Asianet News MalayalamAsianet News Malayalam

ഫേക്ക് ഐഡി എന്ന നിലയില്‍  എന്റെ ഫേസ്ബുക്ക് ജീവിതം!

My facebook life as Fake profile
Author
Thiruvananthapuram, First Published Nov 29, 2017, 4:47 PM IST

അതിനിടെ, ഒരു വീഡിയോ വന്നു. അശ്‌ളീല വീഡിയോ. കുറച്ചു കഴിഞ്ഞപ്പോള്‍, അത് അയച്ച ഒരു മാന്യന്‍ ആള് മാറിപ്പോയതാണെന്ന ക്ഷമപറച്ചിലുമായി ഇന്‍ബോക്‌സില്‍ വന്നു. തീര്‍ന്നില്ല, അതേ ആള്‍ പിറ്റേന്ന് വീണ്ടും വന്നു. വീഡിയോ എങ്ങിനെ ഉണ്ട് എന്ന ചോദ്യം. ദിവസങ്ങള്‍ കഴിയുന്തോറും എനിക്കും ഫോണിനും താങ്ങാവുന്നതിലും അപ്പുറമായി മെസേജും കമന്റുകളും കോളുകളും.

My facebook life as Fake profile

മുഖ പുസ്തകത്തില്‍ സജീവമായ ഫേക്ക് ഐഡികള്‍ കണ്ട് ഞാനും ഒരുപാട് ആലോചിച്ചിട്ടുണ്ട്. സ്വന്തം പേരും പടവുമായി ഫേസ് ബുക്കില്‍ നിറയാമെന്നിരിക്കെ എന്തിനാണ് ഇവര്‍ ഫേക്കാവുന്നത? എന്താണ് അവരുടെ പൊതു സ്വഭാവം? 

ഫേക്ക് ഐഡികളിലൂടെ കണ്ണോടിച്ചപ്പോള്‍ മനസ്സിലായ പൊതുകാര്യങ്ങള്‍ ഇവയാണ്. 

ചില ഐഡികള്‍ മനോഹരമാണ്. പുറം ചട്ടയിലെ ചിത്രം മുതല്‍ അതുണ്ട്. അകത്തേക്ക് കയറിയാല്‍ ഇറങ്ങാന്‍ തോന്നില്ല. മനോഹരമായ എഴുത്തുകള്‍. കണ്ണിനും മനസിനും കുളിര്‍മ്മയേകുന്ന ചിത്രങ്ങള്‍. നല്ല അറിവുകള്‍. സന്ദേശങ്ങള്‍. മുന്നറിയിപ്പുകള്‍. അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വ്യക്തി ആരായാലും നല്ല വ്യക്തിത്വം ഉള്ളവരാണെന്ന് തോന്നും. ആരും അവര്‍ക്ക് ഒരു റിക്വസ്റ്റ്് അയച്ചുപോകും!

മറ്റു ചില ഫേക്കുകളുണ്ട്. ആണാണോ അല്ല. പെണ്ണാണോ അല്ല. ജാതിയോ,മതമോ,വര്‍ണ്ണമോ,കുലമോ,രാഷ്ട്രീയമോ ഒന്നും പറയാനാവില്ല. മനുഷ്യരാണോ എന്ന് പോലും സംശയിച്ചുപോകുന്നവ. പൊട്ടിയൊലിക്കുന്ന വേസ്റ്റ് ടാങ്കിന് അടുത്തുപോയതുപോലെ ദുര്‍ഗന്ധം വമിക്കുന്ന പോസ്റ്റുകളാല്‍ നിറഞ്ഞിരിക്കും ഇവരുടെ വാളുകള്‍. സത്യമല്ലാത്ത പല പോസ്റ്റുകളും അതില്‍ കാണാന്‍ കഴിയും. പലതും മനസ്സിന് അരോചകമായി തോന്നുന്നവ. പൊതുഇടങ്ങളിലെ മൂത്രപ്പുരയില്‍ കയറിയതുപോലെ ഇറങ്ങിയോടാന്‍ തോന്നും. ജനങ്ങളില്‍ തെറ്റിദ്ധാരണകളും ഭിന്നിപ്പും ഭയവും നിറയ്ക്കാന്‍ കഴിയുന്ന, സചിത്ര  ലേഖനങ്ങളും അതില്‍ കാണാം പലതിലും ലൈക്കും ഷെയറും കുമിഞ്ഞുകൂടിയിട്ടുണ്ടാവും. കമന്റുകളിലേക്ക് കണ്ണോടിച്ചാല്‍ നാണം കെട്ട് തലതാഴ്ത്തിപ്പോകും. അത്രയ്ക്കുണ്ടാവും അതിലെ ഭാഷാ ശുദ്ധി.

ഇതുപോലുള്ള ഐഡികളുടെ പിറകില്‍ ഒളിച്ചിരിക്കുന്നവരുടെ സ്വഭാവം ഊഹിക്കാവുന്നതല്ലേ ഉള്ളൂ. മയക്കുമരുന്നിന്റെയും, ലൈംഗിക വൈകൃതത്തിന്റെയും അടിമകളായിരിക്കും. നന്മയുടെ മുകളില്‍ തിന്മ അടിച്ചേല്‍പ്പിക്കാന്‍ മുതിരുന്ന ഇവരാണ് നാടിന്റെ തീരാശാപം. 

ഇനിയുള്ള ഫേക്ക് ഐഡികള്‍ സമാധാനക്കാരാണ്. സ്വന്തം രാഷ്ട്രീയം,മതം എന്നിവ തുറന്ന് പറഞ്ഞ് പ്രതികരിക്കാനും (മാന്യമായി)പ്രചരിപ്പിക്കാനും സ്വന്തം മുഖം വെയ്ക്കാന്‍ മടിയുള്ളവര്‍. പൊതുവെ നല്ല വ്യക്തിത്വം ഉള്ളവരായി പോസ്റ്റുകളില്‍ കാണാം. 

നല്ല കുറെ ഫേക്ക് ഐഡികളുടെയും പിറകിലെ മുഖങ്ങള്‍ എനിക്കറിയുന്നവര്‍ പലര്‍ക്കും പലകാരണങ്ങള്‍...

ഇനിയുള്ളതാണ് ഭീകരര്‍. അതെ സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് ജനിച്ച ആണ്‍ ഐഡികള്‍. നിരന്തര മെസേജുമായി ഇന്‍ബോക്‌സില്‍ തള്ളിക്കേറുന്നവര്‍. മോശം വീഡിയോകളും കമന്റുകള്‍ കൊണ്ടും സ്ത്രീകളുടെ മുഖപുസ്തക ഇന്‍ബോക്‌സില്‍ തള്ളികയറി കാമം തീര്‍ക്കുന്ന വൈകൃതമനസിന്റെ ഉടമകള്‍. ശല്യം സഹിക്കാതായാല്‍ അവരെ ബ്ലോക്ക് ചെയ്യുമ്പോള്‍ വായിച്ചാല്‍ അറയ്ക്കുന്ന തെറികളുമായി അവര്‍ മറ്റൊരു രൂപത്തില്‍ നമ്മുക്ക് മുന്നില്‍.

പല സ്ത്രീ സുഹൃത്തുക്കളുടെയും പോസ്റ്റുകള്‍ ഈയിടെ കണ്ടു. ഇന്‍ബോക്‌സില്‍ ഇക്കൂട്ടര്‍ നടത്തിയ പേക്കൂത്തുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍. നിരന്തര അപവാദ പ്രചരണങ്ങളുടെ വിവരങ്ങള്‍.

അത്രയ്ക്ക് ഭീകരമാണോ ഈ ഇന്‍ബോക്‌സ് പരാക്രമം! എന്നാലതൊന്ന് അറിയണം. 

ഒരിക്കല്‍, എന്റെ ഏതോ ഒരു എഴുത്ത് വായിച്ച് നല്ല കമന്റെ് നല്‍കിയ ഒരുകൂട്ടുകാരി ഇങ്ങനെ കൂടി എഴുതി, നല്ല എഴുത്ത്, അതുകൊണ്ടാണ് റിക്വസ്റ്റ് അയച്ചത്. മറുപടിയായി ഞാനെഴുതി,  ഈ സ്‌നഹത്തിനും പ്രോല്‍സാഹനത്തിനും നന്ദി. ഉടനെ മറുപടി വന്നു: 'സ്‌നേഹമൊക്കെ കൊള്ളാം, അത് ഇന്‍ബോക്‌സില്‍ കാണിക്കരുതേ അനിയാ'. 

ഉറങ്ങാന്‍ കിടന്ന എന്നെ ആ വാക്കുകള്‍ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു.

അത്രയ്ക്ക് ഭീകരമാണോ ഈ ഇന്‍ബോക്‌സ് പരാക്രമം! എന്നാലതൊന്ന് അറിയണം. 

അങ്ങനെയാണ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കാന്‍ തീരുമാനിച്ചത്. 

മനസില്‍ കുറ്റബോധത്തോടെ ഒരു ഐഡി ഞാന്‍ ഉണ്ടാക്കി. പെണ്ണിന്റെ പേരാണ്. സുന്ദരിയായ സിനിമനടി പ്രൊഫൈല്‍ ചിത്രം. ഐഡി റെഡി. കുറെ പേര്‍ക്ക് റിക്വസ്റ്റ് അയച്ച് ഞാന്‍ കിടന്നുറങ്ങി

നാലുമണിക്ക് ഫോണിലെ അലാറം കേട്ടുണര്‍ന്ന ഞാന്‍ പതിവില്ലാതെ ഫോണെടുത്തു നോക്കി. ഞെട്ടിപ്പോയി! ഞാന്‍ രാത്രി ഏറെ വൈകി അയച്ച റിക്വസ്റ്റ് പലരും സ്വീകരിച്ചു. കുറെ മെസേജുകളും വന്നിരിക്കുന്നു. ഒരു പോസ്റ്റ് പോലും ഞാന്‍ ഇട്ടിരുന്നില്ല. പുറം ചട്ടയിലെ നടിയുടെ ചിത്രത്തിന് ലൈക്കും കമന്റും വന്നുകൊണ്ടേ ഇരുന്നു. ചില ഗുഡ്‌മോണിങ്ങ് കമന്റുകളും. ഇന്‍ബോക്‌സിലും ഒന്ന് കയറി.

ഹായി, കൂയി, ഗുഡ് മോണിങ് അങ്ങിനെ പോകുന്നു. ഒപ്പം ഒരു കോളും. ഈ പാതിരാത്രി കോള്‍ ചെയ്ത മാന്യനെ കണ്ടപ്പോള്‍ കലി കയറി. ഫോണ്‍ കട്ടിലില്‍ എറിഞ്ഞ് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് വീണ്ടും ഫോണ്‍ പരിശോധിച്ചു. ലൈക്കുകളും കമന്റും വന്നുകൊണ്ടേ ഇരുന്നു. എല്ലാത്തിനും ലൈക്കടിച്ച് ഒരു സ്‌മൈല്‍ മൊത്തത്തില്‍ അങ്ങ് ഇട്ടു.

ചൂണ്ടയില്‍ മീന്‍ കൊത്തിയതുപോലെ മെസേജുകള്‍ തുരുതുരാ വന്നുകൊണ്ടേ ഇരുന്നു.

ഗുഡ്‌മോണിങ്, ഫുഡ് കഴിച്ചോ, ഹായി, കൂയി...ദേഷ്യം വന്നു.

പിന്നെ ഞാനോര്‍ത്തു, എന്തിനാണീ ദേഷ്യം?  നല്ലതല്ലേ. പലതിനും ഞാന്‍ മറുപടി കൊടുത്തു. നല്ല ്പൂക്കളുടെയും മറ്റും ഫോട്ടോകളും പോസ്റ്റ് ചെയ്തു. രംഗം ഒന്ന് കൊഴുപ്പിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് കയറുമ്പോള്‍ വൈഫെ കണക്റ്റായില്‍. ഫോണില്‍ മെസേജുകളുടെ നിരന്തര ശബ്ദം. റിക്വസ്റ്റുകളും കമന്റുകളും ലൈക്കുകളും മെസേജുമായി ഒരൊഴുക്കാണ്. ഒരു മെസഞ്ചര്‍ കോളും വന്നു.

നെറ്റ് ഓണ്‍ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

ഐഡി ഉണ്ടാക്കിയിട്ട് ഒരാഴ്ചയായി. വന്ന റിക്വസ്റ്റ് മുഴുവന്‍ ആക്‌സപ്റ്റ് ചെയ്തു. പലപ്പോഴും മറുപടി നല്‍കാന്‍ സമയം തികയാതായി. മാന്യമായി സംസാരിച്ച പലരും തെറിവിളി തുടങ്ങി.

അതിനിടെ, ഒരു വീഡിയോ വന്നു. അശ്‌ളീല വീഡിയോ. കുറച്ചു കഴിഞ്ഞപ്പോള്‍, അത് അയച്ച ഒരു മാന്യന്‍ ആള് മാറിപ്പോയതാണെന്ന ക്ഷമപറച്ചിലുമായി ഇന്‍ബോക്‌സില്‍ വന്നു. തീര്‍ന്നില്ല, അതേ ആള്‍ പിറ്റേന്ന് വീണ്ടും വന്നു. വീഡിയോ എങ്ങിനെ ഉണ്ട് എന്ന ചോദ്യം.

ദിവസങ്ങള്‍ കഴിയുന്തോറും എനിക്കും ഫോണിനും താങ്ങാവുന്നതിലും അപ്പുറമായി മെസേജും കമന്റുകളും കോളുകളും.

നെറ്റ് ഓണ്‍ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

ഇങ്ങനെ ഒരു ഐഡി ഉണ്ടാക്കിയതിന് എനിക്ക് എന്നോട് തന്നെ വെറുപ്പായി. സന്തോഷമായി മുഖപുസ്തകത്തെ കണ്ടിരുന്ന എനിക്ക് അറപ്പും,വെറുപ്പും ഉള്ള എന്തോ ഒന്ന് പോലെ അതിനെ തോന്നി.ഇന്‍ബോക്‌സില്‍ കാമക്കൂത്ത് നടത്തിയ എല്ലാത്തിന്റെയും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പലഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് ഐഡിയും തല്ലിപൊട്ടിച്ച് ഇതില്‍ നിന്നും മോചനം നേടാന്‍ തീരുമാനിച്ചു കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റ് തല്ലിപൊട്ടിക്കാനുള്ള ഐഡി ഒന്നുകൂടെ ഓപ്പണ്‍ ചെയ്തു.നല്ല മെസേജുകളും ഉണ്ട്. പലചീത്ത കമന്റുകള്‍ക്കും വഴിയൊരുക്കിയത് ഒരുപരിധിവരെ ഞാന്‍ തന്നെയല്ലേ എന്നചിന്ത സ്‌ക്രീന്‍ ഷോട്ട് എന്ന അപരാധത്തില്‍ നിന്നും എന്നെ പിന്‍മാറ്റി.

എങ്കിലും ആ മാനസികാവസ്ഥയും അതു തുടരാനാവില്ല. സഹിക്കാന്‍ പറ്റാതായി. അവസാനം ഞാനത് ചെയ്തു.  വളരെ മോശമായി വന്ന മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത്ു. പിന്നെ ഒന്നുമാലോചിച്ചില്ല, ആ ഐഡി അങ്ങ് ഡിലീറ്റ് ചെയ്തു. 

മനസിന് സന്തോഷവും,സമാധാനവും തിരിച്ച് കിട്ടി.

രാവിലെ ഫോണില്‍ കാണുന്ന നല്ല മെസേജുകളും കമന്റുകളും എന്നെ വീണ്ടും മുഖപുസ്തകത്തില്‍ സജീവമാക്കി.

സ്വന്തം മുഖം വെച്ച് മുഖപുസ്തകത്തില്‍ സജീവമായ എല്ലാ കൂട്ടുകാരികള്‍ക്കും എന്റെ ബിഗ് സല്യൂട്ട്. എത്രപ്രതിസന്ധികള്‍ തരണംചെയ്താണ് നിങ്ങളിവിടെ സജീവമായി ഉള്ളത് എന്ന് ഞാന്‍ ഇന്ന് മനസിലാക്കുന്നു. 

പുരുഷനായ എനിക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും നിങ്ങള്‍ പിടിച്ചു നില്‍ക്കുന്നുണ്ടല്ലോ. സ്‌തോത്രം.

Follow Us:
Download App:
  • android
  • ios