Asianet News MalayalamAsianet News Malayalam

സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

My Teacher Anjaly Arun
Author
Thiruvananthapuram, First Published Nov 7, 2017, 2:37 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

My Teacher Anjaly Arun
ടീച്ചറെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക ആ വെളുത്ത കൈനറ്റിക് ഹോണ്ടയാണ്. ടീച്ചറുടെ സന്തത സഹചാരി. സാരിയുടുത്ത് ഒരു തോളില്‍ ബാഗും കൈനിറയെ താങ്ങാവുന്നതിലുമധികം പുസ്തകങ്ങളുമായി എപ്പോഴും ഓടിക്കിതച്ചു നടന്നിരുന്ന ടീച്ചര്‍. എന്റെ,  അല്ല,  ഞങ്ങളുടെ സെലിന്‍ ടീച്ചര്‍... 

ഒന്‍പതാം ക്ലാസ്സിലായിരുന്നു ആദ്യമായി ട്യൂഷന് പോയി തുടങ്ങിയത്. അവിടെ ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചറായിരുന്നു സെലിന്‍ ടീച്ചര്‍. ആ ട്യൂഷന്‍ സെന്ററിന്റെ മേധാവിയും.

ടീച്ചറെ എല്ലാവര്‍ക്കും പേടിയായിരുന്നു. ഒരിക്കലും ടീച്ചര്‍ ഒരുപാടു സ്‌നേഹം ആരോടും പ്രകടിപ്പിച്ചില്ല.  തെറ്റുകള്‍ക്കെല്ലാം കര്‍ക്കശമായി തന്നെ വഴക്കു പറഞ്ഞു.  മറ്റു അധ്യാപകര്‍ക്കു പോലും ഭയം കലര്‍ന്ന ബഹുമാനം ആയിരുന്നു ടീച്ചറോട്.  മറ്റുള്ള അധ്യാപകരെല്ലാം സ്‌നേഹം കൊണ്ടും തമാശകള്‍ കൊണ്ടും ഞങ്ങളുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ ടീച്ചര്‍ ഒരിക്കലും അതിനു മെനക്കെട്ടില്ല. മുടങ്ങാതെ ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ഏറ്റവും നല്ല ക്ലാസ്സുകളും, കൃത്യമായി നടത്തി വന്നിരുന്ന ക്ലാസ്സ് ടെസ്റ്റുുകളും ടീച്ചറുടെ പ്രയത്‌നഫലമായിരുന്നെന്നു ഞങ്ങളും അറിഞ്ഞില്ല. 

ഒരിക്കല്‍ ഒരു പരീക്ഷാക്കാലത്തില്‍ ഹിന്ദി ടീച്ചറുടെ ക്ലാസ്സ് ഒന്നും മനസ്സിലാവുന്നില്ലെന്നു പറഞ്ഞതിന്,  ഹിന്ദി ടീച്ചറുടെ മുന്‍പില്‍ നിര്‍ത്തി ചോദ്യങ്ങള്‍ കൊണ്ട് എന്നെ ശ്വാസം മുട്ടിച്ചു സെലിന്‍ ടീച്ചര്‍.  ഇനിയൊരിക്കലും അങ്ങോട്ട് പോകില്ല എന്നൊരു തീരുമാനത്തില്‍ ഞാനെത്താന്‍ മാത്രം മുറിപ്പെട്ടിരുന്നു അന്നെന്റെ മനസ്സ്. അതിനുള്ള പക്വതയേ അന്നെനിക്കുണ്ടായിരുന്നുള്ളു. 

മൂന്നാം നാള്‍ വീട്ടിലേക്കു ടീച്ചറുടെ ഫോണ്‍ കാള്‍ എത്തി. അമ്മയോട് ഒരു തവണ കൂടി നിര്‍ബന്ധിച്ച്, എന്നെ ക്ലാസ്സില്‍ വിടണമെന്നു ടീച്ചര്‍ പറഞ്ഞു. മനസ്സില്ലാമനസ്സോടെ പിറ്റേന്ന് ഞാന്‍ പോയി. ആരും ഉണ്ടായിരുന്നില്ല.  ഞാനും ടീച്ചറും മാത്രം. അന്ന് ആദ്യമായി ടീച്ചറോട് ഞാന്‍ പാഠഭാഗങ്ങളിലെ സംശയങ്ങളെ കുറിച്ചല്ലാതെ സംസാരിച്ചു. ചെറിയ പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ തോറ്റു പിന്മാറരുതെന്നും, ജീവിതത്തെ എത്ര വലിയ പ്രതിസന്ധിയിലും ചിരിച്ചു കൊണ്ടാണ് നേരിടേണ്ടതെന്നും ടീച്ചര്‍ അന്ന് എന്നോട് പറഞ്ഞു. ആരുടെ ചോദ്യങ്ങള്‍ക്കു മുന്‍പിലും തളരാതെ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നു ഉപദേശിച്ചു.

പലയിടങ്ങളിലും ടീച്ചര്‍ എന്റെ മാതൃകയും വിശ്വാസവും ആവുന്നത് ഞാന്‍  അറിഞ്ഞു.

ടീച്ചര്‍ ആ പറഞ്ഞതൊക്കെയും ടീച്ചറുടെ ജീവിതപാഠങ്ങള്‍ ആയിരുന്നെന്നു പിന്നെയും ഒരു വര്‍ഷത്തിന് ശേഷമാണു ഞാന്‍ അറിയുന്നത്. ഭര്‍ത്താവ് മരിച്ചു, രണ്ട് മക്കളെ വളര്‍ത്തി വലുതാക്കാന്‍ ഒറ്റയ്ക്ക് പൊരുതിയ ടീച്ചര്‍. കിട്ടുന്നതെല്ലാം ചേര്‍ത്ത് വെച്ച് മക്കളുടെ നല്ല ഭാവിയ്ക്കായി കളമൊരുക്കിയ, പറക്കമുറ്റിയപ്പോള്‍ വിദേശങ്ങളില്‍ ചേക്കേറിയ മക്കള്‍ക്കായി ഓരോ അവധിക്കാലങ്ങളിലും കാത്തിരുന്ന ഒരമ്മ. അവിടെ ടീച്ചറെ കുറിച്ചുള്ള എന്റെ ചിത്രവും കാഴ്ച്ചപ്പാടുകളും മാറുകയായിരുന്നു. 

പഠനം,  ജോലി, വിവാഹം...  വര്‍ഷങ്ങള്‍ കൊഴിഞ്ഞു.  ഞാന്‍ അധ്യാപനത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ടീച്ചര്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും ഞാനും അറിയാതെ തന്നെ എന്റെ കുട്ടികളോട് പറഞ്ഞു.  പലയിടങ്ങളിലും ടീച്ചര്‍ എന്റെ മാതൃകയും വിശ്വാസവും ആവുന്നത് ഞാന്‍  അറിഞ്ഞു.
  
വിവാഹശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഒരിക്കല്‍ ഞാന്‍ ടീച്ചറെ കണ്ടു.  കാലം ടീച്ചറെ ക്ഷീണിതയാക്കിയിട്ടുണ്ട്. തലയിലെ വെള്ളിനാരുകളുടെ എണ്ണം ക്രമാതീതമായി കൂടി. പക്ഷേ കണ്ണുകളിലെ ആ വെളിച്ചം മങ്ങലേല്‍ക്കാതെ അവിടെ തന്നെയുണ്ട്.  ഞാന്‍ ഓടി ടീച്ചറുടെ അടുത്തെത്തി, എന്നെ പരിചയപ്പെടുത്തി. സന്തോഷത്തോടെ ടീച്ചര്‍ വിശേഷങ്ങളോരോന്നും ചോദിച്ചറിഞ്ഞു. യാത്ര പറഞ്ഞു തിരിയുമ്പോള്‍ ടീച്ചര്‍ എന്നെ ഒന്നു കൂടി വിളിച്ചു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ടീച്ചറുടെ നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു. 

'കാലം ഇത്ര കഴിഞ്ഞിട്ടും എന്നെ കണ്ടപ്പോള്‍ മോള്‍ ഓടി വന്നു സംസാരിച്ചില്ലേ... ഇതാണു ഓരോ അദ്ധ്യാപകരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. എനിക്ക് സന്തോഷമായി'-അത്രയും പറഞ്ഞു ടീച്ചര്‍ നടന്നപ്പോള്‍, തളര്‍ന്നപ്പോഴെല്ലാം എനിക്ക് കിട്ടിയ ഊര്‍ജത്തിന്റെ ഉറവിടം ഞാനും തിരിച്ചറിയുകയായിരുന്നു.
 
പ്രായം ഒരിക്കലും ടീച്ചറെ തളര്‍ത്തിയിരുന്നില്ല. മറ്റുള്ളവരുടെ കൂര്‍ത്ത നോട്ടങ്ങളും ചോദ്യശരങ്ങളും ടീച്ചറെ തോല്‍പ്പിച്ചുമില്ല. ടീച്ചര്‍ പൊരുതുകയായിരുന്നു. ടീച്ചറുടെ ജീവിത സാഹചര്യങ്ങളോട്, സമൂഹത്തിനോട്. അതിനിടയില്‍ നൂറോളം പേര്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നു കൊണ്ടു ടീച്ചര്‍ ഇന്നുമുണ്ട്. ഒരു ഒറ്റയാള്‍ പോരാളിയായി. 

Follow Us:
Download App:
  • android
  • ios