Asianet News MalayalamAsianet News Malayalam

അത് കാമഭ്രാന്തല്ല!

Najeeb Moodadi on male perceptions on marriage
Author
Thiruvananthapuram, First Published Aug 22, 2017, 2:36 PM IST

വിവാഹപ്പിറ്റേന്ന് തന്നെ ഭര്‍ത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതല്‍, പേരക്കുട്ടികള്‍ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭര്‍ത്താവിനെ കൊല്ലിച്ചത് വരെയുമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയില്‍ കിടന്ന് അകത്തു കേള്‍ക്കാന്‍ വിധം ഉറക്കെ, 'പെണ്ണിന്റെ കാമപ്രാന്ത്' എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും, അകത്തളങ്ങളില്‍ അമര്‍ന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

Najeeb Moodadi on male perceptions on marriage

കെട്ടിയവനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോയി എന്ന് കേട്ടാലുടന്‍, (കാമഭ്രാന്ത് മൂത്തിട്ട് ഇറങ്ങിപ്പോയവള്‍' എന്നാണ് നമ്മുടെ വിധിയെഴുത്ത്. ഇതിലും മോശമായൊരു ആക്ഷേപം ഒരു പെണ്ണിനെ കുറിച്ച് പറയാനില്ല എന്നത് കൊണ്ട് തന്നെ, 'വേലിചാടാന്‍' ഉദ്ദേശമുള്ള സകല 'അവളുമാര്‍ക്കും' ഒരു താക്കീത് എന്ന നിലക്ക് കൂടിയാണ് ഈ കടുത്ത പ്രയോഗം. 'മാനവും മര്യാദയും' ഉള്ള, 'കുടുംബത്തില്‍ പിറന്ന' ഒരുത്തിക്കും മേലില്‍ ഈ തോന്നല്‍ ഉണ്ടാവാന്‍ പാടില്ല എന്നൊരു ഉദ്ദേശം കൂടി 'കാമഭ്രാന്ത്' എന്ന മോശപ്പെട്ട പ്രയോഗത്തിന് പിന്നില്‍ ഉണ്ട്.

വിവാഹപ്പിറ്റേന്ന് തന്നെ ഭര്‍ത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതല്‍, പേരക്കുട്ടികള്‍ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭര്‍ത്താവിനെ കൊല്ലിച്ചത് വരെയുമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയില്‍ കിടന്ന് അകത്തു കേള്‍ക്കാന്‍ വിധം ഉറക്കെ, 'പെണ്ണിന്റെ കാമപ്രാന്ത്' എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും, അകത്തളങ്ങളില്‍ അമര്‍ന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

ദാമ്പത്യത്തില്‍ രതി മാത്രമല്ല, സ്‌നേഹം പ്രണയം ആദരവ് അംഗീകാരം പരിഗണന മതിപ്പ് കരുതല്‍ ഉത്തരവാദിത്തബോധം സുരക്ഷിതത്വം തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ജീവിത പങ്കാളിയില്‍ നിന്ന് പെണ്ണ് ആഗ്രഹിക്കുന്നുണ്ടെന്നും, അങ്ങിനെ പലതിന്റെയും അഭാവത്തില്‍ നിന്നുണ്ടാകുന്ന അങ്ങേയറ്റം മടുപ്പില്‍ നിന്നാണ് പലപ്പോഴും ഒരു കുടുംബിനി അവിഹിതബന്ധത്തിന് മുതല്‍ ഒളിച്ചോട്ടത്തിന് വരെ ധൈര്യം കാണിക്കുന്നതെന്നും അറിയാത്തവരല്ല എല്ലാറ്റിനും 'കാമഭ്രാന്ത്' എന്ന ലേബല്‍ ചാര്‍ത്തി ഒതുക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും തന്റേടവും പ്രതികരണശേഷിയും ഉള്ള വനിതകള്‍ ഏറി വരുമ്പോള്‍, 'ഇരുട്ടു കൊണ്ടുള്ള ഈ ഓട്ടയടക്കല്‍' എത്രകാലം തുടരാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

'ഇരുട്ടു കൊണ്ടുള്ള ഈ ഓട്ടയടക്കല്‍' എത്രകാലം തുടരാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

'കാമഭ്രാന്ത്' എന്ന് നാം മോശപ്പെടുത്തി പറയുന്ന ലൈംഗിക അസംതൃപ്തി തന്നെയാണ് പ്രശ്‌നം എന്ന് കരുതുക. യഥാര്‍ത്ഥത്തില്‍ വിവാഹിതയായ ഒരു സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട ന്യായമായ ഒരു അവകാശം മാത്രമല്ലേ അത്. ജീവിവര്‍ഗ്ഗങ്ങളില്‍ പലതിനും ലൈംഗികത എന്നത് സാന്താനോത്പാദനതിനുള്ള ഉപാധി മാത്രമാണെങ്കില്‍, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മനോഹരമായ അനുഭൂതിയാണല്ലോ രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാന്‍ പറ്റുന്ന ഒന്നും ഇല്ലെന്നും, ആണിന്റെയും പെണ്ണിന്റെയും ശരീരഘടന പോലും അത് ഏറ്റവും മനോഹരമായി ആസ്വദിക്കാന്‍ പറ്റിയ രീതിയില്‍ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നുമിരിക്കെ ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആയുഷ്‌കാലം മുഴുവന്‍ ആ അനുഭൂതി നിഷേധിക്കപ്പെടുന്നത് ന്യായമാണോ?

ലൈംഗിക ശേഷിക്കുറവ് ആണ് പ്രശ്‌നമെങ്കില്‍ വിവാഹത്തിന് മുമ്പ് തന്നെ കണ്ടെത്താം എന്നിരിക്കെ, അത് മറച്ചു വെച്ചു കൊണ്ട് ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് അക്രമമല്ലേ. അതിനുമപ്പുറം, അശ്ലീല കഥകളും ദൃശ്യങ്ങളും സൃഷ്ടിച്ച മിഥ്യാധാരണയാണ് പലരുടെയും കിടപ്പറയിലെ ശത്രു. അതുപോലൊന്നും ആയില്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന അബദ്ധധാരണയില്‍ സംഗതി വേണ്ടെന്ന് വെക്കുന്നവരും, ഉത്കണ്ഠമൂലം എവിടെയും എത്തിക്കാന്‍ കഴിയാത്തവരുമാണ് ഇക്കൂട്ടര്‍.

പണവും പൊങ്ങച്ചവും സാമൂഹ്യമാന്യതയും ഒക്കെയാണ് ജീവിതം എന്ന ധാരണയില്‍ അതിനുവേണ്ടിയുള്ള മണ്ടിപ്പാച്ചിലില്‍ ഊണിലും ഉറക്കത്തിലും പിരിമുറുക്കത്തോടെ കഴിയുന്നവരാണ് മറ്റൊരു കൂട്ടര്‍. കിടപ്പറയില്‍ പോലും ഇവ്വിധ ചിന്തകളുമായി കഴിയുന്ന ഇവര്‍ക്ക് രതി പോലും ഒരു ചടങ്ങ് മാത്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും മൊബൈല്‍ ഫോണിനും അടിമകളായിപ്പോയവരുടെ കാര്യവും വിഭിന്നമല്ല.

ഭര്‍ത്താവില്‍ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം മാത്രമല്ല

ഇവര്‍ക്കൊക്കെയും ഭാര്യയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന അപകര്‍ഷത, അവളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിലും ദേഷ്യവും വഴക്കും അധികാരം കാണിക്കലും ഒക്കെയായി ദാമ്പത്യത്തെ നരകമാക്കി മാറ്റുന്നു എന്നതല്ലേ സത്യം.

ഭര്‍ത്താവില്‍ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം മാത്രമല്ല. തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങള്‍ ആണെങ്കിലും ക്ഷമയോടെ കേള്‍ക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്‌നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമേ അല്ല. ഇതൊക്കെ ഉള്ളവനെ വിട്ട് കൂലിപ്പണിക്ക് വന്ന അന്യ സംസ്ഥാനക്കാരന്റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്നതിന്റെ കാരണം ആലോചിച്ചാല്‍ ഇത് മനസ്സിലാവും.

ലൈംഗികതയാണ് പെണ്ണിന്റെ ഒളിച്ചോട്ടത്തിന് കാരണമെങ്കില്‍, ജന്മനാ ചലനശേഷിയില്ലാത്തവരെ പ്രണയിച്ചു ഭര്‍ത്താവായി സ്വീകരിക്കുന്ന, അപകടത്തില്‍ നട്ടെല്ല് തകര്‍ന്നുപോയ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ആഹ്ലാദത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റും ഇല്ലേ. പെണ്ണിനാണ് ഇങ്ങനെ ഒരു അവസ്ഥയെങ്കില്‍ ഇങ്ങനെ കൂടെ നില്‍ക്കാന്‍ എത്ര പുരുഷന്മാര്‍ ഉണ്ടാകും എന്നും ഓര്‍ക്കുക. അപ്പോള്‍ ആര്‍ക്കാണ് കാമം അടക്കാന്‍ കഴിയാത്തത്.

കൊല്ലങ്ങളോളം കൂടെ കഴിഞ്ഞ ഭര്‍ത്താവ് ഒരിക്കല്‍ പോലും നല്ലത് പറയാത്ത തന്റെ സൗന്ദര്യത്തെ, ശാരീരത്തെ, പാചകത്തെ കുറിച്ചൊക്കെ ഏതോ ബംഗാളിയില്‍ നിന്ന് അഭിനന്ദനത്തോടെയും ആദരവോടെയും നല്ല വാക്ക് കേള്‍ക്കാന്‍ കഴിഞ്ഞവള്‍ ഇനിയുള്ള ജീവിതം അവന്റെ കൂടെയങ്ങ് പൊറുക്കാം എന്ന് കരുതിയാല്‍ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞു പോലും പ്രിയപ്പെട്ടവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാന്‍ എങ്ങനെയൊക്കെ ശ്രമിക്കും എന്നോര്‍ത്താല്‍ അംഗീകാരവും പരിഗണനയും ഒക്കെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണെന്നു മനസ്സിലാവും. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. ഏറ്റവും വേണ്ടപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരമാണ് ആരും ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കപ്പെടാതെ പോയാല്‍ എന്ത് ചെയ്യും?

പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേള്‍ക്കുമ്പോള്‍ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്

അവഗണന മാത്രമല്ല വഴക്കും പരിഹാസവും ഒന്നിനും കൊള്ളാത്തവള്‍ എന്ന കുറ്റപ്പെടുത്തലും ഒക്കെ ഒരു പെണ്ണിന്റെ ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നുണ്ട്. സ്വവര്‍ഗ്ഗരതിയും മദ്യപാനവും സിഗരറ്റ് വലിയും മുതല്‍ വൃത്തിയില്ലായ്മയും വായ്‌നാറ്റവും വരെ സഹിക്കേണ്ടി വരുന്ന പെണ്ണിനോട് മാത്രം ക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യമല്ല ദാമ്പത്യത്തിന്റെ പവിത്രതയും മഹത്വവും. മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകാ ദമ്പതികളായി അസൂയപ്പെടുത്തുന്ന പലരുടെയും ദാമ്പത്യം പൊരുത്തപ്പെടാനാകാത്ത വിയോജിപ്പിന്റെയും പൊട്ടിത്തെറികളുടെയും പുകയുന്ന അഗ്‌നി പര്‍വ്വതങ്ങളാണ്.

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചും ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകുന്നത് മഹത്തായ കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്. ഇത്രയും തന്റേടം കാണിക്കുന്ന പെണ്ണിന് ദാമ്പത്യം അത്രക്ക് മടുത്തെങ്കില്‍ നിയമപ്രകാരം വേര്‍പിരിയാനും പുനര്‍വിവാഹം ചെയ്യാനും ഉള്ള മാന്യമായ വഴിയുണ്ട്. വീട്ടുകാരെയും കുടുംബക്കാരെയും ഒക്കെയും മാനം കെടുത്തിയും വേദനിപ്പിച്ചും മക്കളെ എന്നെന്നേക്കുമായി അപകര്‍ഷതയിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടും ഉള്ള ഒളിച്ചോട്ടവും അവിഹിതവുമൊന്നും ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കാമഭ്രാന്ത് എന്ന് ഒറ്റയടിക്ക് അടക്കിക്കളയുന്ന നാം, കുടുംബത്തിന്റെ മാനമോര്‍ത്തും, ഒളിച്ചോടാന്‍ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു തീര്‍ക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റും ഉണ്ടെന്ന് ഓര്‍ക്കണം. ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാനുള്ള മോഹത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് മക്കളുടെ മുഖം മാത്രമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേള്‍ക്കുമ്പോള്‍ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്.

ദാമ്പത്യം എന്നത് അടിമ ഉടമ ബന്ധം അല്ലെന്നും ജീവിത പങ്കാളി എന്നാല്‍ തുല്യ അവകാശമുള്ള ഒരു വ്യക്തിയാണ് എന്നും, വിശേഷിച്ചും പെണ്ണിനെ സംബന്ധിച്ചെടുത്തോളം സ്‌നേഹവും പരിഗണനയും ലാളനയും ഒക്കെ മറ്റെന്തിനേക്കാളും വലുതാണ് എന്നതും അവളെ കേള്‍ക്കാനും ചേര്‍ത്തു പിടിക്കാനും കൂടെ ഉണ്ടെന്ന് ധൈര്യം പകരാനും ഒക്കെ മനസ്സുള്ള ആണിനെ ആണ് മസില്‍ പവറിനെക്കാള്‍ അവള്‍ ഇഷ്ടപ്പെടുന്നത് എന്ന ബോധവും ഇല്ലാതെ എല്ലാറ്റിനും കാമഭ്രാന്ത് എന്ന് ഒച്ചവെച്ചുകൊണ്ടിരുന്നാല്‍ മതിയോ?

പരസ്പരം മനസ്സിലാക്കുന്നവരുടെ സന്തോഷം നിറഞ്ഞ ദാമ്പത്യമാണ് ആഹ്ലാദം നിറഞ്ഞ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നത്.

കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന ദമ്പതികള്‍ ഏറി വരുന്നൊരു കാലത്ത് പരസ്പരം മനസ്സിലാക്കാനും സ്‌നേഹിക്കാനുമുള്ള
തിരിച്ചറിവുകള്‍ ഉണ്ടാകട്ടെ.

ഇതേപോലെ ദാമ്പത്യജീവിതത്തില്‍ സ്‌നേഹരാഹിത്യവും അവഗണനയും ലൈംഗിക അസംതൃപ്തിയും ഒക്കെ അനുഭവിക്കുന്ന പുരുഷന്മാരില്ലേ എന്ന് സ്വാഭാവികമായും ചോദ്യമുണ്ടാകും. തീര്‍ച്ചയായും ഉണ്ട്. പക്ഷെ പെണ്ണിനെ പോലെ ഇതൊന്നും തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത അവസ്ഥയല്ല പുരുഷന് എന്നതൊരു യാഥാര്‍ഥ്യം മാത്രമാണല്ലോ.

(ഈ കുറിപ്പിനെക്കുറിച്ച് എന്താണ് അഭിപ്രായം? നിങ്ങളുടെ വിശദമായ മറുപടികളും പ്രതികരണങ്ങളും വിയോജനക്കുറിപ്പുകളും webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കുക. സബ്ജക്ട് ലൈനില്‍ പ്രതികരണം എന്നു കൂടി എഴുതുമല്ലോ)
 

മാനസി പി.കെ എഴുതുന്നു
വിവാഹവും പെണ്‍ ജീവിതവും:  ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

Follow Us:
Download App:
  • android
  • ios