Asianet News MalayalamAsianet News Malayalam

'കോപ്പിയടിച്ചത് ഞാനാണ്'

my teacher Manjusha Vaisakh
Author
Thiruvananthapuram, First Published Nov 3, 2017, 5:02 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

my teacher Manjusha Vaisakh

ദേവേഷ്, പിയൂഷ്...നിങ്ങളില്‍ ഒരാള്‍ കോപ്പിയടിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. അതില്‍ ആരാണ് കോപ്പിയടിച്ചതെന്നുമാത്രം നിങ്ങള്‍ പറഞ്ഞാല്‍ മതി'

അന്‍പതോളം കുട്ടികള്‍ വരുന്ന ക്ലാസ്സില്‍ ഉത്തരക്കടലാസുകള്‍ കൊടുക്കുന്നതിനിടയിലാണ് നേരത്തേ മാര്‍ക്ക് ചെയ്തുവെച്ച രണ്ടുത്തരകടലാസുകള്‍ ഞാന്‍ മാറ്റിവച്ചത്.

'സത്യം പറയൂ,നിങ്ങളില്‍ ആരാണ് കോപ്പിയടിച്ചത്?'

'പിയൂഷ് നീയാണോ?'

'അല്ല മാം ,ഞാനല്ല '

'ദേവേഷ്?'

'ഞാന്‍ ചെയ്തിട്ടില്ല മാം.'

രണ്ടുപേരും അമ്പിനും വില്ലിനും അടുക്കുന്നില്ല. ആരെയും എനിക്ക് സംശയിക്കാനും വയ്യ. കാരണം നന്നായി പഠിക്കുന്ന രണ്ട് കുട്ടികളാണവര്‍. ദേവേഷിനെ പോലെ നിഷ്‌കളങ്കത തുളുമ്പുന്ന ഒരു മുഖത്ത് നോക്കി നീയാണെന്ന് പറയാന്‍ സാധിക്കില്ല. രണ്ടാം ക്ലാസ് മുതല്‍ കാണുന്ന, കുറച്ച് കുരുത്തക്കേടുണ്ടെങ്കിലും ക്ലാസ്സില്‍ ടോപ് ലെവലില്‍ നില്‍ക്കുന്ന പിയൂഷിനെയും കുറ്റപ്പെടുത്താന്‍ വയ്യ.

ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ദൃഷ്ടി എന്റെ നേര്‍ക്ക് പതിഞ്ഞു.ഇതിലിപ്പോ ആരാണ് കോപ്പിയടിച്ചതെന്ന് കണ്ടുപിടിക്കുക എന്നത് എന്റെ മാത്രം ദൗത്യമായി മാറിയിരിക്കുന്നു.ഒരു സംശയത്തിനും പിടിതരാതെ രണ്ടാളും എഴുന്നേറ്റ് നില്‍പ്പുണ്ട്.ഇത് പരിഹരിക്കാതെ വിട്ടാല്‍ നാളെ വീണ്ടും ആവര്‍ത്തിക്കും.

ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ദൃഷ്ടി എന്റെ നേര്‍ക്ക് പതിഞ്ഞു.

അപ്പോഴാണ് പ്രീഡിഗ്രിക്കു മലയാളം പഠിപ്പിച്ചിരുന്ന ഗീത ടീച്ചര്‍ എന്റെ മനസ്സിലേക്ക് പാഞ്ഞുകയറിവന്നത്. പഴയൊരു ക്ലാസ്മുറിയും. അന്ന് ടീച്ചറിന്റെ മുന്നില്‍, ഇതുപോലൊരു അവസ്ഥയില്‍ നിന്നവരില്‍ ഒരാള്‍ ഞാനായിരുന്നു. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെട്ടതും. 

മലയാളത്തിനോടുള്ള താല്‍പര്യക്കുറവല്ല, അത് പഠിപ്പിക്കുന്ന ടീച്ചറോടുള്ള ഇഷ്ടമില്ലായ്മ ആയിരുന്നു ആ വിഷയത്തോടും. ഗേള്‍സ് ഒണ്‍ലി ക്ലാസ് ആയിരുന്നിട്ടും എന്റെ ക്ലാസ്സിലെ ഒരു കുട്ടിയെപോലും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല.

ഒരു ദിവസം ക്ലാസ്സിലേക്ക് ദേഷ്യത്തോടെ കടന്നുവന്ന ടീച്ചര്‍ എന്നോട് തരംഗിണിയുടെ ലക്ഷണം പറയാനാവശ്യപ്പെട്ടു. അപ്രതീക്ഷിതമായ ചോദ്യം, വടിപോലെ എഴുന്നേറ്റ് നില്‍ക്കാനേ കഴിഞ്ഞുള്ളു. എന്നില്‍ നിന്നും അടുത്ത ആളിലേക്ക് പിന്നീട് അടുത്ത ആളിലേക്ക് അങ്ങനെ ചോദ്യം നീണ്ടു.ഒടുവില്‍ ആരോ ഉത്തരം പറഞ്ഞപ്പോള്‍ ടീച്ചര്‍ ഞങ്ങളോടായി പറഞ്ഞു.

'നാളെ വരുമ്പോള്‍ അന്‍പതുതവണ എഴുതി, പറഞ്ഞു കേള്‍പ്പിച്ചിട്ട് എന്റെ ക്ലാസ്സില്‍ ഇരുന്നാല്‍ മതി'

'ഇത്  നീയെഴുതിയതല്ല,സത്യം പറഞ്ഞോ ഇതാരാ എഴുതിതന്നത്?'

അതാണോ വല്യകാര്യം.വീട്ടില്‍ ചെന്നപാടെ ഒരു ബുക്കിന്റെ നടുപേജ് വലിച്ചുകീറി നീട്ടിപിടിച്ചിരുന്നെഴുതി.

    'ദ്വിമാത്രം ഗണമെട്ടെണ്ണം
     യതി മദ്ധ്യം തരംഗിണി'

പിറ്റേന്ന് ക്ലാസ്സില്‍ വന്നപ്പോള്‍ മറ്റുകുട്ടികളുടെ കയ്യില്‍ ഇമ്പോസിഷന്‍ ഇരിക്കുന്നത് കണ്ട് ഞാനും എന്റെ ബാഗില്‍ നോക്കി. കുറേ തപ്പിനോക്കിട്ടും കാണുന്നില്ല.ഓരോ ബുക്കിന്റെയും പേജ് മറിച്ചുനോക്കി, അപ്പോഴാണ് മനസ്സിലായത് സംഭവം എടുത്തിട്ടില്ല. കയ്യും കാലും ഒരുപോലെ വിറക്കാന്‍ തുടങ്ങി. വലിയ കുട്ടിയായി എന്ന പരിഗണന ഒന്നും ടീച്ചറില്‍ നിന്നും പ്രതീക്ഷിക്കണ്ട. ഒരടിക്ക് നമ്മള്‍ തളര്‍ന്നുപോകും.

പിന്നെ ആലോചിക്കാന്‍ ഒട്ടും സമയം ഉണ്ടായിരുന്നില്ല. മറ്റൊരു പേപ്പര്‍ എടുത്ത് കഴിവതും വേഗം എഴുതിത്തുടങ്ങി. ഉച്ചക്ക് ആഹാരം പോലും കഴിക്കാതെ എഴുതിത്തീര്‍ത്തു. ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരീഡ് ആണ് മലയാളം. ബെല്ലടിച്ചുകഴിഞ്ഞ് കുറേനേരമായിട്ടും ടീച്ചറെ കാണുന്നില്ല. അപ്പോഴാണ് അറിഞ്ഞത് ആള് ലീവാണെന്ന്.

അന്ന് വൈകുന്നേരം വീട്ടില്‍ ചെന്നപ്പോള്‍ മേശപ്പുറത്ത് എന്നെയും നോക്കി ചിരിച്ചുകൊണ്ട്  കിടക്കുന്നു ഇന്നലെ എഴുതിവച്ച തരംഗിണി.പിന്നെ അതുമെടുത്തുമടക്കി മലയാളം ബുക്കിനുള്ളില്‍ തന്നെ വെച്ചു. ഇനിയിപ്പോ ഒന്ന് പോയാലും  മറ്റൊന്നുണ്ടല്ലോ എന്ന് ആശ്വസിച്ചു.

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ക്ലാസ്സില്‍ കയറിയ എല്ലാവരും അവരുടെ ഇമ്പോസിഷന്‍ കയ്യിലെടുത്തു.എന്റെ കയ്യിലാണെങ്കില്‍ രണ്ടെണ്ണം. നല്ല കയ്യക്ഷരത്തില്‍ എഴുതിയതെടുത്തു കയ്യില്‍ പിടിച്ചു. അപ്പോഴുണ്ട് പിന്നില്‍ നിന്നും കുട്ടികള്‍ വിളിച്ചുപറയുന്നു, 'ഷിന്റ എഴുതിയത് കാണുന്നില്ല'

അവളും കൂട്ടുകാരികളും ചേര്‍ന്ന് ബാഗില്‍ മുഴുവന്‍ നോക്കി. ഇന്നലെ ഉണ്ടായിരുന്നത്രേ, ഇന്ന് കാണുന്നില്ലെന്ന്. ഒന്നുകൂടി എഴുതുക എന്നുവെച്ചാല്‍ അതിനുള്ള സമയവും ഇല്ല.

അവര്‍ കുറേ നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഒരു പേപ്പര്‍ ഞാന്‍ അവള്‍ക്ക് കൊടുത്തു.

അവളുമാരെല്ലാം എന്റെ നേരെ തിരിഞ്ഞു.

'ടീ, നിന്റെ കയ്യില്‍ രണ്ടെണ്ണമില്ലേ? ഒന്ന് അവള്‍ക്ക് കൊടുക്ക് ,ടീച്ചര്‍ കണ്ടുപിടിക്കാനൊന്നും പോണില്ല.'

'ഹേയ്,ഞാന്‍ കൊടുക്കില്ല എനിക്ക് പേടിയാ'

'ടീ, അവള്‍ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ, ഒരാള്‍ തന്നെ എങ്ങനാ അടിവാങ്ങുന്നത്?കൊടുക്കടാ..പ്‌ളീസ്.'

'കൂട്ടുകാരിയൊക്കെ തന്നെ, എന്നാലും'

'നീ കൊടുക്ക് ബാക്കി പിന്നെയല്ലേ'

അവര്‍ കുറേ നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഒരു പേപ്പര്‍ ഞാന്‍ അവള്‍ക്ക് കൊടുത്തു.

ബെല്ലടിച്ചതും ഗീത ടീച്ചര്‍ വന്നു.ആളിന്നും നല്ല ദേഷ്യത്തിലാണ്. വീണ്ടും എന്നില്‍ തുടങ്ങി ചോദ്യം. ഉത്തരം പറഞ്ഞുകേള്‍പ്പിച്ചാല്‍ ഇരിക്കാം. ഒടുവില്‍ ടീച്ചര്‍ ഷിന്റയുടെ അടുത്തെത്തി. എന്നെ പതിവിലും കൂടുതല്‍ വിറക്കാന്‍ തുടങ്ങി. വല്യമ്മ ചൊല്ലിത്തരാറുള്ള രാമ രാമ മനസ്സില്‍ ഉറക്കെചൊല്ലി.

എന്റെ കയ്യക്ഷരം കണ്ടുപോയതുകൊണ്ടാണോ ടീച്ചര്‍ അവള്‍ കൊടുത്ത പേപ്പര്‍ കയ്യില്‍ ചുരുട്ടി. അതവരുടെ കൈവിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

'ഇത്  നീയെഴുതിയതല്ല,സത്യം പറഞ്ഞോ ഇതാരാ എഴുതിതന്നത്?'

എനിക്കപ്പോള്‍ തലചുറ്റുംപോലെ തോന്നി.യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ വിധി അറിയാവുന്നതുകൊണ്ടാവാം അവള്‍ എന്നെ ഒറ്റികൊടുത്തില്ല .തലകുനിച്ചു മിണ്ടാതെ നിന്നതേയുള്ളൂ.

അപ്പോഴേക്കും ടീച്ചര്‍ ക്ലാസ്‌റൂമിന്റെ മുന്‍വശത്തേക്കുവന്നു. 'ഇത് ഈ ക്ലാസ്സിലെ ഒരു കുട്ടി എഴുതിയതാണെന്ന് എനിക്കറിയാം. അയാള്‍ തന്നെ എഴുന്നേറ്റുനിന്നാല്‍ ഈ പ്രശ്‌നം ഇവിടെ തീരും, എഴുന്നേറ്റോളൂ..'

ഇവിടെയിപ്പോള്‍ ഞാനാണ് ടീച്ചര്‍. എനിക്കു പകരം മുന്നില്‍ നില്‍ക്കുന്നത് ദേവേഷും പിയൂഷുമാണ്. 

മേശമേല്‍ ചാരി നിലത്തേക്ക് നോക്കിനിന്ന ടീച്ചര്‍ തലയുയര്‍ത്തിയില്ല. എനിക്കറിയാം അവരുടെ രക്തം തിളക്കുന്നുണ്ടായിരുന്നു. അത്രയും നേരം സപ്പോര്‍ട്ട് ചെയ്ത കൂട്ടുകാരികള്‍ എന്ന് വിശേഷിപ്പിച്ചവര്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു. പല ഭാഷകളില്‍ ആംഗ്യം കാണിക്കാന്‍ തുടങ്ങി. എഴുന്നേല്‍ക്കടീ....എന്നായിരുന്നു അത് . 

നിലത്തുറക്കാത്ത കാലുമായി ഞാന്‍ പതിയെ എഴുന്നേറ്റു. ഒന്നും മിണ്ടാതെ എന്റെ അടുത്തേക്കുവന്ന് വലതുകൈ മുന്‍പോട്ടുവലിച്ചു പിടിച്ച് നാലടി. കണ്ണില്‍ ഇരുട്ടുകയറിയെനിക്ക്.

'ഇറങ്ങിപൊക്കോ എന്റെ ക്ലാസ്സില്‍ നിന്ന് ...ക്ലാസ്സ്ടീച്ചറെ കണ്ടശേഷം കയറിയാല്‍മതി'

കൂടെ ഇറങ്ങിവരാന്‍ ആരും ഉണ്ടായിരുന്നില്ല. പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ സ്‌നേഹം തുളുമ്പുന്ന അച്ചാച്ഛയുടെയും അമ്മയുടെയും മുഖമായിരുന്നു മനസ്സില്‍. അതെന്റെ കണ്ണുനീരിനെ ഇരട്ടിപ്പിച്ചു. അത്രക്കും വലിയ തെറ്റായിരുന്നോ ഞാന്‍ ചെയ്തത് ? ഇന്നും അതെന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നമാണ് .ഒരു താക്കീത്...അതുമതിയായിരുന്നു, എങ്കില്‍ ഇന്നെന്റെയുള്ളില്‍ ഗീതടീച്ചര്‍ എത്രത്തോളം വലുതായിരുന്നേനെ...

ഇവിടെയിപ്പോള്‍ ഞാനാണ് ടീച്ചര്‍. എനിക്കു പകരം മുന്നില്‍ നില്‍ക്കുന്നത് ദേവേഷും പിയൂഷുമാണ്. 

ഒരുറക്കത്തില്‍നിന്നെണീറ്റപ്പോലെ ഞാന്‍ തുടര്‍ന്നു. 'നിങ്ങള്‍ രണ്ടാളും പഠിക്കുന്ന കുട്ടികളാണ് .നിങ്ങളുടെ ഉത്തരക്കടലാസിലെ ഒരു പാരഗ്രാഫില്‍ ഒരേപോലെ വരുന്ന ഗ്രാമാറ്റിക്കല്‍ മിസ്‌റ്റേക്‌സ്. നിങ്ങളില്‍ ഒരാള്‍ കോപ്പിയടിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ പത്തു മിനിറ്റു സമയം തരാം. നിങ്ങള്‍തന്നെ പറഞ്ഞാല്‍ ഈ പ്രശ്‌നം ഈ ക്ലാസ്‌റൂമിനുള്ളില്‍ തീരും. അല്ലാതായാല്‍ ഈ ഉത്തരക്കടലാസുകള്‍ എനിക്ക് പ്രിന്‍സിപ്പാളിനെ   ഏല്‍പ്പിക്കേണ്ടി വരും. നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ. ഇപ്പോള്‍ ഇരിക്കാം .'

പത്തുമിനിറ്റെടുത്തില്ല.

പിയൂഷിലുള്ള എന്റെ ചെറിയ സംശയത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ദേവേഷ് എഴുന്നേറ്റുനില്‍ക്കുന്നു.

എല്ലാ കുട്ടികളുടെയും നോട്ടത്തെ അവഗണിച്ചുകൊണ്ട് അവന്‍ തല കുമ്പിട്ടുനിന്നു.

'മാം ,കോപ്പിയടിച്ചത് ഞാനാണ്, പിയൂഷിന്റെ ഉത്തരം കണ്ടപ്പോള്‍ അതാവും ശരി എന്ന് കരുതി. എന്നെക്കാള്‍ നന്നായി പഠിക്കുന്നവനല്ലേ അവന്‍..അതാ ഞാന്‍....'

എല്ലാ കുട്ടികളുടെയും നോട്ടത്തെ അവഗണിച്ചുകൊണ്ട് അവന്‍ തല കുമ്പിട്ടുനിന്നു.

എനിക്ക് ഒരു ദേഷ്യവും തോന്നിയില്ല മറ്റുള്ളവരുടെ മുന്‍പില്‍ അവന്‍ തെറ്റ് സമ്മതിച്ചതിന്റെ ആത്മസംതൃപ്തി ആയിരുന്നു എനിക്ക്. തല്ലണോ? പുറത്തിറക്കിവിടണോ? വേണ്ട, നാളെ അവന്റെ മനസ്സിലും ഒരു ഗീതടീച്ചര്‍ ഉണ്ടാവാന്‍ പാടില്ല. അവനോടിരുന്നോളാന്‍ പറഞ്ഞു.

പിന്നീട് ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കായി പറഞ്ഞുകൊടുത്തു കോപ്പിയടിക്കുന്നതിലെ ദൂഷ്യവശം.

കൂടെ പരീക്ഷ എഴുതിയ ഒരു കുട്ടി കോപ്പിയടിച്ച് പിടിക്കപ്പെട്ടപ്പോള്‍ നാണക്കേടോര്‍ത്തു കോളേജിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയതിന് ദൃക്‌സാക്ഷി ആകേണ്ടി വന്നിട്ടുണ്ടെനിക്ക്. ആ തെറ്റ് ഇനിയും ആവര്‍ത്തിക്കരുത്.

ഞാന്‍ ക്ലാസ്സില്‍നിന്നിറങ്ങിയതും ദേവേഷ് എന്റെ പിന്നാലെ ഓടിവന്നു.

'മാം...സോറി മാം...'ഇനി ഞാന്‍ ഇതൊരിക്കലും ആവര്‍ത്തിക്കില്ല'
 
അവന്റെ കണ്ണ് കലങ്ങിമറിഞ്ഞിരുന്നു.

ഒരു ചിരിയും സമ്മാനിച്ച്  തോളത്തൊന്ന് തട്ടി ഞാന്‍ തിരികെ നടന്നു.

അത് മതിയായിരുന്നു ഒരു ഏഴാംക്ലാസ്സുകാരന്, അത് മതിയായിരുന്നു എനിക്കും...

 

താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍
 

Follow Us:
Download App:
  • android
  • ios