാധവനൊപ്പം ഡൽഹിയിലേക്ക് ഒളിച്ചോടുന്നു... ഒപ്പം വരാമെന്നറിയിക്കുമ്പോൾ ഫോണിന്റെ മറുതലക്കൽ "എനിക്കറിയാമായിരുന്നു തുളസീ നീ വരുമെന്ന് " എന്നയാൾ ചിരിക്കുന്നുണ്ട്.

പ്രണയത്തിന്‍റെ സാഗരാനന്ദം പകർന്നു നൽകാൻ കെൽപ്പുള്ള കാമുകനായിരുന്നു മാധവൻ. " നീണ്ട കൺപീലികളുള്ള ആ  വലിയ മിഴികളിൽ അവൾ വിലയം പ്രാപിച്ചു: ഊഷ്മളമായ ഒരു മേഘം പോലെ അയാളവളെ ചൂഴ്ന്നു. " ഈ വരികൾ മാത്രം മതി ആ ജീവിതത്തിന്റെ തീക്ഷ്ണസൗന്ദര്യം മുഴുവൻ നമ്മളെ അനുഭവിപ്പിക്കാൻ. " സർവ്വവും വിസ്മരിച്ചു കൊണ്ടുള്ള ഒരു സ്നേഹമായി ആ നെഞ്ചിൽ തുളസിയില പോലെ അവൾ വാടിക്കിടന്നു. " എന്ന വാക്കുകളിൽ പ്രയോഗ ഭംഗി മാത്രമല്ല; സ്വയം സമർപ്പിക്കൽ കൂടി തെളിയുകയാണ്. ഐ.ഐ.ടിയിൽ നിന്ന് റെക്കോർഡ് മാർക്കു വാങ്ങി ബിരുദമെടുത്ത ഭാവിയുടെ വാഗ്ദാനത്തെ- കാരുണ്യത്തോടെ അയാൾ കൈക്കൊണ്ടു- എന്ന വാക്കുകളിൽ  ഒരുപാട് അർത്ഥ തലങ്ങൾ കണ്ടെത്താം.

മാധവനിലെ വാക് ചാതുര്യമുള്ള നടൻ രണ്ടു കുട്ടികളേയും അവളേയും വീണ്ടും കൊണ്ടു പോകുന്നു

സുന്ദരമായതിനൊന്നും ഭൂമിയിലധികകാലം നിലനിൽപ്പില്ല. നിലാവു പോലൊരു ജീവിതമായിരുന്നു; അമേരിക്കൻ പെട്ടികളുമായി ലില്ലി എന്നൊരു യുവതി വീട്ടിലേക്കോടിക്കയറി വരും വരെ. പിടിക്കപ്പെട്ടവന്‍റെ കുമ്പസാരം തുളസി വേവലാതിയോടെ കണ്ടു. അവളുടെ പാദങ്ങളിൽ ചുംബിച്ചു കൊണ്ട് അയാൾ എന്നന്നേക്കും അവൾ ഉരുവിട്ടു പഠിക്കേണ്ട മന്ത്രാക്ഷരി ചൊല്ലിക്കൊടുത്തു. "സ്നേഹിക്കുക, വിശ്വസിക്കുക, സംശയിക്കാതിരിക്കുക."  ഗോപികമാർ കൃഷ്ണനെ പിന്തുടർന്നു കൊണ്ടേ യിരുന്നു. മധുരത്തിനു പിന്നാലെ എറുമ്പെന്ന പോലെ. അമ്പാടിക്കണ്ണൻ പാവം; ആരേയും നിരാകരിച്ചില്ല. പ്രമുഖ സുന്ദരിമാരേയും, പ്രമുഖ പത്രപ്രവർത്തകനായ മാധവനേയും ചേർത്ത ഗോസിപ്പുകൾ വായിച്ച് അവൾ പുകഞ്ഞു. കലഹങ്ങൾ ചുംബനങ്ങൾ കൊണ്ട് അയാൾ തടഞ്ഞു. അതൊഴിവാക്കാൻ വീട്ടിലേക്ക് വരാതായി. അവിടുന്നങ്ങോട്ട് അവളുടെ മനസിന്‍റെ വിഹ്വലതകളിലേക്ക്, ആത്മാവിന്‍റെ കാതുകൾ ചേർത്തുവെച്ചു കൊണ്ട് നാം ഓരോരുത്തരും അവൾക്കൊപ്പം നടക്കാൻ തുടങ്ങുന്നു. മാധവനെ തിരഞ്ഞ് കയ്യിലൊരു കുട്ടിയും, വയറ്റിലൊരു കുട്ടിയുമായി പരിക്ഷീണയായി അയാളുടെ ഓഫീസിലെത്തി, കോട്ടും സ്യൂട്ടുമണിഞ്ഞു നിൽക്കുന്ന മാധവന്‍റെ മുന്നിൽ കൈ നീട്ടുന്ന തുളസിയുടെ ചിത്രം  ധ്വനിപ്പിക്കുന്ന ദൈന്യത ഭീകരമാണ്.

ഡിവോഴ്സ് പെറ്റീഷനിൽ അവൾ പകയോടെ ഒപ്പുവെയ്ക്കുന്നു

ഒറ്റവരി മാപ്പപേക്ഷയിൽ അച്ഛൻ കൂട്ടിക്കൊണ്ട് പോകുന്നെങ്കിലും മാധവനിലെ വാക് ചാതുര്യമുള്ള നടൻ രണ്ടു കുട്ടികളേയും അവളേയും വീണ്ടും കൊണ്ടു പോകുന്നു. ഒന്നിനും മാറ്റമുണ്ടായില്ല. സ്ത്രീകൾ കലഹിക്കുന്നത് മാധവനിഷ്ടമല്ല. അവർ സുന്ദരിമാരായി ചിരിച്ചുകൊണ്ടിരിക്കണം. പക്ഷേ തുളസി പിന്നെ ചിരിച്ചില്ല. "വിഷപ്പല്ല് ചവണ കൊണ്ട് പറിച്ചെടുത്ത് പ്രേമത്തെ ഒരു കൂടയിലടച്ച് കട്ടിലിനടിയിൽ ഒളിപ്പിച്ച് വീട്ടിനുള്ളിൽ ഉഴറി നടന്നു "എന്ന വാക്കുകൾ അമ്മയായിപ്പോയ ഒരുവൾ ഭൂമിയിലെത്ര മാത്രം നിസ്സഹായയാണെന്ന് വിളിച്ചോതുന്നുണ്ട്. കണ്ടു പിടിക്കപ്പെടുമെന്നാകുമ്പോൾ ചില ഭർത്താക്കന്മാർ ഭാര്യയെ സംശയരോഗിയാക്കി വില കുറഞ്ഞ രക്ഷപെടൽ നടത്താറുണ്ട്. തുളസിയും അങ്ങനെ സ്വൈരം കെടുത്തുന്ന സാന്നിധ്യമായി. പക്ഷെ, ഡിവോഴ്സ് ആവശ്യപ്പെട്ടത് ഭാമയെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നു. അസാമാന്യ പ്രതിഭയാത്രേ ഭാമ. തുളസി ചിരിച്ചു പോകുന്നു. ഡിവോഴ്സിന് നിർബന്ധിക്കാൻ വിനയനെ അയാൾ ചട്ടം കെട്ടിയപ്പോൾ തുളസി അവസാനത്തെ കൂടിക്കാഴ്ച ആവശ്യപ്പെടുന്നു. അന്നവൾ  കുഞ്ഞുങ്ങൾക്കൊപ്പം മതി വരുംവരെ  ഓടിക്കളിച്ചു. അവർക്ക് പൂതനയുടെ കഥ പറഞ്ഞുകൊടുത്ത് പാൽ കുടിപ്പിച്ചു. ചേർത്തു പിടിച്ച  ഇളം ചൂടുള്ള ആ പിഞ്ചു ശരീരങ്ങൾ അവളുടെ നെഞ്ചിൽ പതുക്കെപ്പതുക്കെ തണുത്തു എന്നു വായിക്കുമ്പോൾ ഭയങ്കരമായ ഒരു നടുക്കത്തിലേക്ക്‌ നമ്മളെറിയപ്പെടുന്നു.

മാധവനും ഗർഭിണിയായ കാമുകിയുമൊത്തുള്ള ആ കൂടിക്കാഴ്ചയിൽ അസാധാരണമായ സംയമനം തുളസിയും, എഴുത്തുകാരിയും പാലിക്കുമ്പോൾ താങ്ങാനാവാത്ത ഹൃദയം ഭാരമാണ് നാം  അനുഭവിക്കുന്നത്. ഡിവോഴ്സ് പെറ്റീഷനിൽ അവൾ പകയോടെ ഒപ്പുവെയ്ക്കുന്നു. അവസാനത്തെ ഒരു രാത്രി കൂടി യാചിക്കുന്ന തുളസിയുടെ മുൻപിൽ യഥാർത്ഥമായും അയാൾ പരിക്ഷീണനാകുന്നു.  പുലർച്ചെ വിളിച്ചുണർത്തി വരിവെച്ചു പോകുന്ന ഉറുമ്പുകളുടെ യാത്ര അവസാനിക്കുന്നിടം അവൾ കാട്ടിക്കൊടുക്കുന്നു. ഒടുവിലത്തെ  നൈവേദ്യം.

തൊണ്ണൂറാം നാൾ മെഡിക്കൽ കോളേജിന്‍റെ സൈക്യാട്രി വാർഡിൽ നിന്നിറങ്ങുന്ന അവൾ അവശേഷിച്ച ഇത്തിരി ബോധത്തിൽ  ഡൽഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ആദ്യം ചെയ്തത്. അങ്ങനെ മായിഘറിലെ വൃത്തികേടുകളിൽ, ദാരിദ്യ്രത്തിൽ, വാടിയ പൂക്കളുടെ കെട്ടമണത്തിൽ, ആയിരത്തിലധികം. മൊട്ടത്തലകളിൽ നിന്നുയരുന്ന ദുർഗന്ധത്തിൽ, അർത്ഥമില്ലാത്ത ഭജന പാട്ടുകളിൽ സ്വയം തളച്ചു. മട്ടുപ്പാവിലെ അക്രമികളായ കുരങ്ങന്മാരോട് പഴത്തിനു പിടിവലി നടത്തി മുറിവുകൾ ഏറ്റുവാങ്ങി. മുറിവുകൾ പഴുത്ത വേദന അയാൾക്കുള്ള അർച്ചനകളായിരുന്നു. യാതനയുടെ പന്ത്രണ്ട് വർഷങ്ങൾ വിങ്ങലോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല.

പ്രേമവും, പ്രേതവും കുഴിമാടങ്ങൾ തകർത്ത് അനുയോജ്യ ശരീരത്തെ ആവേശിക്കാൻ വ്യഗ്രതപ്പെടും

ഒടുവിൽ മാധവനെ കണ്ടുവെന്നു മാത്രമല്ല, പ്രതികാരം പൂർത്തിയാക്കാൻ മുട്ടിലിഴഞ്ഞ് അയാൾക്കു നേരേ ഭിക്ഷാ പാത്രം നീട്ടി "വല്ലതും തരൂ മഹാശയ് " എന്ന് യാചിക്കുകയും ചെയ്തു. പക്ഷാഘാതം വന്ന് പരിക്ഷീണനായ അയാൾ നെഞ്ച് തിരുമ്മി മറിഞ്ഞു വീഴുമ്പോൾ മാത്രമാണ് പന്ത്രണ്ടിലധികം വർഷങ്ങൾക്കു ശേഷം നമ്മളിൽ നിന്നൊരു ആശ്വാസനിശ്വാസമുതിരുന്നത്. അവളുടെ പാദങ്ങളിൽ ചുംബിച്ച് കരഞ്ഞ അയാളുടെ ആശുപത്രിക്കിടക്കയിലേക്ക് ചെല്ലുമ്പോൾ അയാൾ പിന്നെയും പറഞ്ഞു: "എനിക്കറിയാമായിരുന്നു തുളസീ..." ചിരിച്ചു കൊണ്ട് ഇറങ്ങി നടന്ന മീരാമായി മട്ടുപ്പാവിൽ, പഴമെറിഞ്ഞ് കുരങ്ങുകളുടെ ആക്രമണമേറ്റു വാങ്ങി ശവംതീനിയെറുമ്പുകളുടെ വരവ് കാത്ത് ഉന്മാദത്തോടെ കിടക്കുന്ന അവസാന കാഴ്ചയിലും കണ്ണ് നനയിയ്ക്കുന്നു. 

പ്രേമവും, പ്രേതവും തത്വത്തിൽ ഒന്നാണ്. കുഴിമാടങ്ങൾ തകർത്ത് അനുയോജ്യ ശരീരത്തെ ആവേശിക്കാൻ രണ്ടും വ്യഗ്രതപ്പെടും എന്ന് പ്രണയത്തിന്‍റെ ശക്തിയെ ബോധ്യപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന കഥ, ഉപേക്ഷിക്കപ്പെട്ടവളുടെ വേദന പകയായ് മാറുമ്പോൾ അതിന് കാളകൂടത്തേക്കാൾ വീര്യമുണ്ടാവുമെന്ന് കാട്ടിത്തരുന്നു. പാമ്പ്, ശവംതീനിയുറുമ്പുകൾ  ഇവയൊക്കെ, രതി, കാമം, പക ഇവയുടെ പ്രതീകങ്ങൾ തന്നെ... വായനക്കാരന് വളരെ പരിചിതമായ ചില ബിംബകല്പനകൾ നോവലില്‍ അവിടവിടെ ചിതറിക്കിടപ്പുണ്ട്. 72 പേജുകളിലൊതുക്കിയ ഈ നീണ്ട ചെറുകഥയിൽ ചെറിയ കഥാപാത്രങ്ങൾക്കു പോലും അന്യാദൃശമായ വ്യക്തിവിശേഷതകളുണ്ട്. അവരുടെ ആത്മഗതങ്ങൾക്കു പോലും സ്ഫുടതയുണ്ട്. വിനയനും പലപ്പോഴും നമ്മുടെ കണ്ണ് നനയിക്കുന്നു. വായിച്ചു തീരുമ്പോൾ, "നിരാശപ്പെടുത്താത്ത ഏത് പുരുഷനുണ്ട് ഭൂമിയിൽ?  അർഹിയ്ക്കും വിധം സ്നേഹിക്കപ്പെട്ട ഏത് പെണ്ണുണ്ട് ഭൂമിയിൽ?"- എന്ന് കഥാകാരിയെപ്പോലെ നമുക്കും ചോദിക്കാൻ തോന്നിപ്പോകും. എല്ലാ പെൺമനസുകളിലും ഏതൊക്കെയോ സ്ഥലകാല രാശികളിൽ ഉണരുന്ന ഒരു ഭ്രാന്തിയുണ്ട് എന്ന തിരിച്ചറിവ് ഈ കഥയെ പ്രണയമെന്ന നിത്യതയുടെ സൗന്ദര്യമാക്കിത്തീർക്കുന്നു. 

Follow Us:
Download App:
  • android
  • ios